അമ്പായത്തോട് (കണ്ണൂർ)
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(അമ്പായത്തോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് അമ്പായത്തോട്. കണ്ണൂർ ജില്ലയുടെ അതിർത്തി ഗ്രാമം കൂടിയാണിത്. കണ്ണൂർ നഗരത്തിൽ നിന്ന് 68 കി.മീ കിഴക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന ഈ കുടിയേറ്റ ഗ്രാമത്തിന്റെ മൂന്നു വശവും നിക്ഷിപ്ത വനമാണ്. മധ്യ തിരുവിതാംകൂറിൽ നിന്ന് കുടിയേറിയ കർഷകർ കാട് വെട്ടിത്തെളിച്ച് ഇവിടെ താമസം തുടങ്ങിയത് രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള പഞ്ഞക്കാലത്താണ്. കൊട്ടിയൂരിൽ നിന്നു വയനാട്ടിലേക്കുള്ള ചുരം റോഡ് ഇതുവഴി കടന്നുപോകുന്നു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്തും ഇതേ പേരിൽ ഒരു ഗ്രാമമുണ്ട്. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് വാർത്തകൾ വരുന്നത് താമരശ്ശേരി അമ്പായത്തോടിനെ കുറിച്ചാണ്.