ആർ. നാരായണപണിക്കർ

ഇന്ത്യന്‍ രചയിതാവ്‌

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ആദ്യ മലയാള സാഹിത്യകാരനാണ് ആർ. നാരായണപണിക്കർ (25 ജനുവരി 1889 - 29 ഒക്ടോബർ 1959). ഏഴ് ഭാഗങ്ങളുള്ള കേരള ഭാഷാ സാഹിത്യ ചരിത്രത്തിനായിരുന്നു ആദ്യ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.[1] നോവൽ, ചരിത്രം, വ്യാഖ്യാനം എന്നീ വിഭാഗങ്ങളിലായി എൺപതോളം കൃതികൾ രചിച്ചിട്ടുണ്ട്.

ആർ. നാരായണപണിക്കർ
ആർ. നാരായണപണിക്കർ
ജനനം(1889 -01-25)ജനുവരി 25, 1889
മരണംഒക്ടോബർ 29, 1959(1959-10-29) (പ്രായം 70)
വിദ്യാഭ്യാസംഎഫ്.എ, ബി.എ(മുഴുമിച്ചില്ല)
തൊഴിൽസാഹിത്യകാരൻ, അധ്യാപകൻ, ഹെഡ്മാസ്റ്റർ
ജീവിതപങ്കാളി(കൾ)മൂന്നു പേര്, മൂന്നാമത്തെ ഭാര്യ - കെ.സി. കേശവപിള്ളയുടെ മകൾ തങ്കമ്മ.
മാതാപിതാക്ക(ൾ)വാഴേലത്തു തറവാട്ടിൽ കുഞ്ചിയമ്മയും അയ്യപ്പൻപിള്ളയും

ജീവിതരേഖ

തിരുത്തുക

ആലപ്പുഴയിലെ അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപമുള്ള വാഴേലത്തു തറവാട്ടിൽ കുഞ്ചിയമ്മയുടെയും അയ്യപ്പൻപിള്ളയുടെയും മകനായി ജനിച്ചു. മെട്രിക്കുലേഷൻ പാസ്സായതിനുശേഷം എറണാകുളത്തുപോയി എഫ്.എ.യ്ക്കു പഠിച്ചു. തുടർന്ന് തിരുവനന്തപുരം മഹാരാജാസ് കോളജിൽ ചേർന്ന് ബി.എ.ക്കു പഠിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞ് പഠനം നിർത്തേണ്ടിവന്നു. പിന്നീട് പ്രൈവറ്റായി പഠിച്ച് ചരിത്രത്തിലും മലയാളത്തിലും ഇംഗ്ളീഷിലും ബി.എ. ബിരുദം നേടി. ഒപ്പം തത്ത്വദർശനം, തർക്കശാസ്ത്രം, അഷ്ടാംഗവൈദ്യം എന്നിവയിലും വ്യാകരണാലങ്കാര-ജ്യോതിഷ വിഷയങ്ങളിലും പരിജ്ഞാനം നേടി. സംസ്കൃതം, ഹിന്ദി, ഉർദു, ബംഗാളി, കന്നഡ, തമിഴ് തുടങ്ങിയ ഭാഷാസാഹിത്യങ്ങൾ പഠിക്കുകയും ചെയ്തു. ശരച്ചന്ദ്ര ശരച്ചന്ദ്ര ചട്ടോപാദ്ധ്യായന്റെ ബംഗാളി നോവലിന്റെ മലയാള പരിഭാഷ ഉൾപ്പെടെ ആറോളം കൃതികൾ പരിഭാഷപ്പെടുത്തി. വിവിധ ഹൈസ്കൂളുകളിൽ അധ്യാപകനായും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു. സർവീസിൽ നിന്ന് വിരമിച്ചതിനുശേഷം തിരുവനന്തപുരത്തു സ്ഥിരതാമസമാക്കി. ദക്ഷിണ ദീപം എന്ന മാസികയ്ക്ക് വേണ്ടിയും പ്രവർത്തിച്ചു.

ചരിത്രം, ജീവചരിത്രം, നോവൽ, നിഘണ്ടു, വിവർത്തനം, വ്യാഖ്യാനം, പരീക്ഷാസഹായികൾ എന്നിങ്ങനെ വിവിധ മേഖലകളിലായി എൺപതു കൃതികൾ രചിച്ചു. മൗലികമായ നോവൽ സൃഷ്ടികൾക്കു പുറമേ ബംഗാളി, മറാഠി, ഹിന്ദി എന്നീ ഭാഷകളിൽനിന്ന് ഇരുപതോളം കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. നിരവധി ആട്ടക്കഥകൾക്കും കിളിപ്പാട്ടുകൾക്കും തുള്ളലുകൾക്കും വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ട്.

അധ്യാപകനായിരുന്നപ്പോൾ മലയാളം സ്കൂളിലെ അധ്യാപകർക്കുവേണ്ടി തയ്യാറാക്കിയ നോട്ടുകളാണ് പില്ക്കാലത്ത് കേരള ഭാഷാസാഹിത്യ ചരിത്രമായി പരിണമിച്ചത്. ഒരു ചരിത്രകാരനാവശ്യമായ നിഷ്പക്ഷതയും സത്യസന്ധതയും പലപ്പോഴും ഇദ്ദേഹം പുലർത്തിയിട്ടില്ലെന്ന് നിരൂപകർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മൂന്നു വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്. കെ.സി. കേശവപിള്ളയുടെ മകൾ തങ്കമ്മയാണ് മൂന്നാമത്തെ ഭാര്യ.

1959 ഒക്ടോബർ 29-ന് തിരുവനന്തപുരത്ത് അന്തരിച്ചു.

  • കേരള ഭാഷാസാഹിത്യ ചരിത്രം (7 ഭാഗങ്ങൾ)
  • അമൃതവല്ലി, ചന്ദ്രനാഥൻ
  • അന്നപൂർണാലയം (നോവൽ)
  • പ്രേമോത്കർഷം
  • സീത
  • ഭീഷ്മർ (നാടകം)
  • നവയുഗഭാഷാ നിഘണ്ടു
  • ആംഗലഭാഷാ
  • ബൃഹൽകോശം
  • സാങ്കേതിക ശബ്ദനിഘണ്ടു
  • ആയുർവേദചരിത്രം
  • തിരുവിതാംകൂർ ചരിത്രം
  • ഹൈന്ദവ നാട്യശാസ്ത്രം
  • ചിലപ്പതികാരം (വിവർത്തനം)
  • തുളസീദാസരാമായണം (വിവർത്തനം)
  • അനംഗരംഗം (കാമശാസ്ത്രഗ്രന്ഥത്തിന്റെ വ്യാഖ്യാനം)
  • ലളിത (ശരച്ചന്ദ്ര ചട്ടോപാദ്ധ്യായന്റെ ബാംഗാളി നോവലിന്റെ മലയാള പരിഭാഷ - 1949)
  • അമ്മയെത്തേടി - (ശരച്ചന്ദ്ര ചട്ടോപാദ്ധ്യായന്റെ ബാംഗാളി ചെറുകഥയുടെ മലയാള പരിഭാഷ )

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
  1. http://sahitya-akademi.gov.in/sahitya-akademi/showSearchAwardsResult.jsp?year=&author=&awards=AA&language=MALAYALAM

അധിക വായനയ്ക്ക്

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ - 1959) നാരായണപ്പണിക്കർ, ആർ. (1889 - 1959) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആർ._നാരായണപണിക്കർ&oldid=4122732" എന്ന താളിൽനിന്ന് ശേഖരിച്ചത്