മദ്ധ്യകാലഘട്ടങ്ങളിൽ വേണാട്, വടക്കുംകൂർ, തെക്കുംകൂർ, ഓടനാട് തുടങ്ങിയ പല നാട്ടുരാജ്യങ്ങളിലും നാടുവാണിരുന്ന പല രാജാക്കന്മാർ ആദിത്യവർമ്മ എന്ന പേരിൽ ഉണ്ടായിരുന്നു. ഓരോ കാലത്ത് രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ ഏതെങ്കിലും തരത്തിൽ പ്രശസ്തി നേടിയിട്ടുള്ളവരാണു് ഇവർ ഓരോരുത്തരും. ഇവരിൽ ചിലർക്കു് ആദിത്യവർമ്മ എന്നതൊരു ബിരുദസംജ്ഞയും മറ്റു ചിലർക്കു പേരിൽ ഉൾപ്പെട്ട ഒരു ഭാഗവുമാണു്.

1.ആദിത്യവർമ്മ

തിരുത്തുക

സ്യാനന്ദൂരപുരാണ സമുച്ചയത്തിൽ പരാമൃഷ്ടനായ കോതവർമ്മയുടെ നാലു പുത്രൻമാരിൽ രണ്ടാമനായ ശ്രീവീരകോത ആദിത്യവർമ്മ. കിളിമാനൂർ രേഖയനുസരിച്ച് കൊല്ലവർഷം 343ൽ (എ.ഡി. 1168) ഇദ്ദേഹമായിരുന്നു വേണാട്ടു രാജാവ്. വഞ്ഞിപ്പുഴ രുദ്രൻ ശങ്കരൻ, വിലക്കിലിമംഗലത്തു ദാമോദരൻ കൃഷ്ണൻ, മകിഴഞ്ചേരി വിക്രമനാരായണൻ, കമുകഞ്ചേരി ശക്തിവിക്രമൻ, ശക്തി മുതലായവർ ആദിത്യവർമ്മയുടെ കാലത്തെ പ്രബലരായ പ്രഭുക്കളായിരുന്നു.

2.ആദിത്യവർമ്മ

തിരുത്തുക

കേരളചരിത്രത്തിൽ പ്രശസ്തനായ ഒരു രാജാവാണിദ്ദേഹം. 'ചോളപ്രിയ' (1296) എന്ന ശകാബ്ദത്തിൽ (എ.ഡി. 1375) ഇദ്ദേഹം നാടുവാണിരുന്നതായി തിരുവനന്തപുരം തിരുവാമ്പാടിയിലുള്ള ഒരു ശിലാലിഖിതത്തിൽനിന്നു മനസ്സിലാക്കാം. ഇതിൽ രാജാവിനെ സർവാംഗനാഥൻ എന്നല്ലാതെ ആദിത്യവർമ്മ എന്നു പേരെടുത്തു പറഞ്ഞിട്ടില്ല. എന്നാൽ വടശ്ശേരി കൃഷ്ണസ്വാമി ക്ഷേത്രത്തിലുള്ള മറ്റൊരു ലിഖിതത്തിൽ ആദിത്യവർമ്മനു് എന്ന സംബോധനയും സർവാംഗനാഥൻ എന്ന വിശേഷണവും കാണുന്നു. കൂടാതെ ആദിത്യവർമ സാഹിത്യം, സംഗീതം, സ്മൃതി, അർഥശാസ്ത്രം, പുരാണം, നിഗമം, 36 ശസ്ത്രപ്രയോഗങ്ങൾ മുതലായവയിൽ പ്രവീണനായിരുന്നു എന്നും അതിൽ പ്രസ്താവിച്ചിരിക്കുന്നു.

ഉണ്ണുനീലിസന്ദേശത്തിൽ നായികയ്ക്കു ദൂതുമായി പോകുന്ന ആദിത്യവർമ്മയും ഈ ആദിത്യവർമ്മയും ഒരാളാണെന്ന് ചില സാഹിത്യചരിത്രകാരൻമാർ വാദിക്കുന്നു. ശകാബ്ദം 1296നു സമമായ കൊല്ലവർഷം 550ൽ വേണാട്ടിൽ തൃപ്പാപ്പൂർ മൂപ്പുവാണിരുന്ന ഇദ്ദേഹത്തിന്റെ പൂർണമായ പേര് 'ഇരവി ആദിത്യവർമ' എന്നാണ്; 550-ാമാണ്ടു മീനം 25നു് ഉണ്ടായ മതിലകം രേഖയിൽ ഇദ്ദേഹത്തെ പരാമർശിക്കുന്നതു് ശ്രീവേണാട്ടിൽ തിരുവടി ഇരവി ആദിത്യവർമ്മ എന്നാണു് . ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന്റെ ചെലവിനുവേണ്ടി കുശവൂർക്കൽ എന്ന സ്ഥലത്തു് കുറേ നിലം ഇദ്ദേഹം ദാനംചെയ്തതായി പ്രസ്തുത രേഖയിൽ കാണാം.

3.ആദിത്യവർമ്മ

തിരുത്തുക

കൊല്ലവർഷം 644 (എ. ഡി. 1469)-ാമാണ്ടു കാലഘട്ടത്തിൽ വേണാടു വാണിരുന്ന രാജാവാണിദ്ദേഹം. സഹ്യനുകിഴക്കുള്ള ഏതാനും പ്രദേശങ്ങളും ഇദ്ദേഹത്തിന്റെ ഭരണത്തിലായിരുന്നു. തിരുനെൽവേലി ജില്ലയിലുള്ള തിരുക്കൂറുംകുടിക്ഷേത്രത്തിലേക്കു ആദിത്യവർമ്മ ഒരു പഞ്ചലോഹമണി ദാനംചെയ്തതായി രേഖയുണ്ട്. ഇതിൽ ഗുണമണിശ്രേണി, വഞ്ചീപാല, വിശാഖപ്രഭു, അഖിലകലാവല്ലഭ, തിലകിതജയസിംഹാന്വയ, അധിഗതചിറവാ(യ്) മണ്ഡലേന്ദ്ര എന്നീ വിശേഷണങ്ങളാണ് ആദിത്യവർമയ്ക്കു നല്കിയിരിക്കുന്നത്. ഇതിൽ ഗുണമണിശ്രേണി, അഖിലകലാവല്ലഭ എന്നീ വിശേഷണങ്ങൾ രാജാവിന്റെ പൊതുവേയുള്ള ഗുണഗണങ്ങളെ വർണിക്കുന്നു. ജന്മനക്ഷത്രം വിശാഖമാണെന്നു വ്യക്തമാകുന്നു. തിലകിതജയസിംഹാന്വയ, എന്നതിൽനിന്നു ജയസിംഹന്റെ വംശജനാണെന്നു മാത്രമല്ല ദേശിങ്ങനാട്ടു മൂപ്പനാണെന്നും മനസ്സിലാക്കാം. വേണാട്ടു രാജാവ് എന്ന അർഥത്തിലാണ് വഞ്ചിപാല എന്ന പ്രയോഗം. ഈ രാജാവിന്റെ കാലത്താണ് വേണാട്ടു രാജവംശത്തിൽ ചിറവാമൂപ്പു ആദ്യമായി ഉദ്ഭവിച്ചത്. അതിനുമുൻപു ചിറവാ എന്നത് ഓടനാടിന്റെ ഒരു ശാഖയായിരുന്നു. ഓടനാട്ടിലെ ചിറവാശാഖ വേണാട്ടിൽ ലയിച്ചതും വേണാട്ടിൽ പുതിയ ഒരു മൂപ്പുസ്ഥാനം ഉണ്ടായതും ആദിത്യവർമ്മയുടെ കാലത്താണ്. അതുകൊണ്ടാണ് ഇദ്ദേഹത്തെ അധിഗതചിറവാ (യ്) മണ്ഡലേന്ദ്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ രണ്ടു ഗ്രന്ഥവരികളിൽ ഈ രാജാവിനെക്കുറിച്ചു പരാമർശമുണ്ട്. സ്ഥിരതാമസം തിരുനെൽവേലി ജില്ലയിലെ കല്ലടക്കുറിച്ചിയിലുള്ള രാജമന്ദിരത്തിലായിരുന്നു. ചെമ്പക ആദിത്യവർമ എന്നും ഇദ്ദേഹത്തിനു പേരുണ്ടായിരുന്നതായി നാഗമയ്യ പറയുന്നു. 653 (1468)-മാണ്ടു കൊല്ലം നഗരത്തിൽ ചെമ്പകരാമൻ പെരുന്തെരു സ്ഥാപിച്ചതും അതിനെ അഞ്ചിനാൻ പുകഴിടമായി പ്രഖ്യാപിച്ചതും ഈ രാജാവായിരുന്നു. അതിനുള്ള രാജകല്പന പുറപ്പെടുവിച്ചതു തിരുനൽവേലിയിൽ നിന്നായിരുന്നുവെന്ന് തത്സംബന്ധമായി സ്ഥാപിതമായ ശിലാലിഖിതത്തിൽ പറഞ്ഞിട്ടുണ്ട്.

4.ആദിത്യവർമ്മ

തിരുത്തുക

കൊല്ലവർഷം 647(ക്രിസ്തുവർഷം 1472)-ാമാണ്ടു കുംഭം 1നു് ഉണ്ടായതും ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലുള്ളതുമായ ഒരു രേഖയിൽ പരാമൃഷ്ടനായ ഈ വേണാട്ടുരാജാവിന്റെ പേര് ആദിത്യമാർത്താണ്ഡവർമ്മ എന്നാണു്. പഞ്ചാൻമഠത്തിലും കാഞ്ചീപുരത്തുമഠത്തിലും രാമവർമൻ തിരുമഠത്തിലും മാർത്താണ്ഡമഠത്തിലും നിന്ന് അന്തിവിളക്കുകൊണ്ടുചെന്നു വച്ചതു സംബന്ധിച്ച കാര്യങ്ങളും ചില മുടക്കങ്ങളും വീരകോത ആദിത്യമാർത്താണ്ഡവർമ്മയുടെ സന്നിധിയിൽ ഉണർത്തിച്ചു തീരുമാനമുണ്ടാക്കിയതായി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൊല്ലവർഷം 644ൽ രാജാവായിരുന്ന സകലകലാവല്ലഭനായ ആദിത്യവർമ്മ തന്നെയാണ് ഈ ആദിത്യമാർത്താണ്ഡവർമ്മ എന്നും ഒരഭിപ്രായം നിലവിലുണ്ടു്.

5.ആദിത്യവർമ്മ

തിരുത്തുക

കൊല്ലവർഷം 685(ക്രിസ്തുവർഷം 1510)-ാമാണ്ട് വേണാട്ടിൽ തൃപ്പാപ്പൂർ മൂപ്പനായിരുന്ന രാജാവാണിദ്ദേഹം. ഇദ്ദേഹത്തിന്റെ ഭരണകാലത്താണു് ചരിത്രപ്രസിദ്ധമായ നാഞ്ചിനാട്ടു ലഹള ഉണ്ടായതു്. നാഞ്ചിനാട്ടിൽ പറയരും ഈഴവരും തമ്മിൽ ഒരു വർഗീയസംഘട്ടനം നടന്നുവരികയായിരുന്നു. അതിന്റെ ഭാഗമായി ഈഴവർ സംഘംചേർന്നു പറച്ചേരിയിൽ ചെന്നു പറയരെ ആക്രമിക്കുകയുണ്ടായി. പറയർ ശ്രീപദ്മനാഭന്റെ അടിയാരാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞുകൊണ്ട് വീരനാരായണശ്ശേരിമഠത്തിലെ ബ്രാഹ്മണർ തടസ്സം നിന്നു. സംഘട്ടനത്തിനിടയിൽ പീച്ചപ്പള്ളി ഉഴുത്തിരൻ ശ്രീധരൻ, ചിറ്റൂർ ദത്തൻദേവൻ, പുളിങ്കീഴ് ഇന്നാൻ ഇന്നാൻ എന്നീ ബ്രാഹ്മണർക്കു മാരകമായി പരുക്കേറ്റു. അവസാനം ഈ സംഭവങ്ങളുടെ പേരിൽ ആദിത്യവർമ്മ പ്രായശ്ചിത്തം ചെയ്തു.

6.ആദിത്യവർമ്മ

തിരുത്തുക

കൊല്ലവർഷം 707 (ക്രിസ്തുവർഷം 1532)-ാമാണ്ട് വേണാട്ടിൽ ചിറവാമൂപ്പുവാണ രാജാവാണിദ്ദേഹം. ഇരവി ആദിത്യവർമ്മ എന്നാണ് പൂർണമായ പേര്. തിരുവിതാംകോട്ടു കൊട്ടാരത്തിലാണ് പാർത്തിരുന്നത്. കൊല്ലവർഷം 707-ാമാണ്ടു മേടം 17നു എഴുതിയുണ്ടാക്കിയ മതിലകം ഗ്രന്ഥവരിയിൽ ഇദ്ദേഹത്തെപ്പറ്റി പരാമർശമുണ്ടു്.

