സ്പുട്നിക്ക് 1

(സ്പുട്നിക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യൻ ആദ്യമായി നിർമ്മിച്ച കൃത്രിമ ഉപഗ്രഹമാണ്‌ സ്ഫുട്നിക്. (യഥാർത്ഥനാമം-സ്ഫുട്നിക്-1) സോവിയറ്റ് യൂണിയൻ നിർമ്മിച്ച് ഈ ഉപഗ്രഹം 1957 ഒക്ടോബർ 4-നാണ്‌ ഭ്രമണപഥത്തിലെത്തിയത്. സ്ഫുട്നിക്കാണ്‌ ബഹിരാകാശയുഗത്തിന്‌ തുടക്കം കുറിച്ചത്. സ്ഫുട്നിക് എന്നാൽ റഷ്യൻ ഭാഷയിൽ സഹയാത്രികൻ എന്നാണർഥം. കസഖിസ്ഥാനിലെ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ്‌ സ്ഫുട്നിക് വിക്ഷേപിച്ചത്. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമയല്ല മറിച്ച് യാദൃച്ഛികമായ ഒരു ബാലിസ്റ്റിക് പരീഷണമാണ്‌ ഇതിൽ കലാശിച്ചത്. കാര്യമായ പര്യവേക്ഷണ സാമഗ്രികൾ ഒന്നും തന്നെ ഇല്ലായിരുന്ന സ്ഫുട്നിക് ഭൂമിയെ വലം വച്ചതല്ലാതെ വലിയ രേഖകൾ ഒന്നും ശേഖരിച്ചില്ല.

സ്പുട്നിക് 1 - മാതൃക.

സോവ്യറ്റ്‌ യൂനിയന്റെ സൈനിക പദ്ധതികളുടെ ഭാഗമായാണ്‌ ഉപഗ്രഹ വിക്ഷേപണം എന്ന ആശയം നിലവിൽവന്നത്‌. എന്നാൽ, പദ്ധതി ഫലപ്രാപ്തിയോടടുത്തപ്പോൾ സൈനിക സ്വഭാവത്തേക്കാൾ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾക്കായി പ്രാധാന്യം. 1955 ജൂലൈയിൽ ഭൂമിയെ വലംവയ്ക്കുന്ന ഉപഗ്രഹം വിക്ഷേപിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം സോവ്യറ്റ്‌ ശാസ്ത്രജ്ഞരിൽ ആവേശമുണർത്തി. മറ്റു രാജ്യങ്ങളുടെയും ഗവേഷണ ഏജൻസികളുടെയും സഹായത്തോടെ അമേരിക്ക മുന്നോട്ടു പോകുമ്പോൾ സോവ്യറ്റ്‌ യൂണിയന്റെ പണിശാലയിലെ നിശ്ശബ്ദതയിൽ സ്പുട്നിക്‌ പിറക്കുകയായിരുന്നു. അങ്ങനെയിരിക്കെ അമേരിക്കൻ ശാസ്ത്രജ്ഞരെയും ഭരണാധികാരികളെയും ഞെട്ടിച്ച്‌ അവർ സ്പുട്നിക്കിനെ ആകാശത്തിലെത്തിച്ചു.

1958 ജനുവരി 5 വരെയുള്ള ചുരുങ്ങിയ ആയുസുമാത്രമേ ഈ ഉപഗ്രഹത്തിനുണ്ടായിരുന്നുള്ളു. അധികം താമസിയാതെ 1958 നവംബർ 3ന്‌ സോവ്യറ്റ്‌ യൂണിയൻ സ്പുട്‌നിക്‌ 2 വിക്ഷേപിച്ചു. ഇതോടെ ശരിക്കും അമ്പരന്ന അമേരിക്ക 1958 ജനുവരി 31ന്‌ എക്സ്‌പ്ലോറർ 1 വിക്ഷേപിച്ച്‌ മറുപടി നൽകി. ശീതയുദ്ധത്തിന്റെ നിഴലുകൾക്കിടയിലാണെങ്കിലും സ്പുട്‌നിക്കിന്റെ വിക്ഷേപണത്തോടെ സോവ്യറ്റ്‌ യൂണിയൻ കൈവരിച്ച ശാസ്ത്രീയ നേട്ടം ഈ മേഖലയിലെ വൻ ഗവേഷണ കുതിച്ചുചാട്ടത്തിന്‌ അടിസ്ഥാനമായി.

"https://ml.wikipedia.org/w/index.php?title=സ്പുട്നിക്ക്_1&oldid=2887307" എന്ന താളിൽനിന്ന് ശേഖരിച്ചത്