സംസ്കൃത പണ്ഡിതനും അധ്യാപകനുമായിരുന്നു ആർ. വാസുദേവൻ പോറ്റി (31 ജൂലൈ 1924 - 2 മേയ് 2021). നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

1924-ലെ കർക്കടകവാവ് ദിവസം കർണാടകയിലെ മംഗലാപുരത്തിനടുത്ത് കൊക്കടയിൽ, രാമൻ പോറ്റിയുടെയും കാവേരി അമ്മാളുടെയും മകനായി ജനിച്ച പോറ്റി, പഠിച്ചതും വളർന്നതും കേരളത്തിലായിരുന്നു. തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛൻ. തിരുവനന്തപുരം ഗവൺമെന്റ് സംസ്‌കൃത കോളേജിൽ നിന്നും മഹാമഹോപാദ്ധ്യായ ബിരുദം നേടിയ ഇദ്ദേഹം പിന്നീട് സംസ്‌കൃത വ്യാകരണത്തിലും ഹിന്ദിയിലും എം എ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ കോളേജുകളിൽ സംസ്‌കൃതം വേദാന്തം അധ്യാപകനായും സേവനമനുഷ്ഠിച്ചു. 1984-ൽ സർവീസിൽ നിന്ന് വിരമിച്ചു.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വേദാന്തവിഭാഗം പ്രൊഫസർ, ഫാക്കൽറ്റി ഡീൻ, വർക്കല ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ വേദാന്തം പ്രൊഫസർ, ആലുവാ ചിന്മയാ ഇന്റർനാഷണൽ സെന്ററിലെ ഓണററി വിസിറ്റിംഗ് പ്രൊഫസർ യു.ജി.സിയുടെ വിവിധ അക്കാദമിക്ക് സ്റ്റാഫ് കോളേജുകളിലെ വിസിറ്റിംഗ് ഫാക്കൽറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കൃതത്തിലെ വ്യാകരണ വേദാന്ത വിഭാഗങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾക്ക് പോറ്റി വ്യാഖ്യാനം തയ്യാറാക്കിയിട്ടുണ്ട്. കേരള സർക്കാരിന്റെ സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിലും സ്‌കൂൾ പാഠപുസ്തക സമിതിയിലും പ്രവർത്തിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സംസ്‌കൃത ഉപദേശക സമിതിയിലും അംഗമായിരുന്നു. [1]ദീർഘകാലം സംസ്കൃഭാരതി രക്ഷാധികാരിയായി പ്രവർത്തിച്ചു. 2021 മേയ് രണ്ടിന് തിരുവനന്തപുരത്തെ വസതിയിൽ വച്ച് പോറ്റി അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കരമന ബ്രാഹ്മണസമുദായം ശ്മശാനത്തിൽ സംസ്കരിച്ചു.

കൃതികൾ തിരുത്തുക

  • ഗുരുപവന പുരേശസ്തവ വ്യാഖ്യാനം
  • ഭോജപ്രബന്ധ പരിഭാഷ
  • ലഘുസിദ്ധാന്ത കൌമുദി പരിഭാഷ

പുരസ്കാരങ്ങൾ തിരുത്തുക

  • ഇന്ത്യൻ പ്രസിഡന്റ് സംസ്‌കൃത പണ്ഡിതന്മാർക്ക് നൽകുന്ന പുരസ്‌കാരം (2000)
  • കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ ഓണററി ഡി.ലിറ്റ്
  • വേദാന്ത മെഡൽ (തൃപ്പൂണിത്തുറ)
  • പട്ടാമ്പിയിൽ നിന്ന് ശാസ്ത്രരത്ന മെഡൽ
  • പണ്ഡിതരത്നം ബഹുമതി
  • മാതാ അമൃതാനന്ദമയി മഠം വക അമൃതകീർത്തി പുരസ്കാരം

അവലംബം തിരുത്തുക

  1. "നവതിയുടെ നിറവിൽ സംസ്കൃത പണ്ഡിതൻ പ്രൊഫ: വാസുദേവൻ‌ പോറ്റി". www.janamtv.com. Retrieved 29 ജൂലൈ 2014.
"https://ml.wikipedia.org/w/index.php?title=ആർ._വാസുദേവൻ_പോറ്റി&oldid=3736115" എന്ന താളിൽനിന്ന് ശേഖരിച്ചത്