അമ്മ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അമ്മ (വിവക്ഷകൾ) എന്ന താൾ കാണുക. അമ്മ (വിവക്ഷകൾ)

മാക്സിം ഗോർക്കിയുടെ വിശ്രുതനോവലാണ് അമ്മ (റഷ്യൻ: Мать (Mat’), ഇംഗ്ലീഷ് : Mother). 1906ലാണ് മാക്സിം ഗോർക്കി അമ്മ എഴുതുന്നത്. ആദ്യം പ്രസിദ്ധീകരിക്കുന്നത് ഇംഗ്ലീഷിലും. മൂലകൃതി പ്രസിദ്ധീകരിക്കുന്നതിനു മുൻപേ വിവർത്തനം പുറത്തിറങ്ങിയെന്ന് ചുരുക്കം.

അമ്മ
കർത്താവ്മാക്സിം ഗോർക്കി
യഥാർത്ഥ പേര്Il
രാജ്യംറഷ്യ
ഭാഷറഷ്യൻ
പ്രസിദ്ധീകരിച്ച തിയതി
1906

1906 ഡിസംബറിനും 1907 ഫിബ്രവരിക്കുമിടയിൽ ഖണ്ഡശ്ശയായാണ് അമ്മ വെളിച്ചം കണ്ടത്. റഷ്യയിൽ സ്നാനിയെ (വിജ്ഞാനം) എന്ന പുസ്തകപരമ്പരയുടെ ആറു വാല്യങ്ങളിലായി 1907 ലാണ് അമ്മ പുറത്തുവന്നത്. സെൻസർ ചെയ്യപ്പെട്ട്, ചുരുക്കത്തിലായിരുന്നു പ്രസാധനം.

ഇംഗ്ലീഷ് പതിപ്പിന്റെ ഓൺലൈൻ പതിപ്പ് ഇപ്പോൾ ലഭ്യമാണ്[1].

പശ്ചാത്തലം തിരുത്തുക

1902ൽ നീഷ്നിയ്നോവ്ഗൊറോദിന്റെ പ്രാന്തപ്രദേശത്തുള്ള സോർമോവോ എന്ന തൊഴിലാളികേന്ദ്രത്തിൽ നടന്ന മെയ് ദിനപ്രകടനവും തുടർന്നുള്ള വിചാരണയും വളരെ ചരിത്രപ്രാധാന്യം നേടിയിരുന്നു. മാക്സിം ഗോർക്കിയുടെ പരിചയക്കാരിൽ പലരും ആ പ്രകടനത്തിനുണ്ടായിരുന്നു. പ്രകടനത്തിൽ പങ്കെടുത്ത ഗോർക്കിയുടെ സുഹൃത്ത് പ്യോത്തർ സലോമോവും സലോമോവിന്റെ അമ്മ അന്ന കിരീലോവ്നയുമാണ് നോവലിന്റെ കേന്ദ്രകഥാപാത്രങ്ങളായ പാവേൽ വ്ലാസോവും അമ്മ പിലഗേയ നീലോവ്നയും ആയി മാറിയതെന്ന് പിൽകാലത്ത് ഗോർക്കി എഴുതിയിട്ടുണ്ട്. എന്നാൽ, നടന്ന സംഭവങ്ങളുടെയോ യഥാർഥ ജീവിതത്തിൻറെയോ പകർപ്പേയല്ല നോവലിന്റെ ഇതിവൃത്തം. തികച്ചും സാങ്കല്പികമായ കഥ.

ഇതിവൃത്തം തിരുത്തുക

രണ്ടാം അദ്ധ്യായത്തിലാണ് നിലോവ്ന എന്ന അമ്മയും പാവേൽ എന്ന മകനും ശ്രദ്ധ പിടിച്ചുപറ്റുന്നത്. അത്യധ്വാനം കൊണ്ടും ഭർത്താവിന്റെ പീഡനങ്ങളാലും അകാലവാർധക്യം ബാധിച്ച, നട്ടെല്ല് തകർന്ന, ഒരുവശത്തേക്ക് കൂനിപ്പോയ ഒരമ്മ. അമ്മയുടെ അനുഭവങ്ങളിലൂടെ ലോകം കണ്ട പാവേൽ മനുഷ്യസ്നേഹിയാകുന്നു. ചൂഷണങ്ങൾക്കെതിരായ മകന്റെ സമരോത്സുകതയറിഞ്ഞ അമ്മ ആദ്യം ഭയന്നു. പിന്നെ ഈശ്വരനിൽ മനസർപ്പിച്ച് പിന്തുണ നൽകി. വിശ്വാസിയായ അമ്മ ഒരു വിപ്ലവകാരിയുടെ അമ്മയായി പരിണമിക്കുന്നു. പാവേലിന്റെ മിക്ക സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെടുന്നു. പിന്നീട് രോഗക്കിടക്കയിൽനിന്ന് സമരമുന്നണിയിലേക്ക് പോയ പാവേലിന്റെ പ്രസംഗം അമ്മ ആൾക്കൂട്ടത്തിൽനിന്ന് കേൾക്കുന്നുണ്ട്. രാത്രി പാവേൽ അറസ്റ്റ് ചെയ്യപ്പെട്ടു. ലഘുലേഖകൾ വിതരണം ചെയ്യാനുള്ള ചുമതല വൃദ്ധയായ അമ്മ ഏറ്റെടുത്തു. നിലോവ്ന അക്ഷരം പഠിക്കുന്നു. ജയിലിൽ പലതവണ ചെന്ന ശേഷമാണ് അവർക്ക് മകനെ കാണാൻ പറ്റുന്നത്. പാവേൽ പിന്നീട് മോചിതനായി. ഒരു മെയ്ദിനത്തിൽ അത്യാവേശകരമായ ഒരു തൊഴിലാളിമുന്നേറ്റത്തിൽ പൊലീസ് മർദ്ദനത്തിൽ കൊടിവിടാതെ പിടിച്ചുനിന്ന പാവേൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.

