ഇരവിമംഗലം സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മലപ്പുറം ജില്ല

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ഇരവിമംഗലം ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഇരവിമംഗലം സുബ്രഹ്മണ്യസ്വാമിക്ഷേത്രം. ബാലരൂപത്തിലും ദേവസേനാപതിരൂപത്തിലും കുടികൊള്ളുന്ന സുബ്രഹ്മണ്യസ്വാമി മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ തുല്യപ്രാധാന്യത്തോടെ ശിവനും വിഷ്ണുവും ഉപദേവതകളായി ഗണപതി, ശാസ്താവ്, ദുർഗ്ഗ, ഭദ്രകാളി, വേട്ടയ്ക്കൊരുമകൻ, ശ്രീരാമൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മലപ്പുറം ജില്ലയിലെ ഏറ്റവും വലുപ്പം കൂടിയ രണ്ടാമത്തെ ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഇവിടം. മകരമാസത്തിൽ വരുന്ന തൈപ്പൂയമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഏകദേശം ഒരാഴ്ച നീണ്ടുനിൽക്കുന്ന മഹോത്സവമായാണ് തൈപ്പൂയം കൊണ്ടാടപ്പെടുന്നത്.