കീഴ്കോടതികളുടെ തീരുമാനങ്ങളെയോ വിധിയെയോപറ്റി ആക്ഷേപമുള്ള കക്ഷികൾക്ക് വസ്തുതാപരമോ നിയമപരമോ ആയ പ്രശ്നങ്ങളെ ആധാരമാക്കി, അവയുടെമേൽ അപ്പീലധികാരമുള്ള കോടതികളിൽ കൊടുക്കുന്ന അപ്പീലിന്റെ തീരുമാത്തെ അപ്പീൽ-അവസാനവിധിഎന്നു പറയുന്നു.

അത്തരം അപ്പീൽകോടതികളിൽ പ്രധാനമായവ സിവിൽ-ക്രിമിനൽ നടപടിക്രമങ്ങളനുസരിച്ച് ഏർപ്പെടുത്തിയിട്ടുള്ള അപ്പീൽ കോടതികളാണ്. സിവിൽ വ്യവഹാരങ്ങളുടെ കാര്യത്തിൽ വ്യവഹാരത്തിന്റെ സല, സ്വഭാവം മുതലായവയെ അടിസ്ഥാനമാക്കിയും ക്രിമിനൽ നടപടികളിൽ കുറ്റത്തിന്റെ സ്വഭാവവും മറ്റും അടിസ്ഥാനമാക്കിയും ഏതൊക്കെ കോടതികളിൽ വേണം അപ്പീൽ കൊടുക്കേണ്ടതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഉപാധികളും പരിമിതികളും തിരുത്തുക

ഈ കോടതികളെല്ലാം അപ്പീൽ തീരുമാനിക്കുന്നത് ചില നിയമവ്യവസ്ഥകളും തത്ത്വങ്ങളും അനുസരിച്ചാണ്. ഒരു അപ്പീൽകോടതിക്ക് അതിന്റെ മുൻപാകെ തീരുമാനത്തിനുവരുന്ന ഒരു അപ്പീൽ ചില ഉപാധികൾക്കും പരിമിതികൾക്കും വിധേയമായി അവസാനമായി തീരുമാനിക്കാം. അല്ലെങ്കിൽ, അതിൽ ഉന്നയിക്കപ്പെട്ട ഏതെങ്കിലുമോ എല്ലാമോ പ്രശ്നങ്ങൾ വീണ്ടും തീരുമാനിക്കാനായി ആദ്യകോടതിയിലേക്ക് റിമാൻഡു ചെയ്യുകയോ പുതിയ പോയിന്റുകളേർപ്പെടുത്തി അവയെ സംബന്ധിച്ച വിചാരണ നടത്തുകയോ കൂടുതൽ തെളിവ് സ്വീകരിക്കുകയോ അങ്ങനെ ചെയ്യുവാൻ കീഴ്ക്കോടതിയോട് ആവശ്യപ്പെടുകയോ ചെയ്യാം. കീഴ്ക്കോടതിവിധി അസ്ഥിരപ്പെടുത്തത്തക്കതല്ലെന്നു കണ്ടാൽ അതിനെ സ്ഥിരീകരിക്കുന്നതാണ്. ഒരു അപ്പീൽക്കോടതിയുടെ തീരുമാനത്തിനെതിരായി അതിനു മുകളിലുള്ള കോടതിയുടെ മുൻപാകെ അപ്പീൽ ബോധിപ്പിച്ചാൽ അത് തീരുമാനം ചെയ്യുന്നതും ഏതാണ്ട് ഈ തത്ത്വങ്ങൾ അനുസരിച്ചാണ്. തത്സംബന്ധമായ വ്യവസ്ഥകൾ സിവിൽ നടപടിക്രമത്തിൽ 96 മുതൽ 112 വരെ വകുപ്പുകളിലും 41 മുതൽ 45 വരെ ചട്ടങ്ങളിലും ഭരണഘടനയിലെ 132, 133 എന്നീ അനുച്ഛേദങ്ങളിലും അടങ്ങിയിരിക്കുന്നു. ക്രിമിനൽ കേസുകളുടെ കാര്യത്തിലാണെങ്കിൽ ആദ്യകോടതിയുടെ കുറ്റസ്ഥാപനവും ശിക്ഷാവിധിയും അസ്ഥിരപ്പെടുത്തുവാനും പ്രതി കുറ്റക്കാരനല്ലെന്നു കണ്ട് അയാളെ വെറുതെ വിടാനും അതല്ലെങ്കിൽ അയാളുടെ വിധി അസ്ഥിരപ്പെടുത്തി അയാളെ വീണ്ടും വിചാരണ ചെയ്യാനും ഉത്തരവാകാം. കുറ്റസ്ഥിരീകരണം അസ്ഥിരപ്പെടുത്താതെതന്നെ ശിക്ഷ കുറയ്ക്കാവുന്നതുമാണ്. കഠിനതടവുശിക്ഷ വെറും തടവായി ഭേദപ്പെടുത്തുകയും ചെയ്യാം. കീഴ്ക്കോടതി പ്രതിയെ വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ച കേസിനെ സംബന്ധിച്ച് ഹൈക്കോടതിക്ക് അപ്പീൽ കേൾക്കാനും ആ വിധി അസ്ഥിരപ്പെടുത്താനും അധികാരമുണ്ട്; അതുപോലെ കീഴ്ക്കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയാൽ കൂട്ടാനും അധികാരമുണ്ട്. ഇവയെ സംബന്ധിച്ച വ്യവസ്ഥകൾ ക്രിമിനൽ ശിക്ഷാനടപടി ക്രമത്തിലെ 406, 406എ, 408 മുതൽ 411 എന്നീ വകുപ്പുകളിലും സുപ്രീംകോടതിയെ സംബന്ധിച്ച കാര്യങ്ങൾ ഭരണഘടനയിലെ 134, 136 എന്നീ അനുച്ഛേദങ്ങളിലും അടങ്ങിയിരിക്കുന്നു. മേല്പറഞ്ഞവ കൂടാതെ ആദായനികുതി, വില്പനനികുതി, കാർഷികാദായനികുതി, എസ്റ്റേറ്റ് ഡ്യൂട്ടി മുതലായവയെ സംബന്ധിച്ചും റവന്യൂവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും തദ്ദേശസ്വയംഭരണപരമായ നിയമങ്ങളിലും മറ്റും അപ്പീലുകളെയും തത്സംബന്ധമായ കാര്യങ്ങളെയും വ്യവസ്ഥ ചെയ്തിരിക്കുന്നു.

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പീൽ-അവസാനവിധി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പീൽ-അവസാനവിധി&oldid=3801048" എന്ന താളിൽനിന്ന് ശേഖരിച്ചത്