മകന്റെ ദൗത്യങ്ങൾ ഏറ്റെടുത്ത അമ്മ ശരിക്കും വിപ്ലവകാരിയായി മാറുന്നു. മകന്റെ വാക്കുകൾ അച്ചടിച്ച ലഘുരേഖ രഹസ്യമായി വിതരണം ചെയ്യുന്ന അമ്മയുടെ സംതൃപ്തി ഗോർക്കി അവരുടെ വാക്കുകളിൽ വിവരിക്കുന്നത് നോക്കുക: "ഞാൻ എത്ര സന്തുഷ്ടയാണ്! എന്റെ മകന്റെ വാക്കുകൾ - എന്റെ സ്വന്തം മാംസത്തിന്റെയും രക്തത്തിന്റെയും ഭാഗമായ മകന്റെ വാക്കുകൾ - ഞാൻതന്നെ മറ്റുള്ളവർക്കെത്തിച്ചുകൊടുക്കുക! എന്റെ സ്വന്തം ആത്മാവിനെ ദാനം ചെയ്യുന്നതുപോലെയാണ്".

ഒരുദിവസം ലഘുലേഖകൾ നിറച്ച പെട്ടി, രഹസ്യമായി റെയിൽസ്റ്റേഷനിൽനിന്നെടുത്തുകൊണ്ടുപോവുന്ന അമ്മയെ പോലീസ് ചാരൻ പിന്തുടർന്ന് പിടിച്ചു. പെട്ടി ഉപേക്ഷിച്ച് രക്ഷപ്പെടാൻ, അത് മകന് അപമാനമാകുമെന്നതിനാൽ, അവർ ശ്രമിച്ചില്ല. പോലീസ് മർദ്ദനത്തിൽ അവർ മരിച്ചുവീഴുമെന്ന സൂചനയിലാണ് ഈ ബൃഹത് നോവൽ അവസാനിക്കുന്നത്.

അമ്മ - നാടകം തിരുത്തുക

ഗോർക്കിയുടെ 'അമ്മ', വിഖ്യാത ജർമൻ നാടകാചാര്യൻ ബർതോൾഡ് ബ്രെഹ്ത് നാടകമാക്കിയിട്ടുണ്ട്.

അമ്മ - ചലച്ചിത്രം തിരുത്തുക

 
അമ്മ എന്ന ചിത്രത്തിനെ ഭിത്തിപത്രം

വെസ്‌വൊലോദ് പുഡോവ്കിൻ (1893-1953) എന്ന വിഖ്യാത റഷ്യൻ സം‌വിധായകന്റെ മാസ്റ്റർപീസ് ചലച്ചിത്രമാണ് ദ മദർ (1926). ഗോർക്കിയുടെ 'അമ്മ'യെ അടിസ്ഥാനമാക്കി നിർമിച്ച ഈ നിശ്ശബ്ദചിത്രം ലോകപ്രശസ്തമായി. നോവലിൽ അമ്മയെന്ന കേന്ദ്രകഥാപാത്രത്തിന് പേരുണ്ടായിരുന്നെങ്കിൽ സിനിമയിൽ അവർ 'അമ്മ' മാത്രമാണ് - എല്ലാ വിപ്ലവകാരികളുടെയും അമ്മ.

ഉപസംഹാരം തിരുത്തുക

വിപ്ലവകാരികൾക്ക് ആവേശം പകരുന്ന മുദ്രാവാക്യ സഞ്ചയമല്ല ഈ നോവൽ. വ്യക്തിയുടെ ജീവിതത്തെയും സമൂഹവുമായുള്ള ബന്ധത്തെയും ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അതിസമർഥമായി ഗോർക്കി വരച്ചിടുന്നു. മോഹങ്ങളൂം മോഹഭംഗങ്ങളൂം പ്രണയവും വെറുപ്പും മരണവും ദാരിദ്ര്യവും വിശപ്പും ആഹ്ലാദവുമെല്ലാം അതീവ സൂക്ഷ്മതയോറ്റെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. 'വെറുപ്പും അജ്ഞതയും കട്ടപിടിച്ച് ആത്മാവ് നഷ്ടപ്പെട്ട മാനവനെ വീണ്ടും മാനവനാക്കാനുള്ള ത്യാഗപൂർണമായ മഹാകർമ'മായി വിപ്ലവം ആവിഷ്കരിക്കപ്പെടുന്നു 'അമ്മ'യിൽ.

ബാഹ്യകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. ഇംഗ്ലീഷ് പതിപ്പിന്റെ ഓൺലൈൻ പതിപ്പ്
"https://ml.wikipedia.org/w/index.php?title=അമ്മ_(നോവൽ)&oldid=3623489" എന്ന താളിൽനിന്ന് ശേഖരിച്ചത്