അമാലേക്യർ ഒരു പ്രാചീന ഒരു നാടോടി ജനവർഗമായിരുന്നു. പഴയനിയമത്തിലെ ഉല്പത്തിപുസ്തകത്തിലും പുറപ്പാടു പുസ്തകത്തിലും ഇവരെപ്പറ്റി പ്രസ്താവനകളുണ്ട്. ഏദോമ്യരുടെ ഒരു ശാഖയാണ് അമാലേക്യർ എന്ന് ഉത്പത്തിയിലും (36 : 12) നരവംശ ശാസ്ത്രപഠനങ്ങളിലും കാണുന്നു. ന്യായാധിപപുസ്തകമനുസരിച്ച് ഇവർ എഫ്രയീം വർഗവുമായി ബന്ധപ്പെട്ടവരാണ് (12:15). ഇസ്രായേലിന്റെ ശത്രുക്കളായിട്ടാണ് അമാലേക്യർ പൊതുവേ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഈജിപ്റ്റിൽനിന്നും ജോർദാനിൽ നിന്നും വലിയകൂട്ടമായി ജനങ്ങൾ പലായനം നടത്തിയകാലത്ത് അമാലേക്യർ പലസ്തീൻ നാടിന്റെ തെക്കൻ ഭാഗങ്ങളിൽ വസിച്ചിരുന്നു. ജറുസലേമിന് പടിഞ്ഞാറുള്ള താഴ്വരപ്രദേശങ്ങളിലും ഇവർ താമസിച്ചിരുന്നുവെന്ന് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേല്യർ ഈജിപ്തിൽനിന്നും കാനാനിലേക്ക് തിരിച്ചപ്പോൾ അമാലേക്യർ അവരെ പീഡിപ്പിച്ചതായും ഈ ശത്രുതയുടെ ഫലമായി അമാലേക്യരുടെ ഓർമയെ ആകാശത്തിൻകീഴിൽനിന്നും മായിച്ചുകളയേണം എന്ന് കല്പനകൾ ഉണ്ടായതായും ആവർത്തനപുസ്തകം (25 : 17-19) പറയുന്നു. അമാലേക്യർ ഇസ്രായേല്യരുമായി യുദ്ധം നടത്തിയതായി സംഖ്യാപുസ്തകത്തിലും പുറപ്പാടു പുസ്തകത്തിലും പ്രസ്താവിച്ചിട്ടുണ്ട്. (പുറപ്പാട് 17 : 8-16). യോശുവ അമാലേക്യരെ തോല്പിച്ചിട്ടുണ്ട്. ക ശമുവേൽ (15 : 6) അനുസരിച്ച് അമാലേക്യരെ നശിപ്പിക്കുന്നതിന് ശൌലിന് നിർദ്ദേശം ലഭിച്ചുവെന്നും അവർ അങ്ങനെ നശിപ്പിക്കപ്പെട്ടുവെന്നും കാണുന്നു. അമാലേക്യരോടുള്ള ശത്രുതയുടെ കാഠിന്യത്തെപ്പറ്റി ബിലെയാമിന്റെ സുഭാഷിതങ്ങളിലും (സംഖ്യാ 24 : 21) പ്രസ്താവിച്ചിട്ടുണ്ട്. സങ്കീർത്തനങ്ങളിലും നെഹെമ്യാവുപുസ്തകത്തിലും അമാലേക്യരെപ്പറ്റി പരാമർശമുണ്ട്. അമാലേക്യർ വഞ്ചകരെന്ന് കുപ്രസിദ്ധിയാർജിച്ചവരാണ്. ഇസ്രായേലിന്റെ പ്രധാനശത്രുവായ ഹാമാൻ അമാലേക്യരാജാവായ അഗാഗിന്റെ പിന്തുടർച്ചക്കാരനാണെന്ന് എസ്ഥേർ പുസ്തകത്തിൽ പറയുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമാലേക്യർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമാലേക്യർ&oldid=3901423" എന്ന താളിൽനിന്ന് ശേഖരിച്ചത്