യുവാൻ എവോ (ഏബോ) മൊറാലസ് അയ്മ (ജനനം 1959 ഒക്ടോബർ 26) സ്പാനീഷ് അധിനിവേശത്തിന് ശേഷം ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയിലെ തദ്ദേശീയനായ പ്രസിഡന്റ്‌. കൊച്ചബാംബ സമരനായകനായി ഉയർന്നു വന്ന ആദിവാസി നേതാവും നവ ഉദാരീകരണനയങ്ങൾക്കെതിരെ പൊരുതുന്ന രാഷ്ട്രനായകനും ആണ് അദ്ദേഹം. 2005 ഡിസംബർ 18-ന്‌ നടന്ന തെരെഞ്ഞെടുപ്പിൽ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. കൊക്കലേരോ [1] എന്നറിയപ്പെടുന്ന കൊക്കോ കർഷക്കരുടെ സമരനേതൃത്വത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. അമേരിക്കൻ ഭരണകൂടം കൊക്കോ കൃഷിക്കെതിരായി തിരിയുകയും സർക്കാരുകൾക്കു മേൽ സമ്മർദ്ദം ഏർപ്പെടുത്തുകയും ചെയ്തിനെ ശക്തമയി എതിർക്കുന്ന ആളാണ് ഏബോ. കൊക്കേയിന്റെ നിർമ്മാണത്തിന് കൊക്കോ ചെടികളുടെ ഇലകൾ ഉപയോഗിക്കുന്നു എന്നതാണ് അമേരിക്കയുടെ ന്യായം.

ആദ്യകാലം

തിരുത്തുക

1959 ഒക്ടോബർ 26-ന്‌ ഒറിനോ‍കായിൽ അയ്മാറാ ആദിവാസി വംശത്തിൽ ഇസല്ലാവി സമൂഹത്തിലാണ് അദ്ദേഹം ജനിച്ചത്. ദിയോന്നീസിയോ മൊറാലസിനും മറിയ മമാനിയ്ക്കും ഉണ്ടായ ഏഴുമക്കളിലൊരാളാണ് അദ്ദേഹം. ഏഴു പേരിൽ നാലു പേരും ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു.[1] കൊച്ചു നാളിലേ കുലത്തൊഴിലായ കൃഷിപ്പണി ചെയ്തു ജീവിച്ചു. ഏഴു വയസ്സുള്ളപ്പോൾ വടക്കേ അർജന്റീനയിൽ അച്ഛന്റെ കൂടെ കരിമ്പു കൃഷിക്കു പോയി. കൃഷിയിലെന്ന പോലെ പഠനത്തിലും ഇവോ മിടുക്കു തെളിയിച്ചു. പതിനൊന്നാം ക്ലാസ്സ്‌ കഴിഞ്ഞ്‌ നിർബന്ധിത സൈനികസേവനത്തിന്‌ ചേർന്നു.[2]

1980-ലെ എൽനിനോ പ്രതിഭാസത്തിന്റെ ഫലമായി ഒറിനോകോയിലെ 70 ശതമാനത്തിലേറെ കൃഷികളും 50 ശതമാനത്തിലേറെ കാലികളും നശിച്ചു. ഒറിനോകോയിൽ ഇനിയും നിന്നത്‌ കൊണ്ട്‌ ഫലമില്ലെന്ന് ബോധ്യമായ മൊറേൽസ്‌ കുടുംബം ബൊളീവിയയിലെ കൊച്ചബാംബയിലേക്ക്‌ കുടിയേറിപ്പാർക്കാൻ തീരുമാനിച്ചു. കൊച്ചബാംബെക്കടുത്തുള്ള ഷിപാറെ പ്രവിശ്യയിൽ കുടുംബം താമസമാക്കി. അവിടെ ഓറഞ്ചും മുന്തിരിയും ഏത്തപ്പഴവും പപ്പായയും വിളയിച്ചെടുത്തു. മുഖ്യകൃഷി കൊക്കോ ആയിരുന്നു.

