പ്ലാജിയോക്ലേസ് ഫെൽസ്പാറിന്റെ ആധിക്യമുള്ള ഒരിനം ആഗ്നേയശിലയാണ് അനോർതൊസൈറ്റ്. ദൃശ്യക്രിസ്റ്റലിയ രൂപമുള്ള ഇവയിൽ നേരിയതോതിൽ മാഫിക് (mafic) ധാതുക്കളും അടങ്ങിക്കാണുന്നു. ഇളം തവിട്ടുമുതൽ കടും തവിട്ടുവരെ വിവിധ നിറങ്ങളാണുള്ളത്; ഇത് അപൂർവമായി മഞ്ഞനിറത്തിലും കാണപ്പെടുന്നു. ചിലപ്പോൾ ഇളംനീലയോ ചാരനിറമോ പടർന്നു കാണുന്നു. പൊതുവേ മങ്ങിയ നിറമായിരിക്കും; മാഫിക് ശിലകളുടെ വർധനവിനോടൊത്തു നിറപ്പകിട്ട് കൂടുന്നു.

അനോർതൊസൈറ്റ്

90 ശ.മാ.ത്തിലേറെ പ്ലാജിയോക്ലേസ് അടങ്ങിയിട്ടുള്ള ശിലകളെയാണ് അനോർതൊസൈറ്റായി കണക്കാക്കുന്നത്. മാഫിക് ശിലകളുടെ അംശം വർധിപ്പിക്കുന്നതോടെ ഇത്തരം ധാതുസംഘടനമുള്ള ശിലകൾ ഗാബ്രോയോ ഡയോറൈറ്റോ ആയിത്തീരുന്നു. പ്ലാജിയോക്ലേസ് പല വലിപ്പത്തിലുള്ള ധാന്യമണികളെപ്പോലെയോ സാരണീബദ്ധമായോ അലകുകളായോ ആണിരിക്കുന്നത്. അപക്ഷയത്തിനു വിധേയമായ തലങ്ങളിൽ പൈറോക്സീൻ തരികളുൾക്കൊള്ളുന്ന ഫെൽസ്പാർ മണികൾ മുഴച്ചുകാണുന്നു. മാഫിക് ധാതുക്കൾ, പ്രധാനമായും ഓർതോപൈറോക്സീൻ, ആഗൈറ്റ് എന്നിവയും അല്പമാത്രമായി ഒലിവിനുമായിരിക്കും. അപൂർവമായി ഹോൺബ്ലെൻഡ്, ബയൊട്ടൈറ്റ്, ക്വാർട്ട്സ്, പൊട്ടാസ്യം ഫെൽസ്പാർ എന്നിവയും അടങ്ങിക്കാണുന്നു. ഉപഖനിജങ്ങളായി ഇൽമനൈറ്റ്, ടൈറ്റാനിയം യുക്തമാഗ്നട്ടൈറ്റ്, ഗ്രാനൈറ്റ്, സ്പൈനൽ എന്നിവയും ഉണ്ടാകാം.

പ്രധാനമായി രണ്ടുരീതിയിലാണ് അനോർതൊസൈറ്റിന്റെ ഉപസ്ഥിതി രേഖപ്പെടുത്തിയിട്ടുള്ളത്. ഗാബ്രോ, നോറ്റൈറ്റ്, പൈറോക്സിനൈറ്റ്, പെരിഡൊട്ടൈറ്റ് എന്നിവയുടെ അടരുകൾക്കിടയിൽ സാമാന്യം നല്ല കനത്തിലുള്ള അനോർതൊസൈറ്റ് പടലങ്ങൾ കണ്ടുവരുന്നു. ഭീമാകാരങ്ങളായ ബാഥോലിത്തു(Batholith)കളായും ഇവ ഉപസ്ഥിതമാകാറുണ്ട്. രണ്ടാമത്തെ ഇനത്തിലുള്ള നിക്ഷേപങ്ങൾ കാനഡ, സ്കാൻഡിനേവിയ, ആഡിറോൺഡാക്സ് (ന്യൂയോർക്ക്) എന്നിവിടങ്ങളിലാണ് അധികമായി കണ്ടെത്തിയിട്ടുള്ളത്. ഇവയും ഉദ്ഭവത്തെ സംബന്ധിച്ച് ധാതുവിജ്ഞാനികൾക്കിടയിൽ അഭിപ്രായൈക്യമില്ല. ഗാബ്രോ-മാഗ്മയുടെ പൃഥക്കരണമാണ് (segregation) അനോർതൊസൈറ്റ് നിക്ഷേപങ്ങൾക്കു നിദാനമെന്ന വാദത്തിനു കൂടുതൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.

പ്ലാജിയോക്ലേസ് എന്നർഥം വരുന്ന അനോർതോസ് എന്ന പദത്തെ ആധാരമാക്കി സ്റ്റൈറി ഹണ്ടാണ് അനോർതൊസൈറ്റ് എന്ന പേര് നൽകിയത്.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനോർതൊസൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനോർതൊസൈറ്റ്&oldid=3838212" എന്ന താളിൽനിന്ന് ശേഖരിച്ചത്