അൿബർ രാജകുമാരൻ
മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ നാലാമത്തെ മകനാണ് അക്ബർ രാജകുമാരൻ അഥവ സുൽതാൻ മുഹമ്മദ് അക്ബർ. (11 സെപ്തംബർ 1657–1704). മുഗൾസാമ്രാജ്യത്തിന്റെ കീഴിലല്ലാതിരുന്ന മാർവാഡ്, മേവാർ എന്നീ രജപുത്രരാജ്യങ്ങളെ ആക്രമിച്ചു കീഴടക്കാൻ അറംഗസീബ് അക്ബർ രാജകുമാരനെ നിയോഗിച്ചു. അക്ബറിന്റെ ആക്രമണശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ചക്രവർത്തിതന്നെ നേരിട്ട് മേവാറിലേക്കു തിരിച്ചു.
Muhammad Akbar | |
---|---|
Shahzada of the Mughal Empire Sultan
| |
ജീവിതപങ്കാളി | Salima Banu Begum
(m. 1672) |
മക്കൾ | |
Neku Siyar Safiyat-un-nissa Buland Akhtar | |
പേര് | |
Muhammad Akbar | |
രാജവംശം | Mughal dynasty |
പിതാവ് | Aurangzeb |
മാതാവ് | Dilras Banu Begum |
കബറിടം | Mashad, Persia |
ജീവചരിത്രം
തിരുത്തുകയൂറോപ്യൻരീതിയിൽ സജ്ജമാക്കപ്പെട്ട അറംഗസീബിന്റെ പീരങ്കിപ്പടയെ ചെറുത്തുനില്ക്കാൻ രജപുത്ര സൈന്യത്തിനു കഴിഞ്ഞില്ല. മേവാറിനെ പരാജയപ്പെടുത്തി അവിടത്തെ ഭരണം അറംഗസീബ് അക്ബറെ ഏല്പിച്ചു; 12,000-ത്തോളം വരുന്ന സൈന്യത്തേയും. എന്നാൽ ചക്രവർത്തി അവിടെനിന്നും മടങ്ങിയതിനുശേഷം രജപുത്രസൈന്യം ശക്തിയാർജിച്ച് അക്ബറെ വളഞ്ഞ് യുദ്ധത്തിൽ തോല്പിച്ചു. പിതാവിന്റെ ക്രോധത്തെ ഭയന്ന് രാജകുമാരൻ രജപുത്രപക്ഷം ചേർന്നു. ഡൽഹി സിംഹാസനം പിടിച്ചെടുക്കാൻ മഹാറാണാ രാജസിംഹനും ദുർഗാദാസും അക്ബറെ പ്രേരിപ്പിച്ചു. വമ്പിച്ചൊരു സൈന്യവും അവർ അദ്ദേഹത്തിനു നല്കി. 1681 ജനു. 11-ന് അക്ബർ മുഗൾ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചു. പിന്നീട് രജപുത്ര-മുഗൾ സൈന്യങ്ങളുമായി അറംഗസീബിനോടെതിർക്കാൻ അജ്മീറിലേക്കു പോയി. ഈ സമയം അറംഗസീബിന്റെ സൈന്യങ്ങളെല്ലാം ദൂരസ്ഥലങ്ങളിൽ യുദ്ധം ചെയ്യുകയായിരുന്നു. സുഖലോലുപനായ രാജകുമാരൻ യുദ്ധം ആരംഭിക്കാൻ കാലതാമസം വരുത്തി. നയജ്ഞനായ അറംഗസീബ്, അക്ബറിന്റെ വലംകൈയായി പ്രവർത്തിച്ചിരുന്ന തഹവൂർഖാനെ ചതിവിൽ വധിക്കുകയും ഒരു കള്ളക്കത്തയച്ച് രജപുത്രന്മാരെ അക്ബറിൽനിന്നകറ്റുകയും ചെയ്തു. രജപുത്രർ തിരിച്ചുപോയപ്പോൾ അക്ബർ അശരണനായി വീണ്ടും അവരെ അഭയം പ്രാപിച്ചു. മഹാരാഷ്ട്ര നേതാവായ സാംബുജി ചെറിയൊരു സൈന്യം അക്ബർക്ക് അയച്ചുകൊടുത്തു. ഈ സൈന്യത്തെ അറംഗസീബിന്റെ മൂത്ത പുത്രനായ മുഅസ്സം തോല്പിച്ചതിനെത്തുടർന്ന് അക്ബർ പേർഷ്യയിലേക്ക് ഓടിപ്പോയി; അവിടെവച്ചു 1704-ൽ അന്തരിച്ചു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്ബർരാജകുമാരൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |