സംഗീതക്കച്ചേരികളിൽ ഉപയോഗിക്കുന്ന സഭാഗാനങ്ങളിൽനിന്ന് വ്യത്യസ്തമായി സംഗീതാഭ്യസനത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഗാനങ്ങൾ. സ്വരജ്ഞാനം, താളജ്ഞാനം തുടങ്ങിയ സംഗീതസംബന്ധമായ കഴിവുകളുടെ വികാസത്തിന് സഹായകമായ ഗീതം, വർണം തുടങ്ങിയ സംഗീതരൂപങ്ങളുടെയും ശബ്ദത്തിന്റെയും സംഗീതോപകരണ സങ്കേതങ്ങളുടെയും പരിപുഷ്ടി ലക്ഷ്യമാക്കിക്കൊണ്ടുള്ള എല്ലാ സ്വരാഭ്യസനങ്ങളും ഇതിൽ ഉൾപ്പെടുന്നു. കച്ചേരിക്കുള്ള ഗാനങ്ങൾ അഭ്യസിക്കുന്നതിനുമുൻപ് ഓരോ സംഗീതവിദ്യാർഥിയും അഭ്യാസഗാനത്തിന്റെ ഒരു പഠനക്രമത്തിൽകൂടി കടന്നുപോകേണ്ടതുണ്ട്. അഭ്യസനാരംഭത്തിലുള്ള ഈ പരിശീലനമാണ് ഒരു സംഗീതജ്ഞനെ സംഗീതക്കച്ചേരികളിൽ ശരിയായും ആകർഷകമായും രസകരമായും ഗാനങ്ങൾ ആലപിക്കുന്നതിനും സംഗീതോപകരണങ്ങൾ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നതിനും കഴിവുള്ളവനാക്കുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭ്യാസഗാനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭ്യാസഗാനം&oldid=3926950" എന്ന താളിൽനിന്ന് ശേഖരിച്ചത്