അപഗ്രഥനമനഃശാസ്ത്രം
മാനസികാപഗ്രഥനത്തിൽ പ്രചാരത്തിലിരിക്കുന്ന പല വാക്കുകളും കാൾ യുങ് തന്റേതായ പ്രത്യേകാർഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്.
സൈക്കി
തിരുത്തുകബോധാത്മകവും അബോധാത്മകവുമായ മാനസികപ്രക്രിയകളുടെ സാകല്യത്തിന് യൂങ്ങ് സൈക്കി (Psyche) [1] എന്നു പറയുന്നു. ഇതിന് ആത്മാവിനേക്കാൾ (soul) വിപുലമായ അർഥമുണ്ട്. സൈക്കിയുടെ പ്രവർത്തനങ്ങൾ നാലുവിധത്തിലാണ്:
- ചിന്തനം (thinking)ബാഹ്യലോകത്തെക്കുറിച്ചറിയുന്നതിന് [2]
- അനുഭൂതി (feeling)സുഖം-അസുഖം, നല്ലത്-ചീത്ത, ശരി-തെറ്റ് എന്നിങ്ങനെയുള്ള അറിവുകൾക്ക് [3]
- അന്തഃപ്രജ്ഞ (intution)-ഉൾക്കാഴ്ചയ്ക്ക്[4]
- സംവേദനം (sensation)പരിതഃസ്ഥിതിയുടെ യാഥാർഥ്യം അറിയുന്നതിന്.[5]
സൈക്കിയുടെ ഒരു ഭാഗം ബാഹ്യലോകവുമായി സദാ ബന്ധപ്പെട്ടിരിക്കുന്നു.സിഗ്മണ്ട് ഫ്രോയിഡ് ഈഗോ (Ego) എന്നു പറയുന്ന ഈ ഭാഗത്തിന് യൂങ്ങ് പേഴ്സൊണ (Persona) എന്നു പറയുന്നു. പരിതഃസ്ഥിതിയിൽ നിന്നുള്ള സമ്മർദങ്ങളും വ്യക്തിയുടെ ആന്തരികാവശ്യങ്ങളും തമ്മിലുള്ള അനുരഞ്ജനഫലമാണ് പേഴ്സൊണ. യൂങ്ങ് പ്രാധാന്യം നൽകി ഉപയോഗിച്ചുപോന്നതും ഇന്ന് വളരെ പ്രചാരത്തിലിരിക്കുന്നതുമായ മറ്റൊരു വാക്ക് കോംപ്ലക്സ് (Complex)[6] ആണ്. അത്യധികമായ വികാരത്തെ ഉൾക്കൊള്ളുന്നതും അബോധമനസ്സിലാണ്ടുപോയതുമായ ആശയത്തിനോ ആശയസമൂഹത്തിനോ ആണ് കോംപ്ലക്സ് എന്ന് അപഗ്രഥന മനഃശാസ്ത്രത്തിൽ പറയുന്നത്.
അന്തർമുഖത-ബഹിർമുഖത
തിരുത്തുകഅന്തർമുഖതയെന്നും ബഹിർമുഖതയെന്നും ഉള്ള പരികല്പനങ്ങൾക്കു യൂങ്ങിനോടാണ് ആധുനികമനഃശാസ്ത്രം കടപ്പെട്ടിരിക്കുന്നത്. ഒരാളിന്റെ പെരുമാറ്റങ്ങ (behaviour)[7] ളുടെ പ്രയാണദിശ (direction) ഒന്നുകിൽ തന്നിലേക്കോ അല്ലെങ്കിൽ ബാഹ്യവസ്തുക്കളിലേക്കോ ആയിട്ടാണ് കാണപ്പെടുന്നത് എന്ന വസ്തുത യൂങ്ങിന്റെ ശ്രദ്ധയെ ആകർഷിക്കുകയുണ്ടായി. ബാഹ്യവസ്തുക്കളിലേക്കും മറ്റാളുകളിലേക്കും ചേഷ്ടകൾ തിരിഞ്ഞുപോകുന്നതിനെ ബഹിർമുഖത (extroversion)[8] എന്നും വ്യക്തിയുടെ ആന്തരാവസ്ഥകളിലേക്ക് ചേഷ്ടകൾ തിരിയുന്നതിനെ അന്തർമുഖത (introversion)[9] എന്നും യൂങ്ങ് വിളിച്ചു. ഇവ രണ്ടും പരസ്പരവിരുദ്ധങ്ങളാണെങ്കിലും പരസ്പരപൂരകങ്ങൾ കൂടിയാണെന്നു യൂങ്ങ് കരുതുന്നു. ഉദാ. ഒരാളുടെ ബോധമനസ് അന്തർമുഖമാണെങ്കിൽ അയാളുടെ അബോധമനസ് ബഹിർമുഖമായിരിക്കും. ഈ രണ്ടു മനോഭാവങ്ങളും പരസ്പരപൂരകങ്ങളാണെങ്കിലും ഓരോരുത്തരുടെയും ബോധമണ്ഡലത്തിൽ ഏതെങ്കിലും ഒരു ഭാവം സ്ഥായിയായി കാണപ്പെടും. രണ്ടു മനോഭാവങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. ഒന്ന് മറ്റൊന്നിനേക്കാൾ മെച്ചമാണെന്ന് യൂങ്ങ് കരുതുന്നില്ല.
നേരത്തെ രേഖപ്പെടുത്തിയ സൈക്കിയുടെ നാലുതരം പ്രവർത്തനങ്ങൾ അന്തർമുഖമോ ബഹിർമുഖമോ ആകാം. അങ്ങനെ വരുമ്പോൾ മനുഷ്യരെ അവരുടെ വ്യക്തിസ്വഭാവത്തെ അടിസ്ഥാനമാക്കി എട്ടായി തിരിക്കാമെന്ന് യൂങ്ങ് വിശ്വസിക്കുന്നു.
ബഹിർമുഖചിന്താശീലർ
തിരുത്തുക(Extroverted thinking type)
വസ്തുനിഷ്ഠമായി ചിന്തിക്കാൻ ഇഷ്ടപ്പെടുന്നവരാണിവർ. ഇക്കൂട്ടർ തത്ത്വങ്ങൾ കൈകാര്യം ചെയ്യുന്നതുതന്നെ വസ്തുക്കളിലുള്ള തങ്ങളുടെ പിടിമുറുക്കാനായിരിക്കും. എൻജിനീയർമാരും ഡോക്ടർമാരും ശാസ്ത്രജ്ഞന്മാരും ഇവരിൽപെടും. പരിണാമസിദ്ധാന്ത പ്രണേതാവായ ചാൾസ് ഡാർവിനെ(1809-82)യാണ് ഇത്തരം ആളുകൾക്ക് ഉദാഹരണമായി യൂങ്ങ് ചൂണ്ടിക്കാണിക്കുന്നത്.[10]
ബഹിർമുഖാനുഭൂതിശീലർ
തിരുത്തുക(Extroverted feeling type)
വികാരങ്ങളെ ഇളക്കുന്ന വസ്തുക്കളിലാണിവർക്കു താത്പര്യം.ഒന്നും ചെയ്യാനില്ലാത്ത ദിവസങ്ങളിൽ ഒരു രസമില്ല എന്ന് ഇവർ പരാതിപ്പെട്ടുകൊണ്ടിരിക്കും.[11]
ബഹിർമുഖ സംവേദനശീലർ
തിരുത്തുക(Extroverted sensation type)
ഭക്ഷണം, മദ്യം, സ്ത്രീ എന്നിവയിൽ കമ്പമുള്ളവർ. തിന്നുക, കുടിക്കുക, ആനന്ദിക്കുക; എന്തെന്നാൽ നാം മരിക്കാൻ പോകുന്നു എന്ന തത്ത്വചിന്തയിൽ വിശ്വസിക്കുന്നവർ. ഇത്തരക്കാരിൽ അധികവും പുരുഷന്മാരായിരിക്കും.[12]
ബഹിർമുഖാന്തഃപ്രജ്ഞാശീലർ
തിരുത്തുക(Extroverted intuition)
അന്തർജ്ഞാനത്തിന് അബോധാത്മകമായ ഉൾക്കാഴ്ച എന്നർഥം. ജീവിതവിജയത്തിനാവശ്യമായ വസ്തുക്കളെയും ഭൌതികപരിതഃസ്ഥിതികളെയും അബോധമായിത്തന്നെ തെരഞ്ഞെടുക്കുന്നവരാണിവർ. ഇക്കൂട്ടർ അധികവും സ്ത്രീകളായിരിക്കും. ഇക്കൂട്ടത്തിൽപെടുന്ന പുരുഷന്മാർ കച്ചവടക്കാരും രാഷ്ട്രീയപ്രവർത്തകരും ഊഹക്കച്ചവടക്കാരും ആകാനാണ് സാധ്യത.[13]
അന്തർമുഖചിന്താശീലർ
തിരുത്തുക(Introverted thinking type)
കർക്കശമായ നിയമങ്ങൾ, തത്ത്വങ്ങൾ മുതലായവ, അവയുടെ പ്രായോഗികഫലങ്ങൾ എന്തുതന്നെയായാലും മുറുകെപ്പിടിക്കുന്നവരാണിവർ.ഇമ്മാനുവേൽ കാന്റ് (1724-1804), ഫ്രീഡ്രിക്ക് നീച്ച (1844-1900) എന്നീ തത്ത്വചിന്തകരാണ് ഇക്കൂട്ടർക്ക് യൂങ്ങ് നൽകുന്ന ഉദാഹരണങ്ങൾ. മുഷിഞ്ഞ വസ്ത്രം ധരിച്ചു നടക്കുന്നവരും സമയോചിതമായി പെരുമാറാൻ അറിയാത്തവരും ഇക്കാരണങ്ങളാൽതന്നെ മറ്റാളുകളുമായി ഇടപെടുന്നതിൽ പരാജയപ്പെടുന്നവരുമാണിവർ.[14]
അന്തർമുഖാനുഭൂതിശീലർ
തിരുത്തുക(Introverted feeling type)
തങ്ങളുടെ ഉള്ളിലുള്ളത് മറ്റുള്ളവർക്ക് പിടികൊടുക്കാത്ത നിശ്ശബ്ദർ. പുറമേ നിർവികാരത്വം പ്രദർശിപ്പിക്കുമെങ്കിലും ഇവരുടെ അകം വികാരച്ചൂളയായിരിക്കും. ഈ വിഭാഗത്തിൽപെടുന്നത് അധികവും സ്ത്രീകളായിരിക്കും.[15]
അന്തർമുഖസംവേദനശീലർ
തിരുത്തുക(Introverted sensation type)
മനുഷ്യർ, നദികൾ, പർവതങ്ങൾ മുതലായ ഭൌതികയാഥാർഥ്യങ്ങളിൽ ദൈവികത്വം (രാക്ഷസീയത്വവും) ആരോപിച്ച് ഒരു തരം ആധ്യാത്മികജീവിതം ഇഷ്ടപ്പെടുന്നവർ. കലാകാരന്മാരിൽ ഒരു വിഭാഗം ഇക്കൂട്ടത്തിൽപെടുന്നു.[16]
അന്തർമുഖാന്തഃപ്രജ്ഞാശീലർ
തിരുത്തുക(Introverted intuition)
പ്രവാചകർ, കാല്പനിക കവികൾ, യന്ത്രങ്ങളും മറ്റും കണ്ടുപിടിക്കുന്നവർ, വഴിതെറ്റിപ്പോയ പ്രതിഭാശാലികൾ, അനുയായികളില്ലാത്ത നേതാക്കൾ, അപ്രായോഗിക കാര്യങ്ങളെ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നവർ എന്നിവരെയൊക്കെ ഇക്കൂട്ടത്തിൽ പെടുത്താം.[17]
മനോഭാവങ്ങൾക്ക് അപഗ്രഥനമനഃശാസ്ത്രത്തിൽ പരമ പ്രാധാന്യമുണ്ട്. യൂങ്ങിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ഒരുവശത്തു ബാഹ്യവൃത്തികളെ നിയന്ത്രിക്കുകയും മറുവശത്ത് അനുഭവങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്ര സ്വിച്ച് ബോർഡാണ് മനോഭാവങ്ങൾ.
മനസ്
തിരുത്തുകമനസ് എന്ന് യൂങ്ങ് വിളിക്കുന്നത് ബോധാത്മകമായ ബുദ്ധി (conscious Intelligence) യെയാണ്.[18] അബോധമനസ് രണ്ടുതരമുണ്ട്.
വ്യക്തിപരമായ അബോധമനസ്
തിരുത്തുക(Personal unconscious)
മറവിയിലാണ്ടുപോയതും നിഷേധിക്കപ്പെട്ടതും അമർത്തിവയ്ക്കപ്പെട്ടതും അവ്യക്തരൂപത്തിൽ ഉള്ളതുമായ എല്ലാ ആശയങ്ങളും അഭിലാഷങ്ങളും ചേർന്നുണ്ടാകുന്നതാണിത്.[19]
സമഷ്ടിപരമായ അബോധമനസ്
തിരുത്തുക(Collective unconscious)
മസ്തിഷ്കത്തിന്റെ ജന്മസിദ്ധമായ ഘടനയോടു ബന്ധപ്പെട്ടതും മനുഷ്യവർഗത്തിന്റെ മാനസികപരിണാമത്തെ അനുസ്മരിപ്പിക്കുന്നതും നൈസർഗിക ചോദനകളുടെ (instincts) പ്രതീകങ്ങൾ ഉൾക്കൊണ്ടിട്ടുള്ളതുമാണിത്.[20] ഈ പ്രതീകങ്ങൾക്ക് യൂങ്ങ് നൽകുന്ന പ്രത്യേക പേര് പ്രാകൃതരൂപങ്ങൾ (Arche types) എന്നാണ്.[21]
ബോധമനസ്സിനെക്കുറിച്ച് നേരിട്ടറിയാൻ കഴിയും. എന്നാൽ അബോധമനസ്സിനെക്കുറിച്ച് പരോക്ഷമായി മാത്രമേ അറിയാൻ പറ്റൂ. സ്വപ്നങ്ങളിലും ഭാവനയിലും ഉൾക്കാഴ്ചകളിലും പ്രത്യക്ഷപ്പെടുന്ന രൂപങ്ങൾ, ആശയങ്ങൾ, പ്രതീകങ്ങൾ എന്നിവയിലൂടെ മാത്രമാണ് അബോധമനസ്സിനെക്കുറിച്ചറിയാൻ കഴിയുന്നത്. ബോധമനസും അബോധമനസും പരസ്പരപൂരകങ്ങളാണ്. ബോധമനസ്സിന് ബാഹ്യലോകവുമായുള്ള പൊരുത്തപ്പെടലാണ് ലക്ഷ്യമെങ്കിൽ അബോധമനസ്സിന് ബാഹ്യലോകവുമായി ബന്ധം ഇല്ല. പിന്നെങ്ങനെ രണ്ടും ഒരു പ്രക്രിയയുടെ രണ്ടുഭാഗങ്ങളാകും? യൂങ്ങ് പറയുന്നത് ബോധമനസ്സിന്റെ പ്രവർത്തനങ്ങൾക്ക് പൂർണത കൈവരുന്നത് പാരമ്പര്യമായി ഓരോ ശിശുവിനും ലഭിക്കുന്ന സമഷ്ടിപരമായ അബോധമനസ് കൂട്ടിച്ചേർക്കുന്ന പ്രതീകങ്ങളിലൂടെയാണെന്നാണ്. ഓരോ വർഗത്തിന്റെയും വംശത്തിന്റെയും തലമുറകളായുള്ള മാനസികാനുഭവങ്ങൾ പാരമ്പര്യംവഴി കൈമാറുന്ന ഒന്നാണ് ഈ അബോധമനസ്. എല്ലാ സംവേദനങ്ങളും സമഷ്ടിപരമായ അബോധമനസാകുന്ന മൂശയിലിട്ടു കരുപ്പിടിച്ചശേഷമാണ് ബോധമണ്ഡലത്തിലെ അനുഭവങ്ങൾ ആയിത്തീരുന്നതെന്ന് അപഗ്രഥനമനഃശാസ്ത്രം സിദ്ധാന്തിക്കുന്നു. തന്നെ സമീപിച്ച രോഗികളുടെ സ്വപ്നങ്ങൾ അപഗ്രഥിച്ചപ്പോൾ യൂങ്ങിനു തോന്നിയത് പുരാണേതിഹാസങ്ങളിലെ പ്രതിപാദ്യങ്ങളുടെ പ്രതിബിംബങ്ങളും അവരുടെ സ്വപ്നങ്ങളിൽ കാണപ്പെടുന്നുവെന്നാണ്. എന്നാൽ രോഗികൾക്ക് ഇവയെക്കുറിച്ച് യാതൊരറിവും ഉണ്ടായിരുന്നില്ല. അതിൽനിന്നും യൂങ്ങ് ഊഹിച്ചത് അവയിലെ ആശയങ്ങൾ ഉറഞ്ഞുകൂടിയ സമഷ്ടിപരമായ അബോധമനസ് എല്ലാ മനുഷ്യർക്കും ജന്മനാതന്നെ ലഭിക്കുന്നുണ്ടായിരിക്കണമെന്നാണ്.
രണ്ടു തത്ത്വങ്ങൾ
തിരുത്തുകപ്രധാനമായും രണ്ടു പൊതുതത്ത്വങ്ങൾ മാനസികപ്രവർത്തനങ്ങൾക്കുണ്ടെന്ന് യൂങ്ങ് കരുതുന്നു. ഒന്നാമതായി, എല്ലാ മാനസികവൃത്തികളും ഗതിശീലമുള്ളവ (dynamic) ആണ്. ഭൌതികശാസ്ത്രത്തിലെ എനർജി (energy) ക്ക് തുല്യമായ ഇതിനെ ലിബിഡോ (libido) എന്നാണ് യൂങ്ങ് പറയുന്നത്. ഫ്രോയിഡിനെ സംബന്ധിച്ചിടത്തോളം ലിബിഡോ ലൈംഗികാനന്ദം തരുന്ന ഊർജ്ജമാണെന്നകാര്യം ഇവിടെ ഓർക്കേണ്ടതുണ്ട്. ഓരോ നിറത്തിനും പൂരകവർണം ഉള്ളതുപോലെ ഓരോ മാനസികധർമത്തിനും പൂരകധർമംകൂടിയുണ്ടെന്ന് യൂങ്ങ് വിശ്വസിക്കുന്നു. സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്കുശേഷം വിനാശകരമായ പ്രവൃത്തികളിലേക്ക് മനസുതിരിയുന്നത് പലർക്കും അനുഭവപ്പെട്ടിരിക്കാനിടയുണ്ട്.
ഭൗതികശാസ്ത്രത്തിലെ ഊർജസംരക്ഷണനിയമ (The Law of Conservation of Energy)[22] ത്തോട് സാധർമ്യമുള്ളതാണ് രണ്ടാമത്തെ നിയമം; അതായത് സൈക്കിലെ ഊർജ്ജത്തിന്റെ ആകെ അളവിന് മാറ്റമുണ്ടാകുന്നില്ല. ബോധമണ്ഡലത്തിൽനിന്ന് അബോധമണ്ഡലത്തിലേക്കും മറിച്ചും ഈ ഊർജ്ജം സദാ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഊർജ്ജം മുഴുവൻ ഒരു മണ്ഡലത്തിലായിപ്പോകുന്നത് അപകടകരമാണ്. ബോധമണ്ഡലത്തിലെ ഊർജ്ജം മുഴുവൻ അബോധമണ്ഡലത്തിലേക്കൊഴുകി നഷ്ടപ്പെട്ടാൽ അബോധമണ്ഡലത്തിലെ പ്രാകൃതരൂപങ്ങൾ, കോംപ്ലക്സുകൾ മുതലായവയ്ക്ക് ശക്തി ലഭിക്കുകയും അവ ബോധമണ്ഡലത്തിലേക്കു നുഴഞ്ഞുകയറി മാനസികസമനിലയെ തെറ്റിക്കുകയും ചെയ്യും. ലഘുമനോരോഗത്തിനും (neurosis)[23] ചിത്തരോഗത്തിനും (psychosis)[24] ഇതാണ് കാരണം. പ്രശ്നപരിഹാരചിന്ത, തീരുമാനമെടുക്കൽ മുതലായ മാനസികവൃത്തികളിൽ അബോധമണ്ഡലത്തിൽനിന്ന് ബോധമണ്ഡലത്തിലേക്കാണ് ലിബിഡോ പ്രവഹിക്കുന്നത്. ലിബിഡോ രണ്ടു മണ്ഡലങ്ങളിലും സമമായി നിൽക്കുന്നതും അപകടകരമത്രേ. ഭാഗ്യവശാൽ അത്തരം സ്ഥിതിവിശേഷം വളരെ അപൂർവമായേ ഉണ്ടാകാറുള്ളു എന്ന് യൂങ്ങ് പറയുന്നു.
