അടിമത്തനിരോധന പ്രസ്ഥാനം

(അബോളിഷനിസ്റ്റുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിൽ നിലനിന്ന അടിമത്തത്തിനെതിരെ 17,18 ശതകങ്ങളിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് അടിമത്തനിരോധന പ്രസ്ഥാനം. 1619-ൽ നീഗ്രോവംശജരായ അടിമകളുടെ ആദ്യസംഘം വെർജീനിയായിലെത്തിയതോടെ അമേരിക്കൻ കോളനികളിൽ അടിമത്തം ആരംഭിച്ചു. അമേരിക്കയിൽ കുടിയേറിപ്പാർത്ത യൂറോപ്യൻമാരിൽ ചില വിഭാഗങ്ങളെങ്കിലും ആരംഭകാലം മുതൽ ഈ സമ്പ്രദായത്തിനെതിരായിരുന്നു. ക്രൈസ്തവാദർശങ്ങൾക്ക് വിരുദ്ധമാണെന്നതായിരുന്നു അടിമത്തത്തിന് എതിരായുയർന്നുവന്ന ആദ്യത്തെ ശക്തമായ വാദഗതി. അടിമത്തനിരോധനപ്രസ്ഥാനത്തിന് നാന്ദി കുറിക്കാൻ ഈ വാദം വളരെയേറെ സഹായിച്ചിട്ടുണ്ട്. അമേരിക്കൻ വിപ്ലവത്തോടുകൂടി മറ്റൊരു വാദവും ഉന്നയിക്കപ്പെട്ടു. 'അടിമത്തം മനുഷ്യാവകാശധ്വംസനമാണ്' എന്ന 'മനുഷ്യന്റെ സമത്വ'ത്തെപ്പറ്റിയുള്ള സ്വാതന്ത്ര്യപ്രഖ്യാപനത്തിലെ പരാമർശം അടിമകളുടെ വിമോചനത്തെക്കൂടി സൂചിപ്പിക്കുന്നതായി പലരും അഭിപ്രായപ്പെട്ടു. വടക്കൻ കോളനികളിൽ സ്വാതന്ത്ര്യപ്രഖ്യാപനത്തോടുകൂടിത്തന്നെ അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള പരിപാടികൾ ആസൂത്രണംചെയ്തു തുടങ്ങിയിരുന്നു.

ഞാനുമൊരു മനുഷ്യനും, സഹോദരനുമല്ലേ?, അടിമത്തനിരോധന പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചിത്രം, 1787

അടിമത്തനിരോധനത്തിനായി തീവ്രവാദമാർഗ്ഗങ്ങൾ അവലംബിച്ചവർ അബോളിഷനിസ്റ്റുകൾ എന്ന പേരിൽ അറിയപ്പെട്ടു.[1]

ക്വേക്കർമാർ

തിരുത്തുക

ക്രിസ്തുമതത്തിലെ ഒരു വിഭാഗക്കാരായ ക്വേക്കർമാർ അടിമത്തവിരുദ്ധപ്രസ്ഥാനത്തിലെ ഒരു പ്രബലശക്തിയായിരുന്നു. അടിമവ്യാപാരത്തിൽനിന്നു പിന്തിരിയുവാൻ അവർ അനുയായികളെ ആഹ്വാനം ചെയ്തു 1696. 1774-ൽ അടിമവ്യാപാരവുമായി ബന്ധമുള്ളവർക്കും 1776-ൽ അടിമകളുടെ ഉടമകൾക്കും തങ്ങളുടെ മതവിഭാഗത്തിൽ അംഗത്വം നിഷേധിക്കുവാൻ പെൻസിൽവേനിയയിലെ ക്വേക്കർമാർ മുൻകൈയെടുത്തു. മറ്റു സംസ്ഥാനങ്ങളിലെ ക്വേക്കർമാരും ഈ മാതൃക സ്വീകരിച്ചു. അടിമത്ത നിരോധനപ്രസ്ഥാനത്തിൽ ആദ്യകാലങ്ങളിൽ പ്രവർത്തിച്ച ക്വേക്കർ നേതാക്കളിൽ ജോൺ വൂൾമാൻ (1720-72), അന്തോണി ബെനിസെറ്റ് (1713-84) എന്നിവർ പ്രമുഖരാണ്. 1774-ൽ ജെയിംസ് പെംബർടൻ, ബെഞ്ചമിൻ റഷ് എന്നിവരുടെ നേതൃത്വത്തിൽ പെൻസിൽവേനിയൻ അടിമത്തനിർമാജനസംഘടന രൂപവത്കൃതമായി. 1787-ൽ ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ നേതൃത്വത്തിൽ കൂടുതൽ വിശാലമായ അടിസ്ഥാനത്തിൽ ഈ പ്രസ്ഥാനം പുനഃസംഘടിപ്പിക്കപ്പെട്ടു. അധികം താമസിയാതെ തന്നെ യു.എസ്സിലെ നാനാഭാഗങ്ങളിലും ഇത്തരം സംഘടനകൾ രൂപംകൊണ്ടു. അടിമകളോടു കൂടുതൽ മനുഷ്യത്വപരമായ പെരുമാറ്റവും അതിലുപരിയായി അടിമത്ത നിർമാർജ്ജനംതന്നെയും ആവശ്യപ്പെട്ടുകൊണ്ട് ഈ സംഘടനകൾ നിയമസഭകൾക്ക് ഹർജികൾ സമർപ്പിച്ചുകൊണ്ടിരുന്നു.

സ്വാതന്ത്യസമരകാലം

തിരുത്തുക

അമേരിക്കൻ വിപ്ലവ പ്രസ്ഥാനത്തിന്റെ കാലത്ത് (1775-83) മനുഷ്യാവകാശസ്ഥാപനത്തിനുവേണ്ടി രൂപംകൊണ്ട പ്രസ്തുത വാദഗതി എല്ലാ കോളനികളിലും ചലനങ്ങൾ സൃഷ്ടിച്ചു. അമേരിക്കയിലെ പ്രമുഖ നേതാക്കളെല്ലാംതന്നെ താത്ത്വികമായെങ്കിലും അടിമത്തത്തിനോട് എതിർപ്പ് പ്രകടിപ്പിച്ചുതുടങ്ങി. പ്രഥമ അമേരിക്കൻ പ്രസിഡന്റായ ജോർജ് വാഷിങ്ടൻ, അടിമകളുടെ വിമോചനത്തിന് തന്റെ മരണപത്രത്തിൽ വ്യവസ്ഥ ചെയ്യുകവരെയുണ്ടായി. അടിമത്തം നിയമാനുസരണം അവസാനിപ്പിക്കുന്ന ഒരു പദ്ധതി രൂപംകൊള്ളണമെന്നുള്ള തന്റെ ആഗ്രഹം ഒരിക്കൽ അദ്ദേഹം തന്റെ പിൻഗാമികളിലൊരാളായ തോമസ് ജെഫേഴ്സനോട് പ്രകടിപ്പിച്ചിരുന്നു. ബെഞ്ചമിൻ ഫ്രാങ്ക്ളിനും അലക്സാണ്ടർ ഹാമിൽട്ടനും വിമോചനസംഘങ്ങളുടെ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നപ്പോൾ, പാട്രിക്ക് ഹെന്റി, ജെയിംസ് മാഡിസൻ എന്നിവർ അടിമത്തത്തെ ശക്തിയായി അപലപിച്ചു. ഒരു പക്ഷേ ഇക്കാര്യത്തിൽ ഏറ്റവും ശക്തമായ ഭാഷ ജെഫേഴ്സന്റെതായിരുന്നു. വെർജീനിയയെക്കുറിച്ചുള്ള കുറിപ്പുകൾ എന്ന പുസ്തകത്തിൽ അദ്ദേഹം അടിമത്തത്തിനെതിരായി ശക്തിയായ ഭാഷയിലെഴുതി. വടക്കുപടിഞ്ഞാറൻ മേഖലകളിൽ അടിമത്തത്തിന്റെ അന്ത്യം കുറിക്കാൻ 1784-ൽ അദ്ദേഹം നടത്തിയ ശ്രമം വിജയിച്ചില്ലെങ്കിലും 1787-ലെ ഒരുത്തരവുമൂലം (North Western Ordinance) അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായി.

ഫിലഡൽഫിയ കോൺഗ്രസ്സിൽ (1774) ഭരണഘടനയ്ക്ക് രൂപംകൊടുത്ത നേതാക്കളെല്ലാംതന്നെ അടിമത്തത്തിനെതിരായിരുന്നു. ഭരണഘടന നിലവിൽവന്ന് 20 വർഷം കഴിയുന്നതോടെ വിദേശങ്ങളിൽനിന്നുള്ള അടിമകളുടെ ക്രയവിക്രയങ്ങൾ നിരോധിക്കാൻ വേണ്ട അധികാരം അവർ കോൺഗ്രസിന് നല്കി. ഈ സമയം വടക്കൻ സംസ്ഥാനങ്ങൾ അടിമത്തം നിരോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. 1777-ൽ വെർമോണ്ടിലെ ജനങ്ങൾ, പ്രായപൂർത്തിയാകുന്ന അടിമകളെ മോചിപ്പിക്കുന്നതിന് നിയമമുണ്ടാക്കി. ആ വർഷത്തിനുശേഷം ജനിക്കുന്ന അടിമകളെ 28 വയസ് തികയുമ്പോൾ സ്വതന്ത്രരാക്കാൻ 1780-ൽ പെൻസിൽവേനിയയിലും നിയമമുണ്ടായി. 1804-നകം മസ്സാച്ചുസെറ്റ്സ്, ന്യൂഹാംഷയർ, റോഡ്ഐലന്റ്, കണക്റ്റിക്കട്ട്, ന്യൂയോർക്ക്, ന്യൂജഴ്സി എന്നീ സംസ്ഥാനങ്ങളിൽ അടിമത്തം ഉടൻ അവസാനിപ്പിക്കുന്നതോ, പടിപടിയായി അവസാനിപ്പിക്കുന്നതോ ആയ നിയമങ്ങൾ നിർമ്മിക്കപ്പെട്ടു. അങ്ങനെ 1800-നു മുൻപായി അമേരിക്കൻ യൂണിയനിൽ ചേർക്കപ്പെട്ട 16-ൽ 8 സംസ്ഥാനങ്ങളും അടിമത്തനിരോധനത്തിനുള്ള നിയമനിർമ്മാണങ്ങൾ പൂർണമാക്കി.

ഇക്കാലമത്രയും അടിമത്തനിരോധനപ്രസ്ഥാനം സമാധാനപരമായ മാർഗങ്ങളിലൂടെയാണ് മുന്നോട്ടു നീങ്ങിയിരുന്നത്. ധാർമിക നിലവാരത്തിൽ അടിമത്തത്തെ എതിർത്തിരുന്ന ക്വേക്കർമാർ അവരുടെ മിതവാദിത്വത്തിന് കളങ്കം ഏല്പിക്കാതെയാണ് പ്രവർത്തിച്ചുവന്നത്. മിസ്സോറിയെ യൂണിയനിൽ ചേർക്കുന്ന പ്രശ്നം വന്നപ്പോഴാണ്, അടിമത്തത്തെക്കുറിച്ചുള്ള ഭിന്നാഭിപ്രായക്കാർ തമ്മിലുള്ള വാക്സമരം അതിരൂക്ഷമായത്. ബെഞ്ചമൻ ലണ്ടി എന്ന ക്വേക്കർ 1821-ൽ ജീനിയസ് ഒഫ് യൂണിവേഴ്സൽ ഇമാൻസിപ്പേഷൻ എന്ന പത്രത്തിന്റെ പ്രസിദ്ധീകരണം ആരംഭിച്ചതോടെ അടിമത്തത്തിനെതിരായുള്ള പ്രസ്ഥാനം ശക്തമായി. വില്യം ലോയിഡ് ഗാരിസൻ എന്ന യുവാവിന്റെ സഹായം 1829-ൽ ലഭ്യമായതോടെ ലണ്ടിയുടെ പ്രവർത്തനത്തിന് പുതിയൊരാവേശം കൈവന്നു. വിമോചനപ്രസ്ഥാനക്കാരുടെ ഇടയിൽ ഒരു തീവ്രവാദിയായി ഗാരിസൻ പ്രശസ്തനായി. അധികം താമസിയാതെ ന്യൂയോർക്കിൽനിന്ന് ഇമാൻസിപ്പേറ്റർ എന്ന പേരിൽ അടിമത്ത നിരോധനപ്രസ്ഥാനം ഒരു മുഖപത്രം ആരംഭിച്ചു. ആർതർ ടപ്പൻ ആയിരുന്നു ഇതിന്റെ പത്രാധിപർ.

വില്യം ലോയിഡ് ഗാരിസന്റെ (1805-79) നേതൃത്വത്തിൽ 1831-ൽ ദി ലിബറേറ്റർ എന്ന പത്രം പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെ അടിമത്തവിരുദ്ധരിൽ തീവ്രവാദികളുടെ ഒരുവിഭാഗം ഉയർന്നുവന്നു. പടിപടിയായുള്ള വിമോചനം എന്ന് അക്കാലത്ത് പ്രചരിച്ചിരുന്ന ആശയത്തെ ആത്മാർഥതയില്ലാത്തതും ദ്രോഹബുദ്ധി നിറഞ്ഞതുമായ ഒന്ന് എന്നു പ്രഖ്യാപിച്ചുകൊണ്ട്, ഉടമകൾക്ക് യാതൊരു നഷ്ടപരിഹാരവും നല്കാതെ അടിമകളെ ഉടനടി മോചിപ്പിക്കണമെന്ന് ഗാരിസൻ വാദിച്ചു.

