ഉയർന്നജാതിയിൽപ്പെട്ട പുരുഷനും താണജാതിയിൽപ്പെട്ട സ്ത്രീയും തമ്മിലുള്ള വേഴ്ചയെ അനുലോമസങ്കരം എന്നു പറയുന്നു. ഭാരതത്തിലെ പ്രാചീന സമുദായ വ്യവസ്ഥയനുസരിച്ച് ബ്രാഹ്മണൻ‍, ക്ഷത്രിയൻ‍, വൈശ്യൻ‍, ശൂദ്രൻ എന്നിങ്ങനെ നാലാണ് വർണങ്ങൾ; അഞ്ചാമതൊരുവർണമില്ല. സമാനവർണരായ ദമ്പതികളിൽ ജനിക്കുന്നവർ അതതു വർണത്തിൽപ്പെട്ടവരാണ്. എന്നാൽ മാതാവും പിതാവും വിഭിന്നവർണങ്ങളിലുള്ളവരാകുമ്പോൾ സന്തതികൾ സങ്കരജാതികളായി പരിഗണിക്കപ്പെടുന്നു

ജാതിസങ്കരങ്ങൾ

തിരുത്തുക

സാങ്കര്യം രണ്ടുവിധത്തിൽ സംഭവിക്കാം: അനുലോമമായും പ്രതിലോമമായും. ബ്രാഹ്മണന് ക്ഷത്രിയസ്ത്രീയിലും ക്ഷത്രിയന് വൈശ്യസ്ത്രീയിലും വൈശ്യന് ശൂദ്രസ്ത്രീയിലും ജനിക്കുന്ന സന്താനങ്ങൾ യഥാക്രമം മൂർധാവസിക്തൻ, മാഹിഷ്യൻ, കരണൻ എന്നിവരാണ്. ഒന്നോ രണ്ടോ ഇടവിട്ടുള്ള വർണത്തിൽപ്പെടുന്ന സ്ത്രീകളിലാണ് സന്തതികൾ ഉണ്ടാകുന്നതെങ്കിൽ അവരും അനുലോമജാതികൾ തന്നെ. അതായത് ബ്രാഹ്മണന് വൈശ്യസ്ത്രീയിൽ ജനിക്കുന്നവൻ അംബഷ്ഠൻ എന്നും ശൂദ്രസ്ത്രീയിൽ ജനിക്കുന്നവൻ നിഷാദൻ എന്നും ക്ഷത്രിയന് ശൂദ്രസ്ത്രീയിൽ ജനിക്കുന്നവൻ ഉഗ്രൻ എന്നും വിളിക്കപ്പെടുന്നു. ഇങ്ങനെ മൊത്തത്തിൽ ആറു ജാതിയിൽപ്പെട്ടവരാണ് അനുലോമസങ്കരമെന്നനിലയിൽ മന്വാദി സ്മൃതികളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. നിഷാദന് പാരശവൻ എന്ന മറ്റൊരു പേരുകൂടിയുണ്ട്. ക്ഷത്രിയന് ശൂദ്രകന്യകയിലുണ്ടാകുന്നവൻ ക്രൂരനായിത്തീരുന്നു എന്ന വിശ്വാസമാണ് ഉഗ്രൻ എന്ന പേരിന് അടിസ്ഥാനം. ശുക്രമഹർഷി ഈ ആറു കൂട്ടർക്കും അവരുടേതായ ഉപജീവനമാർഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഹസ്തി-അശ്വ-രഥശിക്ഷയും അസ്ത്രധാരണവും മൂർധാവസിക്തൻമാരുടെ തൊഴിലാണ്. മാഹിഷ്യൻമാരുടെ പ്രവൃത്തി സസ്യരക്ഷയും നൃത്യ-ഗീത-നക്ഷത്രജീവനവുമാണ്. ദ്വിജാതി ശുശ്രൂഷ, ധനധാന്യാധ്യക്ഷത, രാജസേവ, ദുർഗ-അന്തഃപുരരക്ഷ എന്നിവ പാരശവൻമാർക്കും ഉഗ്രൻമാർക്കും കാരണൻമാർക്കും വിധിച്ചിരിക്കുന്നു. അംബഷ്ഠൻമാരുടേതു മുഖ്യമായും വൈദ്യവൃത്തിയാണ്. ഇപ്രകാരം തൊഴിൽകാര്യങ്ങളിലും ദായക്രമത്തിലും വേണ്ടിടത്തോളം ചട്ടവട്ടങ്ങൾ സങ്കരജാതികൾക്കും ധർമശാസ്ത്രകാരൻമാർ നിശ്ചയിച്ചിട്ടുള്ളതായി കാണുന്നു.

പിതാവ് താണവർണത്തിലും മാതാവ് ഉയർന്ന വർണത്തിലും പെടുന്നുവെങ്കിൽ സന്തതികൾ പ്രതിലോമസങ്കരർ എന്നു വിശേഷിപ്പിക്കപ്പെടുന്നു. മാതാവും പിതാവും സങ്കരജാതികളെങ്കിലും സന്തതികൾ ഈ രണ്ടുതരം സങ്കരങ്ങളിൽ യഥായോഗ്യം ഉൾപ്പെടുന്നതായി കരുതപ്പെടും. അനുലോമസങ്കരത്തിലുണ്ടായ സന്തതികൾ പിതൃജാതിയിൽനിന്ന് നികൃഷ്ടരായും മാതൃജാതിയിൽനിന്ന് ഉത്കൃഷ്ടരായും കരുതപ്പെട്ടിരുന്നു. പ്രാചീനവർണവ്യവസ്ഥയുടെ അടിസ്ഥാനശിലയ്ക്കുതന്നെ ഇളക്കം സംഭവിച്ചിരിക്കുന്ന ഇക്കാലത്ത് ഈ സമ്പ്രദായങ്ങളെല്ലാം ദ്രവിച്ചു ചരിത്രവസ്തുക്കൾ മാത്രമായിത്തീർന്നിരിക്കുകയാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുലോമസങ്കരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുലോമസങ്കരം&oldid=2280007" എന്ന താളിൽനിന്ന് ശേഖരിച്ചത്