അവയവവ്യൂഹം
മനുഷ്യ ശരീരത്തിലെ പ്രധാന അവയവവ്യവസ്ഥകളുടെ പട്ടികയെപ്പറ്റിയാണ് ഈ ലേഖനം.
പരസ്പര ബന്ധിതമായ 11 അവയവ വ്യവസ്ഥകൾ ചേർന്നതാണ് നമ്മുടെ ശരീരം. ഓരോ അവയവ വ്യവസ്ഥയുടെയും പ്രധാന ധർമ്മങ്ങളാണ് ചുവടെ:
ശരീരത്തിലെ ഏറ്റവും വലിയ അവയവം ചർമ്മമാണ്. ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ചർമ്മമാണ് ആന്തരകലകളെ പുറത്തു നിന്നുള്ള ആക്രമണങ്ങളിൽ നിന്നും ആഘാതങ്ങളിൽ നിന്നും സംരക്ഷിക്കുന്നത്. നഖവും മുടിയും ഈ വ്യവസ്ഥയുടെ ഭാഗങ്ങളാണ്. ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിച്ചു നിറുത്തുന്ന വിയർപ്പു ഗ്രന്ഥികൾ, ചർമ്മത്തിന്റെ സ്‌നിഗ്ദ്ധത സംരക്ഷിക്കുന്ന സ്‌നേഹ ഗ്രന്ഥികൾ എന്നിവ കൂടി ചേരുമ്പോഴേ ഈ ബാഹ്യസംരക്ഷണ വ്യവസ്ഥ പൂർണമാകൂ.
നമ്മുടെ അസ്ഥികളും സന്ധികളും ഉൾപ്പെട്ടതാണ് ഈ വ്യവസ്ഥ. ശരീരത്തിന് ആകൃതി നൽകുന്ന ഈ വ്യവസ്ഥ നമ്മുടെ ജീവൽ പ്രധാന ആന്തരാവയവങ്ങളെ ഉള്ളിലൊതുക്കി സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരത്തെ താങ്ങിനിറുത്തുന്നതും ചലനങ്ങളുടെ സന്തുലനാവസ്ഥ സൂക്ഷിക്കാൻ സഹായിക്കുന്നതും അസ്ഥി- സന്ധി വ്യവസ്ഥ തന്നെ. മറ്റൊരു സുപ്രധാന ധർമ്മം കൂടിയുണ്ട്, അസ്ഥികൾക്ക്- രക്തകോശങ്ങളുടെ നിർമ്മാണം.
ശരീരചലനങ്ങൾ മുഴുവൻ സാധ്യമാക്കുന്നതും നിയന്ത്രിക്കുന്നതും ഓരോ അവയവത്തിലെയും പേശികളാണ്. കൈകൾ ചലിപ്പിക്കാൻ കൈകളിലെ പേശികൾ സഹായിക്കുന്നതു പോലെ ഓരോ അവയവത്തിന്റെയും ചെറിയൊരു ചലനത്തിനു പോലും പേശികളുടെ സഹായം വേണം. ഹൃദയം സ്പന്ദിക്കുന്നത് ഹൃദയപേശികളുടെ സഹായത്തോടെയാണ്.
രക്തചംക്രമണ വ്യവസ്ഥ പോലെ, അതിനോട് ചേർന്നുകിടക്കുന്ന മറ്റൊരു വ്യവസ്ഥയാണിത്. രക്തത്തിലെ പ്രധാന ഘടകമായ ചുവപ്പ് രക്താണുക്കളെപ്പോലെ (ആർ.ബി.സി) പ്രതിരോധ സംവിധാനമായ ശ്വേതരക്താണുക്കൾ അടങ്ങിയിട്ടുള്ളത് ലിംഫ് വ്യവസ്ഥയിലാണ്.
നാസാരന്ധ്രങ്ങൾ മുതൽ ശ്വാസകോശം വരെ എത്തുന്ന ഭാഗങ്ങളുടെ സമാഹാരമാണ് ഇത്. രക്തത്തിലേക്ക് തടസ്സമില്ലാതെ ഓക്‌സിജൻ ഘടകം പ്രദാനം ചെയ്യുന്നതും കാർബൺ ഡൈ ഓക്‌സൈഡിനെ തടസ്സമില്ലാതെ പുറന്തള്ളുന്നതും ശ്വസന വ്യവസ്ഥയാണ്. ഈ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകൾ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയാൻ ഇടയാക്കുകയും, അത് മുഴുവൻ ശാരീരിക പ്രവർത്തനങ്ങളെയും താറുമാറാക്കുകയും ചെയ്യും.
വായ്, അന്നനാളം, കരൾ, ആമാശയം, വൻകുടൽ, ചെറുകുടൽ, മലാശയം എന്നിവ ഉൾപ്പെട്ട വ്യവസ്ഥ. ഏത് അവയവങ്ങളുടെ പ്രവർത്തനത്തിനും ഊർജ്ജം വേണം. യന്ത്രങ്ങൾക്ക് ഇന്ധനമെന്നതു പോലെ ശരീരത്തിന് ഊർജ്ജം നൽകുന്നത് ആഹാരം വഴിയെത്തുന്ന പോഷകങ്ങളാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ വിഘടിപ്പിച്ച്, ശരീരത്തിന് ഊർജ്ജമായി സ്വീകരിക്കാൻ കഴിയുന്ന വിധത്തിലാക്കുന്നതും ചയാപചയ പ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന മലിനവസ്തുക്കളെ വിസർജ്ജിക്കുന്നതും ദഹന വ്യവസ്ഥയാണ്.