പ്രമാണം:Coca cultivation bolivia.png
ബൊളീവിയയിൽ കൊക്കോ കൃഷി ചെയ്യുന്ന പ്രദേശങ്ങൾ

പ്രകൃതി വിപത്തുകളുടെ കെടുതി കാരണം നാടു വിട്ട മൊറേൽസ്‌ കുടുംബം കൊച്ചബാംബയിൽ കണ്ടത്‌ അധീശവർഗത്തിന്റെ ചൂഷണത്തിന്റെ കെടുതികളായിരുന്നു. മയക്കുമരുന്നിനായി വ്യാപകമായി ഉപയോഗിക്കപ്പെട്ട്‌ തുടങ്ങുന്നതോടെ കൊക്കോ കൃഷിയുടെ വിപണിമൂല്യം മനസ്സിലാക്കിയ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തദ്ദേശീയ ഭരണകൂടത്തെ മറയാക്കി കൃഷിക്ക്‌ നിയന്ത്രണമേർപ്പെടുത്തി. മയക്കുമരുന്ന് കടത്ത്‌ തടയാനെന്ന പേരിൽ ബൊളീവിയക്കു മേൽ പുതിയ നിയമം അടിച്ചേൽപിച്ചതോടെ ബൊളീവിയക്കാരുടെ മുഖ്യ ഉപജീവനത്തിനുള്ള വഴിയടയുകയായിരുന്നു. മയക്കുമരുന്ന് കടത്തിന്‌ കൂട്ടു നിന്നു എന്ന് സമ്മതിക്കാത്തതിന്റെ പേരിൽ ഒരു കൊക്കൊ കർഷകനെ സൈന്യം കൺമുന്നിൽ വെച്ച്‌ പച്ചയായി ചുട്ടുകൊല്ലുന്നത്‌ കണ്ടപ്പോൾ ചൂഷകരുടെ വറചട്ടിയാണ്‌ സ്വന്തം നാടെന്ന് ഇവോ മൊറാലസ്‌ തിരിച്ചറിഞ്ഞു.

രാഷ്ട്രീയ ജീവിതം

തിരുത്തുക
 
കൊക്കോ ചെടി

1988-ൽ ഇവോ കർഷക സംഘടനയുടെ എക്സിക്യൂട്ടീവ്‌ സെക്രട്ടറിയായിക്കഴിഞ്ഞിരുന്നു. ആയിടക്കാണ്‌ കൊക്കോ കൃഷി തടഞ്ഞു കൊണ്ടുള്ള നിയമം വരുന്നത്‌. അമേരിക്കയുടെ പിന്തുണയോടെ സൈനിക ഭരണകൂടം നടപ്പാക്കിയ ഈ നിയമം ലംഘിക്കാനുള്ള കർഷകരുടെ തീരുമാനത്തെ നയിച്ചത്‌ ഇവോ ആയിരുന്നു. അതിന്‌ അധികൃതരരുടെ പക്കൽ നിന്നും ഏൽക്കേണ്ടി വന്ന മർദ്ദനപീഡനങ്ങൾക്ക്‌ കണക്കില്ല. ഒരിക്കൽ സൈനികർ മർദ്ദിച്ച്‌ പരുവമാക്കി മരിച്ചെന്ന് കരുതി കാട്ടിൽ തള്ളിയതായിരുന്നു. പക്ഷേ പൂർവ്വാധികം ശക്തിയോടെ ജീവിതത്തിലേക്ക്‌ തിരിച്ചു വന്ന ഇവോ കൊച്ചബാംബയിൽ നിന്ന് 600 കിലോ മീറ്റർ അകലെയുള്ള ലാപോസിലേക്ക്‌ കർഷകമാർച്ച്‌ നയിച്ച്‌ അധികാരികളോട്‌ പകരം വീട്ടി. വെള്ളവും ഭക്ഷണവും വസ്ത്രവും ചെരിപ്പുകളും നൽകി ഈ തലസ്ഥാന മാർച്ചിന്‌ കർഷകജനത വമ്പിച്ച പ്രോൽസാഹനം നൽകി. കർഷകരുടെ സമരാവേശത്തിനു മുമ്പിൽ വഴങ്ങുകയല്ലാതെ ഗത്യന്തരമില്ലെന്നു വന്നു, അധികാരിവർഗത്തിന്‌. എന്നാൽ പഴയപടി കൃഷി പുനരാരംഭിച്ച കർഷകജനതയെ സൈന്യത്തെ വിട്ട്‌ ഭരണകൂടം വീണ്ടും ദ്രോഹിക്കാനാരംഭിച്ചു. തുടർന്ന് പ്രക്ഷോഭത്തിനായി അയൽനാടുകളിലേക്ക്‌ കൈകൾ നീട്ടിയ ഇവോയ്ക്ക്‌ കൊളംബിയ, പെറു എന്നിവിടങ്ങളിൽ നിന്ന് സഹായം ലഭിച്ചു.

1995 മാർച്ച്‌ 27-ന്‌ കർഷകസംഘടനകളുടെ കൂട്ടായ്മയായി സാധാരണക്കാരുടെ പരമാധികാരസഭയും (Assembly for the sovereignty of the common people) അതിന്റെ രാഷ്ട്രീയ വിഭാഗമായി (Political tool for the sovereignty of the common people എന്ന ഐ.പി.എസ്.പിയും രൂപം കൊണ്ടു. പ്രാദേശിക തലത്തിൽ മാത്രമല്ല, ദേശീയതലത്തിൽ തന്നെ കർഷകരുടേയും ആദിവാസികളുടേയും തദ്ദേശീയ കുടിയേറ്റക്കാരുടേയും വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന ഭരണക്രമം തന്നെയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അധികാരികൾ രാഷ്ട്രീയാനുമതി നിഷേധിച്ചു. അതിനെ മറികടക്കാൻ മൊറേൽസും കൂട്ടരും യുനൈറ്റഡ്‌ ലെഫ്റ്റ്‌ എന്ന ഇടതുപാർട്ടിയുടെ ബാനർ മറയാക്കി. 1995 ഡിസംബറിലെ മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ യുനൈറ്റഡ്‌ ലെഫ്റ്റിന്‌ ലഭിച്ച 10 മേയർ സ്ഥാനങ്ങളും 49 കൗൺസിലർ സ്ഥാനങ്ങളും കൊച്ചബാംബ മേഖലയിൽ നിന്നു മാത്രമായിരുന്നു എന്നത്‌ മൊറേൽസിന്റെ പാർട്ടിയുടെ കരുത്ത്‌ വിളിച്ചോതി. 1997-ലെ ദേശീയ തെരെഞ്ഞെടുപ്പിൽ സംഘടന നാല്‌ സീറ്റ്‌ നേടി. 70 ശതമാനം വോട്ട്‌ നേടി മൊറേല‍സ്‌ ആദ്യമായി പാർലമെന്റിലെത്തി. 1999-ലെ തദ്ദേശ സ്ഥാപന തെരെഞ്ഞെടുപ്പിൽ പഴയ ശത്രുവായിരുന്ന ഡേവിഡ്‌ ഏരിയസിന്റെ എം.എ.എസ്‌.യു. പാർട്ടിയുമായിട്ടായിരുന്നു സഖ്യം. ക്രമേണ പാർട്ടി മോവിമെൻറോ എൽ സോഷ്യലിസ്മോ (എം.എ.എസ്‌.) എന്നറിയപ്പെട്ടു.

ഇവോ രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കുന്നതിനനുസരിച്ച്‌ അധികൃതർ കൊക്കോ കൃഷിക്കെതിരെയുള്ള നീക്കവും കടുപ്പിച്ചു. ഷപാറെയിൽ പട്ടാളം ഭരണം ഏറ്റെടുത്ത പോലെയായിരുന്നു കാര്യങ്ങൾ. കൊക്കോ കർഷകർക്ക്‌ പീഡനം പതിവായി. തല്ലാനും കൊല്ലാനും മടിക്കാത്ത സൈന്യത്തിന്റെ കാപാലികതക്കെതിരെ ഇവോ പാർലമെന്റിൽ ആഞ്ഞടിച്ചു. ശല്യം സഹിക്കവയ്യാതെ അദ്ദേഹത്തെ പാർലമെന്റിൽ നിന്നിറക്കി വിടുകയും അംഗത്വം മരവിപ്പിക്കുകയും ചെയ്തു. എന്നാൽ കേസിന്‌ പോയ ഇവോ 2002 ജൂലയ്‌ 30-ന്‌ നടന്ന പ്രസിഡന്റ്‌ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ഫലപ്രഖ്യാപനം വന്നപ്പോൾ ഭരണകക്ഷിയുടെ തൊട്ടു പിറകേ മാസും എത്തിയിരുന്നു. ശക്തമായ പ്രതിപക്ഷത്തിന്റെ പ്രക്ഷുബ്ധമായ ഇടപെടലായിരുന്നു പിന്നീട്‌ ബൊളീവിയയിൽ കണ്ടത്‌. പ്പ്രകൃതിവിഭവങ്ങളുടെ ദേശസാൽക്കരണത്തിനു വേണ്ടിയും കൊക്കോ നിർമൂലനത്തിനെതിരേയുമുള്ള സമരങ്ങൾ പലപ്പോഴും രക്തപങ്കിലമായി. 2005 ഡിസംബർ 18-ന്‌ നടന്ന പ്രസിഡന്റ്‌ തെരെഞ്ഞെടുപ്പിൽ നവസാമ്പത്തിക ഉദാരവൽക്കരണത്തിനെതിരെ കോൺസ്റ്റിറ്റ്യൂഷനൽ അസംബ്ലി എന്ന വാഗ്ദാനവുമായി രംഗത്തിറങ്ങിയ ഇവോ മൊറേൽസിന്റെ മാസ്‌ 53.7 ശതമാനം വോട്ട്‌ നേടി രാജ്യഭരണം പിടിച്ചെടുത്തു.[3]

പ്രസിഡന്റായ ശേഷം സ്വന്തം ശമ്പളത്തിന്റെ 57 ശതമാനം വെട്ടിക്കുറച്ച്‌ വിപ്ലവകരമായ നടപടികൾക്കു തുടക്കം കുറിച്ചു. പാർട്ടി സഖാക്കളുടെ കൂടെത്തന്നെ ഫ്ലാറ്റിലുള്ള ജീവിതമാണ്‌ അദ്ദേഹം തെരെഞ്ഞെടുത്തത്‌. തിന്മയുടെ അച്ചുതണ്ട്‌ എന്ന അമേരിക്കൻ തെറിവാക്കിനെതിരെ വെനിസ്വേലയേയും സമാന അധിനിവേശ വിരുദ്ധ രാഷ്ട്രങ്ങളേയും ഉൾക്കൊള്ളിച്ച്‌ നന്മയുടെ അച്ചുതണ്ട്‌ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. [അവലംബം ആവശ്യമാണ്]

  1. സ്ക്കൂപ്പ് സ്വതന്ത്ര്യ വാർത്താ പത്രികയിലെ വാർത്ത ശേഖരിച്ചത് ൨൦൦൭ -൦൩-൩൧
  2. "ഏബ്ഓയുടെ സൈറ്റ്". Archived from the original on 2007-09-07. Retrieved 2007-03-31.
  3. ചെകുത്താനും ചൂണ്ടുവിരലും, വി.എം. ഇബ്രാഹീം

കുറിപ്പുകൾ

തിരുത്തുക
  • ^ "Our family's nationality is Aymara. There are seven siblings, of which only three of us survive..." "My other siblings died when they were one or two years old. These are the terms of life for families or children in rural communities. More than half die and, luckily, three of the seven of us were spared." "In Isallavi, we lived in a little adobe house with a straw roof. It was small: no more than three by four meters. We used it as our bedroom, kitchen, dining room and just about everything; next to it, we had a corral for our animals. We lived in poverty like everyone else in the commune." his words from http://www.evomorales.net/paginasEng/perfil_Eng_juven.aspx Archived 2007-09-07 at the Wayback Machine.

പുറമേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

എബോ മൊറാലസിന്റെ അനൗദ്യോഗിക വെബ് സൈറ്റ് ശേഖരിച്ചത് ൨൦൦൭ -൦൩-൩൧ Archived 2007-09-07 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ഇവോ_മൊറാലസ്‌&oldid=3625245" എന്ന താളിൽനിന്ന് ശേഖരിച്ചത്