അബ്രക്സസ്
ഗൂഢാർഥപ്രതിപാദ്യങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള വിശിഷ്ടമായ ഒരിനം കല്ലിനെയാണ് അബ്രക്സസ് (ഇംഗ്ലീഷ്:Abraxas) എന്നു പറയുന്നത്. മുദ്രിതം എന്ന് അർഥമുള്ള അബ്രക്സസ് അഥവാ അബ്രസ് എന്നീ പദങ്ങളിൽനിന്നുമാണ് ഇതിന് ഈ പേരു ലഭിച്ചത്. ഈ കല്ലുകൾ പല ആകൃതിയിൽ വെട്ടിയെടുത്ത് ചെത്തി മിനുസപ്പെടുത്തി അവയിൽ ഗൂഢാർഥമുള്ള വിവിധതരം പ്രതിരൂപാത്മക ചിത്രങ്ങൾ ആലേഖനം ചെയ്യുന്നു. പ്രധാനമായും മനുഷ്യശരീരം, കോഴിയുടെ തല, സർപ്പത്തിന്റെ വാലും തലയും ഇവയാണ് കൊത്തിവയ്ക്കുക. ഇത്തരം കല്ലുകൾ പല രത്നശേഖരങ്ങളിലും കാണാം. ഇവ സിറിയ, ഈജിപ്റ്റ്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവരപ്പെട്ടവയാണെന്നു കരുതിവരുന്നു. ബാസിലാദിയക്കാരിൽപ്പെട്ട അജ്ഞേയതാവാദികളുടെ ഒരു പ്രത്യേകതയാണ് അബ്രക്സസിന്റെ ഉപയോഗം. പരേതാത്മാവിന്റെ ചൈതന്യബഹിർസ്ഫുരണങ്ങളെന്ന അർഥമാണ് അബ്രക്സസ് എന്ന പദത്തിന് ഇവർ നൽകിയിട്ടുള്ളത്. ഈ വാക്ക് ഗ്രീക് പരല്പേര് അനുസരിച്ച് 365 എന്ന സംഖ്യയെ പ്രതിനിധാനം ചെയ്യുന്നു. ഈ തുക അത്രയും സ്വർഗങ്ങളെയാണ് സൂചിപ്പിച്ചിരുന്നത്. ഈ പദം കൊത്തിയ കല്ലുകളും ലോഹത്തകിടുകളും തങ്ങളുടെമേൽ ദുർമന്ത്രവാദം ഫലിക്കാതിരിക്കാനുള്ള രക്ഷകളായി ബാബിലാദിയന്മാർ ഉപയോഗിച്ചിരുന്നു. പ്രിസ്കില്ലിയന്മാർ (priscilliamists) ഈ വിശ്വാസവും സമ്പ്രദായവും സ്പെയിനിൽ എത്തിച്ചു; അവിടെനിന്നും ക്രമേണ മന്ത്രത്തിലും ജാലവിദ്യയിലും വിശ്വസിക്കുന്ന എല്ലാ ജനവർഗങ്ങൾക്കിടയിലും അബ്രക്സസ് കടന്നുചെന്നു. മധ്യകാലഘട്ടത്തിൽ രക്ഷയെഴുതി കെട്ടുന്നതിനായി ഇത്തരം അബ്രക്സസ് ധാരാളം നിർമിച്ചിരുന്നു.
അവലംബം
തിരുത്തുക- http://www.newadvent.org/cathen/01058b.htm
- http://community-2.webtv.net/Toomuwik/Abrasax/[പ്രവർത്തിക്കാത്ത കണ്ണി]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബ്രക്സസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |