അന്താരാഷ്ട്രകാർഷികകേന്ദ്രം

കൃഷിക്കാരുടെ താത്പര്യങ്ങൾ മുൻനിർത്തി അന്താരാഷ്ട്രീയാടിസ്ഥാനത്തിൽ സംഘടിപ്പിച്ച സ്ഥാപനമാണ് അന്താരാഷ്ട്രകാർഷികകേന്ദ്രം (International Institute of Agriculture).

സേവനങ്ങൾ

തിരുത്തുക

വിള ഉത്പാതനം, കന്നുകാലിസമ്പത്ത്, കാർഷികോത്പന്നങ്ങളുടെ വില, കാർഷിക വിപണനം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുക, അവ സാംഖ്യികമായി അപഗ്രഥിക്കുക, ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കുക എന്നിവയായിരുന്നു ഈ കേന്ദ്രത്തിൻറെ ശ്രദ്ധാർഹമായ സേവനങ്ങൾ. ഈ കേന്ദ്രം കാർഷികനിയമനിർമ്മാണം, കാർഷിക സഹകരണകേന്ദ്രങ്ങൾ എന്നിവയെപ്പറ്റി സമഗ്രമായി പഠിക്കുകയും ചെയ്തിരുന്നു.

സ്ഥാപകൻ

തിരുത്തുക

1905 മേയ് മാസത്തിൽ ആരംഭിച്ച ഈ കേന്ദ്രത്തിൻറെ സ്ഥാപകൻ കാലിഫോർണിയായിൽ സാക്രമെൻറോ നഗരത്തിലെ ഒരു വ്യാപാരിയായ ഡേവിഡ് ലൂബിൻ ആണ്. ഇറ്റലിയിലെ രാജാവായിരുന്ന വിക്റ്റർ എമ്മാനുവൽ മൂന്നാമൻറെ ക്ഷണപ്രകാരം 1905 - ൽ റോമിൽ സമ്മേളിച്ച യോഗത്തിലാണ് ഈ കേന്ദ്രം സ്ഥാപിക്കുവാനുള്ള തീരുമാനം എടുത്തത്. ഈ കേന്ദ്രത്തിൻറെ നിർദ്ദേശപത്രികക്ക് 77 രാഷ്ട്രങ്ങളുടെ പിന്തുണയുണ്ടായിരുന്നു.

നിയമനിർമ്മാണ സമിതി

തിരുത്തുക

രണ്ടു വർഷത്തിലൊരിക്കൽ സമ്മേളിക്കാറുള്ള ജനറൽ അസംബ്ലിയായിരുന്നു കേന്ദ്രത്തിൻറെ നിയമനിർമ്മാണ സമിതി. അസംബ്ലി കൂടാതെ മറ്റുപലസമിതികളും കേന്ദ്രത്തിനുണ്ട്. കേന്ദ്രത്തിൻറെ അധീനതയിലുള്ള ഗ്രന്ഥശാല ലോകത്ത് അന്നുണ്ടായിരുന്നതിൽ ഏറ്റവും മെച്ചപ്പെട്ട ഒന്നായിരുന്നു. കേന്ദ്രത്തിൻറെ നടത്തിപ്പിനു വേണ്ട ധനസഹായം ന‍ൽകിയിരുന്നത് അംഗരാഷ്ട്രങ്ങളാണ്.

ഇംഗ്ലീഷ് - ഫ്രഞ്ച് ഭാഷകളിൽ പല ആനുകാലിക പ്രസിദ്ധീകരണങ്ങളു പ്രത്യേക റിപ്പോർട്ടുകളും ഈ സ്ഥാപനം പ്രകാശനം ചെയ്തിട്ടുണ്ട്. ഇൻറർനാഷണൽ റിവ്യൂ ഒഫ് അഗ്രികൽച്ചറൽ എക്കണോമിക്സ് എന്ന പ്രസിദ്ധീകരണം അഞ്ചു ഭാഷകളിൽ പ്രകാശിപ്പിച്ചിരുന്നു.

കാർഷിക കാനേഷുമാരി

തിരുത്തുക

ആഗോളവ്യാപകമായി 1930 - ലും 1940 - ലും കാർഷിക കാനേഷുമാരിയെടുക്കാനുള്ള ശ്രമം നടത്തിയത് ഈ കേന്ദ്രമാണ്. ഈ കേന്ദ്രം ലീഗ് ഒഫ് നേഷൻസ്, അന്താരാഷ്ട്ര തൊഴിൽ സംഘടനഎന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് കാർഷിക പുരോഗതിക്കാവശ്യമായ പല പ്രവർത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. രണ്ടാംലോകയുദ്ധകാലത്ത് ചുരുങ്ങിയ തോതിലെങ്കിലും കേന്ദ്രത്തിൻറെ പ്രവർത്തനങ്ങൾ തുടർന്നു വന്നിരുന്നു.

1943 - ൽ ഐക്യരാഷ്ട്രസഭയുടെ കാർഷിക വിഭാഗമായ ഭക്ഷ്യകാർഷിക സംഘടന(Food and Agricultural Organization) രൂപംകൊണ്ടതോടെ അന്താരാഷ്ട്രകാർഷികകേന്ദ്രത്തിൻറെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും, കേന്ദ്രം ഭക്ഷ്യകാർഷിക സംഘടനയുമായി ലയിപ്പിക്കണമെന്നും നിദ്ദേശങ്ങളുണ്ടായി. 1946 ജൂലൈ 31 ന് കേന്ദ്രത്തിൻറെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. കേന്ദ്രം നടത്തിവന്നിരുന്ന പ്രവർത്തനങ്ങൾ പുതിയ സംഘടനയെ ഏൽപ്പിച്ചു. കേന്ദ്രത്തിൻറെ വകയായ ഡേവിഡ് ലൂബിൻ സ്മാരകഗ്രന്ഥശാലയും ഭക്ഷ്യകാർഷിക സംഘടനയ്ക്ക് കൈമാറ്റം ചെയ്തു.