അബ്ദുൽ കരീം ഖത്വാബി
മൊറോക്കൊയിൽ സ്പെയിൻ കാരുടെ സംരക്ഷണാധികാരം (Protectorate) നടപ്പിലാക്കുന്നതിനെതിരായി സമരം നയിച്ച മൊറോക്കൊ നേതാവായിരുന്നു അബ്‌ദുൽ കരീം ഖത്വാബി. മുഹമ്മദ് അബ്ദുൽകരിം അൽ ഖത്വാബി (അറബി: محمد بن عبد الكريم الخطابي) എന്നാണ് ഇദ്ദേഹത്തിന്റെ പൂർണമായ പേര്. പിതാവ് ബെർബർ വംശത്തിൽപെട്ടവനായിരുന്നു. സ്പാനിഷ് രീതിയിലുള്ള വിദ്യാഭ്യാസമാണ് ഇദ്ദേഹത്തിനു ലഭിച്ചത്. കുറേക്കാലം മെലില്ലയിൽ മുഖ്യ ന്യായാധിപനും ടെലിഗ്രാമദെൽറിഫിന്റെ പത്രാധിപരു മായി സേവനം അനുഷ്ഠിച്ചു. ആദ്യകാലങ്ങളിൽ ഇദ്ദേഹം സ്പെയിൻകാരുമായി സൌഹാർദത്തിൽ ആയിരുന്നു. എന്നാൽ ഒരു സ്പാനിഷ് ഉദ്യോഗസ്ഥന്റെ നിന്ദാപൂർവമായ പെരുമാറ്റം ഇദ്ദേഹത്തെ സ്പെയിൻകാരുടെ മുഖ്യശത്രുവാകാൻ പ്രേരിപ്പിച്ചു. കുറച്ചുകാലം ബന്ധനസ്ഥനായി കഴിഞ്ഞെങ്കിലും ഒടുവിൽ രക്ഷപ്പെട്ട് അജ്ദീറിൽ എത്തി. അവിടെ ബെനി ഉറിയാൽ ഗോത്രക്കാരുടെ ഒരു സായുധസേന സജ്ജമാക്കി. 1921-ൽ സ്പെയിൻകാരുടെ ഒരു വലിയ സൈന്യത്തെ തോല്പിച്ചു, ചില പ്രദേശങ്ങൾ അധീനമാക്കി; 1925-ൽ ഫ്രഞ്ചുകാരുമായും ഏറ്റുമുട്ടി. ഫ്രഞ്ച്-സ്പാനിഷ് സംയുക്താക്രമണത്തെ ചെറുത്തു നിൽക്കാൻ കഴിയാതെ വന്നപ്പോൾ ഇദ്ദേഹം ഫ്രഞ്ചുകാർക്ക് കീഴടങ്ങി. അവർ ഇദ്ദേഹത്തെ റീയൂണിയൻ ദ്വീപിലേക്കു നാടുകടത്തി. 21 കൊല്ലം അവിടെ കഴിച്ചശേഷം 1947-ൽ പാരീസിൽ എത്തി. ഇതിനിടയിൽ സ്വതന്ത്രമായിത്തീർന്ന മൊറോക്കൊയിലെ സുൽത്താൻ മുഹമ്മദ് V ഇദ്ദേഹത്തെ അവിടേക്ക് ക്ഷണിച്ചു.
അബ്ദുൽ കരീം ഖത്വാബി | |
---|---|
Nickname | Abd el-Krim or Abdelkrim |
ജനനം | 1880 Ajdir, Morocco |
മരണം | 1963 (വയസ്സ് 77–78) Cairo, Egypt |
ദേശീയത | Morocco |
പദവി | Guerrilla leader |
യുദ്ധങ്ങൾ | റിഫ് യുദ്ധം *അനുവൽ യുദ്ധം |
വടക്കേ ആഫ്രിക്കയിൽ വിദേശികൾ ഉള്ളിടത്തോളം കാലം ഇദ്ദേഹം അവിടെ തിരിച്ചുപോകാൻ ഇഷ്ടപ്പെട്ടില്ല. പിന്നീട് കെയ്റോയിൽ താമസമാക്കി. അവിടെ മഗ്രിബ്ഓഫിസ് എന്ന സംഘടനയുടെ അധ്യക്ഷനായിരുന്നു. 1963-ഫെബ്രുവരി 6-നു കെയ്റോവിൽവച്ച് ഇദ്ദേഹം നിര്യാതനായി.
അവലംബം
തിരുത്തുക- http://www.answers.com/topic/muhammad-ibn-abd-al-karim-al-khattabi
- http://answers.yahoo.com/question/index?qid=20070114120521AAiCTSd Archived 2012-10-29 at the Wayback Machine.
- http://encyclopedia.mitrasites.com/muhammad-ibn-%27abd-al-karim-al-khattabi.html[പ്രവർത്തിക്കാത്ത കണ്ണി]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബ്ദുൽ കരീം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |