യു.എസ്സിൽ വടക്കു പടിഞ്ഞാറേ ഫ്ലോറിഡയിലെ ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ് അപ്പലാച്ചി. ചരിത്രപരമായി അവർ ജീവിച്ചിരുന്നത് ഫ്ലോറിഡ പാൻഹാൻഡിൽ (ഫ്ലോറിഡയുടെ പ്രധാനഭാഗത്തിൽ നിന്ന് മറ്റൊരു ഭാഗത്തേയ്ക്കു തള്ളിനിൽക്കുന്ന ഭാഗം) പ്രദേശത്തായിരുന്നു. എ.ഡി. 16-ആം നൂറ്റാണ്ട് മുതലാണ് ഈ വർഗത്തെപ്പറ്റി അറിഞ്ഞുതുടങ്ങിയത്. ഔസില്ല നദിയ്ക്കും (Aucilla) ഒച്ലോക്കോണി (Ochlockonee) നദികൾക്കും  ഇടയിൽ, യൂറോപ്പുകാർ “അപ്പലാച്ചീ പ്രോവിൻസ്” എന്നു വിളിച്ചിരുന്ന അപ്പലാച്ചി ഉൾക്കടലിൻറെ ഉച്ചസ്ഥാനത്തായിരുന്നു ഇവരുടെ പ്രധാന അധിവാസമേഖല. മറുവശത്തെ ജനത എന്ന അർഥംവരുന്ന അപ്പലാച്ചി കോള എന്ന പദത്തിൽനിന്നാണ് അപ്പലാച്ചി എന്ന പേരുണ്ടായത്. 16-ആം നൂറ്റണ്ടിന്റെ അവസാനത്തോടെ സ്പാനിഷ് ഫ്രാൻസിസ്കർ അപ്പലാച്ചികളുടെയിടയിൽ മിഷനുകൾ സ്ഥാപിച്ചു. 18-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന സ്പാനിഷ് പിൻതുടർച്ചാവകാശയുദ്ധത്തിൽ ഇംഗ്ലിഷുകാർക്കെതിരായി സ്പെയിൻകാരുമായി അപ്പലാച്ചികൾ സഖ്യം ചെയ്തു. ഈ യുദ്ധത്തിൽ അപ്പലാച്ചികൾക്കു കനത്ത പരാജയം നേരിട്ടു. അനേകം മിഷൻപള്ളികൾ അഗ്നിക്കിരയാകുകയും നിരവധി പുരോഹിതർ കൊല്ലപ്പെടുകയും ചെയ്തു. അതോടെ അപ്പലാച്ചിവർഗം നാമാവശേഷമായി. അപ്പലാച്ചിവർഗക്കാരിലെ ആയിരത്തിലധികമാളുകളെ യുദ്ധത്തടവുകാരായി പിടിച്ച് അടിമകളായി വിറ്റു. ശേഷിച്ച അപ്പലാച്ചികൾ ക്രീക്ക് വർഗത്തിൽ ലയിച്ചു. അപ്പലാച്ചികൾ പ്രയത്നശീലരും യോദ്ധാക്കളുമായിരുന്നു. ഈ തദ്ദേശീയ ഇന്ത്യൻ വർഗ്ഗം സംസാരിച്ചിരുന്ന ഭാക്ഷ ഇപ്പോൾ മൃതഭാക്ഷയായ അപ്പലാച്ചീ എന്ന മുസ്കോഗ്യാൻ (Muskogean) ഭാക്ഷയായിരുന്നു.

അപ്പലാച്ചീ ഇന്ത്യൻസ്
Apalachee Nation flag.svg
Flag of the Apalachee Nation
Regions with significant populations
United States Florida; subsequently Louisiana)
Languages
Apalachee (historical)
Related ethnic groups
Apalachicola, other Muskogean peoples

1450 CE യിൽ അപ്പലാച്ചികൾ ലിയോൺ കൌണ്ടിയിലുൾപ്പെട്ട വടക്കൻ ടല്ലഹസിയിലെ “വെൽഡാ മൌണ്ടിൽ” അധിവാസമുറപ്പിച്ചിരുന്നു. ഇതൊരു അമേരിക്കൻ-ഇന്ത്യൻ പുരാവസ്തു ഖനനപ്രദേശമാണ്. പതിനേഴാം നൂറ്റാണ്ടിൽ സ്പെയിൻകാർ ഇവിടേയ്ക്കു അധിനിവേശം നടത്തിയപ്പോൾ അപ്പലാച്ചികൾ ഈ പ്രദേശം വിട്ടുപോയി. പതിനാറാം നൂറ്റാണ്ടിൽ, സ്പാനീഷ് പര്യവേക്ഷകനായ ഹെർനാൻഡോ ഡി സോട്ടോയുടെ ആഗമനകാലത്ത് ഇവർ യൂറോപ്യന്മാരുമായി നിരന്തരം ഏറ്റുമുട്ടലുകൾ നടത്തിയിരുന്നു. യൂറോപ്യന്മാർ വഴി എത്തിയ സാംക്രമിക രോഗങ്ങളും ഭൂമി കയ്യേറ്റങ്ങളും കാരണമായി അപ്പലാച്ചികളുടെ ജനസംഖ്യ ക്രമാനുഗതമായി കുറഞ്ഞുവന്നു. രോഗങ്ങളെയും യൂറോപ്യൻ അധിനിവേശത്തെയും അതിജീവിച്ചവർ കൂട്ടം പിരിഞ്ഞ് കാലക്രമേണ മറ്റ് വർഗ്ഗങ്ങളിൽ ലയിച്ചു ചേർന്നു. ഇത് പ്രധാനമായും ക്രീക്ക് കോൺഫെഡറസിയിലായിരുന്നു. മറ്റു ചിലർ തങ്ങളുടെ അധിവാസമേഖല സ്പെയിൻ അധിനിവേശ പ്രദേശങ്ങളിലേയ്ക്കു മാറ്റി. ഇനിയും കുറച്ചുപേർ ഇപ്പോൾ ലൂയിസിയാന എന്നറിയപ്പെടുന്ന മേഖലയിൽത്തന്നെ തുടർന്നു. ഇന്ന് അപ്പലാച്ചീ മൌലികത അവകാശപ്പെടുന്ന ഏകദേശം 300 അപ്പലാച്ചീ ഇന്ത്യൻ വർഗ്ഗക്കാർ ലൂയിസിയാനയിലെ റാപിഡ്സ്, നാറ്റ്ചി “പാരീഷുകളിൽ” വസിക്കുന്നു. (ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനം 64 പാരീഷുകളായി വിഭജിച്ചിരിക്കുന്നു).

പുറംകണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പലാച്ചി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പലാച്ചി&oldid=2448371" എന്ന താളിൽനിന്ന് ശേഖരിച്ചത്