അമീർ അലി ബാരിദ്
ബാമിനി സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ഡക്കാണിൽ ഉയർന്നുവന്ന ബീദാറിലെ മന്ത്രിമുഖ്യൻ ആയിരുന്നു അമീർ അലി ബാരിദ്. 1504-ൽ കാസിം ബാരിദ് നിര്യാതനായതിനെ തുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ അമീർ അലി ബാരിദ് മന്ത്രിമുഖ്യനായി. ബീദാറിലെ സുൽത്താനായ മഹമ്മുദ് 1518 ഡിസബറിൽ നിര്യാതനായി. തുടർന്ന് അദ്ദേഹത്തിന്റെ നാലു പുത്രൻമാർ - അഹമ്മദ് (1518-21), അലാവുദ്ദീൻ (1521), ഖലിയുല്ല (1521-24), ഖലിമുല്ല (1524-27)-സുൽത്താൻമാരായിരുന്നെങ്കിലും യഥാർഥഭരണം നടത്തിയിരുന്നത് അമീർ അലി ബാരിദ് ആയിരുന്നു. ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിൽനിന്നും വിമുക്തനാകുന്നതിന് ബീദാറിലെ സുൽത്താനായ ഖലിമുല്ല മുഗൾവംശസ്ഥാപകനായ ബാബറിന്റെ സഹായം തേടി. ഇതിൽ അമീർ അലി ബാരിദ് കുപിതനായെന്നറിഞ്ഞ് ഖലിമുല്ല 1527-ൽ ബിജാപ്പൂരിലേക്ക് പലായനം ചെയ്തു. അമീർ അലി ബാരിദിന് സുൽത്താനാകാൻ കഴിയുമായിരുന്നെങ്കിലും, ബീദാറിലെ അന്നത്തെ പ്രത്യേക രാഷ്ട്രീയ പരിതഃസ്ഥിതികളിൽ അത് യുക്തമല്ലെന്ന് നയജ്ഞനായ ഇദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ യുദ്ധതന്ത്രം മൂലം ഡക്കാണിലെ കുറുക്കൻ എന്ന അപരനാമവും ഇദ്ദേഹത്തിനു സിദ്ധിച്ചിരുന്നു. യുദ്ധത്തിലേർപ്പെട്ടിരുന്നപ്പോഴാണ് അമീർ അലി ബാരിദ് ചരമമടഞ്ഞതെന്ന് കരുതപ്പെടുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമീർ അലി ബാരിദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |