മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വസായ് എന്ന സ്ഥലത്തിന് 8 മൈൽ വടക്കായി സ്ഥിതിചെയ്യുന്ന പട്ടണമായ അർണാലയിലെ ഒരു ചെറിയ ദ്വീപിൽ ഉള്ള ഒരു കോട്ടയാണ് ‘’’അർണാല കോട്ട’’’. [1] ഒരു ദ്വീപ് കോട്ട ആയതിനാൽ ഇതിനെ ജൽദുർഗ് അല്ലെങ്കിൽ ജഞ്ചീരെ-അർണാല എന്നും വിളിക്കുന്നു.[2] ഇപ്പോഴത്തെ കോട്ട നിർമ്മിച്ച പോർച്ചുഗീസുകാർ[3] ദ്വീപിനെ ഇൽഹ ദാസ് വാകാസ് എന്ന് വിളിച്ചു.

അർണാല കോട്ട
Part of മറാഠ സാമ്രാജ്യം
അർണാല കോട്ട
അർണാല കോട്ട is located in Maharashtra
അർണാല കോട്ട
അർണാല കോട്ട
Coordinates 19°27′57″N 72°43′57″E / 19.46577°N 72.73247°E / 19.46577; 72.73247
Site information
Controlled by  ബീജാപ്പൂർ സുൽത്താനത്ത്
 ശിവാജി
 പോർച്ചുഗൽ (c.1530-1737)
ഫലകം:Country data മറാഠ സാമ്രാജ്യം (1737-1818)
 യുണൈറ്റഡ് കിങ്ഡം

 ഇന്ത്യ

Open to
the public
Yes
Condition സംരക്ഷിതം

വൈതരണ നദിയുടെ അഴിമുഖത്താണ് അർണാല ദ്വീപിന്റെ സ്ഥാനം. അതിനാൽ യുദ്ധതന്ത്രപരമായ പ്രാധാന്യം ഈ കോട്ടയ്ക്കുണ്ടായിരുന്നു.

ചരിത്രം തിരുത്തുക

1516-ൽ ഗുജറാത്തിലെ ഒരു നാട്ടുരാജാവായിരുന്ന സുൽത്താൻ മഹ്മൂദ് ബെഗ്ഡ ഈ ദ്വീപിൽ കോട്ട പണിതു.[2] 1530 കളിൽ പോർച്ചുഗീസുകാർ തങ്ങളുടെ ഈ ഭാഗത്ത് ആധിപത്യം നേടി. വസായ് കോട്ട ആയിരുന്നു അവരുടെ ആസ്ഥാനം. താമസിയാതെ അവർ ഈ ദ്വീപിന്റെ നിയന്ത്രണം നേടി. വസായ് കോട്ടയുടെ ചുമതല വഹിച്ചിരുന്ന ക്യാപ്റ്റൻ അർണാല ദ്വീപിന്റെ അധികാരം ഒരു പോർച്ചുഗീസ് പ്രഭുവിന് കൈമാറി. അദ്ദേഹം പഴയ കോട്ട തകർത്ത ശേഷം ഇവിടെ 210 × 210 ചതുരശ്ര മീറ്റർ വിസ്താരത്തിൽ ഒരു പുതിയ കോട്ടയുടെ നിർമ്മാണം ആരംഭിച്ചു. ഈ കോട്ടയുടെ നിർമ്മാണം ഒരിക്കലും പൂർത്തിയായില്ല. എങ്കിലും ഇത് രണ്ട് നൂറ്റാണ്ടുകളായി പോർച്ചുഗീസ് നിയന്ത്രണത്തിലായിരുന്നു. വടക്കൻ കൊങ്കൺ തീരത്ത് കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ അവർ ഈ കോട്ട ഉപയോഗിച്ചു.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലും, മുഗൾ സാമ്രാജ്യവുമായുള്ള നീണ്ട പോരാട്ടത്തിനുശേഷം, ഇന്നത്തെ മഹാരാഷ്ട്രയിൽ മറാത്ത കോൺഫെഡറസി ആധിപത്യം സ്ഥാപിച്ചു. 1737-ൽ അന്നത്തെ പേഷ്വ ബാജി റാവു ഒന്നാമൻ അദ്ദേഹത്തിന്റെ സഹോദരൻ ചിമാജി അപ്പയെ പോർച്ചുഗീസുകാരിൽ നിന്ന് വസായ് കോട്ട പിടിച്ചെടുക്കാൻ അയച്ചു. വസായ് യുദ്ധത്തിൽ വിജയിച്ചതിനുശേഷം, അദ്ദേഹത്തിന്റെ ജനറൽ ശങ്കർജി പന്ത്, അർണാല കോട്ടയ്ക്കെതിരെ ആക്രമണം നടത്താൻ ചിമാജിയെ പ്രേരിപ്പിച്ചു. മാനാജി അഗ്രെയുടെ നേതൃത്വത്തിൽ മറാത്ത നാവിക സേന നടത്തിയ ആദ്യത്തെ ആക്രമണം പോർച്ചുഗീസ് നാവിക സേന ചെറുത്തു തോൽപ്പിച്ചു. എന്നാൽ 1737 മാർച്ച് 28 ന് കോട്ടയ്ക്കെതിരായ രണ്ടാമത്തെ ആക്രമണത്തെ തുടർന്ന് പോർച്ചുഗീസുകാർ കോട്ട ഉപേക്ഷിക്കാൻ നിർബന്ധിതരായി. കോട്ടയുടെ വടക്കൻ ഭിത്തിയിൽ വിജയത്തിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ഫലകം ഇന്നും കാണപ്പെടുന്നു. തുടർന്ന് മറാഠകൾ ഈ കോട്ട പുനർനിർമിച്ചു. ബഹിരവ്, ഭവാനി, ബാവ എന്നീ മൂന്ന് കൊത്തളങ്ങൾ അവർ നിർമ്മിച്ചതാണ്.

ഒന്നാം ആംഗ്ലോ-മറാഠ യുദ്ധത്തിൽ 1781 ജനുവരി 18 ന് ബ്രിട്ടീഷുകാർ കോട്ട പിടിച്ചെടുത്തു.[4] പിന്നീടും 1817 വരെ മറാഠകൾ കോട്ടയെ നിയന്ത്രിച്ചിരുന്നു. മൂന്നാം ആംഗ്ലോ -മറാത്ത യുദ്ധത്തിൽ, കോട്ടയെ വിജയകരമായി പ്രതിരോധിച്ചുവെങ്കിലും ബ്രിട്ടീഷ് നാവികശക്തിയുടെ മികവു കാരണം മറാഠകൾക്ക് ഈ കോട്ട ഉപേക്ഷിക്കേണ്ടി വന്നു. സലബായ് ഉടമ്പടിപ്രകാരം അർണാല, വസായ് കോട്ടകൾ മറാഠകൾക്ക് തിരിച്ചുനൽകിയെങ്കിലും ബ്രിട്ടീഷുകാർ പൂന ഉടമ്പടി പ്രകാരം ഈ കോട്ടകൾ വീണ്ടെടുത്തു.

ഘടന തിരുത്തുക

ഈ കോട്ട ചതുരാകൃതിയിലുള്ളതും ഏറെക്കുറെ വെള്ളത്താൽ ചുറ്റപ്പെട്ടതുമാണ്. ത്രയംബകേശ്വർ, ഭവാനി മാതാ, കാലിക മാതാ, മഹാദേവ് തുടങ്ങിയ മൂർത്തികളുടെ ക്ഷേത്രങ്ങളും ഒരു ദർഗയും ഇവിടെയുണ്ട്. കോട്ടയുടെ ചുറ്റുമതിലിനു മുകളിലേക്ക് നടന്നുകയറാവുന്ന വിധത്തിൽ പടവുകൾ നിർമ്മിച്ചിട്ടുണ്ട്. അഷ്ടഭുജാകൃതിയിലുള്ള ഒരു കുളമാണ് ഈ കോട്ടയിലെ മറ്റൊരു ആകർഷണം. കോട്ടയ്ക്ക് മൂന്ന് പ്രവേശന കവാടങ്ങളുണ്ട്. അതിൽ വടക്കുഭാഗത്തുള്ള കവാടത്തിന് ഇരുവശത്തും വലിയ കൊത്തളങ്ങൾ ഉണ്ട്. ഇതിനരികിലായി കോട്ട മതിലിൽ ആനകളുടെയും കടുവകളുടെയും തുടങ്ങിയ മൃഗങ്ങളുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. കോട്ടയിൽ നിന്നും 550 മീറ്റർ അകലെയായി വാതിലുകളില്ലാത്ത ഒരു നിരീക്ഷണഗോപുരം ഒറ്റപ്പെട്ടു നിൽക്കുന്നു.[5]

അവലംബം തിരുത്തുക

  1. "Friends of Forts". Archived from the original on 2009-04-05. Retrieved 2009-02-03.
  2. 2.0 2.1 https://palghar.gov.in/tourist-place/arnala-fort/
  3. Scholberg, Henry (1995). Fortress Portugal in India. NorthStar Publications. Retrieved 2009-02-02.
  4. Naravane, M.S. (2014). Battles of the Honorourable East India Company. A.P.H. Publishing Corporation. p. 61. ISBN 9788131300343.
  5. https://www.tourmyindia.com/states/maharashtra/arnala-fort.html
"https://ml.wikipedia.org/w/index.php?title=അർണാല_കോട്ട&oldid=3498638" എന്ന താളിൽനിന്ന് ശേഖരിച്ചത്