അബ്ദുൽ ഗഫൂർ തോട്ടുങ്ങൽ
കേരളത്തിലെ ഒരു പ്രശസ്തനായ വാനനിരീക്ഷകനായിരുന്നു അബ്ദുൽ ഗഫൂർ തോട്ടുങ്ങൽ. സൗദി അറേബ്യയിൽ പ്രവാസി ആയിരിക്കുമ്പോഴാണ് ഇദ്ദേഹം വാനനിരീക്ഷണം ആരംഭിച്ചത്. അറബികൾ വികസിപ്പിച്ച വാനനിരീക്ഷണ ഉപകരണങ്ങളായ ആസ്ട്രോലാബ് (ഇംഗ്ലീഷ്: Astrolabe), സിനിക്കൾ ക്വാഡ്രന്റ്‌സ് (ഇംഗ്ലീഷ്: Cynical Quadrants), സെക്‌സ്‌ടെന്റ് (ഇംഗ്ലീഷ്: Sextant) എന്നിവ സ്വന്തമായി നിർമിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു[1]
വാന ശാസ്ത്രവുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ ഇരുനൂറിലേറെ ലേഖനങ്ങൾ ലോകത്തിലെ പല സയൻസ് മാഗസിനുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 14 ഭാഷകൾ അറിയാമായിരുന്ന അറബിയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നു. അറബി ഭാഷയിൽ അദ്ദേഹം കൂടുതലായും എഴുതിയിരുന്ന ലേഖനങ്ങൾ അറബ് പത്രങ്ങളിൽ ഉൾപ്പെടെ പ്രസിദ്ധീകരിച്ചിരുന്നു. വാനശാസ്ത്രത്തിന്റെ ചരിത്രവും അദ്ദേഹത്തിന് പ്രധാന പഠന മേഖല ആയിരുന്നു. നാസയുടെ അമേച്വർ അസ്‌ട്രോണമി റിസർച്ചറായിരുന്നു അദ്ദേഹം.
ചെലവ് കുറഞ്ഞ രീതിയിലുള്ള ടെലസ്ക്കോപ്പ് നിർമ്മാണ രീതികളും ഇദ്ദേഹം വികസിപ്പിക്കുകയുണ്ടായി. പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജിൽ എകണോമിക്‌സ് ബിരുദധാരിയായിരുന്നു. 2015 മെയ് 25ന് അന്തരിച്ചു.[2]