ജോർജ്ജ് ഓർവെൽ എഴുതിയ ഒരു ഡിസ്ടോപിയൻ നോവലാണ് അനിമൽ ഫാം. 1945 ഓഗസ്റ്റ് 17-ന് ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിച്ച ഈ നോവലിൽ രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പായി സ്റ്റാലിൻ യുഗത്തിലേയും അതിലേക്കു നയിച്ചതുമായ സംഭവങ്ങൾ പ്രതിഫലിക്കുന്നു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റും ഇൻഡിപെൻഡന്റ് ലേബർ പാർട്ടി അംഗവുമായ ഓർവെൽ ജോസഫ് സ്റ്റാലിന്റെ വിമർശകനായിരുന്നു.

അനിമൽ ഫാം
യു.കെ.യിൽ പുറത്തിറങ്ങിയ ആദ്യ പതിപ്പിന്റെ ചട്ട
കർത്താവ്ജോർജ്ജ് ഓർവെൽ
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംആക്ഷേപഹാസ്യം
പ്രസാധകർസെക്കർ ആന്റ് വാർബർഗ് (ലണ്ടൻ)
പ്രസിദ്ധീകരിച്ച തിയതി
17 ഓഗസ്റ്റ് 1945
മാധ്യമംഅച്ചടി (ഹാർഡ്കവർ & പേപ്പർബാക്ക്)
ഏടുകൾ112 pp (യു.കെ. പേപ്പർബാക്ക് പതിപ്പ്)
ISBNISBN 0-452-28424-4 (present) ISBN 13 978-0-452-28424-1
മുമ്പത്തെ പുസ്തകംദ ലയൺ ആന്റ് ദ യൂണിക്കോൺ
ശേഷമുള്ള പുസ്തകംനൈയന്റീൻ എയ്റ്റി-ഫോർ

അനിമൽ ഫാം എഴുതുന്നതിൽ ഓർവെലിന്റെ ലക്ഷ്യങ്ങളിലൊന്ന്, 1917 ലെ റഷൻ (അല്ലെങ്കിൽ ബോൾഷെവിക്) വിപ്ലവത്തെ ചിത്രീകരിക്കുക എന്നതായിരുന്നു. ഈ വിപ്ലവം സർക്കാരിനെ അട്ടിമറിച്ചതിനേക്കാൾ കൂടുതൽ അടിച്ചമർത്തലും, ഏകാധിപത്യവും, മാരകവുമാക്കി. ഓർവെലിന്റെ നോവലിന്റെ പല കഥാപാത്രങ്ങളും, സംഭവങ്ങളും റഷൻ വിപ്ലവത്തിന്റെ സമാന്തരമാണ്. കമ്മ്യൂണിസത്തിന്റെ അല്ലെങ്കിൽ കമ്മ്യൂണിസത്തിന്റെ ഏകാധിപത്യ പതിപ്പുകളുടെ ഏറ്റവും ശക്തമായ വിമർശനമായി ഈ നോവൽ അറിയപ്പെടുന്നു

അനിമൽ ഫാം: എ ഫെയറി സ്റ്റോറി എന്നതായിരുന്നു നോവലിന്റെ യഥാർത്ഥ പേര്. എന്നാൽ യു.എസിലെ പ്രസാധകർ എ ഫെയറി സ്റ്റോറി എന്നത് ഉപേക്ഷിച്ചു. ഓർവെലിന്റെ ജീവിതകാലത്ത് നടന്ന പരിഭാഷകളിൽ തെലുഗുവിൽ മാത്രമായിരുന്നു നോവലിന്റെ യഥാർത്ഥ പേര് ഉപയോഗിച്ചത്.[1] എ സറ്റയർ ആന്റ് എ കണ്ടമ്പററി സറ്റയർ എന്ന പേരിലും ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ടൈം മാസിക 1923 മുതൽ 2005 വരെയുള്ള ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളിലൊന്നായി ഇതിനെ തിരഞ്ഞെടുത്തു. 1996-ൽ ഹ്യൂഗോ പുരസ്കാരം നേടിയ ഈ നോവലിനെ ഗ്രേറ്റ് ബുക്സ് ഓഫ് വെസ്റ്റേൺ വേൾഡിലും ഉൾപെടുത്തിയിട്ടുണ്ട്.

ചുരുക്കം

തിരുത്തുക

മദ്യപാനിയായ ജോൺസിന്റെ മാനർ ഫാമിലെ വയോധികനായ മേജർ എന്ന പന്നി തന്റെ ഒരു സ്വപ്നം പങ്കുവയ്ക്കാൻ മറ്റു മൃഗങ്ങളെ ഒരു മീറ്റിംഗിനു വിളിക്കുന്നു. തങ്ങളെ പരമാവധി ചൂഷണം ചെയ്യുന്ന,പരാദങ്ങളായ, മനുഷ്യവർഗ്ഗത്തിനെതിരെ ഇംഗ്ലണ്ടിലെ മൃഗങ്ങൾ നയിക്കുന്ന ഒരു വിപ്ലവമായിരുന്നു മേജറുടെ സ്വപ്നം. ഇന്നോ,നാളെയോ, ചിലപ്പോൾ നൂറ്റാണ്ടുകൾക്കപ്പുറമോ നടക്കാനിരിക്കുന്ന ആ അനിവാര്യ വിപ്ലവത്തിനു തയ്യാറെടുക്കാനാഹ്വാനം ചെയ്ത്, "Beasts of England" എന്ന വിപ്ലവഗാനം മേജർ മറ്റുള്ളവരെ പഠിപ്പിക്കുന്നു.

മൂന്നു ദിവസങ്ങൾക്കു ശേഷം മേജർ മരിക്കുന്നു. രണ്ടു ചെറിയ പന്നികൾ,സ്നോബോളും നെപ്പോളിയനും മേജറുടെ സ്വപ്നത്തിനായി തന്ത്രങ്ങൾ മെനയുന്നു. ഒടുവിൽ മൃഗങ്ങളെല്ലാം ചേർന്ന് ജോൺസനെ തുരത്തുകയും മാനർ ഫാമിനെ അനിമൽ ഫാം എന്നു പുനർനാമകരണം നടത്തുകയും ചെയ്യുന്നു.

Animalism-ത്തിന്റെ നെടുംതൂണുകളായ 'ഏഴുകല്പനകൾ' ഫാമിന്റെ ചുവരിൽ എഴുതപ്പെട്ടു. അവയിൽ പ്രധാനം "എല്ലാ മൃഗങ്ങളും തുല്യരാണ്". എന്നതായിരുന്നു. ഏഴു കല്പനകൾ ചുരുക്കി "നാലുകാലുകൾ നല്ലത്,രണ്ടുകാലുകൾ മോശം"(Two legs bad,four legs good) എന്ന ഒറ്റ ആപ്തവാക്യവും ഉണ്ടായി. മൃഗങ്ങളെല്ലാം ഫാമിന്റെ വളർച്ചയ്ക്കായി കഠിനാധ്വാനം ചെയ്തു. പോയ വർഷങ്ങളെക്കാൾ നല്ല വിളവ് അവർക്കു ലഭിച്ചു. ബോക്സർ എന്ന ശക്തനായ കുതിരയായിരുന്നു ഏറ്റവുമധികം അധ്വാനിച്ചത്. "ഞാൻ ഇനിയും അധ്വാനിക്കും"(I will work harder ) എന്ന് അവൻ എപ്പോഴും സ്വയം പറഞ്ഞു.

സ്നോബോൾ മറ്റു മൃഗങ്ങളെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. ഒരിക്കൽ ഫാം തിരിച്ചു പിടിക്കാൻ കൂട്ടാളികളുമായെത്തിയ ജോൺസിനെ സ്നോബോളിന്റെ നേതൃത്വത്തിൽ മൃഗങ്ങൾ തോൽപ്പിക്കുന്നു. ഈ സംഭവം "Battle of the Cowshed" എന്നറിയപ്പെട്ടു.

ഫാമിൽ വൈദ്യുതിയുണ്ടാക്കാൻ സ്നോബോൾ ഒരു കാറ്റാടി യന്ത്രം വിഭാവനം ചെയ്യുന്നു. നെപ്പോളിയൻ ഇതിനെ എതിർക്കുന്നു. നെപ്പോളിയനും സ്നോബോളും തമ്മിലുള്ള അധികാരത്തർക്കത്തിനൊടുവിൽ നെപ്പോളിയന്റെ വളർത്തുപട്ടികൾ സ്നോബോളിനെ ആക്രമിക്കുന്നു. സ്നോബോൾ ഓടി രക്ഷപെടുന്നു. സ്നോബോളിന്റെ അസാന്നിധ്യത്തിൽ നെപ്പോളിയൻ അനിമൽ ഫാമിന്റെ അനിഷേധ്യ നേതാവാകുന്നു. ഒരുമിച്ചിരുന്നു തീരുമാനമെടുക്കുന്നതിനു പകരം ഒരു കൂട്ടം പന്നികൾ തീരുമാനമെടുക്കുകയും മറ്റു മൃഗങ്ങൾ അനുസരിക്കുകയും ചെയ്യുക എന്ന രീതിയിലേക്ക് അനിമൽ ഫാം മാറുന്നു.

സ്നോബോളിനെ തുരത്തിയ ശേഷം നെപ്പോളിയൻ കാറ്റാടിയന്ത്രം നിർമ്മിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്നു. തന്റെ വക്താവായ സ്ക്വീലർ എന്ന കുട്ടിപ്പന്നിയിലൂടെ നെപ്പോളിയൻ താൻ ചെയ്യുന്നതൊക്കെ മൃഗങ്ങൾക്കു മുന്നിൽ ന്യായീകരിക്കുന്നു. മൃഗങ്ങൾ,പ്രത്യേകിച്ചു ബോക്സർ കാറ്റാടിയന്ത്രത്തിനായി അഹോരാത്രം പണിയെടുക്കുന്നു. ഒരു ദിവസം കൊടുങ്കാറ്റിൽ കാറ്റാടിയന്ത്രം തകരുന്നു. അതു സ്നോബോൾ ചെയ്തതാണെന്നും അയാൾ മനുഷ്യരുടെ ചാരനായിരുന്നുവെന്നും ബാറ്റിൽ ഓഫ് കൗഷെഡിൽ അയാൾ മനുഷ്യർക്കായാണ് പ്രവർത്തിച്ചതെന്നും സ്ക്വീലർ പറയുന്നു. സംശയത്തിലാവുന്ന മൃഗങ്ങളെ സ്ക്വീലർ അവരുടെ ഓർമ്മപ്പിശകു പറഞ്ഞു മനസ്സിലാക്കുന്നു, സ്നോബോളിനെതിരെ തെളിവുകൾ നിരത്തുന്നു.തന്റെ "ഞാൻ ഇനിയും അധ്വാനിക്കും" എന്ന ആപ്തവാക്യത്തോടൊപ്പം "നെപ്പോളിയൻ എപ്പോഴും ശരിയാണ്" എന്നുകൂടി വിശ്വസിക്കാൻ ബോക്സർ ശ്രമിക്കുന്നു.

നെപ്പോളിയൻ തന്റെ അധികാരം ദുരുപയോഗം ചെയ്യാനാരംഭിക്കുന്നതോടെ മറ്റു മൃഗങ്ങൾ കഷ്ടത്തിലാവുന്നു. പന്നികൾ ബുദ്ധി ഉപയോഗിച്ച് കഠിനാധ്വാനം ചെയ്യുന്നവരാണെന്നു വാദിച്ച് അവർ പല പ്രത്യേക അവകാശങ്ങളും നേടുന്നു. ഏഴു കല്പനകളും തിരുത്തിയെഴുതപ്പെടുന്നു."ഒരു മൃഗം മറ്റൊരു മൃഗത്തെ കൊല്ലരുത്" എന്ന കല്പന "ഒരു മൃഗം മറ്റൊരു മൃഗത്തെ 'കാരണമില്ലാതെ' കൊല്ലരുത്" എന്നും "മൃഗങ്ങളാരും കിടക്കയിൽ കിടന്നുറങ്ങരുത്" എന്നതിനെ "മൃഗങ്ങളാരും കിടക്കയിൽ 'ബെഡ്ഷീറ്റിൽ' കിടന്നുറങ്ങരുത് എന്നും "മൃഗങ്ങൾ മദ്യപിക്കരുത്" എന്നതിനെ "മൃഗങ്ങൾ 'അമിതമായി' മദ്യപിക്കരുത്" എന്നും മാറ്റിയെഴുതുന്നു. കല്പനകൾ തിരുത്തപ്പെട്ടതല്ലെന്നും മൃഗങ്ങളുടെ ഓർമ്മപ്പിശകു കൊണ്ട് അവർ ശരിയായ രൂപം മറന്നുപോയതാണെന്നുമായിരുന്നു സ്ക്വീലറുടെ വ്യാഖ്യാനം. വിപ്ലവത്തിനു മുൻപ് സ്വപ്നം കണ്ടിരുന്ന സമത്വ സുന്ദരമായ ലോകം കൈവന്നുവെന്നും അതുകൊണ്ടു തന്നെ വിപ്ലവഗാനത്തിനു പ്രസക്തിയില്ലെന്നും പറഞ്ഞ് "Beasts of England" നിരോധിക്കുന്നു.പകരം നെപ്പോളിയനെ പ്രകീർത്തിക്കുന്ന ഒരു ഗാനം നിലവിൽ വരുന്നു. കാറ്റാടിയന്ത്രത്തിനായി അപ്പോഴും കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്ന മൃഗങ്ങൾ പട്ടിണി കൊണ്ടും തണുപ്പുകൊണ്ടും വലഞ്ഞു. എങ്കിലും അവർ സ്വന്തം ഫാമിലാണെന്നും, സ്വതന്ത്രരാണെന്നും ജോൺസിന്റെ കീഴിലെ അടിമത്തത്തെക്കാൾ ഒരുപാടു ഭേദമാണ് അവരുടെ വർത്തമാനകാല ജീവിതമെന്നും വീണ്ടും വീണ്ടും സ്ക്വീലർ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു.

തൊട്ടടുത്ത ഫാമിന്റെ ഉടമസ്ഥൻ ഫ്രെഡറിക്കുമായി നെപ്പോളിയൻ വ്യാപാരബന്ധം ആരംഭിക്കുന്നു. മനുഷ്യരുമായുള്ള ബന്ധത്തിന് മൃഗങ്ങൾ എതിരായിരുന്നു അവർക്കാർക്കും മനുഷ്യരുമായി നേരിട്ട് ഇടപെടേണ്ടി വരില്ലെന്നു പറഞ്ഞ് നെപ്പോളിയൻ അവെരെ സമാശ്വസിപ്പിക്കുന്നു. പറഞ്ഞ ദിവസത്തിനു മുൻപേ പണി പൂർത്തിയായ കാറ്റാടിയന്ത്രം വെടിമരുന്ന് ഉപയോഗിച്ച് ഫ്രെഡറിക് തകർക്കുന്നു. തുടർന്നുണ്ടായ 'Battle of Nepolean' എന്ന യുദ്ധത്തിൽ ബോക്സറടക്കമുള്ള മൃഗങ്ങൾക്ക് പരിക്കേൽക്കുന്നു. പരിക്കു വകവയ്ക്കാതെ ബോക്സർ കഠിനാധ്വാനം തുടരുന്നു. ഒടുവിൽ പണിസ്ഥലത്ത് തളർന്നുവീഴുന്നു. ബോക്സർക്ക് പട്ടണത്തിൽ നല്ല ചികിത്സ നെപ്പോളിയൻ വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ ബോക്സറെ കൊണ്ടു പോകാൻ വന്ന വാഹനത്തിൽ "Alfred Simmonds, Horse Slaughterer and Glue Boiler" എന്നെഴുതിയിരിക്കുന്നത് ബോക്സറുടെ സുഹൃത്ത് ബെഞ്ചമിൻ കഴുത വിളിച്ചുപറയുന്നു. ബോക്സർക്ക് സാധ്യമായതിൽവച്ചേറ്റവും നല്ല ചികിത്സ ബോക്സർക്കു ലഭിച്ചുവെന്നും 'സഖാക്കളെ മുന്നോട്ട്' എന്നു തന്റെ കാതിൽ മന്ത്രിച്ച് ബോക്സർ വീരചരമം പ്രാപിച്ചുവെന്നും സ്ക്വീലർ പറയുന്നു. ആശുപത്രി അധികാരികൾ കശാപ്പുകാരിൽ നിന്നു വാങ്ങിയ വാഹനം ബാനർ മാറ്റാതെ ഉപയോഗിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും വിശദീകരിക്കപ്പെടുന്നു.

വർഷങ്ങൾ കടന്നുപോകുന്നു. പന്നികൾ രണ്ടു കാലിൽ നടക്കാനും ചാട്ടവാർ ഉപയോഗിക്കാനും വസ്ത്രം ധരിക്കാനും ആരംഭിക്കുന്നു. ഏഴു കല്പനകൾ "എല്ലാ മൃഗങ്ങളും തുല്യരാണ്,എന്നാൽ അവരിൽ ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ തുല്യരാണ്" ("All animals are equal, but some animals are more equal than others." ) എന്ന ഒറ്റ വാചകത്തിലേക്ക് ചുരുങ്ങുന്നു. മനുഷ്യർക്കും പന്നികൾക്കുമായി നടത്തിയ ഒരു വിരുന്നിൽ വച്ച് തൊഴിലാളികൾക്കെതിരെയുള്ള സമരത്തിൽ മനുഷ്യരോടൊപ്പം നിൽക്കാമെന്ന് നെപ്പോളിയൻ അവർക്കു വാക്കു കൊടുക്കുന്നു. വിപ്ലവം പഴങ്കഥയാവുന്നു. അനിമൽ ഫാമിന്റെ പേര് മാനർ ഫാം എന്നു മാറ്റുന്നു.

നെപ്പോളിയന്റെ ഈ സംഭാഷണം ഒളിച്ചു നിന്നു കേൾക്കുന്ന മൃഗങ്ങൾക്ക് പന്നികളുടെ മുഖഛായ മാറുന്നതായി അനുഭവപ്പെടുന്നു. പന്നികളുടെ മുഖത്തിന് മനുഷ്യരുടെ മുഖവുമായി തിരിച്ചറിയാൻ വയ്യാത്ത വിധം സാദൃശ്യമുള്ളതായി അവർ മനസ്സിലാക്കുന്നു

  1. "George Orwell Novels, About Animal Farm". Archived from the original on 2012-03-24. Retrieved 2011-09-14.
"https://ml.wikipedia.org/w/index.php?title=അനിമൽ_ഫാം&oldid=3622975" എന്ന താളിൽനിന്ന് ശേഖരിച്ചത്