പെറു, ബൊളീവിയ എന്നിവിടങ്ങളിൽ നിവസിക്കുന്ന ഒരു അമേരിന്ത്യൻ വർഗ്ഗമാണ് അയ്മാറാ. ആൻഡിസിൽ ടിറ്റിക്കാകാ തടാകത്തിനു സമീപമുള്ള പ്രദേശങ്ങളിലാണ് ഇവർ കൂടുതലും കേന്ദ്രീകരിച്ചിരുന്നത്. കാഞ്ചി, കൊലാ, ലുപാകാ, കൊലാഗ്വാ, ഉബീനാ, പകാസാ, കറാൻഗാ, ചർകാ, ക്വില്ലാകാ, ഉമാസുയാ, കൊല്ലാഹ്വായ എന്നീ വർഗങ്ങൾ അയ്മാറാവർഗത്തിന്റെ ഉപവിഭാഗങ്ങളാണ്. ആധുനിക ബൊളിവിയയിൽ ഇതേ പേരിലുള്ള പ്രദേശങ്ങളിലാണ് ഇവർ വസിച്ചിരുന്നത്. തെക്കൻ ബൊളിവിയായിലെ ലിപെസ്, ചികാസ് പ്രവിശ്യകളിലും വടക്കൻ ചിലിയിലെ അറിക്കായിലും തെക്കൻ പെറുവിലെ ചില പ്രദേശങ്ങളിലും അയ്മാറാഭാഷയാണ് മുൻകാലങ്ങളിൽ സംസാരിച്ചിരുന്നത്.

അയ്മാറാ
Regions with significant populations
ബൊളീവിയ (1,462,286)[1]
പെറു (440,380)[2]
ചിലി (48,501)[3]
Languages
അയ്മാറ (ഭാഷ), സ്പാനിഷ്
Religion
Catholicism adapted to traditional Andean beliefs
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Quechuas

2 ദശലക്ഷം അയ്മാറാവർഗക്കാർ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. കൃഷിയാണ് ഇവരുടെ മുഖ്യമായ തൊഴിൽ. ചെറിയ തോതിൽ മീൻപിടിത്തവുമുണ്ട്. പ്രതികൂലമായ കാലാവസ്ഥയും ഫലപുഷ്ടി കുറഞ്ഞ മണ്ണുമുള്ള പ്രദേശങ്ങളിലാണ് ഇവർ ജീവിക്കുന്നത്. പ്രകൃതിയിലെ അനിശ്ചിതത്വത്തെ വെല്ലുവിളിച്ചുകൊണ്ട് വിളകളിൽനിന്നും മീൻപിടിത്തത്തിൽനിന്നും നിശ്ചിത തോതിൽ ഭക്ഷണം ലഭിക്കത്തക്കവണ്ണം ചില കൗശലങ്ങളും വിദ്യകളും ഇവർ വശമാക്കിയിട്ടുണ്ട്. ടിയാഹ്വാനകോയിലെ ജീർണാവശിഷ്ടങ്ങളുടെ നിർമാതാക്കൾ അയ്മാറാ പരമ്പരയിൽപ്പെട്ടവരാണ്.

1430-ൽ ഇങ്കാ ചക്രവർത്തി വിറാകൊച്ചാ കുസ്കൊയിൽ നിന്നും തെക്കൻ ആക്രമണത്തിനു മുതിരുകയും മുൻപ് അയ്മാറാ വർഗക്കാരുടെ നിയന്ത്രണത്തിലായിരുന്ന പല പ്രദേശങ്ങളും ഇങ്കാസാമ്രാജ്യത്തിന്റെ അധീനതയിലാക്കുകയും ചെയ്തു. അയ്മാറാ ജനത ഈ കൈയേറ്റത്തിനെതിരെ അമർഷം കൊണ്ടു.

അയ്മാറാ വർഗ്ഗക്കാരുടെ കൊടി

അയ്മാറാ വർഗക്കാരാണ് ആദ്യമായി ഉരുളക്കിഴങ്ങ് കൃഷി ചെയ്തത്. ഉരുളക്കിഴങ്ങിന്റെ ഇരുനൂറോളം തരങ്ങൾ ഇവർ കൃഷി ചെയ്തിരുന്നുവെന്നു പറയപ്പെടുന്നു. കൂടാതെ മറ്റു കൃഷികളും ധാരാളമായി നടത്തിയിരുന്നു. വിത്തു വിതയ്ക്കുന്ന ജോലിയൊഴിച്ചു മറ്റെല്ലാം ചെയ്തിരുന്നത് പുരുഷന്മാരായിരുന്നു. സ്ത്രീകളും കുട്ടികളും ലാമാ അൽപാകാ തുടങ്ങിയ മൃഗങ്ങളെ സംരക്ഷിക്കുന്നു. ലാമാമൃഗങ്ങളെയാണ് ചുമടു ചുമക്കാൻ ഉപയോഗിക്കുന്നത്. അൽപാകയുടെ രോമം കമ്പിളിവസ്ത്രങ്ങൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. ബൽസാസ് എന്നു പേരുള്ള ചുരുട്ടിന്റെ ആകൃതിയിലുള്ള ഒരു തരം വള്ളം ഉപയോഗിച്ചാണ് ഇവർ മീൻ പിടിക്കുന്നത്. അയ്മാറാ ജനത അംഗസംസ്കാരത്തിന്റെ ഭാഗമെന്ന നിലയ്ക്ക് അവരുടെ തല മുണ്ഡനം ചെയ്തിരുന്നു.

പചമാമാ എന്ന ഭൂമീദേവി, മറ്റു ദേവതകൾ എന്നിവർക്ക് അയ്മാറാ വർഗക്കാർ ചാരായവും ലാമാരക്തവും അഭിഷേകം ചെയ്യാറുണ്ട്. മിന്നലിന്റെ ദേവതയായ തുനാപായെ അയ്മാറാ വർഗക്കാർ വളരെ ഭയപ്പെട്ടിരുന്നു. നല്ലതും ചീത്തയുമായ ഒരുകൂട്ടം ദേവതകളെക്കൊണ്ട് നിറഞ്ഞതായിരുന്നു അയ്മാറാലോകം. ആത്മാവ് തട്ടിക്കൊണ്ടുപോയി അസുഖങ്ങൾ ഉണ്ടാക്കുന്ന അകാകിലാസ്, ഭ്രാന്തു വരുത്തുന്ന സുപായ, പകർച്ചവ്യാധികൾ ഉണ്ടാക്കുന്ന ദേവത എന്നിവയെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. ഇത്തരം പ്രകൃത്യതീതശക്തികളുമായി പൊരുത്തപ്പെട്ടുപോകത്തക്ക വിധത്തിൽ അയ്മാറാ സമൂഹത്തിൽ പല മന്ത്രവാദികളും വൈദ്യന്മാരുമുണ്ട്. വൈദ്യശാസ്ത്രപരമായ സിദ്ധൌഷധങ്ങളെന്നു പേരുകേട്ടവ ഉൾപ്പെടെ 400-ലധികം മരുന്നുകൾ അയ്മാറാക്കാരുടേതായിട്ടുണ്ട്.

അവലംബം തിരുത്തുക

  1. Bolivia National Census 2001, figures listed in Ramiro Molina B. and Javier Albó C., Gama étnica y lingüística de la población boliviana, La Paz, Bolivia, 2006, p 111.
  2. Peru National Census 1993, figures listed in Andrés Chirinos Rivera, Atlas Lingüístico del Perú, Cuzco: CBC, 2001.
  3. Chile National Census 2002, figures cited in Bilingüismo y el registro matemático aymara
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അയ്മാറാ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അയ്മാറാ&oldid=3958013" എന്ന താളിൽനിന്ന് ശേഖരിച്ചത്