മനോരോഗചികിത്സ
തിരുത്തുകഅബോധമനസ്സിൽ ആണ്ടുപോയ കോംപ്ലക്സുകൾക്ക് ശക്തി ലഭിക്കുമ്പോൾ ബോധമണ്ഡലത്തിലേക്ക് അവ കടന്നുവരുമെന്നും അതാണ് മാനസികരോഗങ്ങൾക്ക് കാരണമെന്നുമാണ് യൂങ്ങിന്റെ അഭിപ്രായം. രോഗിയുടെ അബോധമനസ്സിലേക്കുള്ള എത്തിനോക്കൽ നാലു ഘട്ടങ്ങളായിട്ടാണ് സാധിക്കുന്നത്.
സ്വതന്ത്രമായ ആശയാനുബന്ധം
തിരുത്തുക(Free association method)
സാധാരണ മനുഷ്യർക്ക് ഉദാസീന (neutral) മായി തോന്നുന്ന കുറെ വാക്കുകൾ ഓരോന്നായി രോഗിയെ കേൾപ്പിക്കുന്നു. ഓരോ വാക്കിന്റെയും പ്രഥമ ശ്രവണത്തിൽതന്നെ രോഗിക്കു തോന്നുന്ന ആശയത്തെ അപഗ്രഥിച്ച് രോഗനിദാനമായ കോംപ്ലക്സുകളെക്കുറിച്ചറിയുന്നു. ഇതിനുവേണ്ടി യൂങ്ങ് നിർമിച്ച പദാനുബന്ധനപരീക്ഷ (word association test)[25] വ്യക്തിത്വപഠനത്തിനുള്ള മനഃശാസ്ത്ര പരീക്ഷകളിൽ പ്രമുഖമാണ്. ഇത്തരം പരീക്ഷകൾ പ്രചാരത്തിലിരിക്കുന്നു.[26]
രോഗലക്ഷണാപഗ്രഥനം
തിരുത്തുക(Symptom analysis method)
ഹിപ്നോട്ടിക് നിർദ്ദേശങ്ങളിലൂടെ പൂർവകാലസംഭവങ്ങളെ രോഗിയുടെ സ്മൃതിയിൽ കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് രണ്ടാം ഘട്ടം.[27]
വിസ്മൃതി നിർമാർജ്ജനം
തിരുത്തുക(Anamnestic method)
രോഗലക്ഷണത്തോട് ബന്ധപ്പെട്ട സംഭവങ്ങളെ കാലക്രമത്തിൽ അടുക്കി ഓർമയുടെ ഒരു ശൃംഖല നിർമ്മിക്കുന്നു.[28]
വ്യക്തിത്വവിപുലനം
തിരുത്തുക(Amplification method)
നാലാമത്തേതായ ഈ ഘട്ടത്തിലാണ് അബോധമനസ്സിലേക്കു ചൂഴ്ന്നിറങ്ങുന്നത്. ഈ സമയം രോഗിയും ചികിത്സകനും തമ്മിലുള്ള ബന്ധം ഏറ്റവും ദൃഢമായിരിക്കും.[29]
സ്വപ്നങ്ങൾ
തിരുത്തുകഅബോധമനസ്സിലേക്കിറങ്ങാനുള്ള പ്രധാനപാത, ഫ്രോയിഡിനെന്നപോലെ, യൂങ്ങിനും സ്വപ്നങ്ങൾതന്നെ. സമഷ്ടിപരമായ അബോധമനസാണ് സ്വപ്നങ്ങളെ രൂപപ്പെടുത്തുന്നതെന്ന് യൂങ്ങ് കരുതുന്നു. ഫ്രോയിഡിന്റെ സ്വതന്ത്രമായ ആശയാനുബന്ധനരീതിയിൽ സ്വപ്നത്തിലെ ആശയങ്ങളോടു ബന്ധപ്പെട്ട് അതിനുമുമ്പുണ്ടായ സംഭവങ്ങളെ സ്മൃതിയിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെങ്കിൽ, അപഗ്രഥനമനഃശാസ്ത്രത്തിൽ ചെയ്യുന്നത്, സ്വപ്നത്തിലെ ആശയങ്ങൾക്ക് പുരാണം, ഇതിഹാസം, ഐതിഹ്യം, നാടോടിക്കഥകൾ, കെട്ടുകഥകൾ എന്നിവയിൽനിന്നെല്ലാം നൽകാവുന്നത്ര അർഥം നൽകി അവയെ വിപുലീകരിച്ച് സംപുഷ്ടമാക്കിത്തീർക്കുകയാണ്. ഈ മാർഗ്ഗത്തിന് യൂങ്ങ് നൽകുന്ന പേർ വിപുലനം എന്നാണ്. മാനസികാപഗ്രഥനത്തിൽ ആശയാനുബന്ധനം രോഗിയാണ് ചെയ്യുന്നതെങ്കിൽ, വിപുലനത്തിൽ ചികിത്സകന്റെ സഹായം അനിവാര്യമാണ്. പുരാണേതിഹാസങ്ങളിൽ ചികിത്സകന് നല്ല പരിജ്ഞാനം ഉണ്ടായിരിക്കണം.
സ്വപ്നത്തിൽ കാണുന്ന ആശയങ്ങളെ നൈസർഗികവാസനകളുടെ പ്രതീകങ്ങളായിട്ടാണ് ഫ്രോയിഡ് കരുതുന്നത്. ഉദാഹരണമായി പാമ്പ് പുരുഷലിംഗത്തിന്റെ പ്രതീകമാണ് ഫ്രോയിഡിന്. എന്നാൽ യൂങ്ങിനാകട്ടെ മൂർഖത, ചതി, നന്ദിയില്ലായ്മ മുതലായി പുരാണേതിഹാസങ്ങളിലും ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും നാടോടിക്കഥകളിലും മറ്റും ആരോപിക്കപ്പെട്ടിട്ടുള്ള സകല പ്രത്യേകതകളും ഉൾക്കൊള്ളുന്ന ഒരു പ്രതീകമാണ് പാമ്പ്. ഫ്രോയിഡ് സ്വപ്നത്തിലൂടെ പ്രത്യക്ഷപ്പെടുന്ന ആശയങ്ങളുടെ ഉറവിടം അന്വേഷിക്കുമ്പോൾ യൂങ്ങ് ആ ആശയങ്ങളുടെ ലക്ഷ്യം എന്താണെന്ന് ആരായുന്നു. ഈ ലക്ഷ്യബോധം നിമിത്തം ലഘുമനോരോഗങ്ങളെ ശാപമായിട്ടല്ല അനുഗ്രഹമായിട്ടാണ് കണക്കാക്കേണ്ടതെന്ന് യൂങ്ങ് പറയുന്നു; മധ്യവയസ്സിനുമേൽ ഉണ്ടാകുന്ന ലഘുമനോരോഗങ്ങളെ മിക്കവാറും ഇത്തരത്തിലാണ് യൂങ്ങ് കണക്കാക്കുന്നത്.
ബാല്യകാലത്തുണ്ടാകുന്ന ഭീകരാനുഭവങ്ങളിൽ (trauma) നിന്നും ലഘുമനോരോഗങ്ങൾ ഉണ്ടാകാമെന്ന് യൂങ്ങ് വിശ്വസിക്കുന്നുണ്ട്. എന്നാൽ ഫ്രോയിഡിനെപ്പോലെ എല്ലാ ലഘുമനോരോഗങ്ങളും അങ്ങനെയുണ്ടാകുന്നവയാണെന്നു കരുതുന്നുമില്ല.
ആത്മാവബോധം
തിരുത്തുകവ്യക്തിത്വത്തിന്റെ കേന്ദ്രബിന്ദുവായ സ്വത്വം അറിയുന്നതിനെയാണ് ആത്മാവബോധം (self realization)[30] എന്നു പറയുന്നത്. സ്വത്വത്തെ പൊതിഞ്ഞിരിക്കുന്നതെന്നു കരുതാവുന്ന പലതരം പോളകളുണ്ട്. ഈ പോളകളെ തിരിച്ചറിഞ്ഞ് ആത്മാവബോധം നേടുന്നതിനുള്ള അപഗ്രഥനാത്മകമായ മാർഗ്ഗത്തിന് യൂങ്ങ് നൽകുന്ന പേര് പൃഥക്കരണം (individuation)[31] എന്നാണ്. പൃഥക്കരണത്തിന് പല ശ്രേണികളുണ്ട്; ആദ്യമായി പേർസണാലിറ്റിയുടെ മറുവശം അറിയണം. നിഴൽ (shadow), കറുത്ത സഹോദരൻ (dark brother) എന്നൊക്കെയാണ് വ്യക്തിത്വത്തിന്റെ മറുവശത്തിന് യൂങ്ങ് നൽകുന്ന പേരുകൾ. ആചാരം, കീഴ്വഴക്കം, നല്ലനടത്ത, അന്തസ് എന്നിവയ്ക്കെല്ലാം എതിരായ ആഗ്രഹങ്ങൾ എല്ലാ വ്യക്തികൾക്കുമുണ്ട്. വ്യക്തിത്വത്തിന്റെ പുറംമൂടി നീക്കിയാൽ ഈ കറുത്ത സഹോദര നെ കണ്ടെത്താൻ കഴിയും. നിഴലിനെക്കുറിച്ച് ബോധമണ്ഡലത്തിന് എത്രകണ്ട് അറിവു കുറയുന്നുവോ അത്രകണ്ട് കട്ടികൂടിയിരിക്കും നിഴലിന്. ദാക്ഷിണ്യമില്ലാത്ത നിരൂപണബുദ്ധികൊണ്ടു വേണം നിഴലിനെ നേരിടുക. കാരണം നിഴലിനെക്കുറിച്ച് ഓർമിക്കുന്നതുതന്നെ സാധാരണഗതിയിൽ എതിർപ്പുളവാക്കുന്നതാണ്. തന്റെ വ്യക്തിത്വത്തിന് ഒരു ഇരുണ്ട വശമുണ്ടെന്നു വിചാരിക്കാൻകൂടി മിക്കവരും കൂട്ടാക്കുകയില്ല; പിന്നെ വേണമല്ലോ അതംഗീകരിക്കുക. നിഴലിനെ അംഗീകരിച്ചാൽ തന്റെ നിലനില്പുതന്നെ അപകടത്തിലായേക്കുമോ എന്ന് വ്യക്തി ഭയപ്പെടുന്നു. എന്നാൽ എത്രമാത്രം ഹൃദയവേദന ഉളവാക്കുന്നതായാലും നിഴലിനെ മനസ്സിലാക്കുകയും വ്യക്തിത്വത്തിൽനിന്നു മുറിച്ചുകളയുകയും ചെയ്തില്ലെങ്കിൽ പൃഥക്കരണത്തിന്റെ അടുത്ത പടിയിലേക്കു കടക്കാൻ പറ്റുകയില്ല.
