പുരാതനഭാരതത്തിലെ രാജനീതിയനുസരിച്ച് ഭരണകാര്യത്തിൽ രാജാവിനെ ഹിതാനുസരണം ഉപദേശിക്കുവാനും സഹായിക്കുവാനും രാജാവിന്റെ ആജ്ഞ നിർവഹിക്കുവാനും ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ അമാത്യൻ എന്നപേരിൽ അറിയപ്പെട്ടിരുന്നു‍. അമാ സഹ വിദ്യതേ അതായത്, കൂടെക്കഴിയുന്നവൻ-രാജാവിന്റെ കൂടെക്കഴിയുന്നവൻ-എന്നാണ് അമാത്യപദത്തിനർഥം. സചിവൻ, മന്ത്രി എന്നീ പേരുകളും ഉണ്ട്. ഒരു രാജ്യത്തിന്റെ നിലനില്പിനും ശ്രേയസ്സിനും അനേകം ഘടകങ്ങളുള്ളതിൽ അതിപ്രധാനമായ ഒന്നാണ് അമാത്യൻ. രാജാവിനെ സംബന്ധിച്ചിടത്തോളം അമാത്യനാശം ഗൌരവത്തിൽ ആത്മനാശത്തിനു മീതെയും സ്ഥിതി ചെയ്യുന്നു.

(മനുസ്മൃതി 9: 294, 295)

എന്ന മനുവചനത്തിൽ ഈ കാര്യം തന്നെയാണ് പ്രസ്താവിച്ചിട്ടുള്ളത്.

രാജാവ് ഏഴോ എട്ടോ അമാത്യൻമാരെ ഏർപ്പാടു ചെയ്യണമെന്ന് ശാസ്ത്രം പറയുന്നു. അമാത്യൻമാർ പിതൃപിതാമഹക്രമത്തിൽ സേവകൻമാരും ശാസ്ത്രവേദികളും ശൂരൻമാരും അസ്ത്രവിദ്യാവിശാരദൻമാരും വിശുദ്ധകുലജാതൻമാരും പരീക്ഷിച്ചറിയപ്പെട്ടവരും ആയിരിക്കണം. കൌടല്യന്റെ അർഥശാസ്ത്രത്തിൽ അമാത്യസഹായമില്ലാതെ രാജാവിന് രാജ്യപരിപാലനം സാധ്യമല്ല എന്നു പ്രസ്താവിച്ചിട്ടുണ്ട്. അമാത്യസഹായമില്ലാത്ത രാജ്യഭരണം ഒറ്റച്ചക്രം പോലെയാണെന്ന് കൌടല്യൻ അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു യന്ത്രത്തിന്റെ പ്രവർത്തനത്തിന് ഒന്നിലധികം ചക്രം വേണമല്ലോ.

(അർഥശാസ്ത്രം - അമാത്യോത്പത്തി)

ആരെയാണ് അമാത്യനായി തിരഞ്ഞെടുക്കേണ്ടത് എന്ന വിഷയത്തെ പുരസ്കരിച്ച് ഭരദ്വാജൻ, വിശാലാക്ഷൻ, പരാശരൻ എന്നിങ്ങനെ അനേകം പൂർവാചാര്യന്മാർ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും ഉദ്ധരിച്ച് അവയെ സമന്വയിപ്പിച്ച് കൌടല്യൻ സ്വമതം സമർഥിച്ചിട്ടുണ്ട്. കൂടാതെ അമാത്യനുവേണ്ട 25 ഗുണങ്ങൾ ഓരോ വിശേഷണങ്ങളിലൂടെ ഇദ്ദേഹം സൂചിപ്പിച്ചിട്ടും ഉണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമാത്യൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമാത്യൻ&oldid=910989" എന്ന താളിൽനിന്ന് ശേഖരിച്ചത്