7.ആദിത്യവർമ്മ

തിരുത്തുക

കൊല്ലവർഷം 712(ക്രിസ്തുവർഷം 1537)-ാമാണ്ടിൽ വീരരവിവർമയായിരുന്നു ചിറവാമൂപ്പനെന്നു ശുചീന്ദ്രത്തുള്ള ഒരു ലിഖിതത്തിൽ നിന്നും പറയുന്നു. അതുകൊണ്ട്, 707-ാമാണ്ടു ചിറവാമൂപ്പനായിരുന്ന ആദിത്യവർമ്മയും 717-ലെ മതിലകം രേഖയിൽ പറയുന്ന ആദിത്യവർമ്മയും ഒരാളല്ല എന്നു സിദ്ധിക്കുന്നു. ശ്രീപണ്ടാരനിലം ബലാത്കാരമായി കൈയേറിയതും തുടർന്നു സംഘട്ടനങ്ങളുണ്ടായതും 717-ാമാണ്ടു തുലാം 15-ലെ മതിലകം രേഖയിൽ വിവരിച്ചിട്ടുണ്ട്.

8.ആദിത്യവർമ്മ

തിരുത്തുക

കൊല്ലവർഷം 739(ക്രിസ്തുവർഷം 1564)-ാമാണ്ടു മേടം 13ലെ മതിലകം രേഖയിൽ പരാമൃഷ്ടനായ വേണാട്ടുരാജകുമാരനാണിദ്ദേഹം. കൊല്ലവർഷം 754-ാമാണ്ട് ഇടവം 6ലെ മറ്റൊരു രേഖയിലും ആദിത്യവർമ്മ പരാമർശിക്കപ്പെടുന്നു.

9.ആദിത്യവർമ്മ

തിരുത്തുക

കൊല്ലവർഷം 743(ക്രിസ്തുവർഷം 1568)ൽ വേണാടു വാണിരുന്ന ഒരു രാജാവ്. കൊല്ലവർഷം 743-ാമാണ്ടു കുംഭം 21ലെ മതിലകം രേഖയിലാണ് ഇദ്ദേഹത്തെപ്പറ്റി പറയുന്നത്. ദേശിങ്ങനാട്ടു സ്വരൂപത്തിൽനിന്നുമാണു് ഇദ്ദേഹം ചിറവാ മൂപ്പേറ്റതു്.

10.ആദിത്യവർമ്മ

തിരുത്തുക

കൊല്ലവർഷം 743(ക്രിസ്തുവർഷം 1568) കുംഭം 21നു് മതിലകം രേഖയിൽ പരാമർശിക്കപ്പെടുന്ന മറ്റൊരു വേണാട്ടുരാജാവ്. തൃപ്പാപ്പൂർ സ്വരൂപത്തിൽ നിന്നും ചിറവാമൂപ്പേറ്റ രാജാവാണ് ഈ ആദിത്യവർമ്മ.

11.ആദിത്യവർമ്മ

തിരുത്തുക

കൊല്ലവർഷം 763 (1588)-ാമാണ്ടു തുലാം 26ലെ മതിലകം രേഖയിൽ പരാമർശിക്കപ്പെടുന്ന മറ്റൊരു വേണാട്ടുരാജകുമാരനാണു് ഈ ആദിത്യവർമ്മ. അക്കൊല്ലം തുലാമാസത്തെ പള്ളിവേട്ടയ്ക്കു് ഈ ആദിത്യവർമ്മ അകമ്പടി സേവിച്ചു.

12.ആദിത്യവർമ്മ

തിരുത്തുക

കൊല്ലവർഷം 785(ക്രിസ്തുവർഷം 1610)-ാമാണ്ടു വേണാട്ടിൽ രാജാവായ ആദിത്യവർമ്മ, അതേ വർഷം വൈകാശിമാസം 16നു തിരുവനന്തപുരത്തു് പുല്ലുക്കോട്ടു കൊട്ടാരത്തിൽ മൃതിയടഞ്ഞു.

13.ആദിത്യവർമ്മ

തിരുത്തുക

കൊല്ലവർഷം 848(ക്രിസ്തുവർഷം 1673)-ാമാണ്ടു വേണാടു വാണ ഒരു രാജാവും ആദിത്യവർമ്മ എന്ന പേരിൽ അറിയപ്പെടുന്നു. 852-ാമാണ്ടു മാശിമാസത്തിൽ കല്ക്കുളത്തു കോയിക്കലിൽ മൃതിയടഞ്ഞു; തിരുവട്ടാറ്റു വച്ച് പള്ളിയടക്കം നടത്തി. പള്ളിയടക്കവും ശേഷക്രിയകളും മറ്റും നടത്തിയത് ഉമയമ്മ റാണിയുടെ ചുമതലയിലായിരുന്നു.

14.ആദിത്യവർമ്മ

തിരുത്തുക

കൊല്ലവർഷം 894(ക്രിസ്തുവർഷം 1719)-ാമാണ്ടു വേണാട്ടുരാജാവായിരുന്ന മറ്റൊരു ആദിത്യവർമ്മ. കോലത്തുനാട്ടിൽ നിന്നും ദത്തുവഴിക്കാണ് വേണാട്ടിൽ വന്നത്. ഇദ്ദേഹത്തിന്റെ കാലത്തും കോലത്തുനാട്ടിൽ നിന്നും ദത്തെടുത്തു. കൊല്ലവർഷം 896(ക്രിസ്തുവർഷം 1721)-ാമാണ്ടു മേടം 16നു മുൻപ് അന്തരിച്ചതായി വിശ്വസിക്കപ്പെടുന്നു.

വടക്കുംകൂർ

തിരുത്തുക

ആദിത്യവർമ്മ

തിരുത്തുക

കൊല്ലവർഷം 508(ക്രിസ്തുവർഷം 1333)-ാമാണ്ടടുപ്പിച്ച് വടക്കുംകൂർ വാണിരുന്ന രാജാവാണ് ആദിത്യവർമ്മ. ഇദ്ദേഹത്തെപ്പറ്റി പ്രസിദ്ധമായ വൈക്കം ഗ്രന്ഥവരിയിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.

തെക്കുംകൂർ

തിരുത്തുക

ആദിത്യവർമ്മ

തിരുത്തുക

ഇദ്ദേഹത്തിന്റെ പൂർണമായ പേരു കേരള ആദിത്യവർമ്മ. കൊല്ലവർഷം 801(ക്രിസ്തുവർഷം 1626) ചിങ്ങം 18നും കൊല്ലവർഷം804(ക്രിസ്തുവർഷം1629) വൃശ്ചികം 1നും ഉണ്ടായിട്ടുള്ളതും വാക്കവഞ്ഞിപ്പുഴമഠത്തിൽനിന്നും ലഭിച്ചതുമായ രണ്ടു ഗ്രന്ഥവരികളിൽ പരാമർശിക്കപ്പെടുന്ന തെക്കുംകൂർ രാജാവാണിദ്ദേഹം. താലമാനത്തു നടന്ന യുദ്ധം ഇദ്ദേഹത്തിന്റെ കാലത്തെ പ്രധാനസംഭവമായിരുന്നു.

1. ആദിത്യവർമ്മ

തിരുത്തുക

ഹരിപ്പാടു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലുള്ള ഒരു ശിലാലിഖിതത്തിൽ പരാമർശിക്കപ്പെടുന്ന കായംകുളം രാജാവാണു് ഈ ആദിത്യവർമ്മ. പൂർണമായ പേര് ഇരവി ആദിത്യവർമ്മ. കാലം വ്യക്തമല്ല; ഉണ്ണുനീലിസന്ദേശകാവ്യത്തോടടുപ്പിച്ചാണെന്നു കരുതപ്പെടുന്നു.

2. ആദിത്യവർമ്മ

തിരുത്തുക

വാക്കവഞ്ഞിപ്പുഴമഠം രേഖകളിൽ പരാമർശിക്കപ്പെടുന്ന ഒരു ഓടനാട്ടു രാജാവ്. കാലം വ്യക്തമല്ല. എ.ഡി. 15-ാം ശതകമാണെന്നു കരുതാവുന്നതാണു്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആദിത്യവർമ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആദിത്യവർമ്മ&oldid=1856927" എന്ന താളിൽനിന്ന് ശേഖരിച്ചത്