മസ്തിഷ്‌കവും നട്ടെല്ലും നാഡികളും ഉൾപ്പെടുന്നതാണ് നാഡീവ്യവസ്ഥ. ശരീരത്തിന്റെ വാർത്താവിനിമയ സംവിധാനവും പ്രതികരണ സംവിധാനവും ഇതാണ്. ഓരോ ശാരീരിക വ്യവസ്ഥയ്ക്കുമുള്ള സന്ദേശങ്ങൾ എത്തുന്നതും, വിവിധ വ്യവസ്ഥകളിൽ നിന്നുള്ള സന്ദേശങ്ങൾ വിശകലനം ചെയ്യുന്നതും ആന്തരികമോ ബാഹ്യമോ ആയ സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നതും പേശികളെയും ഗ്രന്ഥികളെയും ഉത്തേജിപ്പിക്കുന്നതുമെല്ലാം നാഡീ വ്യവസ്ഥയുടെ ധർമ്മങ്ങളാണ്.
വിവിധ ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നത് അതതുമായി ബന്ധപ്പെട്ട ഹോർമോണുകളാണ്. വളർച്ച, ചയാപചയ പ്രവർത്തനങ്ങൾ, ലൈംഗിക വ്യവസ്ഥ തുടങ്ങിയവയുടെ കൃത്യമായ ധർമ്മവും പ്രവർത്തനവും നിർവഹിക്കപ്പെടണമെങ്കിൽ ഹോർമോണുകളുടെ സാന്നിധ്യവും പ്രവർത്തനക്ഷമതയും കൃത്യമാകണം. ഇത്തരം ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന വിവിധ ഗ്രന്ഥികളുമായി ബന്ധപ്പെട്ടതാണ് അന്തസ്രാവ ഗ്രന്ഥി വ്യവസ്ഥ.
രക്തത്തെ ശരീരത്തിന്റെ ജീവനദിയെന്നാണ് വിളിക്കുന്നത്. ഓരോ ശരീരകോശത്തിന്റെയും പ്രവർത്തനക്ഷമത അതിലേക്ക് എത്തിച്ചേരുന്ന രക്തത്തിന്റെ അളവിനെയും അതുൾക്കൊള്ളുന്ന ഘടകങ്ങളെയും ആശ്രയിച്ചിരിക്കും. ശരീരകോശങ്ങളിലേക്ക് തടസ്സമില്ലാതെ രക്തം പമ്പ് ചെയ്യുന്ന ജോലി ഹൃദയത്തിന്റേതാണ്. ഓക്‌സിജൻ, കാർബൺ ഡൈ ഓക്‌സൈഡ്, പോഷകഘടകങ്ങൾ, കോശങ്ങളിൽ നിന്നുള്ള മലിനവസ്തുക്കൾ ഇവയെയെല്ലാം വഹിച്ച് നിശ്ചിത അവയവ വ്യവസ്ഥകളിലേക്ക് എത്തിക്കുന്നത് രക്തമാണ്. ഹൃദയവും രക്തത്തെ വഹിക്കുന്ന രക്തക്കുഴലുകളുമാണ് ഈ വ്യവസ്ഥയിൽ.
വൃക്കകൾ, മൂത്രനാളി, മൂത്രസഞ്ചി, മൂത്രക്കുഴൽ എന്നീ അവയവ ഭാഗങ്ങൾ ചേർന്ന വ്യവസ്ഥ. രക്തത്തിൽ നിന്ന് വൃക്ക അരിച്ചെടുക്കുന്ന മലിനപദാർത്ഥങ്ങളെയും അധിക അളവിലുള്ള രാസഘടകങ്ങളെയും പുറന്തള്ളുന്നതും, ശരീരത്തിലെ ജലത്തിന്റെ അളവ് സന്തുലിതമായി സൂക്ഷിക്കുന്നതും മറ്റും മൂത്ര വ്യവസ്ഥയാണ്.
പുനരുത്പാദനം ആണ് ഈ വ്യവസ്ഥയുടെ ധർമ്മം. സ്ത്രീ, പുരുഷ ലൈംഗികാവയവങ്ങൾ, ഇവയുമായി ബന്ധപ്പെട്ട സ്രവങ്ങൾ, വൃഷണം, ഗർഭാശയം, ലൈംഗിക ഹോർമോണുകളുടെ ഉത്പാദനവും പ്രവർത്തനവും തുടങ്ങിയവയെല്ലാം പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാഗമാണ്.
ഈ പതിനൊന്ന് വ്യവസ്ഥകളും സ്വതന്ത്രമായി പ്രവർത്തിക്കുമ്പോൾത്തന്നെ പരസ്പര ഏകോപനത്തോടെ തുടരുന്നതുകൊണ്ടാണ് നമ്മുടെ മൊത്തം ശാരീരിക പ്രവർത്തനങ്ങൾ തടസ്സം കൂടാതെ നിർവഹിക്കപ്പെടുന്നത്. ഏതെങ്കിലുമൊരു അവയവത്തിനുണ്ടാകുന്ന തകരാറോ രോഗമോ വൈകല്യമോ അതുൾക്കൊള്ളുന്ന വ്യവസ്ഥയുടെയും അനുബന്ധ വ്യവസ്ഥകളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ശരീരത്തിന്റെ സുഗമവും സുഖകരവുമായ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യും.