അന്റാറ
ഇന്തോനേഷ്യയിലെ ദേശീയ വാർത്താവിതരണസ്ഥാപനമാണ് അന്റാറ. ജക്കാർത്തയാണ് ഇതിന്റെ ആസ്ഥാനം. ഡച്ച്-ജാപ്പനീസ് അധീശത്വത്തിനെതിരായ ഇന്തോനേഷ്യൻ സ്വാതന്ത്ര്യസമരത്തെ സഹായിക്കുന്നതിനുവേണ്ടി 1937-ൽ ആഡം മാലികിന്റെ നേതൃത്വത്തിൽ ഒരു സ്വതന്ത്രസ്ഥാപനമായിട്ടാണ് അന്റാറാ ആരംഭിച്ചത്. 1945 ആഗസ്റ്റ് 17-ന് ഇന്തോനേഷ്യ സ്വതന്ത്രയായ വിവരം ആദ്യമായി പ്രഖ്യാപിച്ചത് അന്റാറായായിരുന്നു. ആഡം മാലിക് പിന്നീട് ഇന്തോനേഷ്യയുടെ വിദേശകാര്യമന്ത്രിയും 26-ആം ഐക്യരാഷ്ട്ര പൊതുസഭയുടെ അധ്യക്ഷനുമായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ പ്രധാന നഗരങ്ങളിൽ ഇതിന്റെ ശാഖകൾ പ്രവർത്തിക്കുന്നു. ഏഷ്യയിലെ പ്രമുഖ രാജ്യങ്ങളിലും ലണ്ടൻ, ന്യൂയോർക്ക് തുടങ്ങിയ വിദേശ തലസ്ഥാനങ്ങളിലും അന്റാറായ്ക്ക് സ്വന്തം ലേഖകൻമാരുണ്ട്. പ്രധാനപ്പെട്ട വിദേശ വാർത്താ ഏജൻസികളിൽനിന്നും അന്റാറാ വാർത്തകൾ ശേഖരിക്കുകയും അവിടത്തെ ഗവൺമെന്റിനും പത്രങ്ങൾക്കും വിതരണം നടത്തുകയും ചെയ്യുന്നു.
രണ്ടാം ലോകയുദ്ധത്തിനു മുൻപ് ഇന്തോനേഷ്യയിൽ പ്രചരിച്ചിരുന്ന പ്രമുഖ പത്രങ്ങൾ ഡച്ചുഭാഷയിലുള്ളവയായിരുന്നു. ഇന്തോനേഷ്യൻ ഭാഷാപത്രങ്ങളാകട്ടെ അവിടുത്തെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. ജപ്പാൻകാരുടെ അധിനിവേശകാലത്ത് സകല പത്രങ്ങളും നിരോധിക്കപ്പെട്ടു. എന്നാൽ സൈനികവകുപ്പിന്റെ നിയന്ത്രണത്തിൽ രണ്ടു പത്രങ്ങൾ മാത്രം പുറത്തുവന്നുകൊണ്ടിരുന്നു. 1957-ൽ പ്രസിഡന്റ് സുക്കാർണോ പത്രങ്ങളുടെ മേൽ ഒട്ടേറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; 1963-ലും 1965-ലും ഇതു വർധിച്ചു. അക്കാലത്ത് അന്റാറായുടെ നിയന്ത്രണം കമ്യൂണിസ്റ്റനുഭാവികളായ പത്രാധിപൻമാർക്കായിരുന്നു. സുക്കാർണോഭരണത്തിന്റെ ജിഹ്വയായി അന്റാറായെ അവർ ഉപയോഗപ്പെടുത്തി.
1965-ലെ കമ്യൂണിസ്റ്റുവിരുദ്ധ വിപ്ലവത്തെത്തുടർന്ന് സൈനികഭരണം അന്റാറായുടെ പ്രവർത്തനം ആദ്യം നിർത്തലാക്കിയെങ്കിലും പിന്നീട് സൈനിക നിയന്ത്രണത്തിൽ പുനഃസ്ഥാപിച്ചു. പ്രതിവിപ്ലവകാരികളെ (കമ്യൂണിസ്റ്റുകാരെ) തൂത്തെറിയുക എന്നതായി അന്റാറായുടെ പുതിയ ലക്ഷ്യം. അതിനുവേണ്ടി ഈ വാർത്താ ഏജൻസിയെ ഫലപ്രദമായി ഉപയോഗിക്കുകയുണ്ടായി. പിന്നീടുണ്ടായ ഭരണമാറ്റത്തോടെ അന്റാറാ ഒരു യഥാർഥ ദേശീയ വാർത്താ ഏജൻസിയായി രൂപാന്തരപ്പെട്ടു.
റോയിട്ടേഴ്സ്, ബ്ലൂം ബെർഗ് തുടങ്ങിയ അന്താരാഷ്ട്ര വാർത്താവിതരണ ശൃംഖലകളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന അന്റാറാ, ഏഷ്യയിലെ വ്യവസായ വാർത്തകൾക്കുവേണ്ടി ഏഷ്യൻ പൾസ് എന്ന പേരിൽ ഒരു വാർത്താവിഭാഗവും പ്രവർത്തിപ്പിക്കുന്നുണ്ട്.
പുറംകണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- http://www.nerve.in/tags:antara%2Bnews%2Bagency Archived 2011-04-16 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്റാറാ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |