പ്രഖ്യാതജർമ്മൻ സാഹിത്യകാരൻ ഫ്രാൻസ് കാഫ്ക എഴുതിയ നോവലാണ് അമേരിക്ക (Amerika). 1911/12 കാലത്ത് കാഫ്ക എഴുതിത്തുടങ്ങിയിരിക്കാവുന്ന ഈ കൃതി കാഫ്കയുടെ മൂന്നു നോവലുകളിലെ ആദ്യത്തേതെങ്കിലും ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിക്കപ്പെട്ടതാണ്. "കാണാതെ പോയ മനുഷ്യൻ"(The man who disappeared) എന്നായിരുന്നു കാഫ്ക ഇതിനു നൽകിയ പേര്. ആമേരിക്ക എന്ന പേര് പ്രസിദ്ധീകരണത്തിനു മുൻപ് കാഫ്കയുടെ സുഹൃത്ത് മാക്സ് ബ്രോഡ് കൊടുത്ത പേരാണ്.

അമേരിക്ക
കർത്താവ്ഫ്രാൻസ് കാഫ്‌ക
യഥാർത്ഥ പേര്Der Verschollene
പരിഭാഷWilla and Edwin Muir
രാജ്യംജർമ്മനി
ഭാഷജർമ്മൻ
സാഹിത്യവിഭാഗംNovel
പ്രസാധകർKurt Wolff (German)
Routledge (English)
പ്രസിദ്ധീകരിച്ച തിയതി
1927
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1938
മാധ്യമംPrint (Hardback & Paperback)
ISBN978-0-8112-1569-5
OCLC58600742

വീട്ടിലെ വേലക്കാരിപ്പെണ്ണിന്റെ വശീകരണത്തിൽ വന്ന് അവളെ ഗർഭിണിയാക്കിയതിനെ തുടർന്ന്, മാതാപിതാക്കൾ അമേരിക്കയിലേക്കു കപ്പൽ കയറ്റി വിടുന്ന കാൾ റോസ്മാൻ എന്ന 16/17 വയസ്സുകാരൻ കുട്ടിയുടെ കഥയാണിത്. ന്യൂ യോർക്ക് തുറമുഖത്ത് കപ്പലിറങ്ങുന്ന അവൻ സ്വാതന്ത്ര്യത്തിന്റെ പ്രതിമയിൽ കാണുന്നത് വിളക്കല്ല, അപ്പോൾ മാത്രം ഉയർത്തിപ്പിടിച്ചതായി തോന്നിച്ച വാളാണ്. അമേരിക്കയിൽ ഒന്നിനു പിറകേ മറ്റൊന്നായി അവനു കിട്ടിയ രക്ഷിതാക്കളിൽ നിന്നെല്ലാം അവനുണ്ടായത് മോശം അനുഭവങ്ങളായിരുന്നു. അവന്റെ അറിവില്ലായ്മയും ലാളിത്യവും എല്ലായിടത്തും ചൂഷണം ചെയ്യപ്പെട്ടു. അവസാന അദ്ധ്യായം ഓക്ലഹാമായിലെ സ്വപ്നനാടകവേദിയിൽ അവനു പ്രവേശനം കിട്ടുന്നതു വിവരിക്കുന്നെങ്കിലും കാൾ റോസ്മാനെ കാത്തിരിക്കുന്നതു നല്ല അന്ത്യമല്ലെന്ന സൂചന പൂർത്തീകരിക്കാതെ നിർത്തിയ ഈ രചനയിൽ കാഫ്ക നൽകുന്നുണ്ട്.[1]

കാഫ്കയുടെ നോവലുകളിൽ ഏറ്റവും ലളിതമായത് ഇതാണ്. ചാൾസ് ഡിക്കൻസിന്റെ ഭാവനാലോകം ചെറുപ്പകാലത്ത് കാഫ്കയിൽ ഉണ്ടാക്കിയ ഭ്രമം ഈ ആദ്യനോവലിന്റെ രചനയ്ക്കു വഴിതെളിച്ചു എന്നല്ലാതെ, മറ്റു കൃതികളിലെപ്പോലെ ജീവിതമെന്ന മഹാരഹസ്യത്തിന്റെ പ്രവാചകനാകാൻ കാഫ്കയ്ക്ക് ഇതിൽ കഴിഞ്ഞിട്ടില്ലെന്ന് കെ.പി. അപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.[2]

  1. Take the New York-to-Boston Bridge, മൈക്കൽ ഹോഫ്മാന്റെ പുതിയ ഇംഗ്ലീഷ് പരിഭാഷയെക്കുറിച്ച്, ഇയാം ബാംഫോർത്ത് എഴുതി, 2003 ജനുവരി 26-ന് ന്യൂ യോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച നിരൂപണം
  2. കെ.പി. അപ്പൻ ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന പുസ്തകത്തിലെ ലേഖന: "കാഫ്ക മുഖം മൂടിയില്ലാതെ"
"https://ml.wikipedia.org/w/index.php?title=അമേരിക്ക_(നോവൽ)&oldid=1929811" എന്ന താളിൽനിന്ന് ശേഖരിച്ചത്