ആർ.കെ. നാരായൺ

(ആർ.കെ. നാരായണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഇന്ത്യൻ നോവലിസ്റ്റുകളിൽ ഏറ്റവും പ്രശസ്തരിൽ ഒരാളാണ് ആർ.കെ. നാരായൺ. പരക്കെ വായിക്കപ്പെട്ടിട്ടുള്ള കൃതികളുടെ കർത്താവായ ആർ.കെ. നാരായണിന്റെ ജനനപ്പേര് രാശിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമി എന്നായിരുന്നു. ,[1]

ആർ.കെ. നാരായൺ
ജനനംരസിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമി
(1906-10-10)10 ഒക്ടോബർ 1906
മദ്രാസ് (ഇപ്പോഴത്തെ ചെന്നൈ), മദ്രാസ് പ്രസിഡൻസി (തമിഴ് നാട്), ബ്രിട്ടീഷ് ഇന്ത്യ (ഇന്ത്യ)
മരണം13 മേയ് 2001(2001-05-13) (പ്രായം 94)
ചെന്നൈ, തമിഴ് നാട്, ഇന്ത്യ
തൊഴിൽസാഹിത്യകാരൻ
ദേശീയതഇന്ത്യൻ
പഠിച്ച വിദ്യാലയംമഹാരാജാസ് കോളജ, മൈസൂർ
GenreFiction, mythology and non-fiction
അവാർഡുകൾപത്മ വിഭൂഷൺ, സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ബെൻസൺ മെഡൽ
പങ്കാളി
Rajam
(m. 1934; her death 1939)
കുട്ടികൾ1, ഹേമ നാരായൺ
ബന്ധുക്കൾആർ.കെ. ലക്ഷ്മൺ (സഹോദരൻ)
Member of Parliament Rajya Sabha
ഓഫീസിൽ
12 May 1986 – 11 May 1992

ആർ.കെ. നാരായണിന്റെ സംവേദനക്ഷമവും മനോഹരമായി ചിത്രീകരിച്ചതുമായ പല കഥകളുടെയും പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ മാൽഗുഡി എന്ന പട്ടണമാണ്. സ്വാമി ആന്റ് ഫ്രണ്ട്സ് എന്ന തന്റെ ആദ്യനോവൽ മുതൽ ആർ.കെ. നാരായണന്റെ മിക്ക നോവലുകളും തനതായ വ്യക്തിത്വം നിലനിർത്തവേ തന്നെ പല ഇന്ത്യൻ സ്വഭാവ വിശേഷതകളും പ്രകടിപ്പിക്കുന്നു. നിത്യജീവിതത്തിന്റെ ഹാസ്യവും ഊർജ്ജവും ആഘോഷിച്ച് സ്നേഹപൂർണ്ണമായ മനുഷ്യത്വത്തിൽ അധിഷ്ടിതമായി നോവലുകൾ രചിച്ച വില്യം ഫോക്നറുമായി ആർ.കെ. നാരായണനെ ഉപമിക്കാറുണ്ട്.[2]

ജീവിതരേഖ

തിരുത്തുക

ആർ. കെ. നാരായണൻ ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസിൽ (ഇപ്പോൾ ചെന്നൈ, തമിഴ്‌നാട്) ഒരു അയ്യർ വടാമ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1906 ഒക്ടോബർ 10-ന് ജനിച്ചു. ആറ് ആൺമക്കളും രണ്ട് പെൺമക്കളുമുള്ള ഒരു കുടുംബത്തിലെ എട്ട് മക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ആൺകുട്ടികളിൽ രണ്ടാമനായിരുന്ന നാരായണന്റെ ഇളയ സഹോദരൻ രാമചന്ദ്രൻ പിന്നീട് ജെമിനി സ്റ്റുഡിയോയിൽ പത്രാധിപരായി. പ്രശസ്തനായ ഇന്ത്യൻ കാർട്ടൂണിസ്റ്റായ ആർ.കെ. ലക്ഷ്മൺ ഇളയ സഹോദരനാണ്‌. ഒരു സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന പിതാവിന്റെ സ്കൂളിലാണ് നാരായൺ ഏതാനും കാലം വിദ്യാഭ്യാസം നിർവ്വഹിച്ചത്. പിതാവിന്റെ ജോലിസ്ഥലം പതിവായി മാറിയിരുന്നതിനാൽ നാരായണൻ തന്റെ ബാല്യകാലത്തിന്റെ ഒരു ഭാഗം മാതൃ മുത്തശിയായ പാർവതിയുടെ സംരക്ഷണയിൽ ചെലവഴിച്ചു. ഇക്കാലത്ത് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുക്കളും കളിക്കൂട്ടുകാരുമായി ഉണ്ടായിരുന്നത് ഒരു മയിലും വികൃതിയായ ഒരു കുരങ്ങുമായിരുന്നു.

