അന്താരാഷ്ട്രധനകാര്യ കോർപറേഷൻ

ലോകബാങ്കിന്റെ ഒരു കൂട്ടുസ്ഥാപനമാണ് അന്താരാഷ്ട്രധനകാര്യ കോർപറേഷൻ. പ്രത്യുത്പാദനപരമായ വ്യവസായങ്ങൾക്ക് സാമ്പത്തികസഹായം നൽകി അംഗരാജ്യങ്ങളുടെ സാമ്പത്തികഭദ്രത മെച്ചപ്പെടുത്തുകയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം. കോർപ്പറേഷന് ലോകബാങ്കിൽനിന്നും വ്യത്യസ്തമായ അസ്തിത്വമുണ്ട്. ഗവൺമെന്റിന്റെ ഉറപ്പു കൂടാതെ തന്നെ സ്വകാര്യമേഖലയിലുള്ള വ്യവസായസംരംഭങ്ങൾക്ക് സഹായം നല്കി അംഗരാഷ്ട്രങ്ങളുടെ വ്യവസായവികസനത്തെ ഇത് പുഷ്ടിപ്പെടുത്തുന്നു. കോർപ്പറേഷന്റെ ആസ്ഥാനം വാഷിങ്ടൺ ആണ്.

അന്താരാഷ്ട്രധനകാര്യ കോർപറേഷന്റെ ആസ്ഥാന മന്ദിരം

ആവിർഭാവം

തിരുത്തുക

പിന്നോക്കം നിൽക്കുന്ന രാഷ്ട്രങ്ങളെ സഹായിക്കുന്നതിന് ഒരു അമേരിക്കൻ നയം ആവിഷ്കരിക്കണമെന്ന് 1950-ൽ പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ യു.എസ്. ഇന്റർനാഷണൽ ഡവലപ്പ്മെന്റ് അഡ്വവൈസറി ബോർഡിനോട് അഭ്യർഥിച്ചു. ഒരു അന്താരാഷ്ട്രധനകാര്യകോർപറേഷൻ സ്ഥാപിക്കണമെന്ന് 1951 മാർച്ചിൽ ബോർഡ് നിർദ്ദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്കു മാത്രമേ സാമ്പത്തികസഹായം നൽകാവൂ എന്നും ഈ സഹായത്തിന് ഗവൺമെന്റിന്റെ ഉറപ്പ് ആവശ്യപ്പെടരുതെന്നും നിർദ്ദേശിക്കുകയുണ്ടായി. 1951 ആഗസ്റ്റിൽ ഐക്യരാഷ്ട്രസാമ്പത്തികസാമൂഹികസമിതി ആവശ്യപ്പെട്ടതനുസരിച്ച് ലോകബാങ്ക് ഇങ്ങനെ ഒരു ഏജൻസിയുടെ ആവശ്യകതയെപ്പറ്റി പഠിക്കുകയും 1952 ഏപ്രിലിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്രധനകാര്യകോർപ്പറേഷൻ രൂപവത്കരിച്ചാൽ സാമ്പത്തികവികസനത്തെ സഹായിക്കുന്നതിന് നിലവിലുള്ള സമ്പ്രദായത്തിലെ വിടവ് നികത്താൻ കഴിയുമെന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു. കോർപ്പറേഷൻ സ്ഥാപിക്കുന്നതിനെപ്പറ്റിയുള്ള പഠനങ്ങൾ വീണ്ടും തുടർന്നു.

കോർപ്പറേഷൻ സ്ഥാപിക്കുന്നതിന് യു.എസ്. എതിരായിരുന്നു. ഇങ്ങനെയൊരു സംഘടനയുടെ ആവശ്യമില്ലെന്ന് ട്രഷറിവകുപ്പും സൂചിപ്പിച്ചു. ലോകബാങ്കിന്റെ പ്രസിഡന്റായ യൂജീൻ ബ്ലാക്ക് ചില നിർദ്ദേശങ്ങൾ നല്കി. ബ്ലാക്ക് പദ്ധതിയാണ് കോർപ്പറേഷൻ സ്ഥാപിക്കുന്നതിനുവേണ്ട പിൻബലം നൽകിയത്. 40 കോടി ഡോളർ അംഗീകൃതമൂലധനമുണ്ടായിരിക്കണമെന്ന് ഡവലപ്പ്മെന്റ് ബോർഡ് ശുപാർശ ചെയ്തിരുന്നു. ബ്ലാക്ക് അത് 10 കോടിയായി കുറച്ചു.

