മനുഷ്യന്റെ ബുദ്ധിവികാസം സംഭവിച്ച കാലം മുതൽക്കുതന്നെ കരണങ്ങൾ ചമക്കലും സൂക്ഷിപ്പും നിലവിലുണ്ടായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. തീരുമാനങ്ങളുടെ വ്യക്തതക്കും കൃത്യതക്കും പിന്നീടുള്ള വിശകലനത്തിനും സഹായകമാകുവാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള രേഖപ്പെടുത്തലുകൾ ഉപയോഗിച്ചിരുന്നത്.ആവശ്യമായ മുദ്രകളിൽ എഴുതിയതോ പൊന്തിച്ചടിച്ചതോ ആയ എന്തു രേഖപ്പെടുത്തലിനെയും/കരണത്തെയും പൊതുവായി ആധാരം എന്ന് പറയുന്നു. കാലാന്തരത്തിൽ തുകലിലും ഓലയിലും പിന്നീട് കടലാസുകളിലും ഇവ രേഖപ്പെടുത്തി സൂക്ഷിച്ചു കൊണ്ടിരിക്കുന്നു. പ്രാചീന കാലത്തുണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് ഇത്തരം കരണങ്ങൾ പ്രമാണങ്ങൾ എന്നിവ ചമയ്ക്കുന്നത് ഒരു തൊഴിൽ മേഖലയായി ഉരുത്തിരിഞ്ഞിട്ടുണ്ട്. ഇത്തരം ആളുകൾ സർക്കാർ അംഗീകരിച്ച ലൈസൻസികളായി രാജ്യമെങ്ങും തൊഴിലെടുക്കുന്നു.

കേരളത്തിൽ ഏറ്റവുമധികം റവന്യൂ വരുമാനം സർക്കാരിന് നേടിക്കൊടുക്കുന്ന മൂന്നാമത്തെ വകുപ്പാണ് റജിസ്ട്രേഷൻ വകുപ്പ് . അതിന്റെ മോണിട്ടറിങ്ങിന് കീഴിൽ റജിസ്ട്രേഷൻ നിയമങ്ങൾക്ക് വിധേയരായാണ് ഇത്തരം ഏജൻസികൾ പ്രവർത്തിക്കുന്നത്. ഇത്തരം ഏജന്റുകൾ വസ്തു റജിസ്ട്രേഷൻ വിവാഹ റജിസ്ട്രേഷൻ മുതലായി റജിസ്ട്രേഷൻ വകുപ്പിൽ‍‍ നിന്ന് പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടുന്ന ഏത് സേവനങ്ങളും നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് ചെയ്തു കൊടുക്കുന്നു. ഇവർക്ക് നിശ്ചിതമായ അധികാരപരിധികളുമുണ്ട്. കക്ഷികൾ കൊണ്ടുവരുന്ന കരണങ്ങളുടെയുടെയും തിരിച്ചറിയൽ രേഖകളുടെയും അനന്യതയും സൂക്ഷ്മതയും കൃത്യതയും സത്യസന്ധതയും പരിശോധിച്ചും നിയമാനുസൃതമായി ഫീസുകൾ ഒടുക്കാൻ സഹായിച്ചും ഇടപാടുകൾ സത്യസന്ധമായി നടത്തേണ്ടത് ഇവരുടെ ഉത്തരവാദിത്തമാണ്.

ഇത്തരം ഏജൻസികളായി ലൈസൻസ് സമ്പാദിക്കുന്നതിനായി റജിസ്ട്രേഷൻ വകുപ്പ് നടത്തുന്ന പരീക്ഷകൾ ജയിക്കേണ്ടതുണ്ട്. ആധാരം എഴുതുന്നതിനും തയ്യാറാക്കുന്നതിനും വ്യത്യസ്ത ലൈസൻസുകളാണുള്ളത്. ആധാരം തയ്യാറാക്കൽ ലൈസൻസി ഒപ്പിട്ട് സാക്ഷ്യപ്പെടുത്താത്ത ആധാരങ്ങൾ റജിസ്ട്രേഷന് യോഗ്യമല്ല. ഇതു കൂടാതെ നിലവിൽ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്ന നിയമബിരുദധാരികൾക്കും ഇടപാടുകൾ നടത്തുന്ന കക്ഷികൾക്കും ആധാരം "തയ്യാറാക്കാൻ" അധികാരമുണ്ട്.ഇതു കൂടാതെ റജിസ്ട്രേഷൻ വകുപ്പിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കും അവർ അപേക്ഷിക്കുന്ന പക്ഷം ലൈസൻസ് നൽകുന്നുണ്ട്.

വളരെയധികം അറിവും പരിചയവും കൃത്യനിർവ്വഹണശേഷിയും സൂക്ഷ്മതയും അനിവാര്യമായ തൊഴിൽമേഖലയാണിത്. ചെറിയ പിഴവുകൾ പോലും കക്ഷികൾക്ക് ഭീമമായ നഷ്ടം വരുത്തിവെക്കും എന്നതിനാൽത്തന്നെ ആധാരമെഴുത്തുകാരൻ നിസ്വനോ പാപ്പരോ ബുദ്ധിവൈകല്യമോ മാനസിക തകരാറുകളോ മറ്റോ ഉള്ള വ്യക്തിയായിരിക്കരുത് എന്ന് നിബന്ധനകൾ നിലവിലുണ്ട്. റജിസ്ട്രേഷൻ നിയമങ്ങളും സ്റ്റാമ്പ് നിയമങ്ങളും അടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം രേഖപ്പെടുത്തിയാലേ പരീക്ഷയിൽ ജയിക്കാനാകൂ എന്നിരുന്നാലും കൃത്യമായ പഠനസഹായികളോ പരിശീലന പദ്ധതികളോ ഈ തൊഴിലിനില്ല എന്നതും ഈ തൊഴിൽ മേഖലയെ പൊതുജനത്തിൽ നിന്ന് അന്യമാക്കുന്നു.

ഈയടുത്ത കാലത്തായി ആധാരമെഴുത്തിനെ സുതാര്യമാക്കുന്നതിനും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനും ആധാരമാതൃകകൾ ഏകീകരിക്കുന്നതിനുമായി റജിസ്ട്രേഷൻ വകുപ്പ് റജിസ്ട്രേഷൻ നടപടികളെ ഓൺലൈൻവൽക്കരിച്ചിട്ടുണ്ട്.[1] എന്ന വിലാസത്തിൽ വിശദവിവരങ്ങൾക്കായി സന്ദ‍ർശിക്കാം.

  1. keralaregistration.gov.in/
"https://ml.wikipedia.org/w/index.php?title=ആധാരമെഴുത്ത്&oldid=2590332" എന്ന താളിൽനിന്ന് ശേഖരിച്ചത്