വ്യാകരണ-അലങ്കാരശാസ്ത്രസംബന്ധിയായ ഒരു സംസ്കൃതകൃതിയാണ് അഭിധാവൃത്തിമാതൃക. കാശ്മീർകാരനായ മുകുളഭട്ടനാണ് രചയിതാവ്. മുകുളഭട്ടന്റെ കാലം എ.ഡി. 900-925-നോട് അടുത്താണെന്നു കരുതപ്പെടുന്നു. കൃതിയിലെ അവസാനത്തെ കാരികയിൽ നിന്നും ഭട്ടകല്ലടന്റെ പുത്രനാണ് മുകുളൻ എന്നറിയാം. കല്ലടൻ കാശ്മീരത്തിലെ അവന്തിമവർമന്റെയും (855-884) ആനന്ദവർധനന്റെയും സമകാലികനായിരുന്നു. മുകുളന്റെ ശിഷ്യനായ പ്രതിഹാരേന്ദുരാജൻ, ഉദ്ഭടന്റെ കാവ്യാലങ്കാരത്തിന് ലഘുവൃത്തി എന്ന വ്യാഖ്യാനം എഴുതിയിട്ടുണ്ട്.

ഗ്രന്ഥസംവിധാനം തിരുത്തുക

കാരിക, വൃത്തി, ഉദാഹരണം എന്നീ ക്രമത്തിലാണ് ഗ്രന്ഥം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ആകെ 15 കാരികകളേ ഇതിലുള്ളു. ശബ്ദങ്ങളുടെ അർഥനിയമത്തെക്കുറിച്ചു ചിന്തിക്കയാണ് കൃതിയുടെ ലക്ഷ്യം. ശബ്ദത്തിന്റെ മുഖ്യവും ലാക്ഷണികവുമായ അർഥങ്ങളെപ്പറ്റി സാമാന്യമായി പ്രതിപാദിച്ചതിനുശേഷം ലക്ഷണതയുടെ ഉപവിഭാഗങ്ങൾ ഉദാഹരണസഹിതം വിവരിച്ചിരിക്കുന്നു. ലക്ഷണാവൃത്തിയും അഭിധയുടെ പ്രകാരാന്തരം തന്നെയെന്നാണ് ഗ്രന്ഥകാരന്റെ മതം. പശ്ചാത്കാലികങ്ങളായ കാവ്യപ്രകാശം തുടങ്ങിയ കൃതികൾ ഈ ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ലക്ഷണാഭേദങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. ഈ വിഷയത്തിൽ പ്രസ്തുത കൃതി മാർഗദർശകമായി വർത്തിക്കുന്നു. അലങ്കാരശാസ്ത്രവിഷയകമായി സാഹിത്യ ശബ്ദം ആദ്യമായി പ്രയോഗിച്ചിട്ടുള്ളത് മുകുളനാണെന്നു കാണുന്നു. പ്രചാരലുപ്തമായിരുന്ന വാമനന്റെ കാവ്യാലങ്കാരസൂത്രത്തിന് പ്രസിദ്ധി നല്കിയത് മുകുളനാണെന്ന് സഹദേവൻ എന്ന വ്യാഖ്യാതാവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാഹിത്യലോകത്ത് പ്രതിഷ്ഠ നേടിയ ധ്വനിസിദ്ധാന്തത്തെപ്പറ്റിയും ഈ ഗ്രന്ഥകാരൻ അഭിപ്രായം പുറപ്പെടുവിച്ചിരിക്കുന്നു.

പ്രാമാണികന്മാരായ പല പൂർവസൂരികളെയും അവരുടെ ഗ്രന്ഥങ്ങളെയും അഭിധാവൃത്തിമാതൃകയിൽ പരാമർശിച്ചിട്ടുണ്ട്. കാവ്യാലങ്കാരം, വാക്യപദീയം, ധ്വന്യാലോകം എന്നീ ഗ്രന്ഥങ്ങളും ഇതിൽ ഉദ്ധരിച്ചിട്ടുള്ളവയുടെ കൂട്ടത്തിൽപ്പെടുന്നു. ഉദ്ഭടൻ, കുമാരിലഭട്ട, ഭർത്തൃമിത്രൻ, ശബരസ്വാമി എന്നീ ആചാര്യന്മാരാണ് നാമനിർദ്ദേശം ചെയ്തു സ്മരിക്കപ്പെട്ടിരുന്നവർ. പ്രസ്തുതകൃതി മുംബൈയിൽ നിർണയസാഗര പ്രസ്സിൽ നിന്നും 1916-ൽ അച്ചടിച്ചു പ്രകാശിപ്പിച്ചിട്ടുണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിധാവൃത്തിമാതൃക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിധാവൃത്തിമാതൃക&oldid=2280232" എന്ന താളിൽനിന്ന് ശേഖരിച്ചത്