ഇന്ത്യൻ കോഫീ ഹൗസ്‌ ഇന്ത്യയിലെ വിശേഷിച്ചും കേരളത്തിലെ പ്രശസ്തമായ കോഫീ ഹൗസ്‌ ശൃംഖലയാണ്‌. തൊഴിലാളികളുടെ കൂട്ടായ്മ വിജയകരമായി നടത്തുന്ന സഹകരണ സംരംഭം എന്ന നിലയിലും ഇതു പ്രശസ്തമാണ്‌.

തിരുവനന്തപുരത്ത് തമ്പാനൂരിലെ ഇന്ത്യൻ കോഫി ഹൗസ്

ചരിത്രം

തിരുത്തുക

ഇന്ത്യയിലെ കോഫീ ഹൗസുകളുടെ ചരിത്രം കൽകട്ടയിൽ നിന്നും തുടങ്ങുന്നു. 1780 ൽ കൊൽക്കത്തയിൽ ആദ്യത്തെ കോഫീ ഹൗസിനു തുടക്കമായി. രണ്ടാമത്തേത് 1892 ൽ മദിരാശിയിലും മൂന്നാമത്തേത് 1909 ൽ ബാംഗ്ലൂരിലും ആണ് സ്ഥാപിതമായത്. 1940 ൽ കാപ്പി വ്യവസായത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുക എന്ന ഉദ്ദേശത്തോടെ ഇന്ത്യാ കോഫി മാർക്കറ്റ് എക്സ്പാൻഷൻ ബോർഡ് രൂപവത്കരിക്കപ്പെട്ടു. ഈ സംവിധാനം 1942 ൽ കോഫി ബോർഡ് ആയതോടെ കോഫീ ഹൗസുകൾ തുടങ്ങി. സ്വാതന്ത്ര്യം കിട്ടിയതോടെ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ബോർഡിൽ പ്രാതിനിധ്യം കിട്ടിത്തുടങ്ങി. ആ ദശകത്തിൽ ഏതാണ്ടെല്ലാ പ്രധാന പട്ടണങ്ങളിലും കോഫി ഹൗസുകൾ നിലവിൽ‍ വന്നു. എന്നാൽ 1957 ൽ കോഫി ബോർഡ് കോഫി ഹൗസുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു. അന്നു ആകെയുണ്ടായിരുന്ന 43 കോഫി ഹൗസുകളിൽ ജോലിചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികളെ 1958 ൽ പിരിച്ചു വിട്ടു. ഇതിനെ എതിർത്ത എ കെ ഗോപാലൻ(എ.കെ.ജി) മിക്ക സംസ്ഥാനങ്ങളിലും ഇന്ത്യൻ കോഫിബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ രൂപവത്കരിച്ചു. ആദ്യ സംഘം ബാംഗ്ലൂരിൽ നിലവിൽ വന്നു.

കേരളത്തിൽ

തിരുത്തുക
 
സമൂസ

1958 ൽ തൃശൂരിൽ കേരളത്തിലെ ആദ്യ കോഫീ ഹൗസ്‌ നിലവിൽ വന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന എ കെ ഗോപാലൻ 1958-ൽ തൃശൂരിൽ രൂപം നൽകിയ ഇന്ത്യൻ കോഫീ വർക്കേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ഫെഡറേഷൻ എന്ന തൊഴിലാളി സഹകരണ സംഘമാണ്‌ ഇന്ത്യൻ കോഫീ ഹൗസ്‌ ശൃംഖല നടത്തുന്നത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അൻപതിലേറെ ഇന്ത്യൻ കോഫീ ഹൗസുകളുണ്ട്‌. കൂടാതെ കൊൽക്കത്ത തുടങ്ങിയ ഇന്ത്യയിലെ വൻനഗരങ്ങളിലും ഇവർ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌.

തൃശ്ശൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ നേതാവ് അഡ്വ. ടി കെ കൃഷ്ണൻ ആയിരുന്നു സംഘം പ്രസിഡണ്ട്‌. ഇന്ത്യ കോഫി ബോർഡ്‌ ലേബർ യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ എസ് പരമേശ്വരൻ പിള്ള സെക്രട്ടറിയും . കോഫി ഹൗസിൻറെ കഥ എന്ന പേരിൽ സ്ഥാപക സെക്രട്ടറി പരമേശ്വരൻ പിള്ള കോഫി ഹൗസിൻറെ ചരിത്രം എഴുതിയിട്ടുണ്ട് . കറന്റ് ബുക്സ്, തൃശൂർ പ്രസിദ്ധീകരിച്ച ഈ പുസ്തകം മികച്ച ജീവ ചരിത്രതിനുള്ള 2007ലെ അബുദാബി ശക്തി അവാർഡ് നേടി.

തൊഴിലാളി സമരങ്ങൾക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകൾക്കും പേരുകേട്ട കേരളത്തിൽ തൊഴിലാളികൾ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന പ്രത്യേകതയും ഇന്ത്യൻ കോഫീ ഹൗസിനുണ്ട്‌. അൻപതിലേറെ വർഷങ്ങളായിട്ടും ഈ കാപ്പി കേരളത്തിൽ ജനപ്രിയ ബ്രാൻഡായി നിലനിൽക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_കോഫീ_ഹൗസ്&oldid=3413787" എന്ന താളിൽനിന്ന് ശേഖരിച്ചത്