പ്രശസ്തയായ ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരിയാണ് അനിത ദേശായി. സ്ത്രീ മനസ്സിന്റെ അന്തഃസംഘർഷങ്ങളും പ്രശ്നങ്ങളും പ്രമേയവത്ക്കരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയ ഈ എഴുത്തുകാരി മധ്യവർഗ്ഗത്തിലെ നഗരവത്കൃതസ്ത്രീയുടെ പ്രശ്നങ്ങളാണ് പ്രധാനമായും തന്റെ കൃതികളിൽ ആവിഷ്കരിക്കുന്നത്. സ്ത്രീയുടെ ഗാർഹിക പ്രശ്നങ്ങൾ, നഗരജീവിതം, മനഃശാസ്ത്രപരമായ മനുഷ്യന്റെ പ്രതിസന്ധി തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇവരുടെ കൃതികളിൽ നിറഞ്ഞുനിൽക്കുന്നു. ഇവരുടെ കൃതികൾ മൂന്ന് തവണ ബുക്കർ സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 2014ൽ ഭാരത സർക്കാർ പദ്മവിഭൂഷൺ നൽകി ആദരിച്ചു. ബുക്കർ സമ്മാനം നേടിയ കിരൺ ദേശായി ഇവരുടെ മകളാണ്.

അനിത ദേശായി
Anita Desai
ജനനം (1937-06-24) 24 ജൂൺ 1937  (83 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽഅധ്യാപിക, സാഹിത്യകാരി.
രചനാകാലം1963 മുതൽ തുടരുന്നു
രചനാ സങ്കേതംനോവൽ

ജീവിതരേഖതിരുത്തുക

1937-ൽ ബംഗാളിയായ ഡി.എൻ. മജുംദാറിന്റെയും ജർമ്മൻകാരിയായ ടോണി നൈമിന്റെയും മകളായി മസൂറിയിൽ ജനിച്ചു. അനിത മജുംദാർ എന്നായിരിന്നു ആദ്യകാലത്തെ പേര്. ക്യൂൻമേരി എച്ച്.എസ്.എസ്., ഡൽഹി സർവകലാശാലഎന്നിവടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് മാധ്യമത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്. ഇത് പിന്നീട് സാഹിത്യരചനകൾ ഇംഗ്ലീഷ് ഭാഷയിൽ ചെയ്യുന്നതിന് കാരണമായി. അശ്വിൻ ദേശായി ആണ് ഭർത്താവ്. അമേരിക്കയില മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ മാനവിക വിഷയങ്ങളിലെ പ്രൊഫസറായും നിരവധി വിദേശ കലാശാലകളിൽ അധ്യാപികയായും ദേശായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

കൃതികൾതിരുത്തുക

ചെറുപ്രായത്തിൽ തന്നെ എഴുതിത്തുടങ്ങിയ അനിത ദേശായിയുടെ ആദ്യ ചെറുകഥ ഒൻപതാമത്തെ വയസ്സിൽ പ്രസിദ്ധപ്പെടുത്തി. 1963-ൽ ആദ്യ നോവലായ ദി പിക്കോക്ക് പ്രസിദ്ധീകരിച്ചു. 1965-ൽ വ്യത്യസ്ത ജീവിതരീതികൾ തിരഞ്ഞെടുത്ത മൂന്നു സഹോദരിമാരുടെ കഥ പറയുന്ന വോയ്സെസ് ഇൻ ദ് സിറ്റി എന്ന കൃതിയും പ്രകാശിതമായി. 1995-ൽ പ്രസിദ്ധീകരിച്ച ജേർണി റ്റു ഇത്താക്കയാണ് ഇവരുടെ മറ്റൊരു പ്രധാന കൃതി. 1982-ൽ പ്രസിദ്ധീകരിച്ച ദി വില്ലേജ് ബൈ ദി സീ എന്ന ബാലസാഹിത്യകൃതിക്ക് ഗാർഡിയൻ പുരസ്കാരം (ഇംഗ്ലണ്ട്) ലഭിച്ചു. 1978-ൽ ഫയർ ഓൺ ദി മൌണ്ട്‍ എന്ന കൃതിയ്ക്ക് നാഷനൽ അക്കാദമി ഒഫ് ലെറ്റേഴ്സ് അവാർഡ് ലഭിച്ചു. ബൈ ബൈ ബ്ലാക്ക് ബേഡ്(1971), വെയർ ഷാൽ വി ഗോ ദിസ് സമ്മർ (1975), ക്ലീയർ ലൈറ്റ് ഒഫ് ഡേ (1980), ഫാസ്റ്റിംഗ് ഫീസ്റ്റിംഗ് എന്നിവയാണ് അനിതയുടെ മറ്റു പ്രധാന കൃതികൾ.[1]

ബഹുമതികൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അനിത_ദേശായി&oldid=2819863" എന്ന താളിൽനിന്ന് ശേഖരിച്ചത്