ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതി

അന്തരീക്ഷ നിരീക്ഷണ ലോകസംഘടനയും (World Meteorological Organization) ഇന്റർനാഷണൽ കൗൺസിൽ ഒഫ് സയന്റിഫിക് യൂണിയനും (ICSU) ചേർന്ന് അന്തരീക്ഷ ഗവേഷണത്തിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതി, അന്തരീക്ഷത്തിന്റെ ഘടനയും സ്വഭാവസവിശേഷതകളും ആഗോളതലത്തിൽ ശാസ്ത്രീയമായി മനസ്സിലാക്കുകയാണ് ഈ ഗവേഷണപദ്ധതിയുടെ ഉദ്ദേശ്യം. ഈ രീതിയിലുള്ള പഠനം ഭൗമാന്തരീക്ഷത്തിന്റെ മൊത്തം സ്ഥിതിയെക്കുറിച്ച് കൃത്യമായ വിവരം ഗ്രഹിക്കുവാൻ സഹായകമാവുന്നതിനു പുറമേ ദിവസക്കണക്കിനു മുതൽ മാസക്കണക്കിനുവരെയുള്ള കാലാവസ്ഥാനിർണയനം സൂക്ഷ്മമായി നിർവഹിക്കുവാനും സൗകര്യമുണ്ടാക്കുന്നു.

താഴെപ്പറയുന്ന രീതിയിലുള്ള ഒരു ദ്വിമുഖപരിപാടിയാണ് ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതി ഉൾക്കൊള്ളുന്നത്:

1. അന്തരീക്ഷത്തിന്റെ പ്രത്യേകതകളുടെ നിദർശനങ്ങളായ മാതൃകകൾ രൂപകല്പന ചെയ്ത് പരികലന (computation) രീതിയിൽ അവയുടെ ഗതിവിഗതികൾ പഠിക്കുക.

2. അന്തരീക്ഷത്തിന്റെ പ്രായോഗികവും നിരീക്ഷണാത്മകവുമായ പഠനത്തിലൂടെ മേല്പറഞ്ഞ പഠനത്തിനു സഹായകമാവുന്ന സ്ഥിതിവിവരങ്ങൾ (data) സംഗ്രഹിക്കുക.

പദ്ധതിയുടെ ഉദ്ഭവം

തിരുത്തുക

ദീർഘമായ കാലയളവിലേക്കുള്ള കാലാവസ്ഥാപ്രവചനം സാധിക്കുന്നതിന് താഴെ പറയുന്നവയുടെ ആവശ്യമുണ്ട്: നിലവിലുള്ള നിരീക്ഷണ വ്യവസ്ഥയ്ക്ക് അനുപൂരകമായി ആഗോളതലത്തിൽ സ്ഥിതിവിവരങ്ങൾ സംഗ്രഹിക്കുവാൻപോന്ന ബൃഹത്തായ ഒരു നിരീക്ഷണപദ്ധതി ഉണ്ടാകണം. വൻതോതിലുള്ള അന്തരീക്ഷ പ്രക്രിയകൾക്ക് ഉത്തേജകമാവുന്ന ചെറുകിട വ്യതിയാനങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ അറിവുണ്ടായിരിക്കണം; എല്ലാറ്റിനുമുപരി ഇലക്ട്രോണിക് കംപ്യൂട്ടറുകളുടെയും പ്രസക്ത മോഡലുകളുടെയും സഹായത്തോടെ കണക്കു കൂട്ടിയുള്ള കാലാവസ്ഥാപ്രവചനത്തിനു സഹായകമായേക്കാവുന്ന ദത്തങ്ങളും ആവശ്യമാണ്. 1957 ഒ. 4-ന് വിക്ഷേപിച്ച സ്പുട്നിക്കും (ആദ്യത്തെ ഉപഗ്രഹം), 1959 ഒ. 13-ന് വിക്ഷേപിച്ച എക്സ്പ്ളോറർ ഉപഗ്രഹവും അന്തരീക്ഷനിരീക്ഷണത്തെ സംബന്ധിക്കുന്ന പുതിയ മണ്ഡലങ്ങളിലേക്കു വെളിച്ചം വീശി. ഇലക്ട്രോണിക് കംപ്യൂട്ടറുകളുടെ ഉപയോഗം വികസിച്ചതും ജ്യാമിതീയ മാതൃക (geometric model)കളുടെ സഹായത്തോടെ അന്തരീക്ഷ പ്രക്രിയകളെ സംബന്ധിച്ച അറിവുകൾ നേടാനായതും മേല്പറഞ്ഞ കാലത്തെ ശാസ്ത്രീയ നേട്ടങ്ങളായിരുന്നു. ഇവയുടെ പ്രായോഗിക പ്രയോജനം ലക്ഷ്യമാക്കിയാണ് 1967-ൽ ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതി രൂപം കൊണ്ടത്. ആഗോള-ആർദ്രോഷ്ണാവസ്ഥാ നിരീക്ഷണ (World Weather Watch)ത്തിന്റെ ഒരു ഘടകമായാണ് ഈ പദ്ധതി നിലവിൽവന്നത്. ഇതിനായി പ്രത്യേകം നിയുക്തമായ സമിതി, വിവിധ പ്രശ്നങ്ങളെ വിശകലനം ചെയ്തശേഷം ഒരു ദീർകാലപദ്ധതി എന്ന നിലയിൽ അന്തരീക്ഷ ഗവേഷണം ആഗോളതലത്തിൽ നിലവിൽവരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതി നിലവിൽ വന്നത്.

വിശദാംശങ്ങൾ

തിരുത്തുക

അന്തർദേശീയമോ ദേശീയമോ ഒറ്റപ്പെട്ടതോ ആയ കീഴ്ഘടകങ്ങളിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നാനാമുഖമായ പഠനപദ്ധതികൾ ആഗോള-അന്തരീക്ഷഗവേഷണപദ്ധതിയുടെ ഭാഗമാണ്. ഈ പഠനങ്ങൾ സിദ്ധാന്തപരമോ പ്രായോഗികമോ ആവാം. ഉദാഹരണത്തിന് സീമാന്തമേഖലകളിലെ ഊർജവിസരണം (energy flux), വികിരണപ്രക്രിയകൾ, ഉഷ്ണമേഖലാ അന്തരീക്ഷത്തിലെ ഊർജവിനിമയരീതികൾ തുടങ്ങിയവ പ്രത്യേക പഠനത്തിനും ഗവേഷണത്തിനും വിധേയമാവുന്ന പ്രശ്നങ്ങളാണ്. പൊതുവേ പറഞ്ഞാൽ ഈ പദ്ധതിയുടെ കീഴിൽ വരുന്നത് അന്തരീക്ഷത്തിന്റെ മൊത്തത്തിലുള്ളതോ ഭാഗികമോ ആയ സ്വഭാവവിശേഷങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള പഠനങ്ങളാണ്. ആഗോളവാതസഞ്ചരണ വ്യവസ്ഥയുടെ ദീർഘകാലസ്ഥിതി മനസ്സിലാക്കി അന്തരീക്ഷ മാതൃകകളെ പരികലനവിധേയമാക്കുവാനും, അതിലൂടെ അന്തരീക്ഷപ്രക്രിയകൾ വിശകലനം ചെയ്യുവാനും ഈ പഠനങ്ങൾ സഹായകമാവുന്നു. ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതിയുടെ ഓരോ ഉപപദ്ധതിക്കും ആസൂത്രണവും പ്രയോഗവും കണക്കാക്കുമ്പോൾ അഞ്ചു ഘട്ടങ്ങളുണ്ടായിരിക്കും. ആദ്യഘട്ടത്തിൽത്തന്നെ ഓരോ ഉപപദ്ധതിയോടും അനുബന്ധിച്ച് പരിഗണിക്കപ്പെടേണ്ട പ്രത്യേക പ്രശ്നങ്ങൾ നിർണയിക്കപ്പെടുന്നു. ഏതു പ്രദേശത്ത് ഏതവസരത്തിൽ നിരീക്ഷണം നടത്തണമെന്നും എത്രകാലം തുടരണമെന്നും നിരീക്ഷണങ്ങളുടെ സ്വഭാവവും ആവൃത്തിയും എന്തായിരിക്കണമെന്നും വ്യക്തമാക്കുവാൻ ആദ്യഘട്ടം സഹായകമാവുന്നു. നിരീക്ഷണസംവിധാനത്തിന്റെ സമഗ്രമായ രൂപം ആവിഷ്കരിക്കപ്പെടുന്നത് രണ്ടാം ഘട്ടത്തിലാണ്. മൂന്നാംപടിയായി ഉപപദ്ധതിയുടെ നടത്തിപ്പിന് ഒരു പ്രവർത്തകസമിതി രൂപീകൃതമാകുന്നു. ചിലപ്പോൾ ഇത് ഒരു അന്താരാഷ്ട്രസമിതിയായിരിക്കും. തുടർന്ന് അംഗരാഷ്ട്രങ്ങളുടെ ചുമതലയിൽ സർവകലാശാലകൾ, അക്കാദമികൾ, അന്തരീക്ഷനിരീക്ഷണാലയങ്ങൾ തുടങ്ങിയ കേന്ദ്രങ്ങൾ പ്രസക്തപ്രശ്നങ്ങളുടെ വിവിധവശങ്ങളെ ആസ്പദമാക്കിയുള്ള ഗവേഷണങ്ങളിൽ ഏർപ്പെടുന്നു. ഇവയുടെ ഫലമായി എത്തിച്ചേരുന്ന നിഗമനങ്ങളെ സമാഹരിച്ചും പരസ്പരം ബന്ധപ്പെടുത്തിയും സാങ്കേതികമായി പുതിയ അറിവുകൾ നേടാനാവുന്നു. ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതിയുടെ ഭാഗമായി ഇത്തരത്തിലുള്ള ഗവേഷണ പരമ്പരകൾ നടന്നുവരുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഗോള-അന്തരീക്ഷ ഗവേഷണപദ്ധതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.