മുത്തശ്ശി അദ്ദേഹത്തിന് നൽകിയ കുഞ്ഞപ്പ എന്ന വിളിപ്പേരിലാണ് കുടുംബ വൃത്തങ്ങളിൽ അദ്ദേഹം അറിയപ്പെട്ടത്. അവർ കുട്ടിയെ ഗണിതശാസ്ത്രം, പുരാണം, ഇന്ത്യൻ ശാസ്ത്രീയ സംഗീതം, സംസ്‌കൃതം എന്നിവ പഠിപ്പിച്ചു. ലക്ഷ്മണന്റെ അഭിപ്രായത്തിൽ, കുടുംബം കൂടുതലും ഇംഗ്ലീഷിൽ സംസാരിക്കുകയും നാരായണനും സഹോദരങ്ങളും വ്യാകരണ പിശകുകളെ അഭിമുഖീകരിക്കുകയും ചെയ്തു. മുത്തശ്ശിക്കൊപ്പം താമസിക്കുമ്പോൾ, നാരായണൻ പുരസവാൽക്കത്തിലെ ലൂഥറൻ മിഷൻ സ്കൂൾ, സി.ആർ.സി. ഹൈസ്കൂൾ, ക്രിസ്ത്യൻ കോളേജ് ഹൈ സ്കൂൾ ഉൾപ്പെടെയുള്ള മദ്രാസിലെ സ്കൂളുകളിൽ തുടർച്ചയായ പഠനം നടത്തി. ഒരു വിജ്ഞാന കുതുകിയായിരുനന്ന നാരായണന്റെ  ആദ്യകാല ഇഷ്ട സാഹിത്യകാരന്മാരിൽ ചാൾസ് ഡിക്കൻസ്, വോഡ്ഹൌസ്, ആർതർ കോനൻ ഡോയൽ, തോമസ് ഹാർഡി എന്നിവരും ഉൾപ്പെടുന്നു. പന്ത്രണ്ടു വയസ്സുള്ളപ്പോൾ, സ്വാതന്ത്ര്യ അനുകൂല മാർച്ചിൽ പങ്കെടുത്ത നാരായണനെ അരാഷ്ടീയ വാദികളും എല്ലാ സർക്കാരുകളും അധാർമ്മികാരുമാണെന്ന് വിശ്വസിച്ചിരുന്ന കുടുംബത്തിലെ അമ്മാവൻ ശാസിച്ചു.

പിതാവിന് മഹാരാജാസ് കോളേജ് ഹൈസ്കൂളിലേക്ക് മാറ്റം കിട്ടിയപ്പോൾ കുടുംബത്തോടൊപ്പം താമസിക്കാനായി നാരായണൻ മൈസൂരിലേക്ക് താമസം മാറി. സ്കൂളിലെ നിറഞ്ഞ ലൈബ്രറിയും ഒപ്പം പിതാവിന്റെ സ്വന്തമായ ലൈബ്രറിയും അദ്ദേഹത്തിന്റെ വായനാശീലത്തെ പരിപോഷിപ്പിച്ചതോടൊപ്പം അദ്ദേഹം എഴുതാനും തുടങ്ങുകയും ചെയ്തു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സർവ്വകലാശാലാ പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ട നാരായണൻ ഒരു വർഷം വീട്ടിൽ വായനയിലും എഴുത്തിലുമായി ചെലവഴിച്ചു. 1926 ൽ ഈ പരീക്ഷ പാസായ അദ്ദേഹം മൈസൂർ മഹാരാജ കോളേജിൽ തുടർ പഠനത്തിന് ചേർന്നു. ഇവിടെ നാരായണന് ബിരുദം നേടാൻ പതിവിലും ഒരു വർഷം കൂടുതലായി, നാല് വർഷമെടുത്തു. മൈസൂർ മഹാരാജാസ് കോളേജിൽ നിന്ന് ബി.എ. പാസ്സായ അദ്ദേഹം ബിരുദാനന്തര ബിരുദം (എം.എ.) എടുക്കുന്നതിലൂടെ സാഹിത്യത്തോടുള്ള താത്പര്യം ഇല്ലാതാകുമെന്ന സുഹൃത്തിന്റെ പ്രേരണയാൽ ഹൈസ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചുവെങ്കിലും കായികാദ്ധ്യാപകന് പകരക്കാരനായി ജോലി ചെയ്യാൻ വിദ്യാലയത്തിലെ സ്കൂളിലെ പ്രധാനാധ്യാപകൻ ആവശ്യപ്പെട്ടപ്പോൾ  അദ്ദേഹം പ്രതിഷേധസൂചകമായി  അഞ്ചു ദിവസത്തിനു‍ ശേഷം ജോലി രാജി വെച്ച. ഈ അനുഭവം നാരായണന് തന്റെ ഒരേയൊരു ജീവിതചര്യ സാഹിത്യ രചനയാണെന്ന് മനസ്സിലാക്കിക്കുകയും, വീട്ടിൽത്തന്നെ തുടർന്നുകൊണ്ട് നോവലുകൾ എഴുതാനുള്ള തീരുമാനത്തിലെത്തിക്കുകയും പിന്നീട് സാഹിത്യരചനയിൽ മുഴുകുകയും ചെയ്തു. ഡവലപ്പ്മെന്റ് ഓഫ് മാരിടൈം ലോസ് ഓഫ് സെവന്റീൻത് സെഞ്ചുറി ഇംഗ്ലണ്ട് എന്ന പുസ്തകത്തിന്റെ അവലോകനമായിരുന്നു അദ്ദേഹത്തിന്റെ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട കൃതി. തുടർന്ന്, ഇംഗ്ലീഷ് പത്രമാസികകൾക്കായി ഇടയ്ക്കിടെ പ്രാദേശിക പ്രതിപത്തിയുള്ള കഥകൾ എഴുതാൻ തുടങ്ങി. രചനയ്ക്ക് വലിയ പ്രതിഫലം ലഭിച്ചില്ലെങ്കിലും (ആദ്യ വർഷത്തെ വരുമാനം ഒൻപത് രൂപയും പന്ത്രണ്ട് വർഷവുമായിരുന്നു), ലളിത  ജീവിതവും കുറഞ്ഞ ആവശ്യങ്ങളും മാത്രം ഉണ്ടായിരുന്ന അദ്ദേഹത്തെ കുടുംബവും സുഹൃത്തുക്കളും ഒരു പാരമ്പര്യവിരുദ്ധമായ ജോലിയുടെ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. 1930 ൽ നാരായണൻ തന്റെ അമ്മാവൻ അവഹേളിക്കുകയും ഒരുകൂട്ടം പ്രസാധകർ നിരസിക്കുകയും ചെയ്ത തന്റെ ആദ്യ നോവലായ ‘സ്വാമി ആൻഡ് ഫ്രണ്ട്സ്’  രചിച്ചു.  ഈ പുസ്തകത്തിലൂടെ നാരായണൻ മാൽഗുഡി എന്ന ഒരു കൽപ്പിത പട്ടണംതന്നെ സൃഷ്ടിച്ചു.

1933 ൽ കോയമ്പത്തൂരിലുള്ള തന്റെ സഹോദരിയുടെ വീട്ടിൽ അവധിക്കാലം ചിലവഴിക്കുന്നതിനിടെ നാരായണൻ സമീപവാസിയായ 15 വയസുള്ള രാജമിനെ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തു. ജ്യോതിഷപരവും സാമ്പത്തികവുമായ നിരവധി തടസ്സങ്ങൾക്കിടയിലും നാരായണൻ പെൺകുട്ടിയുടെ പിതാവിന്റെ അനുമതി നേടുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തെത്തുടർന്ന്, ബ്രാഹ്മണരല്ലാത്തവരുടെ അവകാശങ്ങൾക്കായി പോരാടുന്ന മദ്രാസ് ആസ്ഥാനമായുള്ള ദി ജസ്റ്റിസ് എന്ന പത്രത്തിന്റെ റിപ്പോർട്ടറായി നാരായണൻ മാറി. ഒരു ബ്രാഹ്മണ അയ്യരായ നാരായണൻ തങ്ങളോടൊപ്പം ചേർന്നതിൽ പ്രസാധകർ ആഹ്ളാദ പുളകിതരായി. ഈ ജോലി അദ്ദേഹത്തെ വൈവിധ്യമാർന്ന ആളുകളുമായും അവരുടെ പ്രശ്നങ്ങളുമായും ബന്ധപ്പെടുത്തുന്നതിൽ സഹായിച്ചു. നേരത്തെ, നാരായണൻ സ്വാമി ആന്റ് ഫ്രണ്ട്സ് എന്ന തന്റെ ആദ്യ കൃതിയുടെ കൈയെഴുത്തുപ്രതി ഓക്സ്ഫോർഡിലെ ഒരു സുഹൃത്തിന് അയച്ചിരുന്നു.  ഈ സമയത്ത് സുഹൃത്ത് ഈ കൈയ്യെഴുത്തുപ്രതി ഗ്രഹാം ഗ്രീൻ എന്ന ഇംഗ്ലീഷ് സാഹിത്യകാരനെ കാണിച്ചുകൊടുത്തു. ഗ്രീൻ ഈ പുസ്തകം തന്റെ പ്രസാധകന് ശുപാർശ ചെയ്യുകയും ഒടുവിൽ അത് 1935 ൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഇംഗ്ലീഷ് സംസാരിക്കുന്ന വായനക്കാർക്കിടിയിൽ കൂടുതൽ സ്വീകാര്യനാകുന്നതിനായി അദ്ദേഹത്തിന്റെ പേര് ചുരുക്കണമെന്ന് ഗ്രീൻ നാരായണനെ ഉപദേശിക്കുകയും ചെയ്തു. അർദ്ധ ആത്മകഥാപരമായ ഈ പുസ്തകം അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതലുള്ള നിരവധി സംഭവങ്ങളെ അടിസ്ഥാനമാക്കി രചിച്ചതായിരുന്നു. പുസ്തകം മികച്ച അവലോകനങ്ങൾ നേടിയെങ്കിലും വിൽപ്പന കുറവായിരുന്നു. കോളേജിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിക്കപ്പെട്ട  നാരായണന്റെ അടുത്ത നോവലായ ദി ബാച്ചിലർ ഓഫ് ആർട്സ് (1937) ഒരു നിഷേധിയായ കൌമാരക്കാരൻ നന്നായി പെരുമാറുന്ന മുതിർന്നയാളിലേക്ക് കൂടുമാറുന്ന കഥയാണ് കൈകാര്യം ചെയ്തത്. വീണ്ടും ഗ്രീന്റെ ശുപാർശപ്രകാരം ഇത് മറ്റൊരു പ്രസാധകനാണ് പുറത്തിറക്കിയത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവൽ ദി ഡാർക്ക് റൂം (1938) പുരുഷനെ ഹിംസകനും സ്ത്രീയെ വിവാഹമെന്ന കൂട്ടിലകപ്പെട്ട ഇരയായും കാണിക്കുന്ന ഗാർഹിക സ്വരച്ചേർച്ചയില്ലായ്മയെന്ന വിഷയം കൈകാര്യ ചെയ്തു.  ഇതും മറ്റൊരു പ്രസാധകനാൽ പ്രസിദ്ധീകരിക്കപ്പെടുകയും മികച്ച അവലോകനങ്ങൾ ലഭിക്കുകയും ചെയ്തു. 1937 ൽ നാരായണന്റെ പിതാവ് മരണമടയുകയും യാതൊരു ധനാഗമ മാർഗ്ഗമില്ലാത്തിതിനാൽ മൈസൂർ സർക്കാരിൽ നിന്ന് ഒരു കമ്മീഷൻ സ്വീകരിക്കാൻ നാരായണൻ നിർബന്ധിതനായിത്തീരുകയും ചെയ്തു.

തന്റെ ആദ്യ മൂന്ന് പുസ്തകങ്ങളിൽ നാരായണൻ സാമൂഹികമായി സ്വീകരിക്കപ്പെട്ട ചില സമ്പ്രദായങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നു. ആദ്യ പുസ്തകത്തിൽ നാരായണൻ വിദ്യാർത്ഥികളുടെ ദുരവസ്ഥ, ക്ലാസ് മുറിയിലെ ചൂരലടി അനുബന്ധമായുള്ള നാണക്കേട് എന്നിവയിൽ കേന്ദ്രീകരിക്കുന്നു. ഹൈന്ദവ വിവാഹങ്ങളിലെ ജാതകപ്പൊരുത്തവും വധുവിനും വധുവിനും ഇതിനാൽ വന്നു ഭവിക്കുന്ന വൈകാരിക ദുരിതവും രണ്ടാമത്തെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിയപ്പോൾ മൂന്നാമത്തെ പുസ്തകത്തിൽ, ഭാര്യാ ഭർതൃ ബന്ധത്തിലെ അസ്വസ്ഥതകളെ വ്യക്തമാക്കുന്നു.

അദ്ദേഹത്തിന്റെ പത്നി രാജം 1939 ൽ ടൈഫോയ്ഡ് ബാധിച്ചതിനേത്തുടർന്ന് മരിച്ചു. പത്നിയുടെ മരണം നാരായണനെ വല്ലാതെ ഉലയ്ക്കുകയും അദ്ദേഹം വളരെക്കാലം വിഷാദാവസ്ഥയിലായിരിക്കുകയും ചെയ്തു. ജീവിതത്തിൽ ഒരിക്കലും പുനർവിവാഹം ചെയ്തിട്ടില്ലാത്ത അദ്ദേഹം കേവലം മൂന്ന് വയസ്സ് മാത്രം പ്രായമുള്ള തന്റെ മകൾ ഹേമയെക്കുറിച്ച് ആശങ്കാകുലനായിരുന്നു. വിരഹം അദ്ദേഹത്തിന്റെ ജീവിതത്തിൽ കാര്യമായ മാറ്റം വരുത്തുകയും, അടുത്ത നോവലായ ദ ഇംഗ്ലീഷ് ടീച്ചറിന് പിന്നിലെ പ്രചോദനമായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യ രണ്ട് പുസ്തകങ്ങളെപ്പോലെ ഈ പുസ്തകം കൂടുതൽ ആത്മകഥാപരമായിരിക്കുകയും സ്വാമി ആന്റ് ഫ്രണ്ട്സ്, ദി ബാച്ചിലർ ഓഫ് ആർട്സ് എന്നീ നോവലുകളെ പിന്തുടർന്ന് അപ്രതീക്ഷിതവും പ്രമേയപരമായി സാദൃശ്യമുള്ളതുമായ ഒരു നോവൽത്രയം പൂർത്തിയാക്കുകയും ചെയ്തു. തുടർന്നുള്ള അഭിമുഖങ്ങളിൽ, ദ ഇംഗ്ലീഷ് ടീച്ചർ എന്ന നോവൽ തികച്ചും ആത്മകഥാപരമായിരുന്നുവെന്ന് സമ്മതിക്കുന്ന നാരായണൻ, കഥാപാത്രങ്ങളുടെ പേരുകളും മാൽഗുഡിയിലെ പശ്ചാത്തല മാറ്റങ്ങളും വ്യത്യസ്ഥമാണെന്നിരിക്കിലും പുസ്തകത്തിൽ പ്രതിപാദിച്ച വികാരങ്ങൾ പത്നിയുടെ മരണസമയത്തുള്ള തന്റെതന്നെ ജീവിതത്തിന്റെ പ്രതിഫലനമായിരുന്നുവെന്നും വിശദീകരിക്കുന്നു.

അദ്ദേഹത്തിന്റെ ചില വിജയങ്ങളുടെ പിന്തുണയിൽ1940 ൽ ഇന്ത്യൻ തോട്ട് എന്ന പേരിൽ ഒരു വാർത്താപത്രിക നടത്തിക്കൊണ്ടുപോകുവാൻ  നാരായണൻ ശ്രമിച്ചു. ഒരു കാർ വ്യാപാരിയായിരുന്ന അദ്ദേഹത്തിന്റെ അമ്മാവന്റെ സഹായത്തോടെ മദ്രാസ് നഗരത്തിൽ മാത്രം ഏതാണ്ട് ആയിരത്തിലധികം വരിക്കാരെ നേടാൻ നാരായണന് കഴിഞ്ഞു. എന്നിരുന്നാലും, ഇത് കൈകാര്യം ചെയ്യാനുള്ള നാരായണന്റെ കഴിവില്ലായ്മ കാരണം അധികകാലം നീണ്ടുനിൽക്കാതെയിരുന്ന ഈ സംരംഭം ഒരു വർഷത്തിനുള്ളിൽ പ്രസിദ്ധീകരണം നിർത്തിവച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ ചെറുകഥാ സമാഹാരമായ മാൽഗുഡി ഡെയ്‌സ് 1942 നവംബറിലും ഇതിനെ പിന്തുടർന്ന് 1945 ൽ ദ ഇംഗ്ലീഷ് ടീച്ചറും പ്രസിദ്ധീകരിക്കപ്പെട്ടു.  ഇതിനിടയിൽ, യുദ്ധ സംബന്ധമായി ഇംഗ്ലണ്ടുമായുള്ള ബന്ധം വിശ്ചേദിപ്പക്കപ്പെട്ടതിനാൽ  നാരായണൻ സ്വന്തമായി ഒരു പ്രസിദ്ധീകരണ കമ്പനി ആരംഭിക്കുകയും ഇതിന് വീണ്ടും ഇന്ത്യൻ തോട്ട് പബ്ലിക്കേഷൻസ് എന്ന് പേരിടുകയും ചെയ്തു.  വിജയകരമായിരുന്നതും  ഇപ്പോഴും സജീവമായിരിക്കുകയും ചെയ്യുന്ന ഈ പ്രസിദ്ധീകരണക്കമ്പനി നിലവിൽ അദ്ദേഹത്തിന്റെ ചെറുമകളുടെ ഉടമസ്ഥതയിലാണ്.  താമസിയാതെ, ന്യൂയോർക്ക് മുതൽ മോസ്കോ വരെയുള്ള വായനക്കാരുടെ എണ്ണം വർദ്ധിച്ചതോടെ നാരായണന്റെ പുസ്തകങ്ങൾ നന്നായി വിറ്റഴിക്കപ്പെടാൻ തുടങ്ങുകയും 1948 ൽ മൈസൂറിന്റെ പ്രാന്തപ്രദേശത്ത് അദ്ദേഹം സ്വന്തമായി ഒരു ഭവനം നിർമ്മിക്കാൻ തുടങ്ങുകയും ചെയ്തു.  ഈ വീട് 1953-ലാണ് പൂർത്തിയായത്. ഇക്കാലയളവിൽ, ജെമിനി സ്റ്റുഡിയോ ചിത്രമായ മിസ് മാലിനിയ്ക്കുവേണ്ട് (1947) നാരായണൻ കഥയെഴുതുകയും അത് ഫലപ്രാപ്തിയിലെത്തിയ ഒരു സിനിമയ്ക്കായി അദ്ദേഹം എഴുതിയ ഒരേയൊരു കഥയായി ഇത് തുടരുകയും ചെയ്യുന്നു.

94-ആം വയസ്സുവരെ നാരായൺ ജീവിച്ചിരുന്നു. 87-ആം വയസ്സുവരെ - അൻപതു വർഷത്തിലേറെ, ആർ.കെ. നാരായണൻ സർഗ്ഗരചന തുടർന്നു. പതിനാലു നോവലുകൾ, അഞ്ച് വാല്യങ്ങളിലുള്ള ചെറുകഥകൾ, അനവധി യാത്രാവിവരണങ്ങൾ, ഗദ്യേതര സാഹിത്യത്തിന്റെ ശേഖരങ്ങൾ, ഇന്ത്യൻ ഇതിഹാസങ്ങളുടെ ചുരുക്കിയ ഇംഗ്ലീഷ് തർജ്ജമ, മൈ ഡേയ്സ് എന്ന ഓർമ്മക്കുറിപ്പ് എന്നിവ ആർ.കെ. നാരായൺ രചിച്ചു. [3]

നിരവധി തവണ നോബൽ സമ്മാനം നൽകുന്നതിനായുള്ള പട്ടികയിൽ നാരായൺ‍ ഇടം നേടിയിട്ടുണ്ടെങ്കിലും നോബൽ സമ്മാനം ഒരിക്കലും ലഭിച്ചിരുന്നില്ല. നോബൽ സമ്മാന സമിതി നാരായണിന്റെ കൃതികളെ അവഗണിച്ചതായും സാഹിത്യവൃത്തങ്ങളിൽ സംസാരമുണ്ട്.

  1. "R. K. Narayan: A Profile". Archived from the original on 2007-05-10. Retrieved 2007-08-07.
  2. "R.K. Narayan 1906-2001". Archived from the original on 2009-07-20. Retrieved 2007-08-07.
  3. "The Life of R.K. Narayan". Archived from the original on 2007-05-13. Retrieved 2007-08-07.
"https://ml.wikipedia.org/w/index.php?title=ആർ.കെ._നാരായൺ&oldid=3650433" എന്ന താളിൽനിന്ന് ശേഖരിച്ചത്