നേതാക്കൾ

തിരുത്തുക

പ്രഗല്ഭരും സാഹസികരുമായ ഒരു കൂട്ടം വാഗ്മികളും ആത്മാർഥതയുള്ള സാമൂഹികപ്രവർത്തകരും ജനസ്വാധീനതയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളും വിമോചനപ്രസ്ഥാനത്തിനുവേണ്ടി ഒരു കുരിശുയുദ്ധം നടത്താൻ തന്നെ തയ്യാറായി. ഇക്കൂട്ടത്തിൽ പലരും പ്രസിദ്ധി നേടിയിട്ടുണ്ട്. ജനങ്ങളെ ഉദ്ബുദ്ധരും ആവേശഭരിതരും ആക്കുന്നതിൽ വെൻഡൽ ഫിലിപ്സ് തന്റെ വാഗ്മിതയെ പ്രയോജനപ്പെടുത്തി. ജനങ്ങളെ ആവേശംകൊള്ളിക്കുന്നതിൽ അമേരിക്കൻവാഗ്മിയും രാജ്യതന്ത്രജ്ഞനുമായ പാട്രിക്ക് ഹെന്റിക്കുശേഷം (1736-99) അമേരിക്കയിൽ മറ്റാർക്കും അതുപോലെകഴിഞ്ഞിട്ടില്ല. ദക്ഷിണ കരോലിനയിൽനിന്ന് സാറാ ഗ്രിംകെ, ആൻജലീനാ ഗ്രിംകെ എന്നീ സഹോദരിമാർ ഫിലഡൽഫിയയിലെ ക്വേക്കർമാരുടെ സുഹൃദ്സംഘത്തിൽ അംഗങ്ങളാകുകയും അവരുടെ ജീവിതം അടിമത്തനിർമാർജ്ജനത്തിനുവേണ്ടി സമർപ്പിക്കുകയും ചെയ്തു. ചാൾസ് ജി. ഫിന്നിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട തിയഡോർ ഡ്വൈറ്റ് വെൽഡ് (1803-95) ന്യൂയോർക്ക് ഗ്രൂപ്പിലെ ഒരു പ്രമുഖനേതാവായിരുന്നു. വെൽഡും അനുയായികളും പ്രദർശിപ്പിച്ച ആവേശം ജനസഹസ്രങ്ങളെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാൻ പര്യാപ്തമായി. അടിമത്തനിരോധന പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 2,000-ത്തോളം സംഘങ്ങൾ 1850-ന് മുൻപായി നിലവിൽ വന്നുകഴിഞ്ഞിരുന്നു; അവയിലെല്ലാംകൂടി രണ്ടു ലക്ഷത്തോളം അംഗങ്ങളുണ്ടായിരുന്നു. വെൽഡ് രചിച്ച അമേരിക്കൻ അടിമത്തം-അതിന്റെ യഥാതഥരൂപത്തിൽ എന്ന ഗ്രന്ഥത്തെ വിമോചനപ്രസ്ഥാനത്തിന്റെ വേദപുസ്തകമായി കണക്കാക്കാം. ഫിലഡൽഫിയയിലെ ലുക്രീഷ്യാമോട്ട് പൊതുപ്രവർത്തനങ്ങളിൽ വനിതകൾക്കുള്ള വിലക്കുകൾ തൂത്തെറിഞ്ഞുകൊണ്ട് വിമോചനത്തിന്റെ ഒരുന്നത വക്താവായിത്തീർന്നു. ഗെറിറ്റ് സ്മിത്ത് എന്ന കോടീശ്വരൻ തന്റെ സമ്പത്തും സമയവും പൂർണമായും വിമോചനപ്രസ്ഥാനത്തിനുവേണ്ടി ഉഴിഞ്ഞുവച്ചു.

ജോൺ ഗ്രീൻലീഫ് വിറ്റിയർ വിമോചനപ്രസ്ഥാനത്തിന്റെ ഒരു ഗായക കവിയായിരുന്നു. കവിതകളും ലേഖനങ്ങളും വഴി ഇദ്ദേഹം പ്രസ്ഥാനത്തെ മുപ്പതു വർഷക്കാലം സേവിച്ചു. ഫ്രെഡറിക്ക് ഡഗ്ളസ്, ഹാരിയറ്റ് ടബ്മാൻ എന്നിവർ ഒളിച്ചോടിയ അടിമകളായിരുന്നു. ഇവരെ കൂടാതെ അജ്ഞാതരായ അനവധി പ്രവർത്തകർ അവരവരുടെ പ്രദേശങ്ങളിൽ വിമോചനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ ജാഗരൂകരായിരുന്നു. അണ്ടർ ഗ്രൌണ്ട് റെയിൽ റോഡ് എന്നറിയപ്പെട്ടിരുന്ന രഹസ്യമാർഗങ്ങളിലൂടെ കാനഡയിൽ അഭയം തേടി, സ്വതന്ത്രരാകുന്നതിന് അടിമകളെ സഹായിക്കാൻ ചില നിഗൂഢസംഘങ്ങൾ നിരന്തരം പ്രവർത്തിച്ചു. ഹാരിയറ്റ് എലിസബത്ത് ബീച്ചർ സ്റ്റോവ് 1852-ൽ രചിച്ച അങ്കിൾ റ്റോംസ് കാബിനിൽ (Uncle Tom's Cabin) അടിമകളുടെ, ജീവിതവ്യഥയുടെ കഥകളാണ് ചിത്രീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അതിന് ജനലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാനും കഴിഞ്ഞു. ജോൺ ബ്രൌൺ സാഹസികനായ ഒരു വിമോചനഭടനായിരുന്നു. അദ്ദേഹം ഹാർപ്പേർസ് ഫെറിയിലെ ആയുധപ്പുര ആക്രമിച്ച് (1859) വെടിക്കോപ്പുകളും യുദ്ധോപകരണങ്ങളും അടിമകൾക്ക് എത്തിച്ചുകൊടുക്കാൻ ശ്രമിച്ചു. പക്ഷേ, അദ്ദേഹം അറസ്റ്റു ചെയ്യപ്പെടുകയും വിചാരണയ്ക്കു ശേഷം വധിക്കപ്പെടുകയുമാണുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ജനങ്ങളുടെ മനഃസാക്ഷിയെ തട്ടിയുണർത്തി.

തീവ്രവാദികളുടെ പ്രവർത്തനങ്ങൾ

തിരുത്തുക

സംഘടന കെട്ടിപ്പടുക്കുന്നതിൽ വിമോചനപ്രസ്ഥാനക്കാർ അതീവ ശ്രദ്ധാലുക്കളായിരുന്നു. 1831-ൽ ആദ്യത്തെ പ്രാദേശികസംഘടന രൂപംകൊണ്ടു. 1832-ൽ ന്യൂഇംഗ്ളണ്ട് അടിമത്തനിരോധനസംഘം രൂപവത്കൃതമായി. 1833-ലെ ഫിലഡൽഫിയ കൺവെൻഷനിൽ വച്ച് അമേരിക്കൻ അടിമത്തനിരോധനസംഘം നിലവിൽവന്നു. രാഷ്ട്രീയപ്രവർത്തനത്തിൽ പങ്കെടുക്കുന്നതിനെപ്പറ്റി സംഘടനയിൽ 1840-ൽ ഭിന്നിപ്പുണ്ടായി. ഗാരിസനും കുറെ തീവ്രവാദികളും രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് എതിർത്തു. അടിമത്തത്തെ അംഗീകരിക്കുന്ന യു.എസ്. ഭരണഘടന മരണവുമായുള്ള ഒരു ഉടമ്പടിയും നരകവുമായുള്ള ഒരു കരാറും ആണെന്നായിരുന്നു ഗാരിസന്റെ അഭിപ്രായം. അത്തരത്തിലുള്ള ഒരു രാഷ്ട്രത്തിലെ ഗവൺമെന്റിന്റെ കീഴിൽ വോട്ടുരേഖപ്പെടുത്തുന്നതുപോലും തെറ്റാണെന്നായിരുന്നു വിമോചനപ്രസ്ഥാനക്കാരനും മതപ്രസംഗകനുമായിരുന്ന തിയഡോർ പാർക്കർ (1810-60) വിശ്വസിച്ചിരുന്നത്. പക്ഷേ, പ്രശസ്തരായ പല നേതാക്കളും ഈ അഭിപ്രായക്കാരായിരുന്നിട്ടും പ്രസ്ഥാനത്തിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം നേരെമറിച്ചായിരുന്നു. ഏകോപിച്ച രാഷ്ട്രീയപ്രവർത്തനംകൊണ്ടു മാത്രമേ തങ്ങളുടെ ലക്ഷ്യം നിറവേറുകയുള്ളു എന്ന് അവർ വിശ്വസിച്ചു. 1840-ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി അവർ ലിബർട്ടി പാർട്ടി രൂപവത്കരിച്ചു. പാർട്ടി സ്ഥാനാർഥിയായി ജയിംസ് ജി. ബർണി 1840-ലും 1844-ലും പ്രസിഡന്റുസ്ഥാനത്തേക്കു മത്സരിച്ചു. അമേരിക്കൻ ഐക്യനാടുകളിലെ ആഭ്യന്തരയുദ്ധത്തിന് അടിമത്തവിരുദ്ധരും അല്ലാത്തവരും തമ്മിലുള്ള ഒരു യുദ്ധത്തിന്റെ പരിവേഷം ചാർത്തിയത് അബോളിഷനിസ്റ്റുകളുടെ പ്രവർത്തനമായിരുന്നു.

അബോളിഷനിസ്റ്റുകളുടെ പ്രവർത്തനങ്ങൾ ആവേശപൂർവം നടന്നുകൊണ്ടിരിക്കെതന്നെ അവരോടുള്ള എതിർപ്പും വർധിക്കുകയായിരുന്നു. അവരുടെ പ്രവർത്തനം നിയന്ത്രിച്ചില്ലെങ്കിൽ യു.എസ്സിന്റെ നിലനില്പുതന്നെ അപകടത്തിലാകുമെന്ന് ജനങ്ങളിൽ ഗണ്യമായ ഒരു വിഭാഗം വിശ്വസിച്ചു. സംഘടിതമായ രീതിയിൽ അവർ വിമോചനപ്രസ്ഥാനക്കാരെ എതിർത്തുതുടങ്ങി. അവരെ വധിക്കാൻപോലും തയ്യാറായി. അക്രമാസക്തമായ ഒരു ജനക്കൂട്ടം ഗാരിസനെ ബോസ്റ്റൺ തെരുവുകളിൽകൂടി വലിച്ചിഴച്ചു. വിമോചനപ്രസ്ഥാനക്കാരനായ എലിജലൌജോയി എന്ന പത്രാധിപരെ 1837-ൽ കുപിതരായ ഒരു സംഘം ആളുകൾ വെടിവച്ചുകൊന്നു. എന്നാൽ എതിർപ്പുകളെ അഗവണിച്ചുകൊണ്ട് അബോളിഷനിസ്റ്റുകൾ ധീരമായി അവരുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയി. പത്രങ്ങളും ലഘുലേഖകളും പ്രസംഗങ്ങളുംവഴി ജനതയുടെ മനഃസാക്ഷിയെ തട്ടിയുണർത്താൻ അവർ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരുന്നു. കൂടാതെ, അടിമകളുടെ വിമോചനം ആവശ്യപ്പെട്ടുകൊണ്ട് അവർ തുടർച്ചയായി കോൺഗ്രസിന് ഹർജികൾ സമർപ്പിക്കുകയും ചെയ്തു.

ഉടമകളുടെ ചെറുത്തുനിൽപ്പ്

തിരുത്തുക

വിമോചനപ്രസ്ഥാനം കൂടുതൽ കരുത്താർജിച്ചുവരുന്തോറും അടിമകളുടെ ഉടമകൾ തങ്ങളുടെ ശക്തി വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരായിത്തുടങ്ങി. ഇക്കാര്യത്തിൽ അവർ വിജയിക്കുകയും ചെയ്തു. 1803 -ൽ ലൂയിസിയാന വിലയ്ക്കുവാങ്ങിയത്, 1820 -ലെ മിസ്സോറിയെ സംബന്ധിച്ച അനുരഞ്ജനതീർപ്പ്, 1845 -ലെ ടെക്സാസ് പിടിച്ചടക്കൽ, 1850 -ലെ ഒളിച്ചോടുന്ന അടിമകളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നിയമം, 1854 -ലെ കാൻസാസ്-നെബ്രാസ്കാബിൽ, 1857 -ലെ ഡ്രെഡ്സ്കോട്ടിനെപ്പറ്റിയുള്ള സുപ്രീംകോടതിവിധി എന്നിവ അവരുടെ വളർച്ചയെ സഹായിച്ചു. ഇത് വിമോചനപ്രസ്ഥാനത്തിന് കൂടുതൽ നിശ്ചയദാർഢ്യവും ആവേശവും പകർന്നുകൊടുക്കുകയാണുണ്ടായത്. അമേരിക്കയിലെ പ്രായോഗിക രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കാതിരുന്ന ബുദ്ധിജീവികൾ പൂർണമായും അടിമത്തവിരുദ്ധർ ആയിത്തീർന്നു.

എന്നാൽ തെക്കൻ സംസ്ഥാനങ്ങളും വടക്കുള്ള അവരുടെ പാർശ്വവർത്തികളും അടിമത്തത്തിനെതിരെ സംസാരിക്കുന്നതുപോലും തടയാൻ ശ്രമിച്ചു. അടിമത്തം നിലവിലിരുന്ന സംസ്ഥാനങ്ങളിലെ ക്രൈസ്തവദേവാലയാധികൃതർപോലും അടിമത്തം നിലനിർത്തുന്നതിനെ അനുകൂലിക്കുന്ന തരത്തിൽ സംസാരിച്ചുതുടങ്ങി. പക്ഷേ, അടിമത്തത്തിനെതിരായി ജനവികാരം വളർന്നതിനാൽ പ്രശ്നം പരിഹരിക്കുവാൻ ഒരു സായുധസംഘട്ടനം അനിവാര്യമാണെന്നനില വന്നുചേർന്നു.

എബ്രഹാം ലിങ്കൺ

തിരുത്തുക
 
എബ്രഹാം ലിങ്കൺ

1860-ൽ എബ്രഹാം ലിങ്കൺ അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ, ദക്ഷിണ സംസ്ഥാനങ്ങൾ യൂണിയനിൽനിന്ന് വിട്ടുപോയി. തുടർന്ന് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധം രൂക്ഷമായതോടെ തീവ്രവാദികൾ അടിമത്തനിരോധനത്തിനുവേണ്ടിയുള്ള തങ്ങളുടെ ശബ്ദത്തിന് ആക്കം കൂട്ടി. അതേസമയംതന്നെ ഗവണ്മെന്റ് പല സുപ്രധാന നടപടികളും കൈക്കൊണ്ടു. 1862-ൽ അമേരിക്കയിൽ സ്റ്റേറ്റുപദവി നല്കപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത പ്രദേശങ്ങളിൽ അടിമത്തം നിരോധിച്ചു. 1862 സെപ്റ്റംബർ 22-ന് എബ്രഹാം ലിങ്കൺ ചരിത്രപ്രസിദ്ധമായ ഒരു വിമോചനവിളംബരം പുറപ്പെടുവിച്ചു. അമേരിക്കയുടെ സർവസൈന്യാധിപനെന്ന അധികാരം ഉപയോഗിച്ചുകൊണ്ട്, യൂണിയനുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങളിലെ അടിമകളെ 1863 ജനുവരി 1 മുതൽ സ്വതന്ത്രരാക്കിക്കൊണ്ടുള്ളതായിരുന്നു ഈ വിളംബരം.

വിമോചനപ്രസ്ഥാനത്തിന് ലിങ്കന്റെ വിളംബരം ശക്തിമത്തായ ആവേശം പകർന്നു. യുദ്ധം അവസാനിക്കുന്നതിനുമുൻപായിതന്നെ മിസ്സോറി, വെസ്റ്റ്വെർജീനിയ, മേരിലാൻഡ്, ടെന്നസി, ലൂയിസിയാന എന്നീ സംസ്ഥാനങ്ങൾ അടിമത്തം അവസാനിപ്പിക്കുവാൻ നടപടികൾ എടുത്തു. ഒരു ഭരണഘടനാഭേദഗതി വഴി, നാട്ടിലെ അടിമത്തത്തിന് എന്നെന്നേക്കുമായി വിരാമം ഇടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രസ്ഥാനം അപ്പോഴേക്കും വളരെ ശക്തിപ്രാപിച്ചുകഴിഞ്ഞിരുന്നു. തുടർന്ന് 1865-ൽ അത്തരത്തിലുള്ള ഒരു ഭരണഘടനാഭേദഗതി അംഗീകരിക്കപ്പെട്ടു. അങ്ങനെ അമേരിക്കൻ ഐക്യനാടുകളിലെ അടിമത്തം അവസാനിച്ചു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടിമത്തനിരോധന പ്രസ്ഥാനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.