ഭാരതീയനാടകങ്ങളിൽ നായകന്റെ സഹായികളായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളാണ് അനുചരന്മാർ. വളരെ പരന്നതും പ്രസംഗകമായി വരുന്ന സംഭവങ്ങളോടുകൂടിയതുമായ ഇതിവൃത്ത ഘടനകളിൽ നായകസാമാന്യഗുണങ്ങൾ തികയാത്ത സഹായകന് പീഠമർദൻ എന്നാണ് പേര്. നായകനെ ശൃംഗാരകാര്യങ്ങളിലും അർഥവിചാരത്തിലും അന്തഃപുര രക്ഷണത്തിലും ദണ്ഡധർമകാര്യങ്ങളുടെ നിർവഹണത്തിലും സഹായിക്കുന്ന അനുചരൻമാരുണ്ട്. ശൃംഗാരവ്യാപാരങ്ങളിലെ സഹായകൻമാർ വിദൂഷകവിടചേടാദികളാണ്. മാല കെട്ടുന്നവരും വസ്ത്രം അലക്കുന്നവരും മുറുക്കാനെടുക്കുന്നവരും കുറിക്കൂട്ടുണ്ടാക്കുന്നവരും മറ്റും ഈ ഗണത്തിൽപെടും. ഭാഷയിലും വേഷത്തിലും ആകാരത്തിലും ഹാസകനും കലഹപ്രിയനും കർമകുശലനുമായ അനുചരനാണ് വിദൂഷകൻ. സമ്പൽ സുഖമില്ലാത്തവനും ധൂർത്തനും അല്പം കലാജ്ഞാനമുള്ളവനും ശൃംഗാരവേഷകുശലനും വാക്പടുവും സുമുഖനും സഭയിൽ സുസമ്മതനുമാണ് വിടൻ. പ്രേഷ്യനെന്നു പ്രസിദ്ധനായിട്ടുള്ളവൻ ചേടൻ. നായകനെ അർഥവിചാരത്തിൽ സഹായിക്കുന്ന ആളാണ് മന്ത്രി. ഷണ്ഡൻമാർ, വാമനൻമാർ, കിരാതൻമാർ, മ്ളേച്ഛൻമാർ, ആഭീരൻമാർ, ശകാരൻമാർ, കുബ്ജൻമാർ മുതലായവരാണ് അന്തഃപുരസഹായകൻമാർ. മത്തനും മൂർഖനും അഭിമാനിയും കുലഹീനനും സമ്പന്നനും അവിവാഹിതനും രാജസ്യാലനുമാണ് ശകാരൻ. ശകാരനെ മൃച്ഛകടികത്തിലും, ഷണ്ഡൻ, വാമനൻ, കിരാതൻ, കുബ്ജൻ എന്നിവരെ രത്നാവലിയിലും കാണാം. രാജാവിന്റെ ദണ്ഡ (ദുഷ്ടനിഗ്രഹ) സഹായകൻമാരാണ് ബന്ധുക്കളും സാമന്തൻമാരും കുമാരകൻമാരും കാടൻമാരും സൈനികരും. ധർമസഹായകൻമാർ ഋത്വിക്കുകളും പുരോഹിതൻമാരും ബ്രഹ്മജ്ഞാനികളും താപസൻമാരുമാണ്. ഇവരിൽ പീഠമർദൻ, മന്ത്രി, പുരോഹിതൻ എന്നിവർ ഉത്തമൻമാരും വിടനും വിദൂഷകനും മധ്യമൻമാരും ശകാരചേടാദികൾ അധമൻമാരുമായി ഗണിക്കപ്പെടുന്നു. നിസ്രഷ്ടാർഥൻ, മിതാർഥൻ, സന്ദേശഹരൻ ഇങ്ങനെ മൂന്നു വിധമുണ്ട് പ്രേഷ്യ(ദൂത)ൻമാർ.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുചരൻമാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുചരന്മാർ&oldid=3089344" എന്ന താളിൽനിന്ന് ശേഖരിച്ചത്