അനുഗതരാഷ്ട്രം
മറ്റൊരു രാഷ്ട്രത്തെ ഭാഗികമായോ പൂർണമായോ കൈയടക്കുന്ന രാഷ്ട്രമാണ് അനുഗതരാഷ്ട്രം എന്ന പേരിൽ അറിയപ്പെടുന്നത്. കീഴടക്കപ്പെട്ട രാഷ്ട്രമോ രാഷ്ട്രവിഭാഗമോ ഇല്ലാതായിത്തീരുകയും വിജയിച്ച രാജ്യം, ഇല്ലാതായിത്തീർന്ന രാജ്യത്തിന്റെ അനുഗതരാഷ്ട്രമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു.
1795-ൽ പോളണ്ടിനെ വിഭജിച്ച് ആസ്ട്രിയ, പ്രഷ്യ, റഷ്യ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളാക്കിയിരുന്നു. അതോടുകൂടി പോളണ്ട് എന്ന സ്വതന്ത്രരാജ്യം അന്ന് ഇല്ലാതായിത്തീരുകയും ആസ്ട്രിയയും പ്രഷ്യയും റഷ്യയും പോളണ്ടിന്റെ അനുഗതരാഷ്ട്രങ്ങളായിത്തീരുകയും ചെയ്തു. ഒരു സ്വതന്ത്രരാജ്യമായിരുന്ന ഹവായീദ്വീപസമൂഹം 1898-ൽ യു.എസ്സിന്റെ ഭാഗമായിത്തീർന്നു. യു.എസ്. തൻമൂലം ഹവായീയുടെ അനുഗതരാഷ്ട്രമായി പരിണമിച്ചു. ഈവിധമുള്ള പിൻതുടർച്ചകൾക്ക് (മുഖ്യമായും യുദ്ധം മൂലം) വേറെയും ദൃഷ്ടാന്തങ്ങൾ ചരിത്രത്തിൽ ഉണ്ട്.
അനുഗതഭരണകൂടവും അനുഗതരാഷ്ട്രവും വിഭിന്നങ്ങളാണ്. ഒന്ന് ഭരണകൂടത്തിന്റെയും മറ്റത് രാഷ്ട്രത്തിന്റെയും പിൻതുടർച്ചയാണ്. ഭരണഘടനാനിയമമനുസരിച്ചോ ചിലപ്പോൾ വിപ്ലവങ്ങൾ മുഖേനയോ ഭരണകൂടങ്ങളിൽ മാറ്റങ്ങളുണ്ടാകാറുണ്ട്. ഭരണകൂടത്തിൽ മാത്രമുണ്ടാകുന്ന വ്യതിയാനങ്ങളുടെ ഫലമായി അനുഗത ഭരണകൂടങ്ങൾ രൂപം പ്രാപിക്കാറുള്ളത് സാധാരണയാണ്. തൻമൂലം രാഷ്ട്രത്തിന്റെ അതിർത്തികൾക്കു വ്യത്യാസങ്ങൾ വരാറില്ല. ഇതു മുഖ്യമായും ഒരു ആഭ്യന്തരപ്രശ്നം മാത്രമേ ആകുന്നുള്ളു; എന്നാൽ അനുഗതരാഷ്ട്രം ഇതിൽനിന്നു തികച്ചും വ്യത്യസ്തമാണ്.
ഇല്ലാതായ രാഷ്ട്രത്തിന്റെ എല്ലാ ആസ്തികളും അനുഗതരാഷ്ട്രത്തിന് അവകാശപ്പെട്ടതാണ്. എന്നാൽ ബാദ്ധ്യതകൾ പല വ്യവസ്ഥകൾക്കു വിധേയമായി മാത്രമേ അനുഗതരാഷ്ട്രം അംഗീകരിക്കാറുള്ളു. പല രാഷ്ട്രങ്ങൾ കൂടി ഏതെങ്കിലും ഒരു രാഷ്ട്രത്തെ യുദ്ധാനന്തരം പങ്കിട്ടെടുക്കുന്ന സാഹചര്യങ്ങളിൽ, ഇല്ലാതായിത്തീർന്ന രാഷ്ട്രത്തിന്റെ പൊതുക്കടം അവർക്കു ലഭിക്കാവുന്ന ആദായത്തിന്റെ അടിസ്ഥാനത്തിൽ പങ്കിട്ടെടുക്കുകയാണ് പതിവ്. അതുപോലെ കീഴടക്കപ്പെട്ട രാജ്യത്തിന്റെ നിയമങ്ങളും മറ്റും അതേപടി തുടരുന്നതിന് അനുഗതരാഷ്ട്രങ്ങൾക്കു ബാദ്ധ്യതയില്ല.
പുറംകണ്ണികൾ
തിരുത്തുക- successor state Archived 2008-12-08 at the Wayback Machine.
- The USSR's Successor State Archived 2011-07-20 at the Wayback Machine.
- Extension of International Application to Successor State Archived 2010-05-28 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനുഗതരാഷ്ട്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |