അന്താരാഷ്ട്ര വാണിജ്യ സംഘടനകൾ
വ്യാപാരം, വാണിജ്യം, ഗതാഗതം, കൃഷി എന്നിവയുടെ വികസനത്തിനുവേണ്ടി അന്താരാഷ്ട്രതലത്തിൽ സംവിധാനം ചെയ്തിട്ടുള്ള സർക്കാരിതര സംഘടനകളാണ് അന്താരാഷ്ട്ര വാണിജ്യ സംഘടനകൾ (International Trade Organizations). 1851-ൽ ലണ്ടനിൽ നടന്ന പ്രദർശനത്തോടെയാണ് വാണിജ്യസംഘടനകളുടെ തുടക്കംകുറിച്ചത്. അന്യരാഷ്ട്രങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതു കൊണ്ടുള്ള നേട്ടങ്ങളും അന്താരാഷ്ട്രക്കരാറുകൾ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യമായതോടെയാണ് ഇത്തരം സംഘടനകൾ രൂപവത്കരിക്കാൻ തുടങ്ങിയത്. ഈ പ്രദർശനത്തിന്റെ ഫലമായി ഇൻർനാഷനൽ യൂണിയൻ ഫോർ ദി പ്രൊട്ടക്ഷൻ ഒഫ് ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി (1883), ബേൺ കോപ്പിറൈറ്റ് കൺവൻഷൻ ആൻഡ് യൂണിയൻ (1886) എന്നിവ രൂപംകൊണ്ടു. ഈ സംഘടനകളുടെ ശക്തി പിൽക്കാലത്ത് വളരെ വർധിച്ചു.
ഗർണ്മെന്റ് പങ്കാളിത്തം
തിരുത്തുകഗവൺമെന്റുകളുടെ പങ്കാളിത്തമുള്ള അന്താരാഷ്ട്രസംഘടനകളുടെ ആവിർഭാവത്തോടെ ഗവൺമെന്റുകളെ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനും വേണ്ടി സർക്കാരിതരസംഘടനകളും പുരോഗമിച്ചു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ പ്രവർത്തനഫലമായാണ് ഇന്റർനാഷനൽ അസോസിയേഷൻ ഒഫ് എംപ്ലോയേഴ്സ് ഉണ്ടായത്. വാണിജ്യം, വ്യവസായം എന്നിവയിൽ ഏകീകരണം സാധ്യമാക്കുന്നതിന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡാർഡൈസേഷൻ രൂപംകൊണ്ടു.
സംഘടനയിലെ അഗംഗങ്ങൾ
തിരുത്തുകവർഷംതോറും സമ്മേളനങ്ങൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രവർത്തനം ആസൂത്രണംചെയ്യുന്ന അനവധി സംഘടനകളുണ്ട്. ചില സംഘടനകൾക്ക് ദേശീയാടിസ്ഥാനത്തിൽ കാര്യാലയങ്ങളും ഓരോ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി പ്രത്യേക ഉപസമിതികളും ഉണ്ട്. അംഗങ്ങളുടെ മേൽ സ്വാധീനംചെലുത്തി നിർണായകങ്ങളായ തീരുമാനങ്ങളെടുപ്പിക്കാൻ ശക്തമായ സംഘടനകളും ഇന്ന് വളരെയുണ്ട്. ഇത്തരം സംഘടനകളിലെ അംഗങ്ങൾ വ്യക്തികളല്ല; രാഷ്ട്രങ്ങളാണ്. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് റെഫ്രിജറേഷൻ, ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഹൌസിങ് ആൻഡ് ടൌൺപ്ലാനിങ് എന്നിവ ഉദാഹരണങ്ങളാണ്.
അഭിപ്രായവിനിയമനത്തിനും സാംഖ്യികവിവരങ്ങൾ ശേഖരിക്കുന്നതിനും യോജിച്ചുള്ള പഠന-ഗവേഷണങ്ങൾ നടത്തുന്നതിനും അന്താരാഷ്ട്രവാണിജ്യം സുകരമാക്കുന്നതിന് അളവുകളും തൂക്കങ്ങളും ഏകീകരിക്കുന്നതിനും ഗവൺമെന്റുകളുടെമേൽ സമ്മർദങ്ങൾ ചെലുത്തുന്നതിനും ഇത്തരം സംഘടനകളുടെ പ്രവർത്തനം അനിവാര്യമാണ്.
അന്താരാഷ്ട്ര വാണിജ്യ മണ്ഡലം
തിരുത്തുക(International Chamber of Commerce)
അന്താരാഷ്ട്രവാണിജ്യസംഘടനകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അന്താരാഷ്ട്ര വാണിജ്യ മണ്ഡലം (International Chamber of Commerce). 1869-ൽ തുടങ്ങിയെങ്കിലും ഇതിന്റെ പ്രവർത്തനങ്ങൾ ആഗോളാടിസ്ഥാനത്തിൽ വിപുലമാക്കിയത് 1920 മുതൽക്കാണ്. അംഗത്വം നേടിയിട്ടുള്ള രാഷ്ട്രങ്ങളുടെ സാമ്പത്തികശക്തിയുടെ ഒരു വൻസഖ്യം എന്നാണ് അന്താരാഷ്ട്ര വാണിജ്യ മണ്ഡലത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.
കമ്മിഷൻ ഫോർ ഏഷ്യൻ ആൻഡ് ഫാർ ഈസ്റ്റേൺ അഫയേഴ്സ് എന്ന ഒരു പ്രാദേശികസമിതി ഈ മണ്ഡലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ടു വർഷത്തിലൊരിക്കൽ സമ്മേളിക്കാറുള്ള കോൺഗ്രസ് ആണ് മണ്ഡലത്തിന്റെ പ്രധാന ഭരണസമിതി. ഒരു സ്ഥിരകൌൺസിലും കൌൺസിൽ തിരഞ്ഞെടുക്കുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. സാമ്പത്തിക-ആർഥികനയം; ഉത്പാദനം, വിതരണം, പരസ്യം; ഗതാഗതവും വാർത്താവിനിമയവും; നിയമവും വാണിജ്യനടപടികളും എന്നിങ്ങനെ നാലു വകുപ്പുകളുടെ ഭരണനിർവഹണത്തിന് 40-ഓളം കമ്മിഷനുകളും സമിതികളും പ്രവർത്തിക്കുന്നു. ഇവ കൂടാതെ ഒരു കേന്ദ്രവാർത്താ ഓഫീസുമുണ്ട്. രണ്ടു യുദ്ധങ്ങളുടെ ഇടയ്ക്കുള്ള കാലത്തെ ഗവൺമെന്റുനയങ്ങളുടെമേൽ കനത്ത സ്വാധീനത ചെലുത്തിയ ഈ വാണിജ്യമണ്ഡലം അന്താരാഷ്ട്ര നാണയ നിധിയുടെയും ലോകബാങ്കിന്റെയും സ്ഥാപനത്തിന് വളരെ സഹായിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സഹകരണ സഖ്യം
തിരുത്തുക(International Co operative Alliance)
അന്താരാഷ്ട്ര വാണിജ്യ മണ്ഡലത്തിന്റെ പ്രവർത്തനങ്ങളോടു സാദൃശ്യമുള്ള ഒരു സംഘടനയാണ് അന്താരാഷ്ട്ര സഹകരണ സഖ്യം (International Co operative Alliance). ബ്രിട്ടിഷ് സഹകരണ കോൺഗ്രസ്സും ഫ്രഞ്ചു സഹകരണ കോൺഗ്രസ്സും 1880കളിൽ സമ്മേളിച്ചതിന്റെ ഫലമായാണ് 1895-ൽ സഹകരണസഖ്യങ്ങളുടെ അന്താരാഷ്ട്രസ്ഥാപനമായ അന്താരാഷ്ട്ര സഹകരണ സഖ്യം രൂപംകൊണ്ടത്.
എല്ലാവിധ സഹകരണസംഘങ്ങളുടെയും സാർവദേശീയ പ്രതിനിധിയാകുകയും സഹകരണതത്ത്വങ്ങളും സഹകരണസമ്പ്രദായങ്ങളും ലോകമൊട്ടുക്ക് പ്രചരിപ്പിക്കുകയുമാണ് ഈ സഖ്യത്തിന്റെ ഉദ്ദേശ്യം. മൂന്നുവർഷത്തിലൊരിക്കൽ സമ്മേളിക്കാറുള്ള ഒരു കോൺഗ്രസ്സാണ് ഈ സഖ്യത്തിന്റെ ഭരണസമിതി. 1960-ൽ നടന്ന ലാസേൻ സമ്മേളനത്തിൽവച്ച് അന്താരാഷ്ട്ര സഹകരണ വാണിജ്യം, തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഉത്പാദനം, അച്ചടിവ്യവസായം, വിദ്യാഭ്യാസം, പാർപ്പിടം എന്നിവയെക്കുറിച്ചുള്ള നയങ്ങൾ രൂപവത്കരിച്ചു. അവികസിതരാഷ്ട്രങ്ങളെ സഹായിക്കുന്നതിനുവേണ്ടി ഈ സഹകരണസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ 1954-ൽ ഒരു വികസനനിധി (Development Fund) സ്ഥാപിക്കപ്പെട്ടു.
ആഗോള സംഘടനകൾ
തിരുത്തുകവ്യസായങ്ങൾക്ക്
തിരുത്തുകഇതുപോലെ ആഗോളവ്യാപ്തിയുള്ള സംഘടനകളാണ്
- യൂണിയൻ ഒഫ് ഇന്റർനാഷനൽ ഫെയഴ്സ് (1925)
- ഇന്റർനാഷനൽ അസോസിയേഷൻ ഒഫ് ഡിപ്പാർട്ടുമെന്റൽ സ്റ്റോഴ്സ് (1928),
- ഇന്റർനാഷനൽ ഓഫീസ് ഫോർ മോട്ടോർ ട്രേഡ്സ് ആൻഡ് റിപ്പയഴ്സ് എന്നിവ.
ഉത്പാതക വ്യവസായങ്ങൾക്ക്
തിരുത്തുകഉത്പാദനവ്യവസായങ്ങളിലും അനവധി അന്താരാഷ്ട്ര പ്രാധാന്യമുള്ള സംഘടനകളുണ്ട്.
- ഇന്റർനാഷനൽ ഓഫീസ് ഒഫ് കൊക്കോ ആൻഡ് ചോക്കളേറ്റ് (1930)
- ഇന്റർ നാഷനൽ ഫെഡറേഷൻ ഒഫ് മീറ്റ്ട്രേഡേഴ്സ് അസോസിയേഷൻ (1946)
- യൂറോപ്യൻ ബ്രൂവറികൺവൻഷൻ (1947).
ഇന്ധനങ്ങൾക്ക്
തിരുത്തുകവിദ്യുത്ച്ഛക്തി, കൽക്കരി, മറ്റ് ഇന്ധനങ്ങൾ എന്നിവയെപ്പറ്റി ഗവേഷണം നടത്തുകയും ഇവയെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര സമ്മേളനങ്ങൾക്കുള്ള വേദിയായി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ്
- വേൾഡ് പവർ കോൺഫറൻസ്
- ഇന്റർനാഷനൽ ഇലക്ട്രോ ടെക്നിക്കൽ കമ്മിഷൻ (1906)
- ഇന്റർനാഷനൽ യൂണിയൻ ഒഫ് പ്രൊഡ്യൂസേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഒഫ് ഇലക്ട്രിക്കൽ എനർജി
എന്നീ സംഘടനകൾ വേൾഡ് പവർ കോൺഫറൻസിനോട് സാദൃശ്യമുള്ളവയാണ്.
തുണികൾക്ക്
തിരുത്തുകതുണിത്തരങ്ങളുടെ പഠനത്തിനും ഗവേഷണത്തിനും അനവധി അന്താരാഷ്ട്രസംഘടനകളുണ്ട്.
- ഇന്റർനാഷനൽ വൂൾ സെക്രട്ടേറിയറ്റ്
- ഇന്റർനാഷനൽ വൂൾ ടെക്സ്റ്റൈൽ ഓർഗനൈസേഷൻ
- ഇന്റർനാഷനൽ ഫെഡറേഷൻ ഒഫ് കോട്ടൺ ആൻഡ് അലൈഡ് ടെക്സ്റ്റൈൽ ഇൻഡസ്ട്രീസ്
- ഇന്റർനാഷനൽ സിൽക്ക് അസോസിയേഷൻ
- ഇന്റർനാഷനൽ റെയിൻവെയർ കൌൺസിൽ
- ഇന്റർനാഷനൽ കമ്മിറ്റി ഫോർ ഡൈയിങ് ആൻഡ് ക്ലീനിങ് (1950).
വ്യവസായങ്ങൾക്ക്
തിരുത്തുകവ്യവസായങ്ങൾക്ക് ധനസഹായം നല്കുന്നതിനും മറ്റുമായി ചില സ്ഥാപനങ്ങൾ നിലവിലുണ്ട്.
- ഇന്റർനാഷനൽ ക്രെഡിറ്റ് ഇൻഷുറൻസ് അസോസിയേഷൻ (1946)
- ഇന്റർനാഷനൽ ത്രിഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് (1925).
വാർത്താവിനിമയത്തിന്
തിരുത്തുകവാർത്താവിനിമയത്തിന് അന്താരാഷ്ട്രാടിസ്ഥാനത്തിൽ ചില സർക്കാരിതരസ്ഥാപനങ്ങളുണ്ട്.
- യൂറോപ്യൻ ബ്രോഡ്കാസ്റ്റിങ് യൂണിയൻ (1925)
വിവിധരാജ്യങ്ങളിലെ റേഡിയോബന്ധങ്ങൾ സമന്വയിപ്പിക്കുന്നതിന്
- ഇന്റർനാഷനൽ അമച്വർ റേഡിയോ യൂണിയൻ (1925)
- ഇന്റർനാഷനൽ റേഡിയോ മാരിടൈം കമ്മിറ്റി (1947) എന്നിവ ഇതിനുള്ള സമിതികളാണ്.
റയിൽവേയ്ക്ക്
തിരുത്തുകറയിൽവേയുടെ സംവിധാനത്തിലും വികസനത്തിലും ശ്രദ്ധിക്കുന്ന സംഘടനകളാണ്
- ഇന്റർനാഷനൽ യൂണിയൻ ഒഫ് റയിൽവേസ്' (1922)
- ഇന്റർനാഷനൽ റയിൽവേ കോൺഗ്രസ് അസോസിയേഷൻ (1884)
- പാൻ അമേരിക്കൻ റയിൽവേ കോൺഗ്രസ് അസോസിയേഷൻ എന്നിവ.
കപ്പൽ ഗതാഗതത്തിന്
തിരുത്തുകകപ്പൽഗതാഗത-വികസനത്തിനും ഗവേഷണത്തിനും ഇതുപോലെ സമിതികളുണ്ട്.
- ബാൾട്ടിക് ആൻഡ് ഇന്റർനാഷനൽ മാരിടൈം കോൺഫറൻസ് (1905)
- ഇന്റർനാഷനൽ ചേംബർ ഒഫ് ഷിപ്പിങ് (1921)
കപ്പൽ ജോലിക്കാരുടെ വേതനം, തൊഴിൽ നിലവാരങ്ങൾ എന്നിവ ശ്രദ്ധിക്കുന്ന സംഘടനയാണ്
- ഇന്റർനാഷനൽ ഷിപ്പിങ് കോൺഫറൻസ്.
ടൂറിസത്തിന്
തിരുത്തുകടൂറിസത്തിന്റെ പ്രാധാന്യം വർധിച്ചതോടെ ആഗോളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിലവിൽവന്നു.
- ഇന്റർനാഷണൽ ആട്ടോമൊബൈൽ ഫെഡറേഷൻ (ആണ് ഇതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത്).
- ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് റോഡ് കോൺഗ്രസ്
- ഇന്റർനാഷനൽ യൂണിയൻ ഓഫ് പബ്ളിക്ക് ട്രാൻസ്പോർട്ട്
എന്നിവ റോഡുഗതാഗതം അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള സംഘടനകളാണ്.
വിമാനഗതാഗതത്തിന്
തിരുത്തുകവിമാനഗതാഗതം ത്വരിതപ്പെടുത്തുന്നതിനുള്ള സംഘടനകളാണ്
- ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ
- ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ എന്നിവ.
കാർഷിക വികസനത്തിന്
തിരുത്തുകകാർഷികവികസനത്തിനുവേണ്ടിയും ചില സംഘടനകൾ രൂപംകൊണ്ടിട്ടുണ്ട്. 1905-ൽ സ്ഥാപിച്ച
- ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചർ
ഇതിന്റെ പ്രവർത്തനങ്ങൾ പിന്നീട് ഭക്ഷ്യകാർഷിക സംഘടന ഏറ്റെടുത്തു. ചില പ്രത്യേക ഉത്പന്നങ്ങളുടെ വികസനത്തിനുവേണ്ടിയും സംഘടനകൾ സ്ഥാപിച്ചിട്ടുണ്ട്.
എൻജിനീയറിങ് വ്യവസായങ്ങൾക്ക്
തിരുത്തുകഎൻജിനീയറിങ് വ്യവസായങ്ങളുടെ വികാസം ലക്ഷ്യമാക്കി ചില സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്.
- ഇന്റർനാഷനൽ അസോസിയേഷൻ ഫോർ ബ്രിഡ്ജ് ആൻഡ് സ്ട്രക്ചറൽ എൻജിനീയറിങ്
- യൂണിയൻ ഒഫ് ഇന്റർനാഷനൽ എൻജിനീയറിങ് ഓർഗനൈസേഷൻസ്
എന്നിവ ഇതിനുള്ള സംഘടനകളാണ്. ഇവയെക്കൂടാതെ
തൊഴിലിന്
തിരുത്തുകഅന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ അംഗീകാരമുള്ള
- അസോസിയേഷൻ ഒഫ് ലാറ്റിൻ അമേരിക്കൻ ഇൻഡസ്ട്രിയലിറ്റ്സ്
- കരീബിയൻ എപ്ളോയേഴ്സ് കോൺഫെഡറേഷൻ
- ആസിയൻ കോൺഫെഡറേഷൻ എംപ്ളോയേഴ്സ്
- കോൺഫെഡറേഷൻ ഒഫ് ഏഷ്യാ പസിഫിക് എംപ്ലോയേഴ്സ്
- ജനറൽ യൂണിയൻ ഒഫ് ചേംബേഴ്സ് ഒഫ് കോമേഴ്സ്
- ഇൻഡസ്ട്രി ആൻഡ് അഗ്രിക്കൾച്ചറൽ ഫോറം ഫോർ അറബ് കൺട്രീസ്
തുടങ്ങിയ സംഘടനകളും അന്താരാഷ്ട്ര വാണിജ്യരംഗത്ത് സജീവമാണ്. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വാണിജ്യസംഘടനകളെ ഏകോപിപ്പിക്കുന്ന പ്രവർത്തനമാണ് ഫെഡറേഷൻ ഒഫ് ഇന്റർനാഷനൽ ട്രേഡ് അസോസിയേഷൻസ് (എഫ്.ഐ.ടി.എ.) നിർവഹിക്കുന്നത്.
ഈ വാണിജ്യസംഘടനകൾ ഇന്ന് ലോകവ്യാപാരസംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര വാണിജ്യ സംഘടനകൾക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ളതിനാൽ, ഇവയുടെ നിർദ്ദേശങ്ങൾക്ക് ലോകവ്യാപാരസംഘടനയുടെ നയരൂപീകരണത്തിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ട്.
ഇതുംകൂടികാണുക
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- http://www.fita.org/ Archived 2018-06-27 at the Wayback Machine.
- http://www.iitcindia.com/
- http://commerce.nic.in/trade/international_trade.asp
- http://www.intracen.org/Exporters/
- [PDF] India's International Trade Policy www.ifri.org/downloads/AV9.pdf
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര വാണിജ്യ സംഘടനകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |