ഹിന്ദുമതത്തിലെ ഒരു സംസ്‌കൃത ഗ്രന്ഥമാണ് അവധൂത ഗീത (ദേവനാഗിരി: अवधूत गीता, IAST: Avadhūta Gītā). ഈ ഗ്രന്ഥനാമത്തിന്റെ അർത്ഥം "സ്വതന്ത്രാത്മാവിന്റെ ഗാനം" എന്നാണ്. ഹിന്ദു തത്ത്വചിന്തയിലെ അദ്വൈത, ദ്വൈത ഉപദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.[1][2][3][4] ഈ ഗ്രന്ഥം രചിച്ചത് ദത്താത്രേയൻ ആണെന്ന് കരുതപ്പെടുന്നു.[5] ദത്താത്രേയനും കാർത്തികൻ എന്നയാളും തമ്മിൽ നടന്ന ആധ്യാത്മിക വിഷയകമായ സംവാദത്തിന്റെ രൂപത്തിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്.[6] നിലവിലുള്ള കയ്യെഴുത്തുപ്രതികൾ ഏകദേശം ഒൻപതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ഉള്ളതാണ്. 289 ശ്ലോകങ്ങൾ അടങ്ങിയ ഈ കൃതി എട്ടു അധ്യായങ്ങളായി ഭാഗിച്ചിരിക്കുന്നു. ഇതിൽ ആദ്യ ഏഴു അധ്യായങ്ങൾ ആദ്യമേ തന്നെ ഉണ്ടായിരുന്നതും എട്ടാമത്തെ അധ്യായം പിന്നീട് കൂട്ടിച്ചേർത്തതുമാവാം. നാഥ് യോഗി പാരമ്പര്യത്തിലെ പ്രധാനകൃതികളിലൊന്നാണ് അവധൂത ഗീത.

ഉള്ളടക്കം

തിരുത്തുക

ഈശ്വരാനുഗ്രഹം കൊണ്ടു വേണം മനുഷ്യർക്ക് സംസാരഭയനിവാരണത്തിനുതകുന്ന അദ്വൈതജ്ഞാനം ഉണ്ടാകുവാൻ എന്നുള്ള ഉപക്രമത്തോടെയാണു് ഇതാരംഭിക്കുന്നത്. നാമരൂപങ്ങളില്ലാത്തതും നിത്യനിഷ്കളങ്കവും അപരിച്ഛിന്നവുമായ തത്ത്വമാണ് ഞാൻ എന്നും അദ്വൈതഭാവനയുണ്ടാകുന്നതിനു ദ്വൈതഭാവനകളെ നിശ്ശേഷം നശിപ്പിക്കണമെന്നുമുള്ള സംഗതി പ്രഥമാധ്യായത്തിൽ ദത്താത്രേയൻ ഉപദേശിക്കുന്നുണ്ട്. അങ്ങനെ യോഗിയായവൻ ഏതു ഭാവത്തിൽ ഏതു സ്ഥലത്തുവച്ച് മരിക്കുന്നതായാലും 'ഘടാകാശം' ബൃഹദാകാശത്തിലെന്നപോലെ ലയിച്ചുചേരുന്നു. അദ്വൈതഭാവനയുള്ളവനു വർണാശ്രമസ്ഥിതിയുണ്ടാകാൻ നിവൃത്തിയില്ലെന്ന് ഇതിൽ എടുത്തുപറയുന്നുണ്ട്. അതുകൊണ്ടാണ് അവധൂതൻ അതിവർണാശ്രമിയാണെന്ന് പറയപ്പെടുന്നത്.

രണ്ടാമധ്യായത്തിൽ 'മാനത്വമേയത്വസമത്വവർജിതം' ആയ പരമമായ അദ്വൈതസത്യം അതിമനോഹരമായ രീതിയിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. മൂന്നും നാലും അധ്യായങ്ങളിൽ സ്വരൂപനിർണയമാണ്. സമദൃഷ്ടികഥനം അഞ്ചാമധ്യായത്തിലും, മോക്ഷനിരൂപണം ആറാം അധ്യായത്തിലും കാണാം. അവധൂതസന്ന്യാസിയുടെ വൃത്തിവിശേഷങ്ങൾ ഏഴാം അധ്യായത്തിൽ വിവരിക്കുന്നു. ശങ്കരാചാര്യരുടെ മോഹമുദ്ഗരം എന്ന കൃതി ഇതിലെ ചില ഭാഗങ്ങളോടു സാദൃശ്യം വഹിക്കുന്നതായി കാണുന്നു. എട്ടാം അധ്യായത്തിൽ 'അവധൂതൻ' എന്ന ചതുരക്ഷരിയുടെ അർഥവും മദ്യം, മഹിള എന്നിവയുടെ നിന്ദനവും സമർഥമായി പ്രകാശിതമായിരിക്കുന്നു. അവധൂതപദത്തിലെ 'അ'കാരത്തിന് 'ആനന്ദത്തിൽ സ്ഥിതിചെയ്യുന്നവൻ' എന്നും 'വ'കാരത്തിനു വാസനകളെ വർജിച്ചവൻ എന്നും, 'ധൂ'കാരത്തിന് ചിത്തവികാരം സർവവും വെടിഞ്ഞ് (ധൂതചിത്തൻ) പരിശുദ്ധനായവൻ എന്നും, 'ത'കാരത്തിന് തമോഹംകാരമുക്തനായി തത്ത്വചിന്തയിൽ മുഴുകിയവൻ എന്നും ആണുപോൽ അർഥങ്ങൾ. മദ്യപാനവും മദിരാഭോഗവും സന്ന്യാസവൃത്തിക്കു കടകവിരുദ്ധമാണെന്നു പറയുന്ന ദിക്കിൽ രസകരമായ ചില കല്പനകൾ കാണാം. ശർക്കര, തേൻ, അരിമാവ് എന്നിങ്ങനെ മൂന്നുവിധം വസ്തുക്കളിൽനിന്നും മൂന്നുവിധം സുര(മദ്യം) എടുക്കാറുണ്ട്. ആ മദ്യവിശേഷങ്ങളെല്ലാം വർജ്യമാണു്. സ്ത്രീ നാലാമതൊരു തരം സുരയാണ്. പുരുഷൻ നെയ്ക്കുംഭംപോലെയും സ്ത്രീ അഗ്നികുണ്ഡംപോലെയും ആകയാൽ പുരുഷനു സ്ത്രീസംസർഗംകൊണ്ട് അഗ്നിസ്സംഗത്താൽ നെയ്യിനെന്നപോലെ സർവനാശം സംഭവിക്കുന്നു. ചുരുക്കത്തിൽ ആത്മോന്നതിയിലേക്കുള്ള പ്രയാണത്തിൽ മദ്യവും കാമാസക്തിയും മാർഗവിഘ്നങ്ങളാണെന്നു ഉദ്ബോധിപ്പിക്കലാണ് ഇതിന്റെ വ്യക്തമായ ലക്ഷ്യം.

ഈ ഉപദേശങ്ങളെല്ലാം സംവാദരൂപത്തിൽ കാർത്തികനു നല്കുന്ന ദത്താത്രേയൻ അനസൂയയുടെയും അത്രി മഹർഷിയുടെയും പുത്രനായി അവതരിച്ച വിഷ്ണു തന്നെയാണെന്നു വിശ്വസിക്കപ്പെടുന്നു. ഭാഗവതപുരാണത്തിൽ ദത്താത്രേയനും യദു എന്ന രാജാവും തമ്മിൽ നടന്നതായ ഒരു സംഭാഷണം ശ്രീകൃഷ്ണൻ ഉദ്ധവനോട് ഉപദേശമധ്യത്തിൽ (സ്കന്ധം II, അദ്ധ്യായം 7, 8, 9) പറഞ്ഞുകൊടുക്കുന്നുണ്ടു്. അതിൽ ദത്താത്രേയൻ ലോകത്തിലുള്ള നിരവധി വസ്തുക്കളിൽനിന്നു വിവിധതത്ത്വങ്ങൾ എങ്ങനെ പഠിച്ചു എന്നും ആ വഴിക്ക് ഗുരൂപദിഷ്ടമായ ആത്മജ്ഞാനം അനുക്രമം എങ്ങനെ ദൃഢമായിത്തീർന്നു എന്നും പ്രസ്താവിച്ചിരിക്കുന്നു. അതിൽപ്പറഞ്ഞ അനേകം സംഗതികൾ അവധൂതഗീതയിൽ ഭംഗ്യന്തരേണ വർണിതങ്ങളായി കാണുന്നുണ്ട്.

  1. Dalal 2010, പുറം. 50.
  2. K P Gietz 1992, പുറം. 58 note 318.
  3. Katz, Jerry (2007). One: essential writings on nonduality. Sentient Publications. ISBN 978-1-59181-053-7, ISBN 978-1-59181-053-7. Source
  4. Sharma 1987, പുറം. 183.
  5. John A. Grimes (1996). A Concise Dictionary of Indian Philosophy: Sanskrit Terms Defined in English. State University of New York Press. p. 110. ISBN 978-0-7914-3067-5.
  6. ദത്താത്രേയ ജയന്തി -വെബ് ദുനിയ
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അവധൂത ഗീത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അവധൂത_ഗീത&oldid=3756274" എന്ന താളിൽനിന്ന് ശേഖരിച്ചത്