ആഷ്കോഫ് വസ്തു
റുമാറ്റിക് ജ്വരം ബാധിച്ചവരുടെ ഹൃദയത്തിൽ കാണപ്പെടുന്ന ചെറിയ മുഴകളാണ് (nodule) ആഷ്കോഫ് വസ്തുക്കൾ. റുമാറ്റിക് ജ്വരം മൂലമുണ്ടാകുന്ന ഹൃദയപേശികളിലെ വീക്കം കാരണമാണ് മുഴകൾ രൂപപ്പെടുന്നത്. ലുഡ്വിഗ് ആഷ്കോഫ്, പോൾ റുഡോൾഫ് ഗിപ്പൽ എന്നീ ശാസ്ത്രജ്ഞരാണ് ഹൃദയപേശികളിലെ ഈ മാറ്റം കണ്ടെത്തിയത് എന്നതിനാൽ ഇവയെ ആഷ്കോഫ്-ഗിപ്പൽ വസ്തുക്കൾ എന്നും വിളിക്കുന്നു.[1][2]
1 മുതൽ 2 മില്ലിമീറ്റർ വരെ വലിപ്പമുള്ള ഗോളാകൃതിയിലോ, നീണ്ടതോ ആയ വസ്തുക്കളാണിവ. നഗ്നനേത്രങ്ങൾ കൊണ്ട് ഇവ ദൃശ്യമാവും. മയോകാർഡിയത്തിന്റെയും എന്റോകാർഡിയത്തിന്റെയും ഇടയ്ക്കുള്ള ചെറിയ ധമനികൾക്കിടയിലാണ് ഇവ കൂടുതലായും സ്ഥിതിചെയ്യുന്നത്. ചിലപ്പോൾ പെരികാർഡിയത്തിലും ഇവ കാണപ്പെടാം. അപൂർവ്വമായി ഹൃദയത്തിനു പുറത്തുള്ള കലകളിലും ആഷ്കോഫ് വസ്തുക്കൾ കാണപ്പെടാറുണ്ട്.
സൂക്ഷ്മദർശനിയിലൂടെ ആഷ്കോഫ് വസ്തുക്കൾ വീക്കമുള്ള ഹൃദയകലകളായി ദൃശ്യമാകും. ഫൈബ്രിനോയ്ഡ് മാറ്റങ്ങൾ വന്ന ഗ്രാനുലോമകളായാണ് വികസിച്ച ആഷ്കോഫ് മുഴകൾ കാണപ്പെടുക. വീക്കത്തിനു ചുറ്റും ജീർണ്ണിച്ച കലകളും, ലിംഫോസൈറ്റുകളും, മാക്രോഫേജുകളും കാണപ്പെടും. ചില മാക്രോഫേജുകൾ തമ്മിൽ ലയിക്കുകയും ഭീമൻ കോശങ്ങളായി മാറുകയും ചെയ്യും. ചില മാക്രോഫേജുകൾക്ക് രൂപാന്തരം സംഭവിക്കുകയും, അവ അനിഷ്കോഫ് കോശങ്ങളായി മാറുകയും ചെയ്യും. അനിഷ്കോഫ് കോശങ്ങളിലെ ക്രൊമാറ്റിൻ പുഴുവിനെ അനുസ്മരിപ്പിക്കുന്നതുകൊണ്ട് ഇവയെ 'ക്യാറ്റർപില്ലർ കോശങ്ങൾ' എന്നും വിളിക്കുന്നു.
അവലംബം
തിരുത്തുക- ↑ K. A. L. Aschoff. Zur Myocarditisfrage. Verhandlungen der deutschen pathologischen Gesellschaft, Stuttgart, 1904, 8: 46-53. Translated in Willius & Keys, Cardiac Classics, 1941, pp. 733-739.
- ↑ Geipel P (1905). Deutsch Arch. klin. Med. 85: 75.
{{cite journal}}
: Missing or empty|title=
(help)