1955 ഏപ്രിലിൽ കോർപ്പറേഷൻ നിയമാവലി ലോകബാങ്ക് അംഗീകരിക്കുകയും ലോകബാങ്കംഗങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തു. അംഗീകൃതമൂലധനത്തിന്റെ 75 ശ.മാ. അടയത്തക്ക രീതിയിൽ 30 രാഷ്ട്രങ്ങൾ ഈ നിയമാവലി അംഗീകരിച്ചാൽ ഈ സ്ഥാപനം ആരംഭിക്കാൻ കഴിയും എന്ന നിലയായി. 1955 ഡിസംബർ 5-ന് യു.എസ്. അംഗത്വം സ്വീകരിച്ചതോടെ അന്താരാഷ്ട്ര ധനകാര്യകോർപ്പറേഷൻ രൂപവത്കരിക്കപ്പെട്ടു. 1956 ജൂലായ് 20- ന് കോർപ്പറേഷന്റെ പ്രവർത്തനം ആരംഭിച്ചു. 31 അംഗങ്ങൾ 1956-ൽ അംഗത്വം നേടിയിരുന്നു. ലോകബാങ്കിന്റെ ഉപാധ്യക്ഷനായ റോബർട്ട് എൽ. ഗാർനൽ കോർപ്പറേഷന്റെ പ്രസിഡന്റായി (1956). 1961-ൽ അംഗസംഖ്യ 60 ആയി വർധിച്ചു. ഇപ്പോൾ 172 അംഗങ്ങളുണ്ട്. മുതൽ മുടക്കുകളെ സംബന്ധിച്ച വ്യവസ്ഥകൾ കോർപ്പറേഷന്റെ ചാർട്ടറിൽ വിവരിക്കുന്നുണ്ട്. ന്യായമായ വ്യവസ്ഥകളിൻമേൽ സ്വകാര്യ മൂലധനം കിട്ടാൻ കഴിയാത്ത അംഗരാജ്യങ്ങളിൽ മാത്രമേ കോർപ്പറേഷൻ മുതൽമുടക്കാവൂ എന്നുണ്ട്.

പ്രവർത്തനങ്ങൾ

തിരുത്തുക

കോർപ്പറേഷനിൽ അംഗത്വമുള്ള അല്പവികസിതരാഷ്ട്രങ്ങളിൽ മാത്രമായിരിക്കും കോർപ്പറേഷൻ മുതൽ മുടക്കുക. മൂലധനം മറ്റു വിധത്തിൽ ലഭ്യമല്ലാതെ വന്നാൽ മാത്രമേ കോർപ്പറേഷൻ സാമ്പത്തികസഹായം നൽകാറുള്ളൂ. സാധാരണയായി വായ്പ വാങ്ങുന്ന സ്ഥാപനങ്ങളുടെ ഭരണത്തിൽ കോർപ്പറേഷൻ ഇടപെടാറില്ല. മുതൽമുടക്ക് നഷ്ടപ്പെടുമെന്നു തോന്നുമ്പോൾ മാത്രമേ ഭരണത്തെപ്പറ്റി അന്വേഷിക്കുകയുള്ളു. സ്വകാര്യ വ്യവസായസ്ഥാപനങ്ങളിൽ മാത്രമേ കോർപ്പറേഷൻ മുതൽ മുടക്കാറുള്ളു. കോർപ്പറേഷൻ ധനസഹായം നൽകുന്നതിൽ ഒരംഗരാഷ്ട്രം എതിർപ്പ് പ്രകടിപ്പിക്കുകയാണെങ്കിൽ ആ സ്ഥാപനത്തിന് വായ്പ നൽകുകയില്ല. കോർപ്പറേഷന്റെ മൂലധനത്തിന്റെ 20 ശ.മാ. ലോകബാങ്കിൽ നിന്നും ബാക്കി 80 ശ.മാ. ആഗോള ധനകാര്യവിപണികളിൽ പൊതുബോണ്ടുകൾ ഇറക്കിക്കൊണ്ടുമാണ് സമാഹരിക്കുന്നത്. 1996 ൽ ഇതിന്റെ മൊത്തം അംഗീകൃത മൂലധനം 245 കോടി യു.എസ്. ഡോളറായിരുന്നു. 80 രാജ്യങ്ങളിലായി മൊത്തം 670 കോടി യു.എസ്. ഡോളർ നിക്ഷേപം നടത്തിയിട്ടുണ്ട്.

വായ്പാനയം

തിരുത്തുക

വായ്പ വാങ്ങുന്ന സ്ഥാപനത്തിന്റെ ആവശ്യങ്ങൾ, കോർപ്പറേഷന് ഉണ്ടായേക്കാവുന്ന നഷ്ടം, ഇതുപോലെ സാമ്പത്തികസഹായം നൽകുന്ന മറ്റ് ഏജൻസികളുടെ വായ്പാവ്യവസ്ഥകൾ എന്നിവ കണക്കിലെടുത്തുകൊണ്ടാണ് കോർപറേഷൻ നിക്ഷേപങ്ങൾ നടത്തുന്നത്. ഓരോ വായ്പയ്ക്കും പ്രത്യേകം പ്രത്യേകം വായ്പാവ്യവസ്ഥകളും പലിശനിരക്കുകളുമുണ്ട്. വായ്പ വാങ്ങുന്ന സ്ഥാപനത്തിന്റെ സാമ്പത്തികഭാരം കഴിയുന്നത്ര കുറയ്ക്കണമെന്ന ലക്ഷ്യമാണ് കോർപ്പറേഷനുള്ളത്. വായ്പയുടെ പലിശനിരക്ക് 6 മുതൽ 7 ശ.മാ. വരെയാണ്. 5 മുതൽ 15 വർഷം വരെയുള്ള കാലാവധിക്കകത്ത് വായ്പ മടക്കിയടച്ചാൽ മതി.

സാമ്പത്തികവികസനത്തെ ത്വരിതപ്പെടുത്തണമെങ്കിൽ കോർപ്പറേഷന്റെ പിരിഞ്ഞു കിട്ടിയ മൂലധനം പ്രവർത്തന മൂലധനമാക്കിയേ കഴിയൂ. അതിനാൽ കോർപ്പറേഷന്റെ നിക്ഷേപങ്ങൾ സ്വകാര്യവ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിൽക്കാവുന്നതാണ്. ആകർഷകമായ വ്യവസ്ഥകളിലാണ് കോർപ്പറേഷൻ നിക്ഷേപങ്ങൾ നടത്തുന്നത്. വ്യവസായങ്ങൾ, ധനകാര്യ-വാണിജ്യസ്ഥാപനങ്ങൾ, കാർഷിക സ്ഥാപനങ്ങൾ എന്നിവയ്ക്ക് കോർപ്പറേഷൻ വായ്പ നൽകാറുണ്ട്. 5 ലക്ഷം ഡോളർ പുതുതായി നിക്ഷേപിക്കുന്ന സ്ഥാപനങ്ങളുടെ അപേക്ഷകൾ മാത്രമേ കോർപ്പറേഷൻ പരിഗണിക്കാറുള്ളു. നിക്ഷേപം ഒരു ലക്ഷം ഡോളറിൽ കുറവായിരിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭരണച്ചെലവ് കുറയ്ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പരിധികൾ നിശ്ചയിച്ചിട്ടുള്ളത്. സാധാരണയായി കോർപ്പറേഷൻ ഒരു സ്ഥാപനത്തിൽ മുടക്കുന്ന ഏറ്റവും കൂടിയ നിക്ഷേപം 30 ലക്ഷം ഡോളറായിരിക്കും. ലോകബാങ്കിന്റെ സേവനം കോർപ്പറേഷന് ലഭിക്കുന്നതുകൊണ്ട് ഭരണച്ചെലവും കുറവാണ്.

ഇതുകൂടികാണുക

തിരുത്തുക

അന്താരാഷ്ട്ര നാണയനിധി

പുറംകണ്ണി

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര ധനകാര്യ കോർപ്പറേഷൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.