അമൃതലാൽ ബോസ്
ഒരു ബംഗാളി നാടകകൃത്തും നടനും സംവിധായകനുമായിരുന്നു അമൃതലാൽ ബോസ് (1853 - 1929).
അഭിനയയോഗ്യത തികഞ്ഞവയായതു കൊണ്ട് ഇദ്ദേഹത്തിന്റെ നാടകങ്ങൾ ശ്രദ്ധേയത നേടിയിരുന്നു. ഒരു സ്റ്റേജ് ഡയറക്ടർ ആയിരുന്ന ജ്യോതിരീന്ദ്രനാഥ ടാഗോറിൽ നിന്നാണ് നാടകരചനയ്ക്കും നാടകാഭിനയത്തിനുമുള്ള പ്രചോദനം അമൃതലാലിന് ലഭിച്ചത്. മോളിയേയുടെ ഹാസ്യനാടകങ്ങളെ മാതൃകയാക്കി ഇദ്ദേഹം രചിച്ച നാടകങ്ങൾ എല്ലാം വിജയമായിരുന്നു. കൊൽക്കത്തയിൽ ഒരു നാടകസംഘം ഉണ്ടാക്കി വളർത്തിയെടുക്കുന്നതിൽ ബോസ് സാരമായ പങ്കു വഹിച്ചിട്ടുണ്ട്. 1872-ൽ ഇദ്ദേഹം കൊൽക്കത്തയിൽ സ്ഥാപിച്ച നാടകസംഘമാണ് ഇന്ത്യയിലെ ആദ്യത്തെ ജനകീയ നാടകസമിതി.
നാടകജീവിതം
തിരുത്തുകഹാസ്യനാടകങ്ങളും പ്രഹസനങ്ങളും എഴുതുന്നതിൽ അമൃതലാലിന് അസാമാന്യമായ വൈദഗ്ദ്ധ്യമുണ്ടായിരുന്നു. കൃപണേർധൻ (ലുബ്ധന്റെ ധനം), വിവാഹ ബിഭ്രാട് (വിവാഹ വിഭ്രാന്തി), ഹീരക് ചൂർണ് (ഹീരക ചൂർണം), നവയൌവൻ (നവയൌവനം) തുടങ്ങിയ നാടകങ്ങളിൽ സമകാലികജീവിതത്തിലെ എല്ലാ കെടുതികളും പ്രതിബിംബിച്ചിരിക്കുന്നു. സ്ത്രീധനശല്യം, പാശ്ചാത്യ വേഷഭൂഷകളുടെ അന്ധമായ അനുകരണം എന്നിവ ബോസിന്റെ സുശക്തമായ വിമർശനത്തിനു വിധേയമായിട്ടുണ്ട്. ജീവനുള്ള കഥാപാത്രങ്ങളും നീറുന്ന സമകാലികപ്രശ്നങ്ങളും നിറഞ്ഞ ആ നാടകങ്ങൾ കലാപരമായി വളരെ ഉയർന്ന നിലവാരം പുലർത്തുന്നു. 1929-ൽ ഇദ്ദേഹം നിര്യാതനായി.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ബോസ് അമൃതലാൽ ബോസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |