ചാന്ദ്രപര്യവേക്ഷണവും പര്യടനവും ലക്ഷ്യമാക്കി യു.എസ്. ആസൂത്രണം ചെയ്ത ബഹിരാകാശ പദ്ധതി. യവനപുരാണത്തിലെ സൂര്യദേവൻ അപ്പോളോയെ അവലംബിച്ചാണ് ഐതിഹാസികമായ ചാന്ദ്രയാത്രാപദ്ധതിക്ക് അപ്പോളോ പദ്ധതി എന്നു പേരിട്ടത്. അപ്പോളോ ബഹിരാകാശ പേടകവും[1] സാറ്റേൺ വിക്ഷേപിണിയും[2] ആണ് ഈ യാത്രകൾക്ക് ഉപയോഗിച്ചത്.

അപ്പോളോ പദ്ധതിയുടെ പദവിമുദ്ര

പദ്ധതിയുടെ തുടക്കം

തിരുത്തുക

ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണതത്ത്വം[3] അനുസരിച്ചുതന്നെ ചാന്ദ്രയാത്ര[4] സാധ്യമാണെന്ന് ശാസ്ത്രജ്ഞർ കരുതിയിരുന്നു. ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം വയ്ക്കുന്നു; ഭൂമി ചന്ദ്രനെയും ഭൂമിയെ ചന്ദ്രനും ആകർഷിക്കുന്നു. ചന്ദ്രന്റെ ഗതിവേഗവും ഭൂഗുരുത്വാകർഷണവും തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിൽക്കുന്നു. ഈ ശക്തികളെ അതിലംഘിക്കുക എന്നതാണ് ചാന്ദ്രയാത്ര സാധിക്കാനുള്ള മാർഗം. ഭൂമിയുടെ ആകർഷണത്തെ ശക്തിയായി പ്രതിരോധിക്കുകയും ആ മേഖല കടന്ന് ചന്ദ്രന്റെ ആകർഷണമേഖലയിൽ പ്രവേശിക്കുകയും ആണ് ആദ്യഘട്ടം. തുടർന്ന് ചന്ദ്രന്റെ ആകർഷണം കൊണ്ടുതന്നെ ചന്ദ്രനിലേക്ക് എത്താൻ കഴിയും. പക്ഷേ വേഗത നിയന്ത്രിച്ചില്ലെങ്കിൽ വാഹനം കുത്തനെ ചന്ദ്രനിൽ ചെന്നിടിക്കും. ഈ നിയന്ത്രണം സാധിക്കുന്നതു റോക്കറ്റുകളുടെ സഹായത്താലാണ്.

യു.എസ്. പ്രസിഡന്റ് ഐസനോവറിന്റെ കാലത്താണ് അപ്പോളോ പദ്ധതിയുടെ പ്രാഥമിക രൂപരേഖ[5] തയ്യാറാക്കപ്പെട്ടത്. മനുഷ്യനിയന്ത്രിത ബഹിരാകാശ പദ്ധതികളായ മെർക്കുറി, ജെമിനി എന്നിവയുടെ തുടർച്ചയെന്ന നിലയ്ക്കാണ് അപ്പോളോ പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടത്. 1960-കളിൽ തന്നെ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അപ്പോളോ പദ്ധതി പ്രസിഡന്റ് കെന്നഡി പുനഃസംവിധാനം ചെയ്തു (1961). ചന്ദ്രനെയും ചാന്ദ്രമണ്ഡലത്തേയും കുറിച്ച് മെർക്കുറി - ജെമിനി പദ്ധതികൾ,[6] യു.എസ്.എസ്.ആറിന്റെ ലൂണാർ പദ്ധതി[7] തുടങ്ങിയവ നൽകിയ അറിവുകൾ അടിസ്ഥാനമാക്കി പ്രാതികൂലഘടകങ്ങളെ അതിജീവിക്കാൻ സാധിക്കുന്നവിധത്തിലാണ് അപ്പോളോ വാഹനങ്ങൾ രൂപകല്പന ചെയ്തത്.

അപ്പോളോ വാഹനം - ഘടന

തിരുത്തുക
 
മാതൃപേടകം
 
ചാന്ദ്രപേടകം
 
ആരോഹണ ഭാഗം

അപ്പോളോ വാഹനത്തിന് 3 ഭാഗങ്ങളുണ്ട്:

  1. മുഖ്യവാഹനം അഥവാ മാതൃപേടകം (command module)
  2. സാധനസാമഗ്രികൾ നിറച്ച പേടകം (Service module)
  3. ചാന്ദ്രപേടകം (Lunar module).

യാത്രയുടെ ഭൂരിഭാഗവും മൂന്നു സഞ്ചാരികൾ ഒരുമിച്ചു മാതൃപേടകത്തിൽ കഴിയുന്നു.[8] അതിൽ ആഫീസ്മുറിയും കിടക്കമുറിയും ഊണുമുറിയും കുളിമുറിയും മറ്റും സജ്ജീകരിച്ചിരിക്കും. മാതൃപേടകവും ഭൂമിയിലെ ബഹിരാകാശകേന്ദ്രവും തമ്മിൽ നിരന്തര സമ്പർക്കം പുലർത്തുന്നു. യാത്രയുടെ ആരംഭത്തിൽ സർവീസ് മോഡ്യൂൾ മാതൃപേടകത്തോടു ചേർത്തു ഘടിപ്പിച്ചിരിക്കും.[9] സർവീസ് മോഡ്യൂളിലാണ് റോക്കറ്റ് ഇന്ധനവും യാത്രയിൽ സഞ്ചാരികൾക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ മുതലായവയും സംഭരിച്ചുവയ്ക്കുന്നത്. മൂന്നാമത്തെ ഭാഗമായ ചാന്ദ്രപേടകം[10] സർവീസ് മോഡ്യൂളിന് അടിയിലായിട്ടാണ് യാത്രയുടെ ആരംഭത്തിൽ ഘടിപ്പിച്ചുവയ്ക്കുന്നത്. യാത്രാമധ്യത്തിൽ ചാന്ദ്രപേടകം സർവീസ് മോഡ്യൂളിനു മുകളിലായി മാതൃപേടകത്തോടു ചേർത്തു ഘടിപ്പിക്കും.

ചാന്ദ്രമണ്ഡലത്തിൽവച്ച് ചാന്ദ്രപേടകം മാതൃപേടകത്തിൽനിന്നു വേർപെട്ട് ചാന്ദ്രപ്രതലത്തിലേക്കു യാത്ര ചെയ്യും. ചാന്ദ്രപേടകത്തിനു രണ്ടു ഭാഗങ്ങളുണ്ട് - ആരോഹണഭാഗവും[11] (ascent stage) അവരോഹണഭാഗവും[12] (descent stage). രണ്ടും ഒന്നിച്ചു ചാന്ദ്രപ്രതലത്തിൽ ഇറങ്ങുന്നു. അവരോഹണഭാഗം പ്രവർത്തിപ്പിച്ചാണ് ചാന്ദ്രപ്രതലത്തിൽ ഇറങ്ങുന്നത്. ആരോഹണഭാഗത്താണ് രണ്ടു സഞ്ചാരികൾ നില്ക്കുന്നത്. ചാന്ദ്രപേടകം വേർപെട്ടശേഷം മാതൃപേടകം ചന്ദ്രനെ പ്രദക്ഷിണം വച്ചുകൊണ്ടിരിക്കും. ചാന്ദ്രപേടകത്തിലെ സഞ്ചാരികൾ വെളിയിലിറങ്ങി നിർദിഷ്ട പരീക്ഷണങ്ങൾ നടത്തി, തിരിച്ചു പേടകത്തിൽ കയറി അവരോഹണഭാഗം ഒരു വിക്ഷേപണത്തട്ടാ(launching pad))യി ഉപയോഗിച്ച്,[13] ആരോഹണഭാഗത്തിൽ മുകളിലേക്കു പറന്ന് മാതൃപേടകവുമായി സന്ധിക്കുന്നു. ആരോഹണഭാഗം ചാന്ദ്രപ്രതലത്തിലേക്ക് ഉപേക്ഷിച്ചുകളയുകയാണ് പതിവ്.

മാതൃപേടകവും ചാന്ദ്രപേടകവും തമ്മിൽ ചേർക്കുകയും വേർപെടുത്തുകയും ചെയ്യാനുള്ള സജ്ജീകരണങ്ങളുണ്ട്. മാതൃപേടകം മാത്രമാണ് തിരികെ വന്നു സമുദ്രത്തിൽ ഇറങ്ങുക. വഴിയിൽവച്ച് സർവീസ് മോഡ്യൂൾ ഉപേക്ഷിച്ച് ഭാരക്കുറവുവരുത്തുന്നു. നിശ്ചിതവേഗം കൈവരുത്തി ഭൂമിയുടെ സമീപത്ത് എത്തിയാൽപിന്നെ സർവീസ് മോഡ്യൂളിന്റെ ആവശ്യമില്ല.

അപ്പോളോ യാത്രകൾ

തിരുത്തുക

അപ്പോളോ 1-6

തിരുത്തുക
 
അപ്പോളോ-1 യാത്രികർ ഗ്രിസ്സം, വൈറ്റ്, ചാഫി

ആദ്യത്തെ അപ്പോളോവാഹനം 1967 ജനുവരി 27-നു പ്രയാണസജ്ജമായി. 14 ദിവസം ബഹിരാകാശത്തിൽ ഭൂമിയെ ചുറ്റി പറക്കാനാണ് അപ്പോളോ 1 തയ്യാറാക്കിയത്.[14] വെർജിൽ ഗ്രിസ്സം (Virgil Grissom), എഡ്വേർഡ് വൈറ്റ് (Edward White), റോജർ ചാഫി (Roger Chaffee) എന്നിവർ കയറിയ അപ്പോളോ വാഹനം പരീക്ഷണത്തിനിടയിൽ തീ പിടിച്ചതുകൊണ്ട് ലക്ഷ്യം നേടാതെ മൂന്നു ബഹിരാകാശയാത്രികരും എരിഞ്ഞു ചാമ്പലായി. ഈ ദുരന്തം അപ്പോളോ പദ്ധതിക്ക് മാന്ദ്യം വരുത്തി. വൈദ്യുത ബന്ധങ്ങൾക്കു നേരിട്ട തകരാറുകളാണ് ഈ ദുരന്തത്തിനു കാരണമായത്. തുടർന്ന് നടന്ന മൂന്ന് അപ്പോളോ ദൌത്യങ്ങളിലും മനുഷ്യൻ കയറിയിരുന്നില്ല; അപ്പോളോ 4[15] (1967 നവംബർ 9) മാതൃപേടക എൻജിനുകളും സാറ്റേൺ V വിക്ഷേപിണിയും പരീക്ഷിക്കുന്നതിനായി പറന്നു; അപ്പോളോ 5[16] (1968 ജനുവരി 22) ബഹിരാകാശത്ത് ചാന്ദ്രപേടകത്തിന്റെ ആരോഹണ അവരോഹണങ്ങൾ പരീക്ഷണവിധേയമാക്കി; അപ്പോളോ 6[17] (1968 ഏപ്രിൽ 4) അപ്പോളോ വാഹനത്തിന്റെ പ്രവർത്തനം പൂർണമായി നിരീക്ഷണ വിധേയമാക്കി.

ഈ പരീക്ഷണ പറക്കലുകളിൽ നേരിട്ട പ്രയാസങ്ങൾ പരിഹരിച്ചു കൊണ്ട് 1968 ഒക്ടോബർ 11-ന് അപ്പോളോ പദ്ധതിയിൽ മനുഷ്യനെയും വഹി ച്ചുകൊണ്ടുള്ള ആദ്യത്തെ ബഹിരാകാശ പേടകം യാത്ര തിരിച്ചു.

അപ്പോളോ 7

തിരുത്തുക
പ്രധാന ലേഖനം: അപ്പോളോ 7
 
അപ്പോളോ 7 യാത്രികർ (ഐസൽ, ഷിറ, കണ്ണിങ്ഹാം)

1968 ഒക്ടോബർ 11-ന് അപ്പോളോ 7 ബഹിരാകാശത്തിലേക്ക് യാത്രതിരിച്ചു.[18] ഇതിൽ വാൾട്ടർ എം. ഷിറാ ജൂനിയർ (Walter M Schirra Jr), ഡോൺ എഫ്. ഐസൽ (Donn F Eisele), റോണി വാൾട്ടർ കണ്ണിങ്ഹാം (Ronnie Walter Cunningham) എന്നിവർ 11 ദിവസം ബഹിരാകാശയാത്ര നടത്തിയശേഷം 22-ന് അറ്റ്ലാന്റിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി. വാഹനവും അതിലെ യാത്രക്കാരും ബഹിരാകാശത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് മനസ്സിലാക്കുകയായിരുന്നു അപ്പോളോ 7-ന്റെ മുഖ്യലക്ഷ്യം.[19]

അപ്പോളോ 8

തിരുത്തുക
പ്രധാന ലേഖനം: അപ്പോളോ 8
 
അപ്പോളോ 8 യാത്രികർ (ലോവൽ, ആൻഡേഴ്സ്, ബോർമൻ)

അപ്പോളോവാഹനം ഭൂമിയുടെ ആകർഷണത്തിൽനിന്ന് അകന്നു ചാന്ദ്രമണ്ഡലത്തിൽ എത്തുമ്പോൾ എങ്ങനെ പ്രവർത്തിക്കുമെന്നു പരീക്ഷിക്കുന്നതിനായി അപ്പോളോ 8 വിക്ഷേപിക്കപ്പെട്ടു. 1968 ഡിസബർ 21-ന് ഫ്രാങ്ക് ബോർമൻ (Frank Borman), ജെയിംസ് ലോവൽ (James Lovell), വില്യം ആൻഡേർസ് (William Anders) എന്നിവർ ഇതിൽ ചന്ദ്രനിലേക്ക് യാത്രതിരിച്ചു. അപ്പോളോ 8 ചന്ദ്രനിൽനിന്ന് 112 കി.മീ. ദൂരത്തിൽ പറന്ന് വിവിധ ചാന്ദ്രമേഖലകളുടെ ചിത്രങ്ങൾ എടുത്തു ഭൂമിയിലേക്കയച്ചു. ചാന്ദ്രയാത്രികർ ചന്ദ്രനെ 10 പ്രാവശ്യം പ്രദക്ഷിണം വച്ചശേഷം ഡിസബർ 27-ന് ഭൂമിയിൽ തിരിച്ചെത്തി. അപ്പോളോ 8-ന്റെ വിജയം മനുഷ്യന് ചന്ദ്രനിൽ സന്ദർശനം നടത്താൻ കൂടുതൽ ധൈര്യം നൽകി.[20]

അപ്പോളോ 9

തിരുത്തുക
പ്രധാന ലേഖനം: അപ്പോളോ 9
 
അപ്പോളോ 10 യാത്രികർ (മാക്ക്ഡിവിറ്റ്, സ്കോട്ട്, ഷൈക്കാർഡ്)

ചന്ദ്രനിൽ ഇറങ്ങാനുള്ള വാഹനം ഭൂമിയുടെ ആകർഷണമണ്ഡലത്തിൽവച്ചും ചന്ദ്രന്റെ ആകർഷണമണ്ഡലത്തിൽവച്ചും പരീക്ഷിച്ചുനോക്കുകയാണ് അപ്പോളോ 9. അപ്പോളോ 9, 1969 മാർച്ച് 3-ന് പുറപ്പെട്ടു. ജെയിംസ് എ. മക്ഡിവിറ്റ് (James A.McDivitt), ഡേവിഡ് ആർ. സ്കോട്ട് (David R.Scott), റസ്സൽ ആർ. ഷൈക്കാർട് (Russel R.Schweikart) എന്നിവരാണ് ഇതിൽ യാത്രചെയ്തത്. ഭൂമിയുടെ ആകർഷണപരിധിയിൽവച്ച് ചാന്ദ്രപേടകം (സ്പൈഡർ) മാതൃപേടകത്തിൽനിന്നും വേർപെടുത്തി. മക്ഡിവിറ്റും ഷൈക്കാർട്ടും യാത്രചെയ്തപ്പോൾ സ്കോട്ട് തനിയെ മാതൃപേടകം (ഗംഡ്രോപ്) നയിച്ചു. 1970 കി.മീ. സഞ്ചരിച്ച് സ്പൈഡർ ഗംഡ്രോപ്പുമായി പുനഃസന്ധിച്ചശേഷം മാർച്ച് 13-ന് അറ്റ്ലാന്റിക് സമുദ്രത്തിൽ ഇറങ്ങി.[21]

അപ്പോളോ 10

തിരുത്തുക
പ്രധാന ലേഖനം: അപ്പോളോ 10
 
അപ്പോളോ 10 യാത്രികർ (സെർണൻ, സ്റ്റാഫോഡ്, യങ്)

സന്ധിക്കലും (docking) വേർപെടലും (undocking) ചന്ദ്രന്റെ ആകർഷണവലയത്തിൽവച്ച് പരീക്ഷിച്ചു നോക്കാനായി 1969 മേയ് 18-ന് അപ്പോളോ 10 ചാന്ദ്രമണ്ഡലത്തിലേക്കു യാത്ര തിരിച്ചു. തോമസ് പി. സ്റ്റാഫോഡും (Thomas P.Stafford) യൂജിൻ എ. സെർണനും (Eugene A.Cernan) ചാന്ദ്രപേടകത്തിൽ കയറി ചാന്ദ്രമണ്ഡലത്തിൽ യാത്രചെയ്തു. ജോൺ ഡബ്ള്യു. യങ് (John W.Young) മാതൃപേടകം (ചാർലി ബ്രൌൺ) നയിച്ചു. ചാന്ദ്രപേടകം (സ്നൂപി) ചാന്ദ്രപ്രതലത്തിൽനിന്നു 15 കി.മീ. അകലെ പറന്ന് അപ്പോളോ 11 ഇറങ്ങേണ്ട പ്രദേശത്തിന്റെ ചിത്രങ്ങളെടുത്തു. എന്നിട്ട് മാതൃപേടകവുമായി പുനഃസന്ധിച്ച് 26-ന് ഭൂമിയിൽ തിരിച്ചെത്തി. ഇതോടുകൂടി മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച ഐതിഹാസികമായ അപ്പോളാ 11 നുള്ള വേദിയൊരുങ്ങി.[22]

അപ്പോളോ 11

തിരുത്തുക
പ്രധാന ലേഖനം: അപ്പോളോ 11
 
അപ്പോളോ 11 യാത്രികർ (ആംസ്ട്രോങ്, കോളിൻസ്, ആൽഡ്രിൻ)

മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. ശീതയുദ്ധകാലത്തെ ബഹിരാകാശ മൽസരങ്ങളിൽ അമേരിക്ക നേടിയ വിജയമായി ഈ ദൗത്യം വിലയിരുത്തപ്പെട്ടു. 1969 ജൂലൈ 16-ന് ഫ്ലോറിഡയിൽ നിന്നു വിക്ഷേപിക്കപ്പെട്ടു. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ.

ഈഗിൾ എന്ന ചാന്ദ്രപേടകത്തിൽ ജൂലൈ 20-ന് ആംസ്ട്രോങ്, ആൾഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തി. പ്രശാന്തിയുടെ സമുദ്രം എന്ന സ്ഥലത്താണ് അവർ ഇറങ്ങിയത്. 21 മണിക്കൂർ 31 മിനിറ്റ് സമയം ഇവർ ചന്ദ്രോപരിതലത്തിൽ ചിലവഴിച്ചു. ഈ സമയം കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ കോളിൻസ് ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ജൂലൈ 24-ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി.

അപ്പോളോ 12

തിരുത്തുക
 
അപ്പോളോ 12 യാത്രികർ (കോൺറാഡ്, ഗോർഡൻ, ബീൻ)
 
കെന്നഡി ബഹിരാകാശ നിലയത്തിൽനിന്നും അപ്പോളോ 12 കതിക്കുന്നു

1969 നവംബർ 14-ന് യാത്രതിരിച്ചു. 109 മീ. ഉയരവും 3,280 ടൺ ഭാരവുമുള്ള സാറ്റേൺ V എന്ന റോക്കറ്റാണ് അപ്പോളോ 12-നെ വിക്ഷേപിച്ചത്. മാതൃപേടകം[23] (Yankee Clipper) റിച്ചാർഡ് എഫ്. ഗോർഡനും (Richard F.Gordon) ചാന്ദ്രപേടകം (Intrepid) അലൻ എൽ. ബീനും (Alan L. Bean) നയിച്ചു. ചാൾസ് കോൺറാഡ് ജൂനിയർ (Charles Conrad Jr) ആയിരുന്നു അപ്പോളോ 12-ന്റെ കമാൻഡർ. കോൺറാഡും ബീനും ചാന്ദ്രപേടകത്തിൽ ചന്ദ്രനിലെ കൊടുങ്കാറ്റുകളുടെ കടലിൽ[24] (Sea of Storms) ഇറങ്ങി. അവർ ചന്ദ്രനിലെ പാറകളും മണ്ണും ശേഖരിച്ചു. വിവിധോപകരണങ്ങൾ അവിടെ സ്ഥാപിച്ചു. 1967 ഏപ്രിൽ ചന്ദ്രനിൽ ഇറക്കിയ സർവേയർ-3 എന്ന പേടകം സന്ദർശിച്ച് അതിന്റെ ടെലിവിഷൻ ക്യാമറയും മറ്റു ഭാഗങ്ങളും മുറിച്ചെടുത്ത് ഭൂമിയിൽ കൊണ്ടുവന്നു. ചന്ദ്രനിലെ അന്തരീക്ഷം അവയെ എങ്ങനെ ബാധിച്ചുവെന്ന് പഠിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. നടപ്പിനിടയിൽ കോൺറാഡ് ഒരു ചരടിൽ കുടുങ്ങി നിലംപതിച്ചു. ചന്ദ്രനിലെ ആകർഷണശക്തി ഭൂമിയിലേതിന്റെ ആറിലൊന്നുമാത്രമായതിനാൽ അവിടെ വീഴുന്നവർക്ക് എഴുന്നേല്ക്കാൻ വലിയ പ്രയാസം നേരിടുമെന്നായിരുന്നു അന്നുവരെ ധരിച്ചിരുന്നത്. കോൺറാഡിന്റെ വീഴ്ചയും എഴുന്നേല്ക്കലും ഈ ധാരണ മാറ്റാൻ സഹായിച്ചു. അപ്പോളോ 12 നവംബർ 24-ന് ഭൂമിയിൽ തിരിച്ചെത്തി.

മനുഷ്യനു ചന്ദ്രനിൽ ഇറങ്ങി ഏതാനും മണിക്കൂർ കഴിച്ചുകൂട്ടാമെന്ന് അപ്പോളോ 11 തെളിയിച്ചു. എന്നാൽ അനേകം മണിക്കൂർ ചന്ദ്രനിൽ കഴിയാമെന്നും പല ജോലികളും ചെയ്യാമെന്നും അപ്പോളോ 12 വ്യക്തമാക്കി.[25]

അപ്പോളോ 13

തിരുത്തുക
പ്രധാന ലേഖനം: അപ്പോളോ 13
 
അപ്പോളോ 13 യാത്രികർ (ലോവൽ, സ്വിഗെർട്ട്, ഹോയ്സ്)

അപ്പോളോ 13ന്റെ ദൌത്യം പരാജയപ്പെട്ടുവെങ്കിലും സഞ്ചാരികളെ ജീവനോടെ തിരിച്ചെത്തിക്കുവാൻ കഴിഞ്ഞു. 1970 ഏപ്രിൽ 11-ന് ജെയിംസ് എ. ലോവലും (James A.Lovell) ഫ്രെഡ് ഡബ്ള്യു. ഹേയ്സും (Fred W.Hoise) ജോൺ എൽ. സ്വിഗെർട്ടും (John L.Swigert) അപ്പോളോ 13-ൽ യാത്രതിരിച്ചു. ചന്ദ്രനിലേക്കുള്ള യാത്ര മദ്ധ്യേ 14-ന് രാവിലെ ഓക്സിജൻ ടാങ്കിൽ ഉണ്ടായ ഒരു സ്ഫോടനം നിമിത്തം അപ്പോളോ 13 അപകടത്തിലായി. സഞ്ചാരികളുടെ സുരക്ഷിതമായ തിരിച്ചുവരവ് സംശയത്തിലായി. എങ്കിലും ചന്ദ്രനെ ഭ്രമണം ചെയ്തു തിരികെ വന്ന് ഏപ്രിൽ 17-ന് അവർ പസിഫിക് സമുദ്രത്തിൽ വന്നിറങ്ങി.[26]

അപ്പോളോ 14

തിരുത്തുക
പ്രധാന ലേഖനം: അപ്പോളോ 14
 
അപ്പോളോ 14 യാത്രികർ (റൂസാ, ഷെപ്പാർഡ്, മിഷെൽ)

1971 ജനുവരി 31-ന് യാത്ര ആരംഭിച്ച അപ്പോളോ 14-ന്റെ കമാൻഡർ ആദ്യത്തെ യു.എസ്. ബഹിരാകാശസഞ്ചാരിയായ അലൻ ബി. ഷെപ്പേർഡ് (Alan B Shepard) ആയിരുന്നു. സ്റ്റുവർട്ട് എ. റൂസാ (Stuart A.Roosa), എഡ്ഗാർ ഡി. മിഷെൽ (Edgar D.Mitchell) എന്നിവരായിരുന്നു സഹയാത്രികർ.

 
അപ്പോളോ 14 പറന്നുയരുന്നു

അപ്പോളോ 13-ന് നേരിട്ട അത്യാഹിതം ഒഴിവാക്കാൻ അപ്പോളോ 14-ന്റെ ഓക്സിജൻ ടാങ്കുകളും വൈദ്യുതബന്ധങ്ങളും പ്രത്യേക കരുതലോടെ സംവിധാനം ചെയ്യപ്പെട്ടിരുന്നു. സാധാരണ രണ്ടു ടാങ്കുകളാണ് അപ്പോളോ വാഹനങ്ങളിൽ ഘടിപ്പിച്ചിരുന്നത്. അപ്പോളോ 14-ൽ മൂന്നു ഓക്സിജൻ ടാങ്കുകളുണ്ടായിരുന്നു. കൂടാതെ ജലസംഭരണത്തിന്റെ അളവും വർധിപ്പിച്ചു. അപ്പോളോ 14-ന്റെ പ്രയാണം പരാജയപ്പെട്ടാൽ യു.എസ്സിന്റെ ബഹിരാകാശപദ്ധതികളെല്ലാം നിർത്തിവയ്ക്കപ്പെടുമെന്ന് ആശങ്കയുണ്ടായിരുന്നുവെങ്കിലും ദൌത്യം വിജയിച്ചു.

31-ന് രാത്രി പ്രയാണവേളയിൽ അപ്പോളോ 14-ന്റെ മാതൃപേടകവും ചാന്ദ്രപേടകവും തമ്മിൽ സന്ധിക്കാൻ രണ്ടു മണിക്കൂർ പരിശ്രമിക്കേണ്ടിവന്നുവെങ്കിലും തകരാറൊന്നും കൂടാതെ ഫെബ്രുവരി 5-ന് ചന്ദ്രനിലെത്തി. ഷെപ്പേർഡും മിഷെലും അന്റാറീസ് എന്ന ചാന്ദ്രപേടകത്തിൽ ചന്ദ്രനിലെ ഫ്രാമൌറോ (Framauro) കുന്നിന്റെ സാമാന്യം നിരപ്പുള്ള താഴ്വരയിൽ ഇറങ്ങി. അപ്പോളോ 11-ഉം 12-ഉം ഇറങ്ങിയത് ചന്ദ്രനിലെ നിരപ്പായ പ്രദേശങ്ങളിലാണ്. അവയ്ക്കു ഗലീലിയോ കടൽ എന്നു പേരു കൊടുത്തു (ആ പേര് ഇന്നും തുടരുന്നു). എന്നാൽ അതിൽനിന്നു വ്യത്യസ്തമായി അപ്പോളോ 14 ചന്ദ്രനിലെ കുന്നിൻപ്രദേശത്ത് ഇറങ്ങി. സ്റ്റുവർട് റൂസാ കിറ്റി ഹോക് (kitty Hawk) എന്ന മാതൃപേടകം നയിച്ചുകൊണ്ടിരുന്നപ്പോൾ മറ്റു രണ്ടു പേരും ഫ്രാമൌറോ പ്രദേശത്തു ചുറ്റിനടന്ന് പരീക്ഷണങ്ങൾ നടത്തി. (ഫ്രാമൌറോ എന്നത് 15-നൂറ്റാണ്ടിലെ ഒരു ഇറ്റാലിയൻ പുരോഹിതന്റെ പേരാണ്; അറിയപ്പെട്ടിരുന്ന ലോകത്തിന്റെ ഭൂപടം ആദ്യമായി തയ്യാറാക്കിയത് അദ്ദേഹമാണ്.) രണ്ടു സഞ്ചാരികളും അന്റാറിസിനുവെളിയിൽ രണ്ടു പ്രാവശ്യമായി 9 മണിക്കൂർ 22 മി. 32 സെ. ചെലവഴിച്ചു. അവർ ചന്ദ്രനിൽ ചെലവഴിച്ച സമയം മൊത്തം 33 മണിക്കൂർ 30 മി. 29 സെ. ആണ്. ഫെബ്രുവരി 9-ന് അപ്പോളോ 14 സുരക്ഷിതമായി പസിഫിക് സമുദ്രത്തിൽ ഇറങ്ങി.[27]

ചന്ദ്രന്റെ ഉദ്ഭവ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പല വസ്തുതകളും അപ്പോളോ 14-ന് കണ്ടെത്താൻ കഴിഞ്ഞു. ചന്ദ്രനിലെ 46 കോടി വർഷം പഴക്കമുള്ള പാറകൾ ഭൂമിയിൽ കൊണ്ടുവരാനും കഴിഞ്ഞു.

അപ്പോളോ 15

തിരുത്തുക
പ്രധാന ലേഖനം: അപ്പോളോ 15
 
അപ്പോളോ 15 യാത്രികർ (സ്കോട്ട്, വോർഡൻ, ഇർവിൻ)

1971 ജൂലായ് 26-ന് അപ്പോളോ 15 യാത്രതിരിച്ചു. ഡേവിഡ് ആർ. സ്കോട്ട് (David R.Scott), ജെയിംസ് ബി. ഇർവിൻ (James B.Irwin), ആൾഫ്രഡ് എം. വോർഡൻ (Alfred M.Worden) എന്നിവരായിരുന്നു യാത്രികർ. 1971 ജൂലാ. 31 ശനിയാഴ്ച അതിരാവിലെ ഇന്ത്യൻ സമയം 03:46:29-ന് വാഹനം ചന്ദ്രന്റെ ഉപരിതലത്തെത്തി. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങുന്നത് ഇതു നാലാമത്തെ പ്രാവശ്യമാണ്. 18 മണിക്കൂർ 34 മി. 46 സെ. ചാന്ദ്രസഞ്ചാരം ചെയ്ത് ഡേവിഡ് സ്കോട്ടും ജെയിംസ് ഇർവിനും നിരീക്ഷണം നടത്തി. ആദ്യമായി ചന്ദ്രന്റെ ഉപരിതലത്തിൽ ചാന്ദ്രജീപ്പ് (Moon Rover) എന്നൊരു വാഹനം ഓടിക്കാൻ കഴിഞ്ഞുവെന്നതാണ് ഈ യാത്രയിലെ ഒരു പ്രധാന നേട്ടം. ആഗസ്റ്റ് 7-ന് അപ്പോളോ 15 പസിഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി.[28]

അപ്പോളോ 16

തിരുത്തുക
പ്രധാന ലേഖനം: അപ്പോളോ 16
 
അപ്പോളോ 16 യാത്രികർ (മാട്ടിങലി, യങ്, ഡ്യൂക്)
 
യങ് ചന്ദ്രനിൽ

1972 ഏപ്രിൽ 16-ന് ഞായറാഴ്ച കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നു അപ്പോളോ 16 യാത്രതിരിച്ചു. ജോൺ ഡബ്ള്യു. യങ് (John W.Young) ആയിരുന്നു കമാൻഡർ. തോമസ് കെ. മാറ്റിങ്ലി (Thomas K.Mattingly) മാതൃപേടകത്തിന്റെയും ചാൾസ് എം. ഡ്യൂക് (Charles M.Duke) ചാന്ദ്രപേടകത്തിന്റെയും പൈലറ്റുമാരായിരുന്നു. യാത്രയ്ക്കും പരീക്ഷണങ്ങൾക്കുമായി മൊത്തം 11 ദിവസം 1 മണിക്കൂർ 51 മി. 5 സെ. ചെലവഴിച്ച അപ്പോളോ 16-ന്റെ ചാന്ദ്രദൌത്യം തികച്ചും വിജയകരമായിരുന്നു.

ഏപ്രിൽ 21-ന് ചന്ദ്രനിലെ ഉന്നതപ്രദേശങ്ങളിൽ ഒന്നായ ദെക്കാർത്തെ(Descartes)-ൽ ഇറങ്ങിയ ചാന്ദ്രപേടകത്തിൽ ജോൺ യങും ചാൾസ് ഡ്യൂക്കും ഉണ്ടായിരുന്നു. അവർ മൊത്തം 14 മണിക്കൂർ 20 മി. 14 സെ. ആ പ്രദേശത്ത് മാത്രമായി ചെലവഴിച്ചു. ചാന്ദ്രപർവതനിരകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ദെക്കാർത്തെയിൽ സുരക്ഷിതമായി ഇറങ്ങി പരീക്ഷണനിരീക്ഷണങ്ങൾ നടത്തിയതാണ് അപ്പോളോ 16-ന്റെ ഏറ്റവും വലിയനേട്ടം.

ചന്ദ്രഗോളം ഉദ്ഭവിച്ച കാലം മുതൽക്ക് സൂര്യരശ്മി ഏറ്റിട്ടില്ലാത്ത ചാന്ദ്രമണ്ണ് അവർ ശേഖരിച്ചു. ചാന്ദ്രജീപ്പ് മണിക്കൂറിൽ 17 കി.മീ. വേഗത്തിൽ ഓടിച്ചു. ചന്ദ്രനിലെ 85^0C ചൂടിൽ ഏതാണ്ട് മൂന്നുദിവസം ചെലവഴിച്ചശേഷം മാറ്റിംഗ്ലിയുമായി ചേർന്ന് ഏപ്രിൽ 27-ന് അപ്പോളോ 16 പസിഫിക് സമുദ്രത്തിൽ വന്നിറങ്ങി[29]

അപ്പോളോ 17

തിരുത്തുക
പ്രധാന ലേഖനം: അപ്പോളോ 17
 
അപ്പോളോ 17 യാത്രികർ (ഷിമിറ്റ്, സെർനാർ, ഇരിക്കുന്നത് ഇവാൻസ്)
 
അപ്പോളോ 17 ൽകൊണ്ടുപോയ ചാന്ദ്രവാഹനം

1972 ഡിസബർ 7 ഇന്ത്യൻ സമയം പകൽ 11:03-ന് കെന്നഡി സ്പെയ്സ് സെന്ററിൽനിന്നു അപ്പോളോ 17 പുറപ്പെട്ടു. മിഷൻ കമാൻഡർ യൂജിൻ എ. സെർനാൻ ചാന്ദ്രപേടക (ചാലഞ്ചർ) ത്തിന്റെ പൈലറ്റ് ശാസ്ത്രജ്ഞനായ ഹാരിസൺ എച്ച്. ഷിമിറ്റ്, റോണാൾഡ് ഇവാൻസ് എന്നിവരായിരുന്നു ഇതിലെ യാത്രക്കാർ. കൂടാതെ അഞ്ച് എലികളും ഉണ്ടായിരുന്നു. ഡി. 12 വെളുപ്പിന് ഇന്ത്യൻ സമയം 01:24:57-ന് ചാന്ദ്രപേടകം ചന്ദ്രോപരിതലത്തിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്ത് ഇറങ്ങി. ഇവാൻസും എലികളും 90 കി.മീ. ഉയരത്തിൽ മാതൃപേടകത്തിൽതന്നെ ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നു. സെർനാനും ഷിമിറ്റും ചന്ദ്രനിൽ താപപ്രവാഹപരീക്ഷണം നടത്തി. അവർ ചാന്ദ്രജീപ്പിൽ യാത്രചെയ്തു. തെർമോമീറ്റർ പ്രവർത്തിപ്പിച്ചു. അഗ്നിപർവതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം. ചാന്ദ്രപേടകം ഇറങ്ങിയ സ്ഥലത്തെ പൊടിയിൽ കാലുകൾ 20-25. സെ.മീറ്ററോളം താഴ്ന്നിരുന്നു. അവിടെ ഇളം ചെമപ്പുനിറത്തിലുള്ള പാറകൾ കണ്ടു. ജലാംശം ഉള്ളതായി സംശയിക്കപ്പെട്ടിരിക്കുന്നു.

ഇതോടെ ആറു തവണയായി 12 പേർ ചന്ദ്രനിൽ പോയി. ആദ്യമായി ഒരു ശാസ്ത്രജ്ഞൻ പോയത് 6-ആം തവണയാണ്. 3 ദിവസം 2 മണിക്കൂർ 59 മി. 40 സെ. ചന്ദ്രനിൽ കഴിച്ച് ഡി. 20 ഇന്ത്യൻ സമയം 00:54:59 പസിഫിക് സമുദ്രത്തിൽ വന്നിറങ്ങി.[30]

പദ്ധതിയുടെ വിരാമം

തിരുത്തുക
 
സ്കൈലാബ്

ചന്ദ്രന്റെയും സൗരയൂഥത്തിന്റെയും ഉത്പത്തിശാസ്ത്രം മനസ്സിലാക്കുകയായിരുന്നു. അപ്പോളോ 17-ന്റെ പ്രധാനദൌത്യം. അപ്പോളോ പദ്ധതിക്ക് ഇതോടെ വിരാമമായി. 1966 മുതൽ 350,000 ആളുകൾ അപ്പോളോ ബഹിരാകാശ വാഹനങ്ങളും സാറ്റേൺ റോക്കറ്റും മറ്റു സാമഗ്രികളും നിർമ്മിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നു. അപ്പോളോയുടെ മാതൃപേടകത്തിൽതന്നെ ഏതാണ്ട് 2 ദശലക്ഷം സൂക്ഷ്മ ഭാഗങ്ങളുണ്ട്. അപ്പോളോ യാത്രയ്ക്കുവേണ്ടിവന്ന ഇന്ധനം ഉപയോഗിച്ച് ഒരു കാർ ഭൂമിക്കു ചുററും 400 പ്രാവശ്യം ഓടിക്കാം എന്ന് കണക്കാക്കപ്പെടുന്നു. കോടിക്കണക്കിനു ഡോളർ ഓരോ അപ്പോളോ പ്രയാണത്തിനും ചെലവായിട്ടുണ്ട്.

നാസായുടെ ബഡ്ജറ്റ് ചുരുക്കലിന്റെയും സാറ്റേൺ V റോക്കറ്റുകളുടെ ഒരു ബാച്ചു കൂടെ നിർമ്മിക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെയും വെളിച്ചത്തിൽ അപ്പോളോ 18 മുതൽ 20 വരെയുള്ള മൂന്നു പദ്ധതികൾ ഉപേക്ഷിക്കപ്പെട്ടു. അപ്പോളോ വാഹനവും സാറ്റേൺ V റോക്കറ്റുകളും സ്കൈലാബ് (Skylab) പദ്ധതികൾക്കായി വിനിയോഗിക്കുവാൻ തീരുമാനമുണ്ടായി. എന്നാൽ ശേഷിച്ച സാറ്റേൺ V റോക്കറ്റുകളിൽ ഒന്നു 1975 ലെ അപ്പോളോ - മിർ പദ്ധതിക്കായി പിന്നീട് ഉപയോഗപ്പെടുത്തുകയുണ്ടായി; മറ്റുള്ളവ മ്യൂസിയം പ്രദർശന വസ്തുക്കളായി സൂക്ഷിച്ചിട്ടുണ്ട്.

പ്രയോജനങ്ങൾ

തിരുത്തുക

അപ്പോളോ പദ്ധതി അനവധി സാങ്കേതിക പഠനങ്ങൾക്ക് വഴിതെളിച്ചു. അപ്പോളോയുടെ ചാന്ദ്ര-മാതൃ പേടകങ്ങൾ പറക്കലിനായുപയോഗിച്ച കംപ്യൂട്ടർ മാതൃകകളാണ് സഞ്ചിത പരിപഥങ്ങ(integrated circuits)ളെ കുറിച്ചുള്ള ഗവേഷണങ്ങളുടെ പ്രേരകശക്തി. അപ്പോളോയിൽ ഉപയോഗിപ്പെടുത്തിയ ഇന്ധന സെല്ലാണ് ആദ്യത്തെ പ്രായോഗിക ഇന്ധന സെല്ല്. കംപ്യൂട്ടർ നിയന്ത്രിത യന്ത്രവത്ക്കരണവും ആദ്യമായി ഉപയോഗപ്പെടുത്തിയത് അപ്പോളോയുടെ ഘടക ഭാഗങ്ങളുടെ നിർമ്മാണത്തിനാണ്. ഭൂമിയുടെ ഉദ്ഭവത്തെയും പ്രപഞ്ചരഹസ്യങ്ങളെയുംപറ്റി അമൂല്യമായ അറിവു സമ്പാദിക്കാൻ ചാന്ദ്രപഠനം ഉപകരിച്ചു. ബഹിരാകാശഗവേഷണത്തിന് ഏറ്റവും പറ്റിയ ഭൂമികയാണ് ചന്ദ്രൻ. ഭൂമിയിൽ ലഭ്യമായ മൂലകങ്ങളുടെ സ്രോതസ്സ് ക്ഷയിച്ചുവരുന്നതോടെ ചാന്ദ്രഗർഭത്തിൽനിന്ന് അമൂല്യലോഹങ്ങൾ കുഴിച്ചെടുത്തു കൊണ്ടുവരാൻ കഴിഞ്ഞെന്നുവരാം. ചന്ദ്രനിൽ കൃത്രിമാന്തരീക്ഷം സൃഷ്ടിച്ച് മനുഷ്യാധിവാസത്തിന് സൗകര്യം ഉണ്ടാക്കാമെന്ന് ചില ശാസ്ത്രജ്ഞർ കരുതുന്നു. ചന്ദ്രനെ ഒരു ബഹിരാകാശത്താവളമായി ഉപയോഗിച്ച് മനുഷ്യന് ഒരുകാലത്ത് വിദൂരനക്ഷത്രലോകങ്ങളിലേക്കു യാത്രചെയ്യാനും പ്രപഞ്ചത്തിൽ വേറെ എവിടെയെങ്കിലും ജീവൻ ഉണ്ടോയെന്നു കണ്ടുപിടിക്കാനും കഴിഞ്ഞേക്കാം.

ശീതയുദ്ധത്തിലും ബഹിരാകാശ ഗവേഷണരംഗത്തും സോവിയറ്റ് യൂണിയനെ പിന്നിലാക്കുക എന്ന രാഷ്ട്രീയ താത്പര്യമായിരുന്നു അപ്പോളോ പദ്ധതിയെ ഒരു സുപ്രധാന ദേശീയ ലക്ഷ്യമായി ആസൂത്രണം ചെയ്യുവാൻ യു.എസ്. അധികൃതരെ പ്രേരിപ്പിച്ചത് എന്നൊരു ആക്ഷേപമുണ്ട്.

ഇതുംകൂടികാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-10. Retrieved 2011-10-25.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-06. Retrieved 2011-10-25.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-08. Retrieved 2011-10-25.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-12. Retrieved 2011-10-25.
  5. http://nssdc.gsfc.nasa.gov/planetary/lunar/apollo.html
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-01. Retrieved 2011-10-25.
  7. http://www.russianspaceweb.com/spacecraft_manned_lunar.html
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-13. Retrieved 2011-10-25.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-23. Retrieved 2011-10-25.
  10. http://science.howstuffworks.com/apollo-spacecraft6.htm
  11. http://www.museumofflight.org/spacecraft/apollo-17-lunar-module-ascent-stage-mock
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-01. Retrieved 2011-10-25.
  13. http://www.newscientist.com/blog/space/2007/10/lunar-lander-explodes-on-launch-pad.html
  14. http://history.nasa.gov/Apollo204/
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-16. Retrieved 2011-10-25.
  16. http://nssdc.gsfc.nasa.gov/nmc/spacecraftDisplay.do?id=1968-007A
  17. http://nssdc.gsfc.nasa.gov/nmc/spacecraftDisplay.do?id=1968-025A
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-26. Retrieved 2011-10-25. Archived 2008-09-26 at the Wayback Machine.
  19. http://www.nasa.gov/mission_pages/apollo/missions/apollo7.html
  20. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-20. Retrieved 2011-10-25.
  21. http://www.nasa.gov/mission_pages/apollo/missions/apollo9.html
  22. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-15. Retrieved 2011-10-25.
  23. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-12. Retrieved 2011-10-25.
  24. http://www.flickr.com/photos/storm-crypt/3299647283/
  25. http://nssdc.gsfc.nasa.gov/planetary/lunar/apollo12info.html
  26. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-19. Retrieved 2011-10-26.
  27. http://nssdc.gsfc.nasa.gov/planetary/lunar/apollo14info.html
  28. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-02. Retrieved 2011-10-26.
  29. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-10-31. Retrieved 2011-10-26. Archived 2004-10-31 at the Wayback Machine.
  30. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-02. Retrieved 2011-10-26.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോളോ പദ്ധതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പോളോ_പദ്ധതി&oldid=3981103" എന്ന താളിൽനിന്ന് ശേഖരിച്ചത്