കേരളത്തിൽ നടന്ന ഒരു അഴിമതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെയാണ് ഇടമലയാർ കേസ് എന്ന പേരിൽ അറിയപ്പെടുന്നത്.

ഇടമലയാർ ടണൽ നിർമ്മാണവുമായി ബന്ധപ്പെട്ട് അന്നത്തെ വൈദ്യുതി വകുപ്പു മന്ത്രിയായ ആർ. ബാലകൃഷ്ണപ്പിള്ളയും കൂട്ടാളികളും അഴിമതി നടത്തി എന്നതാണ് കേസിന്റെ രത്നച്ചുരുക്കം. ടണൽ നിർമ്മാണത്തിനു നൽകിയ ടെൻഡറിൽ ക്രമക്കേടുകൾ നടത്തി മൂന്നു കോടിയിൽപ്പരം രൂപ സർക്കാരിന് നഷ്ടമുണ്ടാക്കിയതിൽ അന്നത്തെ വൈദ്യുതി വകുപ്പു മന്ത്രിയും കൂട്ടാളികളും ഗൂഢാലോചനയും വിശ്വാസവഞ്ചനയും കാണിച്ചു എന്ന വിജിലൻസ് കേസാണ് തുടക്കം.

ഈ കേസ്സിൽ മുൻ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പു മന്ത്രി ആർ. ബാലകൃഷ്ണപിള്ള, വൈദ്യുതി ബോർഡ് മുൻ അധ്യക്ഷൻ ആർ. രാമഭദ്രൻനായർ, കരാറുകാരനായിരുന്ന പി. കെ. സജീവൻ എന്നിവർ കുറ്റക്കരെന്നു സുപ്രീം കോടതി കണ്ടെത്തി. ഇവർക്ക് ഒരു വർഷത്തെ തടവും 10000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. [1]

കേസിന്റെ നാൾവഴി

തിരുത്തുക

വ്യവഹാരങ്ങളുടെ വലിയൊരു വ്യൂഹമാണ് ഇരുപത്തിയഞ്ചു വർഷത്തോളം നീണ്ട ഇടമലയാർ അഴിമതി കേസ് . [2]

ഇടമലയാർ ടണൽ പരീക്ഷണാർഥം പ്രവർത്തിപ്പിച്ചപ്പോൾ 1985 ജൂലായ് 7ന് ചോർച്ച കണ്ടതിനെ തുടർന്ന് നിർമ്മാണത്തിൽ ക്രമക്കേടുകൾ ഉണ്ടായി എന്ന ആരോപണം ഉയർന്നു. പ്രതികളായ മുൻ മന്ത്രി ബാലകൃഷ്ണ പിള്ളയും മറ്റും ഇടമലയാർ ടണൽ നിർമ്മാണത്തിനു നൽകിയ ടെൻഡറിൽ ക്രമക്കേടുകൾ നടത്തി മൂന്നു കോടിയിൽപ്പരം രൂപ സർക്കാരിന് നഷ്ടമുണ്ടാക്കി എന്നും ഇതിനായി ഗൂഢാലോചനയും വിശ്വാസവഞ്ചനയും കാണിച്ചു എന്നുമായിരുന്നു വിജിലൻസ് കണ്ടെത്തൽ. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനായി അന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന കെ. സുകുമാരൻ അദ്ധ്യക്ഷനായി ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ചു. കമ്മീഷൻ 1988 ജൂൺ 10 ന് സർക്കാരിന് റിപ്പോർട്ട് നൽകി. കമ്മീഷന്റെ ശുപാർശയെ തുടർന്ന് പ്രത്യേക വിജിലൻസ് സംഘം രൂപീകരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. ഇതിനായി കൊച്ചിയിൽ ഇടമലയാർ പ്രത്യേക കോടതിയും സ്ഥാപിച്ചു.

മന്ത്രിയായിരുന്ന പിള്ളയും മുൻ ബോർഡ് ചെയർമാൻമാരായിരുന്ന ഗണേശ പിള്ളയും രാമചന്ദ്രൻ നായരും അധികാര ദുർവിനിയോഗം നടത്തിയത് അന്വേഷിക്കാൻ കമ്മീഷൻ ശുപാർശ ചെയ്തു.

പ്രത്യേക വിജിലൻസ് സംഘം 1990 ഡിസംബർ 14ന് കൊച്ചിയിലെ ഇടമലയാർ പ്രത്യേക കോടതിയിൽ 22 പേരെ പ്രതി ചേർത്ത് കുറ്റപത്രം നൽകി. പ്രാരംഭ വാദത്തിനുശേഷം അക്കാലത്ത് മരിച്ചുപോയവരെയും മറ്റു ചിലരെയും ഒഴിവാക്കി മുൻമന്ത്രി പിള്ള ഉൾപ്പെടെ 11 പ്രതികൾ ബാക്കിയായി.

വിചാരണ ആരംഭിക്കാൻ നിരവധി തടസ്സങ്ങൾ ഉണ്ടായി. കുറ്റപത്രം റദ്ദാക്കാൻ പിള്ള ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയെയും സുപ്രീംകോടതിയെയുമൊക്കെ സമീപിച്ചു. ഭരണഘടനാ പ്രശ്‌നങ്ങളായിരുന്നു കൂടുതലും. ഒടുവിൽ തടസ്സങ്ങൾ നീങ്ങി 1997-ൽ വിചാരണ തുടങ്ങി.

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പല ഘട്ടങ്ങളിലായി ജൂനിയർ അഭിഭാഷകർ മുതൽ സുപ്രീം കോടതിയിലെ പ്രമുഖ ഭരണഘടനാ വിദഗ്ദ്ധരും നിയമജ്ഞരുമായ എഫ്.എസ്. നരിമാൻ, പി.പി. റാവു, ജി. രാമസ്വാമി, അൽത്താഫ് അഹമ്മദ് , കപിൽ സിബൽ തുടങ്ങിയ പ്രമുഖർ അണിനിരന്നു. ജസ്റ്റിസുമാരായ എസ്.പി. ബറൂച്ച, ആർ ‍.സി. ലഹോട്ടി, എം.ബി. ഷാ, ജെ.എസ്. വർമ, ബി.പി. ജീവൻ റെഡ്ഡി എന്നിവർ പലപ്പോഴായി വിധികൾ എഴുതി. ഈ കേസിൽ സുപ്രീംകോടതി ജഡ്ജിമാർ എഴുതിയ വിധികൾ നിരവധി നിയമഗ്രന്ഥങ്ങളിൽ സ്ഥാനംപിടിച്ചു.

2011 ഫെബ്രുവരി 18 കേസിലെ പ്രതികളായ ആർ.ബാലകൃഷ്ണപിള്ള പി.കെ. സജീവൻ എന്നിവർ ഇടമലയാർ പ്രത്യാക കോടതിയിൽ കീഴടങ്ങി.

മറ്റു വിധികൾ

തിരുത്തുക

ടണൽ പണിയാനുള്ള കരാറിലെ സാങ്കേതിക കാര്യങ്ങളും നിർമ്മാണത്തിലെ സാങ്കേതിക വശങ്ങളും ആഴത്തിൽ പരിശോധിച്ച വിചാരണ കോടതി പിള്ളയ്ക്കും മറ്റ് രണ്ടു പേർക്കും 1999ൽ അഞ്ചു വർഷം ശിക്ഷ വിധിച്ചു. 2003 ഒക്ടോബർ 31ന് ഈ വിധി ഹൈക്കോടതി റദ്ദാക്കി. പിള്ളയുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. ക്രിമിനൽ കേസിൽ ഹൈക്കോടതി വിധിക്ക് എതിരെ പൊതു താൽപ്പര്യം മുൻനിർത്തി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് അപ്പീൽ നൽകാൻ അവകാശമുണ്ടെന്നും സുപ്രീംകോടതി 2003ൽ വിധിച്ചിരുന്നു. [3]

  1. ശിക്ഷ അനുഭവിക്കാൻ പിള്ള എത്തുമ്പോൾ പ്രത്യേക കോടതിക്ക് തിരശ്ശീല എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത (ശേഖരിച്ചത് 2011 ഫെബ്രുവരി 11)[പ്രവർത്തിക്കാത്ത കണ്ണി]
  2. ആർ. ബാലകൃഷ്‌ണപിള്ളയ്‌ക്ക് ഒരുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും എന്ന തലക്കെട്ടിൽ മംഗളം പ്രസിദ്ധീകരിച്ച വാർത്ത (ശേഖരിച്ചത് 2011 ഫെബ്രുവരി 11)
  3. "ഇടമലയാർ ‍: കാൽനൂറ്റാണ്ട് നീണ്ട കേസ് എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത (ശേഖരിച്ചത് 2011 ഫെബ്രുവരി 11)". Archived from the original on 2011-02-14. Retrieved 2011-02-11.
"https://ml.wikipedia.org/w/index.php?title=ഇടമലയാർ_കേസ്&oldid=3624790" എന്ന താളിൽനിന്ന് ശേഖരിച്ചത്