ഓരോ വ്യക്തിയിലും അന്തർലീനമായ അഭിക്ഷമത അഥവാ ഏത് പ്രവർത്തനമേഖലയിലാണ് നൈപുണ്യം നേടാൻ സാധ്യതകൂടുതലുള്ളത് എന്ന് കണ്ടെത്തുവാൻ സഹായിക്കുന്ന മാനസിക പരീക്ഷകൾ‍ അഭിക്ഷമതാപരീക്ഷകൾ എന്ന പേരിൽ അറിയപ്പെടുന്നു.

മനുഷ്യന്റെ പ്രത്യേകവാസന

തിരുത്തുക

അഭിക്ഷമത അഥവാ പ്രത്യേക വാസന പലർക്കും പലവിധത്തിലായിരിക്കും. ചിലരിൽ ഇത് ചെറുപ്പത്തിൽ തന്നെ പ്രകടമായെന്നുവരും. മറ്റു ചിലരിൽ കണ്ടെത്തലിന്റേയും തേച്ചുമിനുക്കലിന്റേയും ഫലമായി പിന്നീടാണ് അഭിക്ഷമത വികസിതമാവുക.

പാശ്ചാത്യദേശങ്ങളിൽ അഭിക്ഷമതാപരീക്ഷകൾ സാർവത്രികമായുണ്ട്. പരമ്പരാസിദ്ധമാണ് അഭിക്ഷമത എന്ന അഭിപ്രായത്തിനാണ് ഇന്നും പ്രാമുഖ്യം. നല്ലൊരു സംഗീതജ്ഞന്റെയോ ചിത്രകാരന്റെയോ സന്തതിപരമ്പരകളിൽ കലാവാസന അന്തർലീനമായിരിക്കും. സാഹചര്യം അനുകൂലമാകുമ്പോൾ അവ പ്രകടമാകുകയും വൈദഗ്ദ്ധ്യം പ്രകാശിതമാകയും ചെയ്യുന്നു. പ്രതികൂലസാഹചര്യം അഭിക്ഷമതയെ ഒട്ടൊക്കെ പ്രതികൂലമായി ബാധിക്കാറുണ്ട്.

ഘടകാപഗ്രഥനത്തിലൂടെ മനസ്സിലാക്കുക

തിരുത്തുക

നിരീക്ഷണത്തിലൂടെ വാസനകൾ കുറെയൊക്കെ മനസ്സിലാക്കാം. എന്നാൽ കുറെക്കൂടെ വസ്തുനിഷ്ഠമായിരിക്കും പരീക്ഷകളിലൂടെ ചെന്നെത്തുന്ന നിഗമനങ്ങൾ. ഒരുകാലത്ത് അഭിക്ഷമതയെ ഒന്നായി കണ്ടിരുന്നു. ഇന്ന് ഘടകാപഗ്രഥനത്തിന്റെ (factor analysis) ഫലമായി, പല പ്രത്യേക രംഗങ്ങളിൽ കാട്ടുന്ന പ്രത്യേക അഭിക്ഷമതയുടെ ആകെത്തുകയാണ് ഏതെങ്കിലും ഒരു രംഗത്ത് അത്യുന്നതസ്ഥാനം കൈവരിക്കാൻ ഒരാളെ പ്രാപ്തനാക്കുന്നതെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.

  1. വാചികം (verbal)
  2. സാംഖ്യികം (numerical)
  3. സ്ഥാലികം (spatial)
  4. പ്രാവർത്തികം (motor)
  5. സാമൂഹികം (social)
  6. ഗാനാത്മകം (musical)
  7. യാന്ത്രികം (mechanical)

എന്നിങ്ങനെ ഏഴ് ഘടകങ്ങളാണ് കെല്ലി (Kelly) കണ്ടെത്തിയത്. തഴ്സ്റ്റൺ (Thurstone) വാക്ശേഷി, സംഖ്യാപരസാമർഥ്യം, ഓർമശക്തി, പ്രതലവിജ്ഞാനം, കാര്യകാരണവിചിന്തനം, സംശ്ളേഷണം, വിശ്ളേഷണം എന്നിവയാണ് ഘടകങ്ങളായി നിർദ്ദേശിച്ചത്. ഒരർഥത്തിൽ അഭിക്ഷമതാ പരീക്ഷകളെ പ്രവചന പരീക്ഷകൾ (Prognostic tests) എന്നു പറയാം.

ചില അഭിക്ഷമതാ പരീക്ഷകൾ

തിരുത്തുക

പ്രസിദ്ധങ്ങളായ ചില അഭിക്ഷമതാ പരീക്ഷകൾ ഇവയാണ്.

യാന്ത്രികാഭിക്ഷമത

തിരുത്തുക

(Mechanical Aptitude)

ഉദാഹരണം മിനസോട്ടാമെക്കാനിക്കൽ അസംബ്ളി ടെസ്റ്റ് (Minnesota Mechanical Assembly Test), ബെന്നറ്റ് മെക്കാനിക്കൽ കോംപ്രിഹെൻഷൻ ടെസ്റ്റ് (Bennett Mechanical Comperhension Test), ഓകോണർ ഫിംഗർ ഡെക്സ്റ്ററിറ്റി ടെസ്റ്റ് (O'Conner Dexterity Test).

You can also visit for Aptitude Test: Such as

  1. indiabix.com
  2. GoApti.in
  3. ExamVeda.com

ഗുമസ്തനാകാനുള്ള കഴിവ്

തിരുത്തുക

(Clerical Aptitude)

ഉദാഹരണം മിനസോട്ടാ ക്ലെറിക്കൽ ടെസ്റ്റ് (Minnesota Clerical Test ).

സംഗീതാഭിക്ഷമത

തിരുത്തുക

(Musical Aptitude)

സീഷോർ മെഷേഴ്സ് ഒഫ് മ്യൂസിക്കൽ ടാലന്റ്സ് (Seashore Measures of Musical Talents).

അധ്യാപനാഭിക്ഷമത

തിരുത്തുക

(Teacher Aptitude)

കോക്സ്-ഓർലിൻസ് പ്രോഗ്നോസ്റ്റിക് ടെസ്റ്റ് ഒഫ് റ്റീച്ചിങ് (Coxe Orleans Prognostic Test of teaching).

ഇവയെല്ലാം ഏതെങ്കിലും പ്രത്യേക മണ്ഡലമോ മണ്ഡലങ്ങളോ മാത്രം ഉദ്ദേശിച്ചുള്ളവയാണ്. എന്നാൽ പല മണ്ഡലങ്ങൾക്ക് പല രൂപത്തിൽ ഉപയോഗിക്കാവുന്ന ടെസ്റ്റ് ബാറ്ററികളും ലഭ്യമാണ്. അവയിൽ പ്രധാനപ്പെട്ടവയാണ് ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (Differential Aptitude Test), ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (G.A.T.B:General Aptitude Test Battery), ഫ്ളാനഗൻ ആപ്റ്റിറ്റ്യൂഡ് ക്ളാസിഫിക്കേഷൻ ടെസ്റ്റ് (FACT:Flanagan Aptitude Classification Test) എന്നിവ. ഓരോന്നിനും വെവ്വേറെയും പൊതുവിലും പ്രൊഫൈലുകൾ (profiles) രേഖപ്പെടുത്തുന്നതുകൊണ്ട് അഭിക്ഷമതാ പരീക്ഷകൾക്ക് ഉത്തരമെഴുതുന്ന ഒരാൾക്ക് ഏതെല്ലാം മണ്ഡലങ്ങളിൽ പ്രത്യേകാഭിക്ഷമത ഉണ്ടെന്ന് ഏറെക്കുറെ പ്രവചിക്കാൻ കഴിയും. അഭിക്ഷമതാപരീക്ഷകൾ വിവിധ ഭാഷകളിൽ ലഭ്യമാണ്. സംഗീതം, ചിത്രരചന, കണക്കെഴുത്ത്, സംഖ്യാത്മകവും പ്രതലസംബന്ധിയുമായ കാര്യങ്ങൾ, യാന്ത്രികഘടന എന്നിവയിലൊക്കെയുള്ള അഭിക്ഷമതകൾക്ക് പാശ്ചാത്യരാജ്യങ്ങളിൽ നടപ്പുള്ള പരീക്ഷകളെ അവലംബിച്ചും സ്വതന്ത്രമായും കേരളസർവകലാശാലാ വിദ്യാഭ്യാസവകുപ്പിൽ പല പരീക്ഷകളും തയ്യാറാക്കിയിട്ടുണ്ട്. വിവിധ പാഠ്യകോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും വിവിധ തൊഴിലുകളിൽ ഏർപ്പെടുന്നതിനും അഭിക്ഷമതാപരീക്ഷകൾ വെളിച്ചം നല്കും. സംഗീതത്തിൽ വാസനയുള്ളയാളെ ക്ളാർക്കായും ഡോക്ടറായും നിയമിക്കുന്നതും അധ്യാപനത്തിൽ താത്പര്യമുള്ളയാളെ ഖനിയിൽ നിയമിക്കുന്നതും ദേശീയനഷ്ടം വരുത്തും. ഈ നഷ്ടം ഒഴിവാക്കാൻ അഭിക്ഷമതാപരീക്ഷകൾ ഒരളവിൽ സഹായിക്കുന്നു. ഓരോരുത്തർക്കും അഭിക്ഷമതയുള്ള രംഗത്ത് മാത്രം അവരെ കടത്തിവിടുന്നത് വ്യക്തികളുടെ സംതൃപ്തിക്കും സാമൂഹികപുരോഗതിക്കും സഹായകമായിരിക്കും. ഭാരതത്തിൽ ഇത്തരം പരീക്ഷകൾ ഈ കാലഘട്ടത്തിൽ കൂടുതൽ പ്രചാരം ആർജിച്ചു വരുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിക്ഷമതാപരീക്ഷകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിക്ഷമതാപരീക്ഷകൾ&oldid=4234517" എന്ന താളിൽനിന്ന് ശേഖരിച്ചത്