പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ആട്ടക്കഥാകൃത്തും, ചിത്രകാരനുമാണ് ഇരട്ടകുളങ്ങര രാമവാര്യർ. (ജനനം: 1725, മരണം:1775). തിരുവിതാംകൂർ മഹാരാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ സദസ്യനായിരുന്നു. കാർത്തിക തിരുനാൾ രാമവർമ്മയുടെ കാലത്ത് ചിത്രകാരനായി ഇദ്ദേഹം ഏറെ പ്രശംസപറ്റിയിരുന്നു. ആലപ്പുഴ ജില്ലയിലെ ഇരട്ടക്കുളങ്ങരയിലാണ് ജീവിച്ചിരുന്നത്. കിരാതം എന്ന ഒരു ആട്ടക്കഥ മാത്രമാണ് അദ്ദേഹം എഴുതിയത്. ഈ ഒറ്റ ആട്ടകഥയിലൂടെ കേരളഭാഷാസാഹിത്യത്തിൽ അനശ്വര പ്രതിഷ്ഠ നേടിയ കവിയാണ് ഇദ്ദേഹം. ഇരട്ടകുളങ്ങര മഹാദേവഭക്തനായിരുന്നു രാമവാര്യർ, അദേഹം ഇരട്ടകുളങ്ങര ദേവനു ദക്ഷിണയായാണ് കിരാതം ആട്ടകഥ രചിച്ചത്.[1] തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിനടുത്തുള്ള ദേവി ക്ഷേത്രത്തിലുള്ള കുചേലഗോപാലം എന്ന ചിത്രം രാമവാര്യർ വരച്ചതാണ്.[2]

ജീവിതരേഖ തിരുത്തുക

ആലപ്പുഴ ജില്ലയിലെ ഇരട്ടകുളങ്ങരയിലാണ് രാമവാര്യരുടെ ഗൃഹം സ്ഥിതിചെയ്തിരുന്നത്. ഇരട്ടക്കുളങ്ങര മഹാദേവക്ഷേത്രത്തിലെ കഴകം ഇദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായിരുന്നു. ഇരട്ടക്കുളങ്ങര മഹാദേവന്റെ ഭക്തനായിരുന്ന രാമവാര്യർ തന്റെ ഇഷ്ടദേവനു ദക്ഷിണയായി കിരാതം ആട്ടകഥ രചിച്ചുവെന്നാണ് വിശ്വസിക്കുന്നത്. ഇരട്ടകുളങ്ങരയിൽ ദേവനു ആട്ടക്കഥ സമർപ്പിച്ചു ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങവെ അമ്പലക്കാള അദ്ദേഹത്തെ കുത്തിക്കൊന്നുവത്രെ. ആട്ടക്കഥയിൽ ജന്മം ഒടുങ്ങാൻ വരം കന്മഷാരെ തരേണമേ.... എന്ന പദപ്രയോഗം അദ്ദേഹത്തിനു അറം പറ്റിയതായി വിശ്വസിക്കുന്നു.

കിരാതം ആട്ടക്കഥ തിരുത്തുക

 
വാഴപ്പള്ളി ക്ഷേത്രത്തിൽ നടന്ന കിരാതം കഥകളി; കാട്ടാളനും കാട്ടാളത്തിയും തപസ്സുചെയ്യുന്ന അർജ്ജുനനും

കഥകളിയിൽ വളരെ പ്രചാരവും ജനപ്രിയതയും ലഭിച്ചിട്ടുള്ള ആട്ടക്കഥയാണ് കിരാതം. മഹാഭാരതം ആരണ്യപർവ്വത്തിലെ ഒരു ഭാഗമാണ് രാമവാര്യർ കിരാതം ആട്ടക്കഥയുടെ പ്രമേയം. അർജ്ജുനനെ പ്രധാന കഥാപാത്രമാക്കിയാണ് ആട്ടക്കഥ രചിക്കപ്പെട്ടിരിക്കുന്നത്. [3] മൂലകഥയുമായി അല്പം വേറിട്ടാണ് ആട്ടകഥ രചിച്ചിരിക്കുന്നത്. സാധാരണയായി മിക്ക ശിവക്ഷേത്രങ്ങളിലും നിർബന്ധമായ പടിത്തരമായി നടത്താറുള്ള ആട്ടകഥകളിലൊന്നാണ് കിരാതം.

കഥ: പാണ്ഡവർ ചൂതുകളിയിൽ ശകുനിയുടെ നേതൃത്വത്തിലുള്ള കൗരവരോട് പരാജിതരാവുകയും രാജാധികാരങ്ങൾ നഷ്ടപ്പെട്ട് കാമ്യകവനത്തിൽ അവർ താമസിക്കുന്ന കാലത്ത് വ്യാസമഹർഷി അവരെ വന്നുകാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശത്താൽ അർജ്ജുനൻ ദിവ്യാസ്ത്ര സമ്പാദനത്തിനായി കൈലാസത്തിൽ തപസ്സു ചെയ്യുവാൻ തീരുമാനിക്കുന്നു. അർജ്ജുനൻ പത്നി ദ്രൗപദിയോട് യാത്രാനുവാദം ചോദിച്ച് തപസ്സിനായി പുറപ്പെടുന്നതോടെയാണ് ആട്ടകഥയിലെ ഒന്നാരംഗം ആരംഭിക്കുന്നത്. ശ്രീപരമശിവനെ ധ്യാനിച്ചുകൊണ്ട് വടക്കുനോക്കി സഞ്ചരിച്ച് ഹിമാലയത്തിലെ മലകൾ താണ്ടി ഗംഗാതടത്തിൽ എത്തുകയും അവിടെ ഒറ്റകാലിൽ നിന്നുകൊണ്ട് തപസ്സ് ആരംഭിക്കുകയും ചെയ്യുന്നതാണ് രണ്ടും മൂന്നും രംഗങ്ങൾ. ദേവേന്ദ്രൻ തന്റെ പുത്രനായ അർജ്ജുനന്റെ തപഃശക്തി മനസ്സിലാക്കാൻ അപ്സരസ്സുകളെ അയക്കുന്നതും അവർ നിരാശരായി മടങ്ങുന്നതും നാലും അഞ്ചുംരംഗങ്ങളിൽ വർണ്ണിച്ചിരിക്കുന്നു. ഇന്ദ്രന്റെ അപേക്ഷയെ തുടർന്ന് ശ്രീപാർവ്വതീദേവി അർജ്ജുനന് വരം നൽകുവാൻ ശ്രീമഹാദേവനോട് അഭ്യർത്ഥിക്കുന്നു. പാർത്ഥന്റെ ഉള്ളിലെ അഹന്തമാറ്റിവേണം വരം നൽകേണ്ടത് എന്നു പറയുന്ന ഭഗവാൻ ശിവൻ കാട്ടാളവേഷം ധരിക്കുന്നു. കാട്ടാളസ്ത്രീയായി പാർവ്വതിയും വനചരഗണങ്ങളായി ഭൂതഗണങ്ങളും ശ്രീപരമശിവനു അകമ്പടിയാവുന്നതാണ് ആറാം രംഗത്തിൽ. അർജ്ജുനനെ വധിക്കുവാനായി ദുര്യോധനൻ മുകാസുരനെ അയക്കുന്നു. ഒരു പന്നിയായി കാട്ടിലെത്തിയ മൂകാസുരനെ ശ്രീപരമേശ്വരൻ വലയിൽ കുരുക്കുന്നു. പന്നി വലഭേദിച്ച് പുറത്തുചാടി ഓടുന്നു. കാട്ടാളൻ പന്നിയെ പിന്തുടരുന്നു ഇതാണ് ഏഴാം രംഗത്തിൽ.

അവസാന രംഗമായ എട്ടിൽ, പന്നിയെ പിന്തുടർന്ന് കാട്ടാളനും കാട്ടാളത്തിയും കൂട്ടരും അർജ്ജുനൻ തപസ്സുചെയ്യുന്ന സ്ഥലത്ത് എത്തിച്ചേരുന്നു. തപസ്സുചെയ്യുന്ന അർജ്ജുനനെ പന്നി ആക്രമിക്കാൻ പാഞ്ഞടുക്കുമ്പോൾ കാട്ടാളൻ അമ്പെയ്യുന്നു. ആ സമയത്തുതന്നെ അർജ്ജുനനും പന്നിയെ അമ്പെയ്യുന്നു. ഇരുവരുടേയും അസ്ത്രങ്ങളേറ്റ് പന്നി ചത്തുവീഴുന്നു. തന്റെ വല ഭേദിച്ച പന്നിയെ താനാണ് ആദ്യം അമ്പെയ്തതെന്നും കാട്ടിലെ മൃഗങ്ങൾ തനിക്ക് അവകാശപ്പെട്ടതാണെന്നും കാട്ടാളൻ വാദിക്കുന്നു. കൂടാതെ അർജ്ജുനനെ വളരെ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ഈ വഴക്കു കൂട്ടൽ ഘോരയുദ്ധത്തിലേക്ക് വഴിതെളിക്കുന്നു. അർജ്ജുനന്റെ അസ്ത്രങ്ങൾ കാട്ടാളസ്ത്രീയുടെ ശാപം നിമിത്തം പൂക്കളായി കാട്ടാളനു പുഷ്പവൃഷ്ടി നടത്തുന്നു. തുടർന്നുള്ള യുദ്ധത്തിൽ അർജ്ജുനനു വില്ലും നഷ്ടപ്പെടുന്നു. തുടർന്ന് മുഷ്ടിയുദ്ധത്തിൽ ഏർപ്പെടുന്നു. കാട്ടാളൻ അർജ്ജുനനെ എടുത്തെറിയുന്നു, താൻ രാവിലെ ശിവപൂജ ചെയ്തപ്പോൾ ഉപയോഗിച്ച പൂക്കൾ കാട്ടാള ശിരസ്സിൽ കണ്ട അർജ്ജുനൻ ഈ കാട്ടാളൻ ശ്രീപരമശിവൻ തന്നെയാണോ എന്നു സംശയിക്കുന്നു. പരാജിതനും ക്ഷീണിതനുമായി നിലത്തു വീണ അർജ്ജുനൻ അഹങ്കാരം മാറി ഭഗവാൻ ശിവനെ സ്തുതിക്കുന്നു. കാട്ടാളനും കാട്ടാളത്തിയും മാറി ആ സ്ഥാനത്ത് സാക്ഷാൽ ശ്രീപരമേശ്വരനെയും ശ്രീപാർവ്വതീദേവിയെയും കാണുന്നു. നടന്നതെല്ലാം ഭഗവാന്റെ ലീലാവിലാസമായിരുന്നുവെന്നു മനസ്സിലാക്കി അർജ്ജുനൻ ഭക്തിപൂർവ്വം അവരെ നമസ്കരിക്കുന്നു. ശിവ-പാർവ്വതിമാർ അർജ്ജുനനു ദിവ്യമായ പാശുപതാസ്ത്രം നൽകി അനുഗ്രഹിക്കുന്നു. തുടർന്ന് അവർ അപ്രത്യക്ഷരാവുകയും അർജ്ജുനന്റെ ശിവസ്തുകളോടെ ആട്ടക്കഥ പൂർണ്ണമാവുകയും ചെയ്യുന്നു.

കിരാതം ആട്ടക്കഥയിൽ നിന്നും തിരുത്തുക

"ഹരഹര ശിവ ശംഭോ ശങ്കരാ വിശ്വമൂർത്തേ ശിവശിവ ശരണം ത്വം ശൈശവം മേ ക്ഷമസ്വ ഹിമഗിരിസുതയെന്നും ഞാനറിഞ്ഞീല ദേവീ

മമകൃതമപരാധം സർവ്വമേതൽ ക്ഷമസ്വ"

മറ്റു കൃതികൾ തിരുത്തുക

കിരാതം ആട്ടക്കഥ കൂടാതെ ഒരു തിരുവാതിര കളിപ്പാട്ട് കൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. നളചരിതം തിരുവാതിരപ്പാട്ട് (നളചരിതം ആട്ടക്കഥയല്ല) എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-30. Retrieved 2013-11-20.
  2. https://archive.today/20130917044625/keralavips.com/clientvipdetails.asp?Id=484
  3. https://archive.today/20131024205954/www.kathakalinews.com/storystore/013kiratham.asp