ആമേട ക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഏറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ നിന്നും എട്ട് കിലോമീറ്റർ തെക്കുമാറി നടക്കാവ് എന്ന സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ പടിഞ്ഞാറായി വേമ്പനാട്ടു കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആമേട ക്ഷേത്രം അഥവാ ആമേട സപ്തമാതാ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ സപ്തമാതൃക്കളെയാണ് പ്രധാന ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി (പഞ്ചുരുളി), കൌമാരി, ചാമുണ്ഡി (കാളി) എന്നീ ഏഴു മാതാക്കളെയും ഗണപതി, വീരഭദ്രൻ എന്നിവരേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്ര മതിൽക്കുള്ളിൽ പടിഞ്ഞാറ് നാഗരാജാവിനെയും കിഴക്ക് നാഗയക്ഷിയേയും വടക്ക് സാമൂതിരി രാജവംശത്തിൽപെട്ട വെട്ടത്ത് നാട്ടിലെ പരദേവതയായ വിഷ്ണുവിനെയും ഉപദേവന്മാരായി പ്രതിഷ്ഠിച്ചിട്ടുണ്ട് .ആമേട ക്ഷേത്രസമുച്ചയം ഇല്ലവും ഇല്ല പറമ്പും ഉൾപെട്ട പത്ത് ഏക്കറോളം വരുന്നു.
ക്ഷേത്ര ഐതിഹ്യം
തിരുത്തുകപരശുരാമൻ കേരളക്കരയിലൂടെ യാത്ര ചെയുമ്പോൾ വേമ്പനാട്ടു കായലിന്റെ തീരത്ത് ഇപ്പോഴത്തെ ആമേട എന്ന സ്ഥലത്ത് എത്തിച്ചേർന്നു. സൂര്യാസ്തമന സമയത്ത് സന്ധ്യ വന്ദനത്തിന് ഇറങ്ങിയ സമയത്ത് കായലിൽ ഒരു ദിവ്യതേജസ് കണ്ടു.അദ്ദേഹം ആ ദിവ്യതേജസ് എന്തെന്നറിയാൻ വേണ്ടി കായൽ മധ്യത്തിലേക്ക് ഇറങ്ങി നടന്നു. ആമകളുടെ പുറത്ത് യാത്ര ചെയ്യുന്ന സപ്തമാതൃക്കളാണ് ആ ദിവ്യ തേജസ്സിന്റെ ഉറവിടം എന്ന് അദ്ദേഹത്തിൻറെ ദിവ്യദൃഷ്ടി കൊണ്ട് മനസ്സിലാക്കി. പരശുരാമനു വേണ്ടി ജലം വഴി മാറിയതോടെ ആമകൾക്ക് പിന്നീട് സഞ്ചരിക്കാതായി നിന്ന് പോയി. അങ്ങനെ ആമ നിന്നയിടം പിന്നീട് കാലക്രമേണ ആമേടയായി അറിയപെട്ടു. ഇവിടെ മന്ത്ര ഉപദേശത്തോടെ പൂജാവിധികൾ ക്രമപെടുത്തി തലമുറകളായി ആരാധന നടത്തി പോരുന്നു. പരശുരാമനാൽ കൊളുത്തപെട്ട ഒരു ദീപം ഇന്നും ക്ഷേത്രകോവിലിൽ അണയാതെ നിലനിൽക്കുന്നു എന്നാണ് വിശ്വാസം. അതിലെ എണ്ണയാണ് സർവ്വ രോഗങ്ങൾക്കും പ്രതിവിധിയായി ഭക്തജനങ്ങൾക്ക് കൊടുക്കുന്ന വിളക്കിൽ എണ്ണ.
ക്ഷേത്ര വിശേഷങ്ങൾ
തിരുത്തുകബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, കൌമാരി, ചാമുണ്ഡി എന്നീ ദേവിമാരാണ് സപ്തമാതൃക്കൾ. ദേവി ആദിപരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്ത മാതൃക്കൾ. സപ്തമാതൃക്കളോടൊപ്പം വീരഭദ്രനെയും ഗണപതിയേയും പ്രതിഷ്ടിച്ചിട്ടുള്ള ഒരു ക്ഷേത്രമാണ് ആമേട ക്ഷേത്രം.
ഉത്സവം
തിരുത്തുകമീനമാസത്തിലെ മകയിരം നക്ഷത്രത്തിൽ കൊടികയറി പൂരം വലിയവിളക്കും ഉത്രം ആറാട്ടുമായി നടത്തുന്നു.
ആയില്യം ദർശനം
തിരുത്തുകപൊതുവേ ആയില്യം നക്ഷത്രം സർപ്പാരാധനയ്ക്ക് പ്രാധാന്യം ഉള്ളതും എന്നാൽ കന്നി, തുലാം, വ്യശ്ചികം, മീനം എന്നീ മാസങ്ങളിലെ ആയില്യത്തിന് സവിശേഷത കൂടുതലുണ്ട്. പത്താമുദയവും നാഗപഞ്ചമിയും പ്രധാനപ്പെട്ട ദിവസങ്ങളാണ്.
കാർത്തിക പൂജ
തിരുത്തുകഎല്ലാ കാർത്തിക നാളിലും വിശേഷാൽ ദ്വാദശാക്ഷരീ പൂജയും പന്തീരായിരം പുഷ്പാഞ്ജലിയും പ്രധാന ശ്രീ കോവിലിൽ നടത്തുന്നു. വൈഷ്ണവി പ്രധാനമായി കർക്കടക മാസത്തിൽ പന്ത്രണ്ട് ദിവസത്തെ ഭഗവതിസേവയും, ചാമുണ്ഡി പ്രധാനമായി മണ്ഡലമാസം മുഴുവൻ ഗുരുതിയും നാല്പത്തിയൊന്നാം ദിവസത്തിൽ പന്ത്രണ്ട് പാത്രത്തിൽ വലിയ ഗുരുതിയും നടത്തുന്നു. നാഗദൈവങ്ങൾ ഇരിക്കുന്ന അമ്പലമാണിത്.
പ്രധാന പ്രതിഷ്ഠ
തിരുത്തുകബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി (പഞ്ചുരുളി), കൌമാരി, ചാമുണ്ഡി (കാളി) എന്നീ ഏഴു മാതാക്കളെയും ഗണപതി, വീരഭദ്രൻ എന്നിവരേയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
1. ബ്രാഹ്മി- ബ്രഹ്മാവിന്റെ ശക്തി. ബ്രാഹ്മാണി എന്നും അറിയപ്പെടുന്നു. ബ്രഹ്മാവിനെപോലെ കൈയിൽ ജപമാലയും കമണ്ഡലവുമുണ്ട്. സരസ്വതി രൂപം. ബ്രഹ്‌മസ്വരൂപിണിയാണ്. വിശ്വാസികൾ ജ്‌ഞാനത്തിനായി ആരാധിക്കുന്നു.
2. വൈഷ്ണവി- മഹാവിഷ്ണുവിന്റെ ശക്തിയാണ് വൈഷ്ണവി. മഹാലക്ഷ്മി സ്വരൂപം. ശംഖ്ചക്രഗദാഖഡ്ഗങ്ങൾ കൈയ്യിലേന്തിയ സുന്ദര രൂപം. വിഷജന്തുക്കളില് നിന്നും മോചനം ലഭിക്കുവാനായി, സർവ ഐശ്വര്യത്തിനായി ആരാധിക്കുന്നു. ജമ്മുകശ്മീർ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ ആരാധനാമൂർത്തി.
3. മഹേശ്വരി- മഹാദേവന്റെ ശക്തി. ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്. മഹാഗൗരി. ശിവനെപ്പോലെ പാമ്പുകൾ കൊണ്ടാണ് വളയും മാലയും അണിഞ്ഞിരിക്കുന്നത്. കൈയിൽ തൃശൂലം. ആരാധിച്ചാല് സര്വ്വ മംഗളം ഫലം എന്ന് വിശ്വാസം.
4. ഇന്ദ്രാണി- ഇന്ദ്രസ്വരൂപിണി. ശചി ദേവി. വജ്രമാണ് ഇന്ദ്രാണിയുടെ ആയുധം. അഭയമുദ്രകാട്ടി ആശീർവദിക്കുന്നു. ദാമ്പത്യ പ്രശ്‌നങ്ങൾക്കും, വൈവാഹിക പ്രശ്നങ്ങൾക്കും, ഉത്തമ പങ്കാളിയെ ലഭിക്കാനും വിശ്വാസികൾ ആരാധിക്കുന്നു.
5. വാരാഹി- വരാഹരൂപം ധരിച്ച പരാശക്തിയാണ് വാരാഹി. വരാഹ ഭഗവാന്റെ ശക്തി. ഉഗ്രരൂപി. ലളിത പരമേശ്വരിയുടെ സൈന്യാധിപ. ക്ഷിപ്രപ്രസാദി. അഷ്ടലക്ഷ്മി സ്വരൂപിണി. ദാരിദ്ര്യനാശിനി. ഇഷ്ടവര പ്രാദായിനി. പഞ്ചുരുളി, പന്നിമുഖി, ദണ്ഡിനി എന്നി പല പേരുകളിൽ അറിയപ്പെടുന്നു. സമ്പത്ത്, സർവവിധ ഐശ്വര്യം, ആഗ്രഹസാഫല്യം, ശത്രുനാശം എന്നിവയാണ് ആരാധനാ ഫലം. പഞ്ചമി തിഥി പ്രധാന ദിവസം.
6. കൗമാരി- ഭഗവാൻ മുരുകൻ അഥവാ കുമാരന്റെ ശക്തിയാണ് കൗമാരി അഥവാ കുമാരി. ആൺമയിലിന്റെ കഴുത്തിലേറിയ കൗമാരിയുടെ കൈയിൽ വേലാണ് ആയുധം. ആരാധിച്ചാൽ രക്‌ത സംബന്ധമായ എല്ലാ രോഗങ്ങള്ക്കും ശാന്തി ലഭിക്കും എന്ന് വിശ്വാസം.
7. ചാമുണ്ഡി- പരാശക്തിയായ കാളി തന്നെയാണ് ചാമുണ്ഡ അഥവാ ചാമുണ്ഡേശ്വരി. കാരുണ്യമൂർത്തി. ചണ്ടമുണ്ട, രക്തബീജ വധത്തിനായി ചണ്ഡികയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച ഭഗവതി. ത്രിലോചനയായ ഈ കാളി അഷ്ടബാഹുവാണ്. പള്ളിവാളും തൃശൂലവുമാണ് ആയുധം. ചാമുണ്ഡി എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമാണ് എന്ന് പുരാണങ്ങളിൽ കാണാം. ആരാധിച്ചാൽ ഭയമുക്തിയും ഐശ്വര്യവും മോക്ഷവും ഫലം എന്ന് വിശ്വാസം.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |