അപ്പിയാ അഡോൾഫെ
സ്വിസ് സംഗീതജ്ഞനും നാടകവേദി പരിഷ്കർത്താവുമായിരുന്നു അപ്പിയ അഡോൾഫെ (ഇംഗ്ലീഷ്:Adolphe Appia). ജനീവയിലും വിവി(Vevey)യിലും സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം അപ്പിയ ഡ്രെസ്ഡൻ, ലീപ്സിഗ്, ബെറൂത്ത് എന്നീ സ്ഥലങ്ങളിൽനിന്നും സംഗീതത്തിൽ ഉപരിപഠനം നടത്തി. ദൃശ്യരംഗവേദിയിൽ പരിവർത്തനങ്ങൾ നടത്താനായി ഇദ്ദേഹം വിയന്നായിലും ഡ്രെസ്ഡനിലും പഠനങ്ങൾ നടത്തി. 1895-ൽ അഭിനയവേദിയെ സംബന്ധിച്ചു വിപ്ലവകരമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തി. ലാ മിസേ-എൻ-സീനേ ദൂ ദ്രാമെ വാഗ്നെറിയൻ[1] (La mise-en-scene du drame Wagnerien) എന്ന പ്രസ്തുത പ്രബന്ധം വഴി ഇദ്ദേഹം ഉന്നയിച്ച നിർദ്ദേശങ്ങൾ വാഗ്നറുടെ സംഗീതിക (opera)യെ സംബന്ധിച്ച വിമർശനത്തിന്റെ രൂപത്തിലായിരുന്നു. സംഗീതവും ദൃശ്യവേദിയുമായുള്ള സമന്വയത്തിന്റെ അഭാവം ചൂണ്ടിക്കാണിച്ച് പുതിയ അവതരണ സമ്പ്രദായം ഇദ്ദേഹം നിർദ്ദേശിക്കുകയും അതിനുള്ള രൂപരേഖകൾ രചിച്ചു പ്രകാശിപ്പിക്കുകയും ചെയ്തു.
രംഗവേദി സജ്ജീകരണം
തിരുത്തുകഅപ്പിയയുടെ രണ്ടാമത്തെ കൃതി ദ് മുസിക് ഉൻഡ് ദ് ഇൻസെനീറുങ്[2] (Die Musik und Die Inscenierung -1899) മ്യൂണിച്ചിൽ പ്രസിദ്ധപ്പെടുത്തി. നടന്റെ ചലനങ്ങൾ രംഗവാസികൾക്ക് വേണ്ടപോലെ കാണത്തക്കവണ്ണം രംഗവേദി സജ്ജീകരിക്കുക, നടന് ആവശ്യമായ സ്ഥലസൌകര്യം ഉണ്ടാക്കിക്കൊടുക്കുക, സമുചിതമായ പ്രകാശവിന്യാസങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ. പശ്ചാത്തല ചിത്രങ്ങൾക്ക് വലിയ പ്രാധാന്യം കല്പിച്ചില്ലെങ്കിലും വർണപ്രകാശത്തിന്റെ പ്രാധാന്യം ഇദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ വസ്തുതകൾ രംഗവേദിക്കാവശ്യമായ സ്ഥലവിസ്തൃതിക്ക് പ്രാധാന്യം നൽകി. 1921-ൽ ജനീവയിൽ പ്രസിദ്ധപ്പെടുത്തിയ ഒരു കൃതിയിൽ ഈ കാര്യങ്ങൾ ഇദ്ദേഹം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ദൃശ്യവേദിയെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പല ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. നാടകവേദിയിൽ വിപ്ലവാത്മകമായ പരിവർത്തനങ്ങൾ ഉളവാക്കിയ ഒരു പ്രവാചകനായിട്ടാണ് അപ്പിയയെ കരുതിവന്നത്. ജാക്വിസ്ദാൻ ക്രോസേയുടെ സഹകരണത്തോടുകൂടി ഇദ്ദേഹം ഹെല്ലറായിലുള്ള സ്വന്തം വിദ്യാലയങ്ങളിൽ നിരവധി പരീക്ഷണനാടകങ്ങളും നൃത്തവിശേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 1923-24 വർഷത്തിൽ ട്രിസ്റ്റാനും ഇസോൾദേയും എന്ന ഓപ്പറ മിലാൻ കലാമേളയിൽ ഇദ്ദേഹം അവതരിപ്പിച്ചു. അടുത്തവർഷം മറ്റു രണ്ടു ഓപ്പറകളും ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ബേസിലിലെ ഓപ്പറാഹൌസിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി. രംഗവേദി സംബന്ധിച്ച് ഇദ്ദേഹം വരച്ച ചിത്രങ്ങൾ സഹിതമുള്ള ഒരു സ്മാരകഗ്രന്ഥം ഇദ്ദേഹത്തിന്റെ മരണശേഷം 1929-ൽ പ്രകാശിപ്പിക്കപ്പെട്ടു.
അവലംബം
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- http://www.monsalvat.no/appia.htm
- http://www.bookrags.com/biography/adolphe-appia/
- http://summerdalcroze.com/pdf/Appia-Biography.pdf[പ്രവർത്തിക്കാത്ത കണ്ണി]
- http://www.slideshare.net/matthawthorn/adolphe-appia[പ്രവർത്തിക്കാത്ത കണ്ണി]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്പിയാ അഡോൾഫെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |