അസ്പേഷെ
ബിസി അഞ്ചാം ശതകത്തിൽ അഥേനിയൻ രാഷ്ട്രതന്ത്രജ്ഞനും സൈന്യാധിപനുമായ പെരിക്ലിസിന്റെ സുഹൃത്തായിരുന്ന മിലേഷ്യൻ വനിതയാണ് അസ്പേഷെ.[1] അസ്പേഷെയുടെ ജീവിതത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് വിരളമായ അറിവേയുള്ളു. പ്രായപൂർത്തിയായ ശേഷം മിക്കവാറും ആഥൻസിൽ ജീവിച്ച അവർ അവിടത്തെ രാജനീതിയെ പൊതുവേയും അതിൽ നിറഞ്ഞു നിന്ന പെരിക്ലിസിനെ പ്രത്യേകിച്ചും സ്വാധീനിച്ചിരിക്കാം. പ്ലേറ്റോയുടേയും, അരിസ്റ്റോഫനീസിന്റേയും സെനഫെന്റേയും രചനകളിൽ അവർ പരാമർശിക്കപ്പെടുന്നു.
പുരാതനലേഖകന്മാരിൽ പലരും അസ്പേഷെയെ ഒരു വേശ്യാലയം നടത്തിപ്പുകാരിയും വേശ്യ തന്നെയും ആയും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും, പെരിക്ലിസിനെ അപകീർത്തിപ്പെടുത്താൻ ഉത്സാഹം കാട്ടിയിരുന്ന ഹാസ്യലേഖകന്മാരായിരുന്നു അവരെന്നതിനാൽ ഈ ചിത്രീകരണത്തിൽ വാസ്തവികത ഉണ്ടാകണമെന്നില്ല.[2]തന്റെ പ്രേമഭാജനം അസ്പേഷയെ (Aspasia) മെഗാരക്കാർ പിണക്കിയതിനെ തുടർന്നാണ് പെരിക്ലിസ് മെഗാരക്കെതിരെ തിരിഞ്ഞ് ഗ്രീസിനാകെ ദുരിതം വരുത്തിയ പെലപ്പൊന്നേഷൻ യുദ്ധത്തിനു തുടക്കമിട്ടതെന്നു വരെ നർമ്മസാഹിത്യകാരൻ അരിസ്റ്റോഫനീസിനെപ്പോലുള്ളവർ അപവാദം പറഞ്ഞിട്ടുണ്ട്.[3]
അസ്പേഷെ പെരിക്ലിസിന്റെ 'ഇഷ്ടക്കാരി' മാത്രമായിരുന്നെന്ന പാരമ്പര്യം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അവർ അദ്ദേഹത്തിന്റെ പത്നി ആയിരുന്നെന്നു ചിലർ വാദിക്കുന്നു. പെരിക്ലിസിനും അസ്പേഷെക്കും ചെറിയ പെരിക്ലിസ് എന്നറിയപ്പെട്ടിരുന്ന ഒരു മകൻ ഉണ്ടായിരുന്നു. ആഥൻസിലെ സൈന്യത്തലവന്മാരിൽ ഒരാളായിത്തീർന്ന അയാൾ, അർഗിനൂസെയിലെ യുദ്ധത്തെ തുടർന്ന് വധിക്കപ്പെട്ടു. പെരിക്ലിസിന്റെ മരണത്തിനു ശേഷം ആഥൻസിലെ മറ്റൊരു രാജ്യതന്ത്രജ്ഞൻ ലിസിക്ലിസുമായി അസ്പേഷെ അടുത്തതായും പറയപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ S. Monoson, Plato's Democratic Entanglements, 195
- ↑ R.W. Wallace, Review of Henry's book
- ↑ വിൽ ഡുറാന്റ്, "ഗ്രീസിന്റെ ജീവിതം", സംസ്കാരത്തിന്റെ കഥ, രണ്ടാം ഭാഗം (പുറം 439)