ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫ്

റഷ്യൻ വിമാന ശില്പിയാണ് ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫ് (aircraft designer). ആദ്യത്തെ സൂപ്പർസോണിക് യാത്രാ വിമാനമുൾപ്പെടെ മുൻ സോവിയറ്റ് യൂണിയനിൽ വിൻഡ്-ടണൽ, പൂർണ-ലോഹ വിമാനം എന്നിവ നിർമ്മിക്കാൻ മുൻകയ്യെടുത്തത് ഇദ്ദേഹമായിരുന്നു.

ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫ്
ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫ്
ജനനം1888 നവംബർ 10
റഷ്യയിലെ പുസ്തൊമസൊവൊ
മരണം1972 ഡിസംബർ 23
ദേശീയതറഷ്യൻ;സോവ്യറ്റ് യൂണിയൻ
അറിയപ്പെടുന്നത്വിമാന ശില്പി

ജീവിതരേഖ തിരുത്തുക

റഷ്യയിലെ പുസ്തമസൊവൊയിൽ (Pustomazovo) 1888 നവംബർ 10-ന് ആൻഡ്രി നിക്കോളെവിച്ച് ജനിച്ചു. മോസ്കൊ ഹയർ ടെക്നിക്കൽ സ്കൂളിൽ നിന്ന് 1918-ൽ എൻജിനീയറിങിൽ ബിരുദം നേടി. അവിടെ വിദ്യാർഥിയായിരിക്കെ റഷ്യൻ വ്യോമയാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന നിക്കൊലെയ് വൈ. സുവൊവ്സ്ക്കിയുടെ ശിഷ്യത്വം നേടുകയും സോവിയറ്റ് യൂണിയനിലെ ആദ്യത്തെ വിൻഡ് ടണൽ രൂപപ്പെടുത്തുകയും ചെയ്തു. 1918-ൽ സെൻട്രൽ എയ്റോഹൈഡ്രോഡൈനാമിക് ഇൻസ്റ്റിറ്റ്യൂട്ടായ TsAGI രൂപം കൊണ്ടപ്പോൾ അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായി. തുടർന്ന് 1922-ൽ അവിടത്തെ ഡിസൈൻ ബ്യൂറോയുടെ തലവനായി ഉയരുകയും ചെയ്തു. 1938-ൽ 'പൊതുജനങ്ങളുടെ ശത്രു' എന്ന് ആരോപിക്കപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും 1943-ൽ ജയിൽ മോചിതനായി. തുടർന്ന് രണ്ടാം ലോകയുദ്ധ കാലത്ത് സോവിയറ്റ് കരസേനയിൽ ലഫ്റ്റനന്റ് ആയി സേവനമനുഷ്ഠിച്ചു. 1953-ൽ യു. എസ്. എസ്. ആർ. അക്കാദമി ഒഫ് സയൻസിലേക്ക് ടൂപൊലെഫ് തെരഞ്ഞെടുക്കപ്പെട്ടു. 1944-56 കാലയളവിൽ സുപ്രീം സോവിയറ്റിന്റെ ഡെപ്യൂട്ടി ആയും ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. നൂറ്റമ്പതോളം യാത്രാ വിമാനങ്ങളും സൈനിക വിമാനങ്ങളും രൂപകൽപ്പന ചെയ്ത ടൂപൊലെഫിന് വ്യത്യസ്ത വിമാന രൂപകൽപ്പനയ്ക്കായി മൂന്നു സ്റ്റാലിൻ പുരസ്കാരങ്ങളും, 104ന്റെ രൂപകല്പനയ്ക്കായി ലെനിൻ പുരസ്കാരവും ലഭിച്ചു. 1972 ഡിസംബർ 23-ന് മോസ്കോയിൽ ഇദ്ദേഹം നിര്യാതനായി.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.