പുരുഷനിൽ അനിമ (anima) എന്നും സ്ത്രീയിൽ അനിമസ് (animus)[32] എന്നും യൂങ്ങ് വിളിക്കുന്ന ലിംഗവൈരുദ്ധ്യത്തെ അറിയുകയാണ് അടുത്ത പടി. പുരുഷന്മാരുടെ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കന്യാസ്ത്രീ, മാലാഖ, ഭിക്ഷക്കാരി മുതലായ രൂപങ്ങൾ അനിമയുടെ പ്രതീകങ്ങളാണ്. ഇതുപോലെ സ്ത്രീകളിൽ അനിമസും വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പുരുഷൻ, തന്നിലുള്ള സ്ത്രീത്വത്തെ(സ്ത്രൈണാഭിലാഷങ്ങളെ)യും സ്ത്രീ തന്നിലുള്ള പുരുഷത്വത്തെ(പുരുഷാഭിലാഷങ്ങളെ)യും അംഗീകരിക്കണമെന്നു താത്പര്യം. ഓരോ വ്യക്തിയിലും ഉള്ള ലിംഗവൈരുദ്ധ്യം അംഗീകരിക്കുകവഴി വ്യക്തിത്വം വിപുലീകരിക്കപ്പെടുന്നുവെന്നാണ് യൂങ്ങിന്റെ അഭിപ്രായം.
പൃഥക്കരണത്തിന്റെ മൂന്നാമത്തെ പടി നമ്മിലുള്ള ആത്മീയ തത്ത്വത്തെ അറിയുകയാണ്. ഓരോ വ്യക്തിയിലും ഓരോ വന്ദ്യവയോധികനും (old wise woman), ഓരോ വന്ദ്യവയോധികയും (old wise woman ) ഉണ്ട്. ആത്മീയതയുടെയും സന്മാർഗ ചിന്തയുടെയും ഉറവിടമാണിത്. പുരുഷനെ പദാർഥമാക്കപ്പെട്ട ചൈതന്യം (materialized spirit) എന്നും, സ്ത്രീയെ ചൈതന്യമാവേശിച്ച പദാർഥം (matter impregnated) എന്നും യൂങ്ങ് വിളിക്കുന്നു. ഒരുവന്റെ വ്യക്തിത്വത്തിൽ ആത്മീയാംശം ഉണ്ടെന്ന് അദ്ദേഹം കരുതുന്നതാണ് ഇതിനു കാരണം.
പൃഥക്കരണത്തിന്റെ അവസാനഘട്ടമാണ് ആത്മാവബോധം. വ്യക്തിത്വത്തിലെ വൈരുദ്ധ്യങ്ങൾ അവസാനിക്കുകയും ബോധാബോധമണ്ഡലങ്ങൾ സ്വത്വം എന്ന കേന്ദ്രബിന്ദുവിൽ ഒന്നിച്ചുചേരുകയും ആഭ്യന്തര-ബാഹ്യയാഥാർഥ്യങ്ങളുമായി വ്യക്തിത്വം പൂർണയോജിപ്പിലെത്തുകയും അങ്ങനെ വ്യക്തിത്വം സംപൂർണതയിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുന്നു. സ്വത്വം എന്നത് അതീന്ദ്രിയമായ ഒരു സങ്കല്പം (transcendental postulate)[33] മാത്രമായിട്ടാണ് അപഗ്രഥന മനഃശാസ്ത്രത്തിൽ വ്യവഹരിക്കുന്നത്. അത് മനുഷ്യൻ എത്തിച്ചേരേണ്ട സന്മാർഗാധിഷ്ഠിതമായ ഒരു ലക്ഷ്യം ആകുന്നു. അപഗ്രഥനമനഃശാസ്ത്രത്തിന് ആത്മീയവും മതപരവുമായ പരിവേഷം നൽകുന്നത് ഈ സങ്കല്പമാണ്. യൂങ്ങിന് പൌരസ്ത്യദേശത്തെ, പ്രത്യേകിച്ചും ഭാരതത്തിലെ തത്ത്വചിന്തയോട് നിസ്സീമമായ ആദരം ഉണ്ടായിരുന്നു. മനുഷ്യനിൽ ആത്മാവ് എന്നറിയപ്പെടുന്ന ശാശ്വതമായ ഒരു തത്ത്വം ഉണ്ടെന്നും അതിനെ ചുറ്റി യഥാക്രമം ആനന്ദമയം, ജ്ഞാനമയം, മനോമയം, പ്രാണമയം, അന്നമയം എന്ന് അഞ്ചു കോശങ്ങൾ ഉണ്ടെന്നും മറ്റുമുള്ള ഭാരതീയ തത്ത്വചിന്തയ്ക്കും യൂങ്ങിന്റെ അപഗ്രഥനമനഃശാസ്ത്രസിദ്ധാന്തത്തിനും തമ്മിലുള്ള സാദൃശ്യം ശ്രദ്ധേയമാണ്. പൃഥക്കരണത്തിലൂടെ ആത്മാവബോധം നേടാനുള്ള മനുഷ്യന്റെ ആദ്യകാലപ്രയത്നങ്ങൾക്ക് കാല്പനികരൂപം നൽകിയതാണ് ഇരുമ്പും ചെമ്പും സ്വർണമാക്കി മാറ്റാമെന്നുള്ള പ്രാചീന ഈജിപ്തുകാരുടെ വിശ്വാസത്തിൽ (alchemy) കാണുന്നതെന്ന് യൂങ്ങ് എഴുതിയിട്ടുണ്ട്. അതുപോലെതന്നെ, കൂടെക്കൂടെ വർത്തമാനപത്രങ്ങളിലും മറ്റും സ്ഥലം പിടിക്കുന്ന പറക്കും തളികകളും സ്വത്വത്തെക്കുറിച്ചുള്ള അബോധാത്മക സങ്കല്പത്തിൽനിന്നു രൂപമെടുക്കുന്ന മിഥ്യാദർശനങ്ങൾ (hallucinations)[34] ആണെന്ന് സമർഥിക്കാൻ യൂങ്ങ് ശ്രമിച്ചിട്ടുണ്ട്.
അപഗ്രഥനമനഃശാസ്ത്രം, ഇന്ന്
തിരുത്തുകയൂങ്ങിന്റെ മനോരോഗചികിത്സയെ പിന്തുടരുന്നവർ അദ്ദേഹത്തിന്റെ കാലത്തെന്നപോലെ, എന്നും അപൂർവമായി മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും വ്യക്തിത്വപരിശോധനയ്ക്കും കോംപ്ലെക്സുകൾ കണ്ടെത്താനും യൂങ്ങ് നടപ്പിൽ വരുത്തിയ പദാനുബന്ധനപരീക്ഷ ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നു. അതേ രൂപത്തിലല്ലെങ്കിലും അതുപോലെതന്നെ, വ്യക്തിത്വത്തിന് അന്തർമുഖതയെന്നും ബഹിർമുഖതയെന്നും രണ്ടു ഭാവങ്ങൾ ഉണ്ടെന്ന യൂങ്ങിന്റെ കണ്ടുപിടിത്തവും സർവാദൃതമായിത്തീർന്നിട്ടുണ്ട്. വ്യക്തിത്വത്തിന്റെ ഈ പരസ്പരവിരുദ്ധഭാവങ്ങളെ മസ്തിഷ്കപ്രവർത്തനവുമായി ബന്ധപ്പെടുത്തി അവയ്ക്കു ജീവശാസ്ത്രപരമായ അടിസ്ഥാനംതന്നെ ഉണ്ടെന്ന് ആധുനികമനഃശാസ്ത്രം ഏറെക്കുറെ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. 1940-കളിൽ സ്ഥാപിതമായ ലണ്ടനിലെ അപഗ്രഥന മനഃശാസ്ത്ര സൊസൈറ്റി അപഗ്രഥന മനഃശാസ്ത്രത്തിലധിഷ്ഠിതമായ പഠനങ്ങളും ചികിത്സാരീതികളും പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
ഇതുംകൂടികാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.thefreedictionary.com/Psyche
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-30. Retrieved 2011-09-19.
- ↑ http://www.psitek.net/pages/PsiTek-the-mental-highway-8.html
- ↑ http://www.awakening-intuition.com/
- ↑ http://dictionary.reference.com/browse/sensation
- ↑ http://www.ucl.ac.uk/complex/
- ↑ http://www.thefreedictionary.com/behaviour
- ↑ http://www.thefreedictionary.com/extraversion
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-25. Retrieved 2011-09-19.
- ↑ http://www.cognitiveprocesses.com/extravertedthinking.html
- ↑ http://www.cognitiveprocesses.com/extravertedfeeling.html
- ↑ http://www.cognitiveprocesses.com/extravertedsensing.html
- ↑ http://www.cognitiveprocesses.com/extravertedintuiting.html
- ↑ http://www.cognitiveprocesses.com/introvertedthinking.html
- ↑ http://www.cognitiveprocesses.com/introvertedfeeling.html
- ↑ http://www.9types.com/wwwboard/messages/4013.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-27. Retrieved 2011-09-19.
- ↑ http://onphilosophy.wordpress.com/2006/06/05/consciousness-and-intelligence/
- ↑ http://www.schuelers.com/ChaosPsyche/part_1_23.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-07. Retrieved 2011-09-20.
- ↑ http://dictionary.reference.com/browse/archetype
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-26. Retrieved 2011-09-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-23. Retrieved 2011-09-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-06-19. Retrieved 2011-09-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-29. Retrieved 2011-09-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-01. Retrieved 2011-09-22.
- ↑ http://www.ncbi.nlm.nih.gov/pubmed/7958686
- ↑ http://ieeexplore.ieee.org/xpl/freeabs_all.jsp?arnumber=1692124
- ↑ http://dreamhawk.com/dream-encyclopedia/the-amplification-method/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-03. Retrieved 2011-09-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-25. Retrieved 2011-09-22.
- ↑ http://www.merriam-webster.com/dictionary/animus
- ↑ http://www.deepdyve.com/lp/de-gruyter/kant-s-transcendental-deduction-of-god-s-existence-as-a-postulate-of-rajF0u0Squ
- ↑ http://www.nlm.nih.gov/medlineplus/ency/article/003258.htm
പുറംകണ്ണികൾ
തിരുത്തുക- http://www.marxists.org/reference/subject/philosophy/works/at/jung.htm
- http://iaap.org/
- http://www.wiley.com/bw/journal.asp?ref=0021-8774 Archived 2011-09-13 at the Wayback Machine.
- http://www.psychologycampus.com/analytical-psychology.html Archived 2011-09-02 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപഗ്രഥനമനഃശാസ്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |